ഉള്ളതെല്ലാം വിറ്റ് യേശുവിനെ അനുഗമിക്കുക എന്നാൽ പരിപൂർണ്ണമായും അവനെ ആശ്രയിക്കുകയും അവനുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നാണർത്ഥം. സമ്പത്തിലൊ പ്രശസ്തിയിലൊ മാനുഷികബന്ധങ്ങളിലൊ ശാരീരികബലത്തിലൊ മറ്റെന്തെങ്കിലുമൊ ആശ്രയം തേടുന്നവനു യേശുവിനെ അനുഗമിക്കുവാൻ സാധിക്കുകയില്ല. എന്നാൽ യേശുവിനെ പ്രതി ഇവയൊക്കെ ഉപേക്ഷിക്കുന്നവർക്കാകട്ടെ, അവയെല്ലാം പത്തുമടങ്ങാ‍യി തിരികെ കിട്ടുകയും ചെയ്യും. ലൂക്കാ 18 : 29-30 ൽ പറയുന്നു, ദൈവരാജ്യത്തിനു വേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്‌ഷിച്ചവരിലാര്‍ക്കും,ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.

യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ച ആദിമക്രൈസ്തവസമൂഹം ഈ വചനം അതിന്റെ വാച്യാർത്ഥത്തിൽ തന്നെ ജീവിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ തെളിവാണു അപ്പസ്തോല പ്രവർത്തനങ്ങളിൽ ആദിമസഭയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു.

ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു… അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു

ഈ ലോകത്തിലെ എനിക്കുള്ള സകല ആശ്രയങ്ങളും വിട്ടൊഴിഞ്ഞു ദൈവത്തിനു പൂർണ്ണമായി സമർപ്പിക്കുവാനാണ് യേശു പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. സമ്പത്ത് ഉണ്ടാകുന്നത് തെറ്റാണെന്ന് തിരുവചനം പറയുന്നില്ല, എന്നാൽ കർത്താവിൽ ആശ്രയിക്കാതെ നമ്മൾക്ക് ഉണ്ടായ സമ്പത്തിൽമാത്രം ആശ്രയം വെയ്ക്കുന്നതാണ് തെറ്റ്. നമ്മുടെ ഓരോ പ്രവർത്തിയും സ്വർഗത്തിൽ നിക്ഷേപം ഉണ്ടായിരിക്കുന്നതാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്