Do not keep talking so proudly or let your mouth speak such arrogance,
‭‭(1 Samuel‬ ‭2‬:‭3‬) ✝️

ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. ഇവയിലൊന്നുപോലും ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ നമ്മുടെ അധരങ്ങളെ മുദ്രവച്ച് നാവിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയണം. “വാക്കുകൾ ഏറുമ്പോൾ തെറ്റു വർദ്ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്” എന്ന് സുഭാഷിതങ്ങൾ 10:19 പറയുന്നു. മനുഷ്യന് ശരീരങ്ങളെ മുഴുവൻ നിയന്ത്രിക്കാൻ സാധിക്കും എന്നാൽ ചെറിയ ഒരു അവയവമായ നാവിനെ പലപ്പോഴും നിയന്ത്രിക്കുവാൻ സാധിക്കുകയില്ല.

നാം ഒരോരുത്തരും ദൈവമക്കൾ ആണെന്ന് അവകാശപ്പെടുന്നവരും, ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തെ സ്തുതിക്കുകയും പാടിപുകഴ്ത്തുകയും ദൈവത്തിൻറെ ആത്മാവിനാൽ നയിക്കപ്പെടുകയും ചെയ്യുന്നവരാണ്. എന്നാൽ നമ്മുടെ നാവിൽ നിന്നും വരുന്ന വാക്കുകൾ നമ്മുടെ പ്രാർത്ഥന ജീവിതത്തിനും ദൈവ വിശ്വാസത്തിനും അനുയോജ്യമായിട്ട് ഉള്ളതാണോ? ഉദാഹരണമായി പറഞ്ഞാൽ എൻറെ ജീവിതം അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്ന ഒരാൾ, വിഷമഘട്ടങ്ങളിൽ ശാപത്തിന്റ വാക്കുകൾ പറയുന്നു. നമ്മുടെ നാവിൽ നിന്ന് വരുന്ന ശാപവാക്ക് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻറെ അനുഗ്രഹങ്ങളെ തടയുന്നു. ആയതിനാൽ ഏതു പ്രതിസന്ധിയിലും ദൈവത്തിൽ വിശ്വസിക്കുന്ന നാം ഒരോരുത്തരുടെയും വാക്കുകൾ അനുഗ്രഹത്തിന്റെ വാക്കുകൾ ആയിരിക്കണം.

പലപ്പോഴും നൈമിഷികമായി ലഭിക്കുന്ന ഒരു ആത്മസംതൃപ്തിക്കായി മറ്റുള്ളരെപ്പറ്റി എന്തെങ്കിലും ദുഷിച്ചുപറയാനുള്ള പ്രേരണ നമ്മിൽ ശക്തമാവാറുണ്ട്. ശരീരത്തിലെ വളരെ ചെറിയ ഒരു അവയവമായ നാവുകൊണ്ടു ഇപ്രകാരം ചെയ്യുന്ന പാപങ്ങൾ നമ്മുടെ ശരീരത്തെ മുഴുവനായും ആത്മാവിനെതന്നെയും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് വി യാക്കോബ് ലേഖനത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾക്ക് ഓരോരുത്തരോടും എങ്ങനെ സംസാരിക്കണം എന്ന് വിവേകപൂർവം ഗ്രഹിച്ച്, കരുണാമയവും ഹൃദ്യവുമായ വാക്കുകളുപയോഗിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്