ഓരോ ഉയിര്‍പ്പുതിരുന്നാളിലും ഓര്‍മ്മയില്‍ എത്തുന്ന ഒരു ചിന്തയാണ് സഖറിയാ പ്രവചനം 9:12 ൽ വിവരിക്കുന്നത്. “പ്രത്യാശയുടെ തടവുകാര്‍” (Prisoners of Hope) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗത്തോട് രക്ഷയുടെ കോട്ടയിലേക്ക് മടങ്ങുവാനാണ് ഈ വാക്യത്തിൽ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം മനുഷ്യവര്‍ഗ്ഗം മുഴുവനെയും ഭാഗ്യകരമായ പ്രത്യാശയുടെ തടവുകാരായി മാറ്റുകയായിരുന്നു. മരണത്തിനപ്പുറത്തേക്കു നീണ്ടുപോകുന്നതാണ് ഈ പ്രത്യാശ. ഇപ്പോൾ ജീവിച്ചിരിക്കുന്നവരും പുനഃരുത്ഥാനപ്രഭയില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് കല്ലറകളില്‍ വിശ്രമിക്കുന്നവരും എല്ലാം ഒരുപോലെ ഈ പ്രത്യാശയുടെ തടവുകാരായി പിടിക്കപ്പെട്ടവരാണ്. ഭക്തരുടെ ഈ പ്രത്യാശ ഉറപ്പിക്കുന്നതാണ് ഓരോ ഞായറാഴ്ചയും; ഈസ്റ്റര്‍ ഞായറിൽ പ്രത്യാശയുടെ അത്യുംഗശൃംഖത്തിലേക്ക് മനുഷ്യവംശം ആനയിക്കപ്പെടുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ സംലഭ്യമാകുന്ന നിത്യജീവനിലുള്ള ഉറപ്പാണ് പ്രത്യാശയുടെ തടവുകാരനായി വിട്ടുകൊടുക്കാൻ ഓരോരുത്തനെയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യന്‍ ഭീകരനാണ്, നിരാശനാണ്, അക്രമിയും കൊലപാതകിയുമാണ്. തോക്കും വാളും കത്തിയുമില്ലാതെ അവന് ജീവിക്കാന്‍ കഴിയില്ല. കൊലപാതകം അവന്‍റെ ശ്വാസത്തിലുണ്ട്. ഇപ്രകാരമൊരു മനുഷ്യനെ അപ്പസ്തൊസല പ്രവൃത്തി 9:1 ല്‍ വായിക്കുന്നു. Now Saul, still breathing threats and murder against the disciples of the Lord. സാവൂള്‍! തന്‍റെ ശ്വാസത്തില്‍പോലും കര്‍ത്താവിന്‍റെ ശിഷ്യന്മാര്‍ക്കെതിരേ ഭീഷണിയും കൊലപാതകവും സൂക്ഷിച്ചുവച്ച മനുഷ്യന്‍. അവൻ്റെ ജീവിതം ക്രിസ്തുവുമായി സന്ധിച്ചപ്പോൾ മുതൽ അവൻ പ്രത്യാശയുടെ തടവുകാരനായി മാറി. തുടര്‍ന്നുള്ള തന്‍റെ ജീവിതത്തെ ഒരു പാനീയ യാഗമായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തയാറാവുന്നു; കൂടാതെ തന്നെ പരിചയമുള്ളവരോടെല്ലാം അതില്‍ ആനന്ദിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു (ഫിലി 2:17). പ്രത്യാശയുള്ള മനുഷ്യന്‍ പീഡിപ്പിക്കപ്പെടുവാനും തുടര്‍ന്ന് കൊല്ലപ്പെടുവാനും ഭയമില്ലാത്തവനുമാണ്. പ്രത്യാശയുടെ തടവുകാരെ ഭയത്തിന്‍റെ തടവുകാര്‍ വേട്ടയാടുന്നു, എന്നാല്‍ അന്തിമവിജയം പ്രത്യാശയുടെ തടവുകാര്‍ക്കു മാത്രമായിരിക്കും, ഇതാണ് ഉയിർപ്പ് സംഭവം വിളിച്ചു പറയുന്നത്.

