സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ

പാലാ മരിയ സദനത്തിൽ……
നിരാലംബ്ബർക്കൊപ്പം

2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പൗരോഹിത്യത്തിന്റെ നാൽപ്പതാം വാർഷികം ആഗതമാകുന്നത്.അതായത് റൂബി ജൂബിലി വർഷം.അദ്ദേഹം തന്റെ പൗരോഹിത്യ ജൂബിലികളും വാർഷികങ്ങളും ആഘോഷിക്കുന്നതിൽ ഒട്ടും താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിത്വമല്ല.സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും അതേ സമയം ശ്രദ്ധേയമായും എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്.തന്റെ മുൻഗാമികളുടെ ആത്മീയതേജസ്സ് സാധാരണക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും പ്രവർത്തിക്കാൻ മാർ കല്ലറങ്ങാട്ടിനെ പ്രാപ്തനാക്കുന്നു.സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് കല്ലറങ്ങാട്ട് പിതാവിന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ.ഒരു രൂപതയുടെ വളർച്ച നിശ്ചയമായും രൂപതാ മെത്രാന്റെ ഹൃദയത്തിൽ നിന്നുള്ള ചിന്തകളിൽ അധിഷ്ഠിതമാണ്.

വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പ്രശസ്തമാണ്.ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു.

1982 ജനുവരി 2 നാണ് അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് മുൻഗാമിയായ മാർ ജോസഫ് പള്ളിക്കാപറമ്പിനാൽ വൈദികനായി അഭിക്ഷിക്തനായത്.അജപാലന ശുശ്രൂഷയിൽ നീണ്ട നാൽപ്പത് വർഷങ്ങൾ. സീറോ മലബാർ സഭയുടെ കുടുംബ അജപാലന ശുശ്രൂഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന മെത്രാനാണ് മാർ കല്ലറങ്ങാട്ട്.പ്രോത്സാഹനത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും കരുതലിന്റെയും ആദ്ധ്യാത്മികത കുടുംബങ്ങളിൽ വേണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.വിശുദ്ധ കുർബാന കേന്ദ്രിതമായ കുടുംബങ്ങൾ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാർ കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു.സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു.

ആഗോളതലത്തിൽ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാർ കല്ലറങ്ങാട്ട് റോമിലെ ബിഷപ്പ്‌സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു. പരിചയസമ്പന്നരായ കർദ്ദിനാൾമാരുടെ മാത്രം സംഘത്തിൽ , ഒരു ബിഷപ്പ് അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു, അതും അദ്ദേഹത്തെപ്പോലെ താരതമ്യേന ചെറുപ്പമായ ഒരു ബിഷപ്പ്.എന്നാൽ ദൈവശാസ്ത്ര വിഷയങ്ങളിൽ ആധികാരികമായ ധാരണയ്ക്കും പിടിപാടിനും പേരുകേട്ട വ്യക്തിയായതിനാലും, റോമൻ നിയമങ്ങളും നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും വ്യക്തമായി അറിയാവുന്ന മെത്രാനായിരുന്നതിനാലുമാണ് ആ നിയോഗം മാർ കല്ലറങ്ങാട്ടിൽ വന്നുചേർന്നതെന്ന് എല്ലാവർക്കുമറിയാം.

വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നോ സഭാ ചരിത്രത്തിന്റെ പേജുകളിൽ നിന്നോ യഹൂദ കഥകളിൽ നിന്നോ മുൻ കാലത്തെ ലോക നേതാക്കളുടെ ജീവിതത്തിൽ നിന്നുള്ള പ്രൊഫൈലുകളിൽ നിന്നോ ഉള്ള ഏതൊരു ഭാഗവും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാനുള്ള കഴിവ് വ്യാപകമായി വായിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്‌ക്കാര വൈജാത്യമുള്ള സഭാ പിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു.

അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിലും നേതൃത്വത്തിലുമാണ്, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ 31-ാമത് പ്ലീനറി അസംബ്ലി 2014 ഫെബ്രുവരി 05 മുതൽ 12 വരെ പാലായിലെ അരുണാപുരത്തുള്ള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ടത്.2016 സെപ്തംബർ 05 മുതൽ 11 വരെ ഉക്രൈയ്ൻ സഭാ സിനഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധിയായി സീറോ മലബാർ സഭയെക്കുറിച്ചുള്ള ആധികാരികമായ പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു.2018 ഏപ്രിൽ 18-ന് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും “വിൻഡോസ് ടു ഹെവൻ” എന്ന പുസ്തകം നൽകുകയും ചെയ്തു.വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്റെ വരെ പ്രശംസ നേടിയ ദൈവശാസ്ത്രഗ്രന്‌ഥമാണിത്.2019 മെയ് 2 മുതൽ മെയ് 4 വരെ ലെബനനിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ദൈവശാസ്ത്ര സിമ്പോസിയത്തിൽ അദ്ദേഹം “ക്രിസ്റ്റോളജിക്കൽ ആൻഡ് ട്രിനിറ്റേറിയൻ സുറിയാനി ഗാനങ്ങളും സീറോ മലബാർ ആരാധനക്രമത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ സുറിയാനി ഗാനങ്ങളുടെ പ്രത്യേകതയും” എന്ന വിഷയത്തിൽ ഒരു പ്രധാന പ്രബന്ധം അവതരിപ്പിച്ചു.

