1978 ൽ വെറും 33 ദിവസങ്ങൾ മാത്രം പാപ്പയായിരുന്ന ജോൺപോൾ ഒന്നാമന്റെ മദ്ധ്യസ്ഥതയിൽ അർജന്റീനയിലെ ബ്യൂണസ് ഐരസിലെ ഒരു സ്ത്രീക്ക് 2011 ൽ സംഭവിച്ച അത്ഭുതമാണ് പാപ്പയെ വാഴ്ത്തപെട്ടവനായി പ്രഖാപിക്കാൻ കാരണമായത്.

വിശുദ്ധരെ നാമകരണം ചെയ്യുന്നതിനുള്ള വത്തിക്കാനിലെ കോൺഗ്രിഗേഷൻ തലവൻ കർദിനാൾ ആഞ്ചലോ അമാത്തോ സെമരാരോയും ഫ്രാൻസീസ് പാപ്പയും തമ്മിലുള്ള കൂടികാഴ്ച്ചയിലാണ് ജോൺപോൾ ഒന്നാമൻ പാപ്പയടക്കം അഞ്ച് പേരെ വാഴ്ത്തപെടവരായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.


1978 ൽ ആഗസ്റ്റ് മാസത്തിൽ 26 ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോൺപോൾ ഒന്നാമൻ പാപ്പ 1978 സെപ്റ്റംബർ 28 ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങൾ കൊണ്ട് ചിരിക്കുന്ന പാപ്പ എന്ന പേര് ആൽബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാലഘട്ടത്തിൽ ആണ് നാമകരണത്തിനായുള്ള രൂപതാതല പ്രവർത്തനങ്ങൾക്ക് വെനീസിലെ ബെല്ലുനോ രൂപതയിൽ നിന്ന് തുടക്കം കുറിച്ചത്.

2011 ൽ ന്യുമോണിയ ബാധിച്ച് മരിക്കുമെന്ന് വിധിയെഴുതിയ പതിനൊന്ന് വയസുള്ള പെൺകുട്ടികാണ് അത്ഭുത രോഗസൗഖ്യം സംഭവിച്ചത്. മരണകിടക്കയിൽ ആയിരുന്ന ആ പെൺകുട്ടിക്ക് രോഗീലേപനം നൽകാനും, ദിവ്യകാരുണ്യം നൽകാനും ആശുപത്രി സന്ദർശിച്ച ഇടവക വികാരിയാണ് ജോൺപോൾ ഒന്നാമൻ പാപ്പയുടെ മാധ്യസ്ഥം അപേക്ഷിക്കാൻ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. അതേ തുടർന്നാണ് മരണവക്‌ത്രത്തിൽ നിന്ന് കുട്ടി രക്ഷപെട്ട് രോഗസൗഖ്യം ലഭിച്ചത്.

ജോൺപോൾ ഒന്നാമൻ പാപ്പയെ കൂടാതെ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിരുസഭയിൽ വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ
തൃശൂർ അതിരൂപത