നിത്യസമാധാനം നല്‍കുന്ന പ്രത്യാശ

പീഡാനുഭവവാരം ആരംഭിച്ചശേഷം ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു പറയുന്നു: ”ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍െറ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു”. പുനഃരുത്ഥാനത്തിനു ശേഷം ക്രിസ്തു ശിഷ്യന്മാരോടു ആദ്യമായി സംസാരിച്ചതും “നിങ്ങള്‍ക്ക് സമാധാനം” എന്നായിരുന്നു. ഈശോ മശിഹാ വാഗ്ദാനം ചെയ്യുന്ന ഈ സമാധാനവും അതു നല്‍കുന്ന പ്രത്യാശയുമാണ് ക്രിസ്ത്യാനിയെ വ്യത്യസ്തനാക്കുന്നത്. പ്രതികൂലങ്ങള്‍ നിറഞ്ഞ ഇരുപത് നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവസമൂഹം സഞ്ചരിച്ചതും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തിച്ചേര്‍ന്നതും പ്രത്യാശയുടെ തീരം ചേര്‍ന്നുള്ള യാത്രയിലൂടെയാണ്.

ക്രിസ്തീയ പ്രത്യാശയുടെ ഇന്ത്യന്‍ മുഖമായിരുന്ന സാധുസുന്ദര്‍സിംഗ്. അദ്ദേഹം സുവിശേഷപ്രഘോഷണം നടത്തിയതിന്‍റെ പേരില്‍, നേപ്പാളിലെ പോലീസുകാരില്‍നിന്നുണ്ടായ ഒരു അനുഭവം ഇപ്രകാരം വിവരിക്കുന്നു. “അവര്‍ എന്‍റെ കുപ്പായം ഊരി തറയില്‍ കിടത്തി, കൈകാലുകള്‍ ആമത്തില്‍ ബന്ധിച്ചു. ചേറും ചെളിവെള്ളവും നിറച്ച മുളങ്കുറ്റികളില്‍ സൂക്ഷിച്ചിരുന്നവയും രക്തദാഹത്തോടിരുന്നവയുമായ കുറെ അട്ടകളെ ദേഹത്തേക്കിട്ടു. അവ ഇഴഞ്ഞുകയറി ശരീരം പൊതിഞ്ഞ്, രക്തം ഊറ്റിക്കുടിച്ച് വീര്‍ത്ത് തനിയെ താഴെ വീണു. അവ കടിച്ച പാടുകളത്രെയും തടിച്ചു നീരുവച്ച് വീര്‍ത്തു. കര്‍ത്താവിന്‍റെ സാന്നിധ്യം ആ പീഡയെ പറുദീസയാക്കി മാറ്റി. അപ്പോള്‍ മതിമറന്ന് ഞാന്‍ ആനന്ദഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. പാട്ടുകേട്ട് ചിലര്‍ വാതില്‍ക്കല്‍ വന്നു. ആ അവസരങ്ങളില്‍ ഞാന്‍ അവരോടു സുവിശേഷം പ്രസംഗിച്ചു. നേരം വെളുത്തപ്പോള്‍ അവരെന്നെ വിട്ടയച്ചു. പക്ഷേ, അട്ടകള്‍ രാത്രിയില്‍ എന്‍റെ രക്തമൂറ്റിക്കുടിച്ചിരുന്നതിനാല്‍ തലചുറ്റി ഞാന്‍ ഇരുന്നുപോയി. എങ്കിലും കര്‍ത്താവിനുവേണ്ടി ഉപദ്രവം ഏല്‍ക്കാന്‍ എനിക്ക് അനുവാദവും പദവിയും തന്ന ദൈവത്തെ ഞാന്‍ മഹത്വപ്പെടുത്തി”.

