നിയമ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരു കാലത്ത് നിയമിച്ച കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ പഴയറിപ്പോർട്ടിലെ പല ശുപാർശകളും തലതിരിഞ്ഞ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞവമായിരുന്നു. ആ ശുപാർശയെക്കുറിച്ച്, ഊട്ടുപുരയിൽ പട്ടരു കയറിയ പോലെ എന്ന പഴഞ്ചൊല്ല് പോലെ എന്ന് അന്നേ ചിലർ പറയുമായിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടായാൽ രക്ഷിതാക്കളെ തടവിലിടുകയും കുട്ടിക്ക് രാജ്യത്തുള്ള മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യണമെന്നാണ് കമ്മീഷൻ ശുപാർശകളിൽ പറഞ്ഞിരുന്നത്.

മനുഷ്യരുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യ മാണ് സാമ്പത്തിക പുരോഗതി നേടുന്നതെന്ന ഇടതുപക്ഷ നിലയവിദ്വാന്മാരുടെ നിലപാട്, സമൂഹത്തെ നിലനിർത്തുന്ന കുടുംബങ്ങളെ പിഴുതെറിയുവാനേ ഇടയാക്കു. ഇവർ രാജ്യത്തിൻറെ മിത്രാ ഭിനേതാക്കൾ മാത്രമാണ്.

മനുഷ്യരുടെ എണ്ണംഏറ്റവും കുറവുള്ള രാജ്യം ആണ് സാമ്പത്തിക പുരോഗതി നേടുന്നതെന്ന ചിന്ത മൂഢത്വം ആണെന്ന് ആർക്കും ബോധ്യമാകും. കൂടുതൽ കുട്ടികൾ ഉണ്ടായാൽ രാജ്യം ദാരിദ്ര്യത്തിലമരും എന്നാണ് പറയുന്നതെങ്കിൽ കുട്ടികളില്ലാത്ത അവസ്ഥയിൽ രാജ്യം സമ്പന്നതയുടെ കൊടുമുടിയിൽ ആയിരിക്കുമല്ലോ! മനുഷ്യർ അധ്വാനിക്കുമ്പോഴാണ് സമ്പത്തുണ്ടാകുന്നത്, രാജ്യം സമ്പന്നതയിൽ ആകുന്നത്. ഇതാണ് യഥാർത്ഥ കണക്ക്. നിഷേധിക്കാനാവാത്ത ഈ വസ്തുത മൂലം വനിതാ കോഡ് അതിൽ തന്നെ അപ്രസക്തമായിരുന്നു. സൂചികുത്താൻ ഇടമില്ലാത്ത വിധം ഭൂമി മനുഷ്യരെക്കൊണ്ട് നിറയുകയൊന്നുമില്ല. പല യൂറോപ്യൻ രാജ്യങ്ങളിലും മൊത്തം വിസ്തീർണ്ണത്തിൻ്റെ 5% മാത്രമേ ജനവാസമുള്ള എന്നാണറിയുന്നത്.

