ZAIRE - AUGUST 01: John-Paul II in Zaire in August, 1985. (Photo by Francois LOCHON/Gamma-Rapho via Getty Images)

2005 ഏപ്രിൽ 2 ഞായറാഴ്ച വൈകിയ സന്ധ്യാ സമയം. പതിവില്ലാത്ത വിധം വത്തിക്കാൻ നഗരത്തിന്റെ തെരുവ് വീഥികൾ ജനനിബിഡമായി അവരെല്ലാവരും ഒരൊറ്റ കാര്യത്തിന് വേണ്ടിയിട്ടാണ് മണിക്കൂറുകളായി അവിടെ കാത്ത് നിൽക്കുന്നത്. അവർക്കേറെ പ്രിയങ്കരനായപരിശുദ്ധ പിതാവിന്റെ രോഗ വിവരം അറിയുവാൻ. അവരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ ആ വാർത്ത ലോകത്തോട് അറിയിച്ചു.

” നമ്മുടെ പരിശുദ്ധ പിതാവ് തന്റെ സ്വർഗീയ പിതാവിന്റെ വസതിയിലേക്ക് തിരികെ യാത്രയായിരുന്നു. നമുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം.” ഒരു നിമിഷത്തെ നിശബ്ധതക്കു ശേഷം അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഹർഷാരവങ്ങളോടെ ആ ജനസഞ്ചയം തങ്ങളുടെ വത്സല പിതാവിന്റെ വിയോഗ വാർത്ത സ്വീകരിച്ചതും അദ്ദേഹത്തെ സ്വർഗീയ ഭവനത്തിലേക്കു യാത്രയാക്കിയതും. സെന്റ് . പീറ്റേഴ്സ് ബസലിക്കായിലെകൂറ്റൻ മണികൾ അപ്പോൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.

തുടർന്ന് വന്ന ദിവസങ്ങളിൽലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് തങ്ങളുടെ പ്രിയങ്കരനായ പരിശുദ്ധ പിതാവിനെ അവസാനമായി ഒന്നു കാണുവാൻ വത്തിക്കാനിലേക്കു ഒഴുകിയെത്തിയത്. അതിൽ നൂറു കണക്കിന് ലോകരാഷ്ട്ര -മത നേതാക്കന്മാരും ഉൾപ്പെടും. അന്ന് അതിൽ പങ്കെടുത്ത അനേകം പേർ വലിയ ‘പ്ലക്കാർഡുകൾ’ ഉയർത്തിക്കൊണ്ട് ഉച്ച സ്വരത്തിൽ വിളിച്ച് പറഞ്ഞ ഒരു കാര്യം ഇതാണ്: “സുബിത്തോ സാന്തോ” (വേഗം വിശുദ്ധനാക്കൂ). കാരണം ആ ജനാവലിക്ക് അറിയാമായിരുന്നു തങ്ങളുടെ പരിശുദ്ധ പിതാവ് തീർച്ചയായും ഒരു വിശുദ്ധനായിരുന്നു എന്ന്. ആ വാക്കുകളെ അക്ഷരാർത്ഥത്തിൽ പൂർത്തിയാക്കും വണ്ണം ഏറെക്കാല താമസമില്ലാതെ തന്നെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2011 ൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ടവനായും 2014 ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു.തിരുസഭയുടെ ചരിത്രത്തിൽ മാർപാപ്പമാർ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ആധുനിക സഭാ ചരിത്രത്തിൽ ലോക ജനതയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാർപാപ്പ ഇല്ല എന്ന് തന്നെ പറയാം.