ചരിത്രം സാക്ഷിയായവരുടെ പ്രത്യാശ

ക്രിസ്തുവിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവരെല്ലാം പ്രത്യാശയുടെ തടുവുകാരായിരുന്നു. ആദിമസഭയിലെ രക്തസാക്ഷികളുടെ ജീവിതം വായിക്കുമ്പോള്‍ അവരുടെ മരണാനന്തര പ്രത്യാശകണ്ട് നാം അത്ഭുതപ്പെട്ടുപോകും. സഭാചരിത്രകാരനായ എവുസേബിയസ് പാംഫിലാസ് എഴുതുന്നതു: “ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ അത്ഭുതകരമായ ആവേശവും യഥാര്‍ത്ഥ ദൈവശക്തിയും തീഷ്ണതയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു. കാരണം, ആദ്യത്തെയാള്‍ക്കെതിരേയുള്ള വിധി പ്രസ്താവിച്ചു കഴിയുമ്പോഴേക്കും പുറകെ പുറകെ, ഓരോരുത്തരായി ഓടിക്കുതിച്ചുവന്ന് “ഞങ്ങളും ക്രിസ്ത്യാനികളാ”ണെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രൂരമായ പലവിധ പീഡനങ്ങളുടെയും നേരേ തികഞ്ഞ ഉദാസീനത കാട്ടിക്കൊണ്ട് അവര്‍ യാതൊരു കൂസലും കൂടാതെ വിശ്വാസത്തിനുവേണ്ടി നിലകൊണ്ടും തങ്ങളുടെ അന്ത്യശ്വാസംവരെയും ദൈവത്തിനുവേണ്ടി സ്തുതികീര്‍ത്തനങ്ങള്‍ ആലപിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടും അവസാനത്തെ മരണവിധിയെ അവർ സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടെ സ്വീകരിച്ചു”

“രക്തസാക്ഷികള്‍ സഹിച്ച പീഡനങ്ങളെ വിവരിക്കുക അസാധ്യമായ ഒരു കാര്യ”മായി ഒരിടത്ത് എവുസേബിയസ് പറയുന്നു. “പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ആയിരങ്ങള്‍ സാക്ഷികളുടെ ഗണത്തില്‍ കടന്നുവന്നു. ചിലപ്പോള്‍ പത്തും മറ്റുചിലപ്പോള്‍ ഇരുപതും ആളുകളെവരെ മരണത്തിനു വിധേയരാക്കി. വീണ്ടും മുപ്പതില്‍കുറയാതെയും പിന്നെ ഏകദേശം അറുപതും ചിലപ്പോള്‍ അറുനൂറോളം പുരുഷന്മാരെയും സ്ത്രീകളെയും കൊച്ചുകുട്ടികളെയും ഉള്‍പ്പെടുത്തി ഒറ്റദിവസം കൊണ്ട് അവര്‍ വധിച്ചിരുന്നു”

“ഞങ്ങളും ക്രിസ്ത്യാനികളാ”ണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് മരണത്തിലേക്ക് ഓടിയടുക്കാന്‍ ക്രിസ്ത്യാനിക്കല്ലാതെ ആര്‍ക്കു കഴിയും? അവര്‍ ദൃഷ്ടിയുയര്‍ത്തി നോക്കുമ്പോള്‍ ദൈവമഹത്വവും അവിടുത്തെ വലതുഭാഗത്ത് നില്‍ക്കുന്ന ക്രിസ്തുവിനെയും കാണും. പിന്നെ ഒരു ചോദ്യമേയുള്ളൂ, “മരണമേ, നിന്‍െറ വിജയം എവിടെ? മരണമേ, നിന്‍െറ ദംശനം എവിടെ? “

രക്ഷയിലേക്ക് നയിക്കുന്ന പ്രത്യാശ

ദൈവം മനുഷ്യനായി ഭൂമിയില്‍ വന്നത് “മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു” (ഹെബ്രായർ 2:14,15). മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ചുകൊണ്ടായിരുന്നു ഈശോ ഈ വിജയം മനുഷ്യന് കരഗതമാക്കിയത്. മരണഭയത്തില്‍നിന്ന് വിടുതല്‍ നല്‍കുന്ന ഈ പ്രത്യാശയാണ് ക്രിസ്തുവില്‍ ദിവ്യരക്ഷകനെ കണ്ടെത്താന്‍ ജനകോടികളെ പ്രാപ്തരാക്കിയത് (റോമ 8:24). ഇതിന് തെളിവായി (മരണ)നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടത് അവര്‍ കണ്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി എന്ന് വ്യക്തമായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നു, ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. പ്രത്യാശയുടെ തടവുകാരനാകാന്‍ ഇതില്‍പ്പരം എന്തുവേണം? ആദ്യഫലമായി ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു, ഇനി അവന്‍റെ ആഗമനത്തോടെ അവനുള്ളവരും (1 കൊരി 15). ക്രിസ്തുവിന്‍റേതാവുക എന്നതുമാത്രമേ ഇവിടെ വേണ്ടതുള്ളു. ബാക്കിയെല്ലാം അവന്‍ നോക്കിക്കൊള്ളും. അതിനാല്‍ ക്രിസ്തുവിന്‍റെ പ്രത്യാഗമനമാണ് രണ്ട് ലോകങ്ങളിലുമുള്ളവരുടെയും – ജീവിക്കുന്നവരുടെയും മരിച്ചവരുടെയും -പ്രത്യാശയെ ജീവസുറ്റതാക്കുന്നത്. ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരെല്ലാം സകല മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ് എന്നായിരുന്നു പോള്‍ ക്രിസ്ത്യാനികളോടു പറഞ്ഞത്. ക്രിസ്തീയതയുടെ ചരിത്രം മുഴുവന്‍ വിവരിക്കുന്നത് മരണത്തിനപ്പുറത്തേക്ക് നോക്കുന്ന പ്രത്യാശാ വീരന്മാരുടെ ചരിത്രമാണ്.