ജനസംഖ്യ നിയന്ത്രിക്കാൻ മനുഷ്യർ തല പുകയണമെന്നില്ല. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അറിയാം അവരെ നിയന്ത്രിക്കാനും. കാലാകാലങ്ങളിൽ ദൈവം തന്നെ പലവിധത്തിൽ അത് ചെയ്യുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിൽ ഏർപ്പെടുത്തിയ നിർബന്ധിത സന്താന നിയന്ത്രണവും അതിനുമുമ്പുതന്നെ തുടങ്ങിയ കുടുംബാസൂത്രണത്തിൻ്റെ ദുരന്തഫലം അനുഭവിച്ചു തുടങ്ങിയ കാലം. ലൂക്ക്പൂത്രുക്കയിൽ എന്ന ക്നാനായ വൈദികൻ 2003 ൽ കോട്ടയം അതിരൂപതയിലെ പേരൂർ പള്ളിയിൽ വികാരിയായി വന്നു.നാലു മാസം കഴിഞ്ഞിട്ടും ഒരു മാമ്മോദീസ പോലും നടക്കാതെയിരിക്കുന്നതിൽ ആശങ്കാകുലനായി ദുഃഖത്തോടെ അദ്ദേഹം പ്രാർത്ഥിച്ചു. ദൈവമേ മാമോദീസത്തൊട്ടി നനഞ്ഞിട്ട് എത്ര കാലമായി!! ആർദ്രമായ സ്നേഹത്തോടെ വേദനിച്ചു നടന്ന അദ്ദേഹത്തിൽ ഒരു ആശയം ഉരുത്തിരിഞ്ഞു ഇനി ആദ്യം വരുന്ന കുഞ്ഞിന് ഒരു സമ്മാനം കൊടുക്കണം. ഈ ആശയം പൂർണ്ണ വളർച്ചയെത്തി പ്രസവിച്ച താണ് നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതി. അതിരൂപതയുടെ മുഖപത്രമായ അപ്നാദേശ് മുഖാന്തിരവും വായ്മൊഴിയായും സമുദായക്കാർക്കിടയിലും പുറത്തും ഈ വിവരം പടർന്നു. പുതുമയുള്ളതും ഗുണകരവുമായ ഈ വാർത്ത അറിഞ്ഞവർ വിളി തുടങ്ങി. പലരും അഭിനന്ദിച്ചു അച്ചനത് ആത്മവിശ്വാസം പകരുകയും ചെയ്തു. മറ്റ് രൂപതക്കാരും വിളിച്ചന്വേഷിച്ചു.

ഓരോ പവൻ്റെസ്വർണ്ണനാണയം ആണ് കൊടുത്തിരുന്നത്. 15 എണ്ണംകൊടുത്തു കഴിഞ്ഞപ്പോൾ അല്പം ബുദ്ധിമുട്ട് തോന്നി ഇങ്ങനെ പോയാൽ പറ്റില്ല ഈ പദ്ധതിയിൽ മറ്റുള്ളവരെയും പങ്കാളികളാക്കണം. തുടർന്നദ്ദേഹം സ്പോൺസർമാരെ അന്വേഷിച്ചു അങ്ങനെ എൺപതോളം(80) പേർക്ക് ഇതുവരെ കുതിരപ്പവൻ കൊടുത്തു. സ്പോൺസർമാരുടെ പേരും വാങ്ങുന്നയാളുടെ കുടുംബ ഫോട്ടോയും അപ്നാദേശിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അക്കാലങ്ങളിൽ കുന്നശ്ശേരി പിതാവ് ഇടവക സന്ദർശനത്തിൽ ചെല്ലുമ്പോൾ കുട്ടികൾ കൂടുതൽ ഉണ്ടായിരിക്കേണ്ടതിൻ്റെ ആവശ്യകത തമാശരൂപേണ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുമായിരുന്നു. ഇതൊക്കെ സമുദായത്തിൽ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിദേശങ്ങളിലും മറ്റും താമസിക്കുന്ന ക്നാനായ യുവദമ്പതികൾക്ക് എട്ട് കുട്ടികൾ വരെ ഉള്ളതായി അറിയുന്നു.

സ്വർണത്തിന് വില കൂടിയ ഇക്കാലത്ത് സ്പോൺസർമാരെ ലഭിക്കുന്നതിനുള്ള പ്രയാസം മൂലം ഈ പദ്ധതിക്ക് തടസം നേരിട്ടിരിക്കുകയാണെങ്കിലും പ്രതീക്ഷയോടെ പരിചയക്കാർക്ക് ലൂക്കച്ചൻ കത്തുകൾ അയച്ചു കൊണ്ടിരിക്കുന്നു. ആ കത്തിലും ചില പ്രത്യേകതകളുണ്ട് ഒരു കത്തിൻറെ മാതൃക ഇങ്ങനെ……. ദൈവം തന്ന അനുഗ്രഹത്തിനെയും നിങ്ങളുടെ മക്കളുടെ ശോഭനമായ ദാമ്പത്യ ജീവിതത്തിൻ്റെയും ഭാഗമായി ഒന്നോ അതിലധികമോ കുതിരപ്പവൻ സ്പോൺസർ ചെയ്യാമോ എന്നറിയാനാണ് ഞാൻ ഈ കത്തെഴുതുന്നത്. ചോദിച്ചപ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്നു പോലും ചിന്തിക്കാൻ ഇടവരാതെ ഈ കത്ത് അവഗണിക്കാവുന്നതാണ്. മറുപടി പോലും വേണ്ട കത്ത് അവിടെ കിട്ടിയില്ല എന്ന് മാത്രമേ ഞാൻ വിചാരിക്കുന്നുള്ളു. ഒരുവിധത്തിലും മാനസിക നിർബന്ധം ഉണ്ടാക്കുന്നില്ല. നല്കാൻ താല്പര്യമുണ്ടെങ്കിൽ ദയവായി ഒന്നു വിളിക്കുക. അച്ചൻ്റെ ഫോൺനമ്പറും കത്തിലുണ്ടാകും. ബഹു: അച്ചൻ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.