*ദൈവികമായ തിരഞ്ഞെടുപ്പ്*

1920ൽ പോളണ്ടിലെ വഡോവിച്ച് എന്ന ഒരു കൊച്ച് ഗ്രാമത്തിൽ ആണ് കരോൾ വോയ്റ്റിവ ജനിച്ചത്. ലോലക്ക് എന്നാണ് സ്‌നേഹപൂർവം ആ ബാലനെ മറ്റുള്ളവർ വിളിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അവനു തന്റെ അമ്മ നഷ്ടപ്പെട്ടു . ഏറെ താമസിക്കാതെ ജേഷ്ഠ സഹോദരനും. തുടർന്ന് പിതാവിനോടൊപ്പം പോളണ്ടിലെ ക്രാക്കോവ് നഗരത്തിലേക്ക് താമസം മാറ്റിയ അദ്ദേഹം തന്റെ യൂണിവേഴ്സിറ്റി പഠനങ്ങൾ അവിടെയാണ് നിർവഹിച്ചത്. പഠനകാലത്ത് നല്ല ഒരു അഭിനേതാവായി അറിയപ്പെട്ടിരുന്ന വോയ്റ്റീവ സഹപാഠികളുടെയും അധ്യാപകരുടെയും മനം കവർന്നു. അതിനിടയിലാണ് ഹിറ്റ്ലറിയിലെ നേതൃത്വത്തിലുള്ള നാസികൾ പോളണ്ട് പിടിച്ചടക്കുന്നതും യൂണിവേഴ്സിറ്റികൾ അടയ്ക്കുന്നതും. തുടർന്ന് ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാതെ അദ്ദേഹം പാറ മടകളിൽ പണിയെടുക്കാൻ ആരംഭിച്ചു ഒപ്പം സൈന്യത്തിലും സേവനം അനുഷ്ഠിച്ചു. ഏറെ താമസിക്കാതെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട അപ്പനും വിട്ടു പിരിഞ്ഞു. പിന്നീട് ദൈവവിളി സ്വീകരിച്ചുകൊണ്ട് അദ്ദേഹം സെമിനാരിയിൽ ചേരുകയും ചെയ്തു. ഉപരിപഠനത്തിനു വേണ്ടി റോമിൽ പോയി തിരിച്ചു വരുമ്പോഴേക്കും തന്റെ രാജ്യം നാസി ഭരണത്തിൽ നിന്നും മാറി കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായി എന്നുള്ള കാര്യം അദ്ദേഹം മനസ്സിലാക്കി. നാസി ക്യാമ്പുകൾ അപ്പോഴേക്കും കമ്മ്യൂണിസ്റ്റുകാരുടെ ലേബർ ക്യാമ്പുകളായി മാറ്റപെട്ടിരുന്നു. 1946ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. പിന്നീട് 1958ൽ ക്രാക്കോവിലെ സഹായമെത്രാനായും 1963 ആ രൂപതയിലെ ആർച്ച് ബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അതേത്തുടർന്ന് സഭയിലെ ഏറെ നവീകരണങ്ങൾക്ക് കാരണമായ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ( 1962-1965) പങ്കെടുക്കുവാനും ബിഷപ്പ് കരോൾ വോയ്റ്റിവക്കു സാധിച്ചു. 1967 കർദിനാളായി ഉയർത്തപ്പെട്ട അദ്ദേഹം ജോൺപോൾ ഒന്നാമൻ മാർപാപ്പയുടെ അകാലത്തിലുള്ള മരണശേഷം മാർപാപ്പയായി തെരഞ്ഞെടുക്കുകയും ജോൺപോൾ രണ്ടാമൻ എന്നുള്ള പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് 27 വർഷത്തോളം അദ്ദേഹം തിരുസഭയാകുന്ന നൗകയെ മുന്നോട്ടു നയിച്ചു.

*സഞ്ചരിക്കുന്ന പാപ്പാ*

തിരുസഭയുടെ ചരിത്രത്തിലെ സമാനതയില്ലാത്ത വിശേഷണങ്ങൾക്ക് അർഹനാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ. സഞ്ചരിക്കുന്ന പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. തന്റെ 27 വർഷത്തെ സഭാ സേവനത്തിനിടെ 129 ഓളം രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. അതിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ ചിലിയും ക്യൂബയും ഉൾപ്പെടുന്നു എന്നുള്ളതാണ് അതിശയകരം. കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളെ നഖശികാന്തം എതിർത്ത അദ്ദേഹത്തിന്റെ ഇടപെടലുകൾ കിഴക്കേ യൂറോപ്പിൽ നിന്നും കമ്മ്യൂണിസത്തെ തുടച്ചു മാറ്റുവാൻ മാറ്റുവാൻ കാരണമായി. അതേസമയം ഫിദൽ കാസ്ട്രോ യും ഗോർബച്ചേവും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

