പ്രാരംഭദശയിൽ കണ്ടെത്തിയാൽ ചികിത്സയിലുടെ പൂർണമായും ഭേദപ്പെടുത്താനാവുന്ന രോഗമാണ് കാൻസർ എന്ന അറിവ് ജനങ്ങളിലേക്ക് പകരുന്നതിനൊപ്പം രോഗനിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും കാലികപ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ അഭിപ്രായപ്പെട്ടു.

അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ കെയർ കാംപയിന്റെ ഭാഗമായി ഇടപ്പള്ളി എം.എ .ജെ ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കാൻസർ ഡിറ്റക്ഷൻ മൊബൈൽ ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്തു. സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് ദീർഘവീക്ഷണത്തോടെയുള്ള പരിഹാരം കണ്ടെത്തുന്നതിൽ സഹൃദയയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി ആമുഖപ്രഭാഷണം നടത്തി.

ആശാകിരണം വിഭവസമാഹരണ പദ്ധതിയുടെ ഉദ്‌ഘാടനം കാരിത്താസ് ഇന്ത്യ അസി. ഡയറക്ടർ ഫാ. ജോളി പുത്തൻപുരയും സഹൃദയ കേശബാങ്കിൽ നിന്ന് നിർധനരായ കാൻസർ രോഗികൾക്ക് നൽകുന്ന വിഗ് വിതരണത്തിന്റെ ഉദ്‌ഘാടനം സിനിമാതാരം ഫെമിന ജോര്ജും നിർവഹിച്ചു. സഹൃദയ സയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, എം.എ .ജെ. ആശുപത്രി ഡയറക്ടർ ഫാ. ആൻറണി മഠത്തുംപടി, സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആൻറണി , സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു. ഓരോ പ്രദേശങ്ങളിലും എത്തി ബോധവത്കരണ ക്‌ളാസുകൾക്കൊപ്പം ആവശ്യമുള്ളവർക്ക് സൗജന്യനിരക്കിൽ രോഗനിർണയ പരിശോധനകൾ നടത്തുന്നതിനാണ് മൊബൈൽ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു

നിങ്ങൾ വിട്ടുപോയത്