കൊറോണ സാഹചര്യവും, പാപ്പയുടെ കാലിൽ ഉള്ള വേദനയും കാരണം മുൻപ് നടത്തിയിരുന്നത് പോലെ അരീച്ചയിൽ ഉള്ള ഡിവീൻ മയെസ്ത്രോ എന്ന പൗളൈൻ ഭവനത്തിൽ ഉണ്ടായിരിക്കില്ല എന്ന് ക്രിസ്തുമസിന് ശേഷം വത്തിക്കാനിൽ നിന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ഫ്രാൻസിസ് പാപ്പ റോമൻ കൂരിയായിൽ ഉള്ള എല്ലാവർക്കും 17 നൂറ്റാണ്ടിൽ ഒരു സിസ്റ്റേഴ്‌സിയൻ സന്ന്യാസി എഴുതിയ “കർത്താവിനെ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കാം” (Abbi a cuore il Signore) എന്ന ആത്മീയ പുസ്തകം വായിച്ച് ധ്യാനിക്കാൻ നൽകിയിരുന്നു. ഈ പുസ്തകം ഇറ്റലിയിലെ സാൻ ബർത്തെല്ലോ ആശ്രമത്തിലെ സന്യാസികളെ സഹായിക്കാൻ എഴുതിയതാണ്. നമ്മുടെ മാനുഷികമായ കുറവുകളിലാണ് ദൈവം കടന്ന് വരുന്നത് അതിനാൽ നമ്മുടെ ജീവിതത്തിൽ താഴ്‌മയുടെ വഴികൾ സ്വീകരിക്കണം, ഒരു പക്ഷെ നമുക്ക് താത്പര്യം ഇല്ലാത്ത വഴികളിലൂടെ ജീവിതം നമ്മെ കൊണ്ടുപോകും എങ്കിലും കർത്താവ് നമുക്ക് കൂട്ടുണ്ടാകും എന്ന് പറഞ്ഞാണ് ഈ പുസ്തകം ആരംഭിക്കുന്നത് തന്നെ.

ഇന്ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് പാപ്പയുടെ വചന പ്രഘോഷകനായ കർദിനാൾ കന്തലമേസ റോമൻ കൂരിയ അംഗങ്ങൾക്ക് വേണ്ടി ആദ്യത്തെ വലിയനോമ്പുകാല പ്രഘോഷണം നടത്തി. വി. മത്തായിയുടെ സുവിശേഷം 16, 15 പറയുന്നത് പോലെ നിങ്ങൾ എന്നെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് ഈശോ ശിഷ്യൻമാരോട് ചോദിക്കുന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് കർദിനാൾ ആരംഭിച്ചത്.

എകദേശം 100 വർഷം മുൻപ് പിയുസ് പതിനൊന്നാമൻ പാപ്പയാണ് നോമ്പുകാല ധ്യാനം പൊതുവായി വത്തികാനിൽ ആരംഭിക്കുന്നത്. ഇത്തവണ വാർഷിക ധ്യാനത്തിനായി കഴിഞ്ഞ ഞായറാഴ്ച മുതൽ ഒഴിവ് നൽകിയിട്ടുണ്ടെങ്കിലും കൊറോണ സാഹചര്യത്തിൽ പൊതുവായ പ്രാർത്ഥനകൾ എല്ലാം ഒഴിവാക്കിയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ സമൂഹ പ്രാർത്ഥനകൾ വേണ്ട എന്ന് തീരുമാനിക്കുന്നത്.

പിയൂസ് XI പാപ്പ ഈശോസഭ വൈദികരെയാണ് ആദ്യം വചന പ്രഘോഷണത്തിന് നിയമിച്ചിരുന്നത്. ജോൺപോൾ രണ്ടാമൻ പാപ്പ 1976 ൽ പോൾ ആറാമൻ പാപ്പക്ക് വാർഷിക ധ്യാനം നയിച്ചതായിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പയും മാർപാപ്പ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് വചന പ്രഘോഷണം നയിച്ചിരുന്നു. ഫ്രാൻസിസ് പാപ്പയാണ് വാർഷിക ധ്യാനത്തിനായി 2014 മുതൽ വത്തിക്കാന് പുറത്തേക്ക് കൊണ്ടുപോകുന്നത്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്