എല്ലാം നന്മയ്ക്കായി മാറുമെന്ന പ്രത്യാശ

ക്രൈസ്തവന്‍ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം ക്രിസ്തുവിലുള്ള പ്രത്യാശയാണ് അവര്‍ക്ക് അതിജീവനശക്തി നല്‍കുന്നത്. ദൈവത്തിന്‍റെ പരിശുദ്ധനെ അധര്‍മ്മികളായ മനുഷ്യന്‍ ഹീനമായി പീഡിപ്പിച്ച് കൊന്നുകളഞ്ഞുവെങ്കില്‍, അവനെ മൂന്നാം നാള്‍ ഉയിര്‍പ്പിച്ചുകൊണ്ട് പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ കൃത്യം ദൈവം ചെയ്തു. ഈ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടി പൗലോസ് ചോദിക്കുന്നു ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും? ക്രിസ്തുവില്‍ പ്രത്യാശയുള്ളവന് എതിരുനില്‍ക്കാന്‍ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കും കഴിയില്ല; ഉയിര്‍പ്പുതിരുന്നാള്‍ നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണിത്. രാഷ്ട്രീയ സഖ്യങ്ങള്‍ ക്രൈസ്തവര്‍ക്കെതിരേ പടയൊരുക്കുമ്പോഴും നീതിക്കുവേണ്ടിയുള്ള നമ്മുടെ ശബ്ദം വനരോദനമായി മാറുമ്പോഴും പ്രത്യാശയോടെ നമുക്കു ചോദിക്കാം -ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?

പീലാത്തോസിന് നല്‍കിയ പ്രത്യാശ

തന്നെ വിചാരണ ചെയ്ത് അന്യായമായി ക്രൂശിക്കാന്‍ ഏല്‍പ്പിച്ച പീലാത്തോസിനെ ഉത്ഥിതനായ ക്രിസ്തു വെല്ലുവിളിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്തില്ല. അയാളെ ഒരുവിധത്തിലും ശല്യപ്പെടുത്തിയില്ല. പീലാത്തോസ് പിന്നീട് ക്രിസ്തുശിഷ്യനും തുടര്‍ന്ന് രക്തസാക്ഷിയുമായി എന്നാണ് കോപ്റ്റിക് സഭ പാരമ്പര്യമായി വിശ്വസിക്കുന്നത്. തന്നേ അന്യായമായി പീഡിപ്പിച്ചവനു പോലും മാനസാന്തരപ്പെട്ടു തന്നേ പിന്‍പറ്റുവാന്‍ കഴിയുമെന്നതായിരുന്നു ഉയിര്‍പ്പുതിരുന്നാള്‍ നല്‍കിയ പ്രത്യാശയേറിയ സന്ദേശം.