*വിശുദ്ധരെ പ്രഖ്യാപിച്ചവൻ*

സഭാ ചരിത്രത്തിൽ ഏറ്റവും അധികം വിശുദ്ധരെ വാഴിച്ച മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ 482 പേരെയാണ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്. അതിൽ വിശുദ്ധ മാക്സ് മില്യൻ കോൾബെയും വിശുദ്ധ എഡിത്ത് സ്റ്റയിനും ഒപ്പം പാപ്പയുടെ സ്വന്തം നാട്ടുകാരിയായ വി. മരിയ ഫൗസ്റ്റിനയും ഒപ്പം ചൈനയിൽ നിന്നുള്ള 120 രക്തസാക്ഷികളും ഉൾപ്പെടും . കൂടാതെ 1344 പേരെ അദ്ദേഹം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അതിലെ കേരളത്തിൽ നിന്നുള്ള അൽഫോൻസാമ്മയുംചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ( 1986) കൽക്കത്തായിലെ മദർ തെരേസയും (2003) ഉൾപ്പെടുന്നു

*യുവജനങ്ങളുടെ പാപ്പ*

‘യുവജനങ്ങളുടെ പാപ്പ’ എന്നാണ് ജോൺപോൾ രണ്ടാമൻ അറിയപ്പെടുന്നത്. യുവജനങ്ങളെ തന്നിലേക്ക് ആകർഷിക്കാൻ തക്ക വണ്ണം ഒരു വശ്യത അദ്ദേഹത്തിന്റെ പെരുമാറ്റത്തിനു ഉണ്ടായിരുന്നു. തന്റെ സ്ഥാനാരോഹണം കഴിഞ്ഞ് ഏറെ താമസിക്കും മുമ്പ് ആഗോള സഭാ തലത്തിൽ യുവജന വർഷം അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടായിരത്തിലെ മഹാ ജൂബിലി വർഷത്തിൽ വത്തിക്കാൻ വെച്ച് നടത്തിയ ലോക യുവജന ദിനാഘോഷത്തിൽ 2 ലക്ഷത്തിലധികം യുവജനങ്ങളാണ് പങ്കെടുത്തത്. “ഭയപ്പെടാതെ ജീവിക്കുക; ക്രിസ്തുവിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്” അതാണ് മാർപാപ്പ യുവജനങ്ങളോട് പറയാറുള്ള സന്ദേശം. വിശുദ്ധന്റെ മൃത സംസ്ക്കാര വേളയിൽ വാവിട്ടു കരയുന്ന ആയിരക്കണക്കിന്‌ യുവജനങ്ങൾ അദ്ദേഹത്തിന് അവരോടുള്ള സ്നേഹത്തിന്റെ പ്രകടമായ തെളിവാണ്.

*ക്ഷമയുടെ പ്രവാചകൻ*

കുരിശിലെ ക്രിസ്തുവിന്റെ ക്ഷമയുടെ ഉദാത്തമായ മാതൃക കാണിച്ച നല്ല ഇടയനാണ് ജോൺ മാർപാപ്പ. 1981 മെയ് 13ആം തിയ്യതി തനിക്ക് നേരെ വെടിയുതിർത്ത അലി അഗ് ന എന്ന ചെറുപ്പക്കാരനെ ജയിലിൽ പോയി കാണുവാനും അദ്ദേഹത്തോട് ക്ഷമിക്കുവാനും മാർപാപ്പയ്ക്ക് സാധിച്ചു. രണ്ടായിരത്തിലെ മഹാ ജൂബിലി വർഷത്തിന് തിരുസഭയുടെ ഇരുണ്ട കാലഘട്ടത്തിൽ വന്നുപോയിട്ടുള്ള കുറവുകൾക്കും തന്റെ മുൻഗാമികളാൽ ചെയ്തു പോയ യഹൂദ വിദ്വേഷം, ഇൻക്വിസിഷൻ പോലുള്ള തിന്മകൾക്കും ഒപ്പം ഗലീലിയോയെ പോലുള്ള ശാസ്ത്രജ്ഞരോട് സഭ കാണിച്ച അവഗണനകൾക്കും പാപ്പാ ലോകത്തോട് എണ്ണിയെണ്ണി മാപ്പ് ചോദിക്കുന്നുണ്ട്.