ഇന്ത്യൻ എക്സ്പ്രസിലും, ഹിന്ദുവിലും അച്ചൻ്റെ കുതിരപ്പവൻ പദ്ധതിയെക്കുറിച്ച് അല്പംആക്ഷേപം കലർത്തി നെഗറ്റീവ് ആയി ആരോ എഴുതിയെങ്കിലും, മാനവശേഷി ലോക സമ്പത്താണെന്നും, ചെറിയ സമൂഹത്തിൽ ഇത്തരം പ്രബോധനം നല്ലതാണെന്നും അവസാനം അവർ സമ്മതിച്ചു. നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതി സഭാതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ സി.ബി.സി യുടെ ഫാമിലി കമ്മീഷനും അക്കാലത്ത് ചില പദ്ധതികൾതയ്യാറാക്കിയതായി കേട്ടിരുന്നു. ഇപ്പോൾ സഭാതലത്തിൽ ചിലകുടുംബ സംരക്ഷണ പദ്ധതികൾ ഉയർന്നുവരുന്നതിൽ നിന്നും ലൂക്കച്ചന് പതിറ്റാണ്ടു മുമ്പ് ലഭിച്ച ആശയം ദൈവീക പദ്ധതിയായിരുന്നു എന്ന തിരിച്ചറിവിലും അദ്ദേഹം അതീവ സന്തോഷത്തിലാണ്.

വിധവാവിവാഹം പ്രോത്സാഹിപ്പിക്കുന്നതിലും അച്ചൻശ്രദ്ധ ചെലുത്തിയിരുന്നു. വിധവകളുടെ സമ്മേളനം പലതവണ അദ്ദേഹം വിളിച്ചു കൂട്ടി. 35 വയസ്സു വരെയുള്ള വിധവകളെ പുനർവിവാഹത്തിന് നിർബന്ധിക്കുക 40 കഴിഞ്ഞവരെ പ്രോത്സാഹിപ്പിക്കുക. 55കഴിഞ്ഞ പുരുഷന്മാർ ആവശ്യപ്പെട്ടാൽ അവർക്ക് വിവാഹത്തിന്അവസരമൊരുക്കുക. ഈ പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ല. യുവതികളുടെ വീട്ടുകാരുടെ മൗനം പലപ്പോഴും തടസമായിട്ടുണ്ട്.

മാനവശേഷിയാണ് ലോക സമ്പത്തെന്ന് തിരിച്ചറിയാൻ ഇനിയും താമസിച്ചുകൂടാ. മക്കളെ കൊണ്ട് ആവനാഴി നിറയ്ക്കുന്നവർ ഭാഗ്യവാന്മാർ സന്താനങ്ങൾവഴി അവർ അനുഗൃഹീതരാകും എന്ന് സങ്കീർത്തകനോടുചേർന്ന് നമുക്കും പാടാം. സന്താനനിയന്ത്രണം കണ്ണുമടച്ച് ഏറ്റെടുത്തതുവഴി വാർദ്ധക്യകാലം നരകതുല്യമാക്കി ജീവിതം തനിച്ചിരുന്ന് കരഞ്ഞു തീർക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.

തയ്യാറാക്കിയത്,

ഡോമിനിക് സാവിയോ വാച്ചാച്ചിറയിൽ

7-8-2021

നിങ്ങൾ വിട്ടുപോയത്