തള്ളിപ്പറഞ്ഞവനു നല്‍കുന്ന പ്രത്യാശ

മുന്‍കാലങ്ങളില്‍ ക്രിസ്തുവിനെ തള്ളിക്കളഞ്ഞവര്‍ക്കും നിഷേധിച്ചവര്‍ക്കും അവിശ്വസിച്ചവര്‍ക്കും പ്രത്യാശ നല്‍കുന്നതാണ് ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം. മാര്‍ക്കോസിന്‍റെ സുവിശേഷം ഈ വസ്തുത വിവരിക്കുന്നു. അതിരാവിലെ മഗ്ദലേന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും സുഗന്ധക്കൂട്ടുകളുമായി ശവകുടീരത്തിലേക്ക് വരുന്നു. ഈ സമയത്ത് വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് കല്ലറയുടെ വലതുഭാഗത്ത് ഇരിക്കുന്നത് അവര്‍ കാണുന്നു. ഈ സ്ത്രീകള്‍ വരുമ്പോള്‍ പറയേണ്ടത് എന്തെന്ന് ഈശോ ഈ യുവാവിനോട് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നു, അവന്‍ അത് അവരോടു പറയുന്നു “നിങ്ങള്‍ പോയി, അവന്‍െറ ശിഷ്യന്‍മാരോടും പത്രോ സിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നു” (16:6). “അവന്‍െറ ശിഷ്യന്‍മാരോടും പത്രോസിനോടും” എന്ന് പ്രത്യേകം പറയണമെന്നാണ് ഈശോ ആ യുവാവിനോടു പറഞ്ഞത് എന്തുകൊണ്ടായിരുന്നു? ഈ ദിവസങ്ങളിൽ തൻ്റെ ശിഷ്യന്മാരില്‍ ഏറ്റവുമധികം ദുഃഖിച്ചിരിക്കുന്നത് പത്രോസ് ആയിരിക്കുമെന്ന് അവിടുത്തേക്ക് അറിയാം. മൂന്നുദിവസം മുമ്പ് തന്നേ തള്ളിപ്പറഞ്ഞതിലുള്ള വേദന പത്രോസിനെ ആരേക്കാളും ദു:ഖിതനാക്കിയെന്നും അവിടുന്ന് അറിഞ്ഞിരുന്നു. താൻ ശിഷ്യഗണത്തില്‍നിന്നും പുറത്താക്കപ്പെട്ടിട്ടില്ല എന്ന പ്രത്യാശ നല്‍കുന്ന സന്ദേശമായിരുന്നു ഉയിര്‍പ്പുദിനത്തില്‍ ഈശോമശിഹാ പത്രോസിന് കൈമാറാന്‍ ആഗ്രഹിച്ചത്. തുടർന്നുളള ജീവിതം അവസാനിക്കും വരെ പത്രോസ് പ്രത്യാശയുടെ തടവുകാരനായിരുന്നു എന്നാണ് ചരിത്രം!

അപ്പൊസ്തൊലനായ പൗലോസ്, തന്‍റെ ഭാഗ്യകരമായ പ്രത്യാശയെക്കുറിച്ച് ഒറ്റവാചകത്തില്‍ വ്യക്തമാക്കിപ്പറയുന്നു “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു”. കഷ്ടതകളിലൂടെ കടന്നുപോകുന്ന ഓരോ ക്രിസ്തുഭക്തനും താന്‍ വിളിക്കപ്പെട്ടിരിക്കുന്നത് മഹാപ്രതിഫലമുള്ള പ്രത്യാശയിലേക്കാണ് എന്ന് ഈ വചനം ഉറപ്പുതരുന്നു. ദിവ്യരക്ഷകനോടൊത്തുള്ള നിത്യത സകല ദു:ഖത്തിനും അപ്പുറത്തേക്ക് നോക്കാൻ, ആശ്വസിക്കാൻ നമ്മെ ശക്തരാക്കുന്നു.! ലോകത്തെ കീഴ്മേല്‍ മറിച്ച അപ്പൊസ്തൊലന്മാരും ആദിമസഭയും ചരിത്രത്തില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും വിസ്മരിക്കപ്പെട്ടവരുമായ ജനകോടികള്‍ മറഞ്ഞത് ഈ മഹത്തായ പ്രത്യാശയുടെ തടവകരായിട്ടാണ്. അവരോടു ചേര്‍ന്ന് നമുക്കും പുനരുത്ഥാന പ്രത്യാശയോടെ നമ്മുടെ വിശ്വാസക്കപ്പലില്‍ യാത്ര തുടരാം.

എല്ലാവർക്കും ഈസ്റ്റർ മംഗളങ്ങൾ!

മാത്യു ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്