കോവിഡ് കാരണം നഷ്ടപ്പെട്ട സമയവും വേഗതയും തിരിച്ചുപിടിച്ച് സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി തീർക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുൻഗണനാപദ്ധതികളുടെ അവലോകനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ചിൽ പൂർത്തിയാക്കും. കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജ്ജിതപ്പെടുത്തും. ആഗസ്റ്റിൽ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഇതിന്റെ ആദ്യ ഭാഗം കമ്മിഷൻ ചെയ്യും.

സെമീഹൈസ്പീഡ് റെയിൽവേയുടെ അവസാന അലൈൻമെൻറ് വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം വേഗത്തിലാക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആർ. പൂർത്തിയാക്കണം.

പൂവാർ മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ പാത സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ്. രണ്ടു വർഷത്തിനകം പൂർത്തിയാകത്തക്കവിധം പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കണം. ദേശീയ ജലപാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കണം. കൊച്ചി അർബൻ ഡെവലപ്പ്‌മെൻറ് ആൻറ് വാട്ടർ ട്രാൻസ്‌പോർട്ടിന്റെ ഭാഗമായി കനാൽ ശുചീകരണത്തിന് വേഗത കൂട്ടണം. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്‌ളൈ ഓവറുകളുടെ നിർമ്മാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസർക്കാർ അംഗീകാരം തേടൽ മുതലായ കാര്യങ്ങൾ ത്വരിതപ്പെടുത്തണം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണൽ റോഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി നടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പു സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്