വത്തിക്കാൻ സിറ്റി: ഉദരശിശുവിനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചതിലൂടെ വിശുദ്ധാരാമം പുൽകിയ വിശുദ്ധ ജിയന്ന ബരോറ്റ മോളയുടെ പാതയിൽ ഇതാ മറ്റൊരു അമ്മ വിശുദ്ധകൂടി ആഗതയാകുന്നു- മരിയ ക്രിസ്റ്റീന സെല്ല മോസെലിൽ. ഗർഭിണിയായിരിക്കേ മാരകമായ കാൻസർ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവനെപ്രതി ചികിത്‌സ വേണ്ടെന്നുവെച്ച മരിയ ക്രിസ്റ്റീന സെല്ലയുടെ വിരോചിത പുണ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയത്. ഇതോടെ, വിശുദ്ധാരാമ യാത്രയിലെ സുപ്രധാനഘട്ടമായ ധന്യരുടെ നിരയിലാണ് ഇപ്പോൾ മരിയ സെല്ല. വിശുദ്ധ ജിയന്നയുടെ നാട്ടുകാരിതന്നെയാണ് മരിയ സെല്ല എന്നതും കൗതുകം!

മൂന്നാമത്തെ കുഞ്ഞിന് ജന്മമേകിയ മരിയ ക്രിസ്റ്റീന 1995 ഒക്‌ടോബർ 22ന് ഇഹലോകവാസം വെടിയുമ്പോൾ 26 വയസുമാത്രമായിരുന്നു പ്രായം. ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകിയ, മിലാനിലെ ഒരു കുടുംബത്തിൽ 1969 ഓഗസ്റ്റ് 18നായിരുന്നു മരിയയുടെ ജനനം. കുട്ടിക്കാലം മുതൽതന്നെ ദൈവാലയ കാര്യങ്ങളിൽ തൽപ്പരയായിരുന്ന അവൾ കൗമാരപ്രായത്തിൽ മതബോധന അധ്യാപനത്തിലും സജീവമായി. പഠനകാലത്ത് സമർപ്പിത ജീവിതം തിരഞ്ഞെടുക്കാനായിരുന്നു ആഗ്രഹം. എന്നാൽ, തന്നെ ദൈവം വിളിക്കുന്നത് കുടുംബജീവിതത്തിലേക്കാണെന്ന് അവൾ തിരിച്ചറിഞ്ഞു, കാർലോ മൊസിലിൻ എന്ന യുവാവുമായുള്ള കണ്ടുമുട്ടലാണ് അതിന് പ്രചോദനമായത്.

1987ലാണ് അവളുടെ വലതുകാലിൽ കാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടത് (സർകോമ). ശസ്ത്രക്രിയയിലൂടെയും കീമോ തെറാപ്പി ചികിത്‌സയിലൂടെയും രോഗവിമുക്തയായ അവൾ 1991ൽ കാർലോയുടെ ജീവിതസഖിയായി. മൂന്നാമതും ഗർഭിണിയായിരിക്കേയാണ് നടുക്കുന്ന ആ വിവരം അവർ അറിഞ്ഞത്: തന്നെ വിട്ടുപോയെന്ന് കരുതിയ കാൻസർ വീണ്ടും തന്റെ ശരീരത്തിൽ പിടിമുറുക്കുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും, ഗർഭസ്ഥ ശിശുവിനെ ദോഷമായി ബാധിക്കുമെന്നതിനാൽ കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്‌സകൾ പ്രസവംവരെ വേണ്ടെന്ന് തീരുമാനിക്കാൻ അവൾക്ക് അധികം ചിന്തിക്കേണ്ടിവന്നില്ല.

പ്രസാവനന്തരം ചികിത്‌സകൾ ആരംഭിച്ചെങ്കിലും അപ്പോഴേക്കും രോഗാവസ്ഥ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. റിച്ചാർഡോ എന്ന തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി അധികനാൾ കഴിയുംമുമ്പേ അവൾ ദൈവസന്നിധിയിലേക്ക് യാത്രയായി. റിച്ചാർഡോയ്ക്കായി അവൾ എഴുതിയ കത്തിലെ വരികൾ ആരുടെയും ഹൃദയം കവരും. ആ കത്തിൽനിന്നുള്ള വാക്കുകൾ ചുവടെ:

റിച്ചാർഡോ, ഞങ്ങൾക്ക് നൽകപ്പെട്ട സമ്മാനമാണ് നീ . നിന്നെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. അമ്മേ എന്നെ ഇത്രമേൽ സ്‌നേഹിക്കുന്നതിന് നന്ദി എന്ന് ഉദരത്തിൽനിന്ന് നീ എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എങ്ങനെ ഞങ്ങൾ നിന്നെ സ്‌നേഹിക്കാതിരിക്കും? നീ അമൂല്യമാണ്. നിന്നെ നോക്കുമ്പോൾ, മക്കൾക്കു വേണ്ടി സഹിക്കുന്നതൊന്നും വെറുതെയാവില്ലെന്ന് എനിക്ക് തോന്നാറുണ്ട്.’