മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ,

നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ വീണ്ടും ചില നവീകരണങ്ങൾ വരുത്തിയെങ്കിലും സഭ മുഴുവൻ ഏകീകൃത രീതിയിലുള്ള പരിശുദ്ധ കുർബാന അർപ്പണം സാധ്യമായില്ല . 1999 ൽ സമ്മേളിച്ച സീറോ മലബാർ സിനഡ് അർപ്പണരീതിയിലെ ഐക്യത്തിനായി തീരുമാനമെടുക്കുകയും 2000 ജൂലൈ 3 ന് അത് പ്രാബല്യത്തിൽ വരുകയും ചെങ്കിലും പലവിധ കാരണങ്ങളാൽ അത് പൂർണ്ണമായ ഫലപ്രാപ്തിയിലെത്തിയില്ല

പരിശുദ്ധ കുർബാനയർപ്പണത്തിൽ ഐക്യരൂപം ആവശ്യമാണെന്ന പരിശുദ്ധ സിംഹാസനത്തിന്റെ താൽപ്പര്യം പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം പലവട്ടം നമ്മെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . ദൈവശാസ്ത്രപരവും ഭാഷാപരവുമായ തിരുത്തലുകളിലൂടെ നവീകരിച്ച തക്സായ്ക്ക് അംഗീകാരം നൽകികൊണ്ട് 2021 ജൂൺ 9 ന പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം എഴുതിയ കത്തിലും 2021 ജൂലൈ 3 ന് ഫ്രാൻസീസ് മാർപാപ്പ എഴുതിയ കത്തിലും പരിശുദ്ധ കുർബാനയർപ്പണത്തിലെ ഐക്യരൂപത്തിനായി ആഹ്വാനം നൽകിയിരുന്നു.

2021 ഓഗസ്റ്റ് മാസത്തിൽ സമ്മേളിച്ച സീറോ മലബാർ സിനഡ് 2021 നവംബർ 28 ന് സിനഡ് നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ പരിശുദ്ധ കുർബാനയർപ്പണം ആരംഭിക്കുവാൻ തീരുമാനിച്ചു . അക്കാര്യം നമ്മുടെ മേജർ ആർച്ച് ബിഷപ്പിന്റെ ഇടയലേഖനത്തിലൂടെ ( 2021 ഓഗസ്റ്റ് 27 ) അറിയിച്ചിട്ടുള്ളതാണ് . നമ്മുടെ രൂപതയിൽ മംഗളവാർത്ത ഒന്നാം ഞായർ ( 2021 നവംബർ 28) മുതൽ അത് പ്രാബല്യത്തിൽ വരികയാണ്.

അതിൻ പ്രകാരം പരിശുദ്ധ കുർബാനയുടെ ആമുഖശുശ്രൂഷ മുതൽ വിശ്വാസ പ്രമാണം വരെ ജനാഭിമുഖമായി ബേമയിലും തുടർന്ന് അനാഫൊറ മുതൽ വിശുദ്ധ കുർബാന സ്വീകരണം വരെ അത്താരാഭിമുഖമായും സമാപന ശുശ്രൂഷ വീണ്ടും ജനാഭിമുഖമായും അർപ്പിക്കണം. പരിശുദ്ധ കുർബാനയുടെ ക്രമവും പ്രാർത്ഥനകളുമടങ്ങുന്ന നവീകരിച്ച് താക്സയാണ് അന്നു മുതൽ ഉപയോഗിക്കേണ്ടത് . നവീകരിച്ച വിശുദ്ധ കുർബാന ക്രമത്തിൽ സമൂഹവും ശുശ്രൂഷികളും ചൊല്ലുന്ന പ്രാർത്ഥനകളിലെ മാറ്റങ്ങൾ നമ്മുടെ രൂപതയിലെ ആരാധനക്രമ കമ്മീഷൻ ഇതിനകം നൽകിയത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. ജനങ്ങളുടെ ഉപയോഗത്തിനായുള്ള പുതിയ കുർബാന പുസ്തകം സാധ്യമായ ഏറ്റവും അടുത്ത അവസരത്തിൽ വിശ്വാസികളെല്ലാവർക്കും ലഭ്യമാക്കേണ്ടതാണ് .

നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും നമ്മുടെ പൗരസ്ത്യ സുറിയാനി സഭാ പൈതൃകവും അതിന്റെ ചൈതന്യവും ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിലാക്കണമെന്ന് ഈ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരോടും ദൈവജനം മുഴുവനോടും ഞാൻ അഭ്യർത്ഥിക്കുന്നു.

നിങ്ങളെയെല്ലാവരെയും നമ്മുടെ കർത്താവായ ഈശോ മിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മിശിഹായിൽ സ്നേഹപൂർവ്വം,

+ മാർ യൗസേപ് സ്രാമ്പിക്കൽ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ

Syro Malabar Eparchy of Great Britain

നിങ്ങൾ വിട്ടുപോയത്