ആഗോള കത്തോലിക്കാ സഭയിൽ ബിഷപ്പ് കല്ലറങ്ങാട്ട് സഭാശാസ്ത്രത്തിലും പൗരസ്ത്യ ദൈവശാസ്ത്രത്തിലും ഒരു ആധികാരിക പണ്ഡിതനായി കണക്കാക്കപ്പെടുന്നു.സഭാശാസ്ത്രവും പൗരസ്ത്യ ദൈവശാസ്ത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം 40 പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
ബിഷപ്പ് കല്ലറങ്ങാട്ട് മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ജർമ്മൻ, ഇറ്റാലിയൻ ഭാഷകളും സംസാരിക്കും. പുരാതന കിഴക്കൻ സുറിയാനി ഭാഷയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.നിലവിൽ, സീറോ മലബാർ സിനഡൽ കമ്മീഷൻ ലൈയ്റ്റി ചെയർമാനും,വൈദിക സെമിനാരികൾക്ക് വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗവുമാണ്. കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായി ബിഷപ്പ് കല്ലറങ്ങാട്ട് പ്രവർത്തിക്കുന്നു.ആഗോള കത്തോലിക്കാ സഭാ സൈദ്ധാന്തിക മേഖലയിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ സാധാരണക്കാർക്ക് വേണ്ടിയുള്ള ആശുപത്രി പാലായുടെ അഭിമാനമായ മാർ സ്ലീവാ മെഡിസിറ്റി മാത്രം മതി പൊതുജനങ്ങൾക്ക് മാർ കല്ലറങ്ങാട്ടിനെ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ.കേരള ഗവൺമെന്റ് പോലും അംഗീകരിച്ച മെഡിസിറ്റി നടത്തിയ കോവിഡ് പ്രവർത്തനങ്ങൾ ഇന്നത്തെ ആശുപത്രികൾക്ക് മാതൃകയാണ്.പറഞ്ഞ വാക്ക് പാലിക്കാനും,പ്രവർത്തിച്ചു കാണിക്കാനും കഴിയുന്ന ഇടയൻ.നട്ടെല്ല് വളയ്ക്കാതെ അജഗണങ്ങളെ കാത്തുസംരക്ഷിക്കുന്ന ഇടയൻ.പാവങ്ങൾക്ക് വേണ്ടി കരുതലെടുക്കുന്ന സ്നേഹം ചൊരിയുന്ന ഇടയൻ.

കുടുംബങ്ങളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക്‌,ജീവൻ സംരക്ഷണത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം കൊണ്ടാണ്. അടുത്ത കാലത്ത് അദ്ദേഹം എടുത്ത നിലപാടുകൾക്ക് കിട്ടിയ സ്വീകാര്യതയും പിന്തുണയും കൊണ്ട് അദ്ദേഹത്തെ പലരും ഹീറോ എന്ന് വിളിച്ചു.അതെ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവത്തിന്റെ ഹീറോയാണ്;അതേ സമയം സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഹീറോ.ആധുനിക യുഗത്തിൽ ലോകത്തിന്റെ നേട്ടങ്ങൾക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുൻപോട്ടു പോകുന്ന മാർ കല്ലറങ്ങാട്ടിന്റെ ആത്മീയ നേതൃത്വമാ ണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്.

പ്രളയങ്ങളിലും,ഉരുൾപൊട്ടലിലും,ഏതൊരു ദുരിതകാലത്തും ഈ ഇടയൻ ജനങ്ങളുടെ ഇടയിലുണ്ട്.ഉറങ്ങാതെയും ഉണ്ണാതെയും അദ്ദേഹം അടുത്ത കാലത്ത്‌ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വിമർകരെപ്പോലും അമ്പരപ്പിച്ചു.സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ.

റോമാ 8:38-39 “എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ,ഉയരത്തിനോ ആഴത്തിനോ ,മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്”.

ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