വിവിധ ലോക മതങ്ങളോടും ഇതര ക്രൈസ്തവ സമൂഹങ്ങളോടും വളരെ തുറവിയുള്ള സമീപനമാണ് ജോൺപോൾ രണ്ടാമൻ സ്വീകരിച്ചത്. 2000 അസീസിയിൽ വെച്ച് നടത്തിയ ‘വേൾഡ് റിലീജിയൻ മീറ്റ്’ അതിനു പ്രകടമായ ഉദാഹരണമാണ്. എല്ലാ മതങ്ങൾക്കും പൊതുവായി ചൊല്ലാവുന്ന വി. ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർത്ഥനയും അദ്ദേഹം അന്ന് മുന്നോട്ട് വച്ചു.

*പരിശുദ്ധ അമ്മയോടുള്ള ഭക്തി*

പരിശുദ്ധ അമ്മയോട് അതീവ ഭക്തിയുള്ള വത്സല പുത്രൻ ആയിരുന്നു ജോൺപോൾ രണ്ടാമൻ. തനിക്കേറ്റ വെടിയുണ്ട ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ കിരീടത്തിൽ ചാർത്തിക്കൊണ്ട് അമ്മയാണ് തന്നെ സംരക്ഷിച്ചത് എന്ന് ലോകത്തോട് വിളിച്ചു പറയാനും മാർപാപ്പ മടി കാണിച്ചില്ല . അമ്മേ ഞാൻ “പൂർണ്ണമായും നിന്റേതാണ് ” ( Totus Tuus) എന്നതാണ് പാപ്പയുടെ ആപ്തവാക്യം. ജപമാലയിൽ പ്രകാശ രഹസ്യങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ട് പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

*സ്വീകാര്യതയും അസ്വീകര്യതയും*

ജനഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ സ്ഥാനം പിടിച്ച മറ്റൊരു പാപ്പ ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇറ്റാലിയൻ ജനത റോമിലെ ടെർമിനിയിൽ അദ്ദേഹത്തിൻറെ മനോഹരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കുടുംബങ്ങളോട് വിവാഹ ബന്ധത്തോട് വളരെ താൽപര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു മാർപാപ്പ. സ്ത്രീകളോട് അദ്ദേഹത്തിന് വളരെ സ്വീകാര്യമായ സമീപനം ആണ് ഉണ്ടായിരുന്നത്. അതേസമയ സ്ത്രീ പൗരോഹിത്യം, വിവാഹമോചനം, ഭ്രൂണഹത്യ പോലുള്ള കാര്യങ്ങളിലെല്ലാം സഭയുടെ ഔദ്യോഗിക നിലപാടുകളോട് അടിയുറച്ച വിശ്വസ്തത അദ്ദേഹം പുലർത്തി. ആ നിലപാടുകൾ ആകട്ടെ വിമർശനങ്ങൾക്ക് അദ്ദേഹത്തെ വിധേയമാക്കിയിട്ടുമുണ്ട്.

*പ്രത്യാശയുടെ പ്രവാചകൻ*

തിരുസഭയുടെ ചരിത്രത്തിലെ അവസാനത്തെ മൂന്നു മാർപാപ്പന്മാരെ പൊതുവേ മൂന്ന് ദൈവിക പുണ്യങ്ങളോട് ഉപമിക്കാറുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഉപവിയുടെ പ്രചാരകൻ (Propagator of *Charity*) ആയി കണക്കാക്കുമ്പോൾ വിശ്വാസത്തിൻറെ കാവൽക്കാരനാണ്(Custodian of *Faith*) ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ പൊതുവെ പരിഗണിക്കുന്നത്. ജോൺപോൾ രണ്ടാമൻ മാർപാപ്പ ആകട്ടെ മൂന്നാം സഹസ്രാബത്തിലേക്കു കടന്ന തിരുസഭയുടെ ‘പ്രത്യാശയുടെ പ്രവാചകൻ’ (Prophet of *Hope*) ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല.

അദ്ദേഹം വിശുദ്ധിയുടെ പടവുകൾ എളുപ്പത്തിൽ നടന്നു കയറി സ്വർഗത്തിൽ തിരുസഭയ്ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു എന്നുള്ളതാണ് നമ്മുടെ പ്രത്യാശ

.✒️✒️ഫാ. നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്