വത്തികാനിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വതിലുള്ള പീഡാനുഭവ ആഴ്‌ചയിലെ തിരുകർമ്മങ്ങളുടെ സമയക്രമം പോന്തിഫിക്കൽ തിരുകർമ്മങ്ങളുടെ മാസ്റ്റർ ഓഫ് സെറിമണിയായ മോൺസിഞ്ഞോർ ഗ്വിഡോ മരീനി അറിയിച്ചു.

ഓശാന ഞായറാഴ്ച തിരുകർമങ്ങൾ രാവിലെ 10, 30 ന് വി. പത്രോസിൻ്റെ ബസിലിക്കയിൽ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച ക്രിസം വെഞ്ചിരിക്കുന്ന വി. ബലിയർപ്പണം രാവിലെ 10, 00 മണിക്ക് ബസിലിക്കയിലെ സിംഹാസനത്തിന് അടുത്തുള്ള അൾത്താരയിൽ വച്ച് ഫ്രാൻസിസ് പാപ്പ അർപ്പിക്കും, വൈകിട്ട് തിരുഅത്താഴത്തിൻ്റെ ഓർമ്മയിലുള്ള വി. ബലിയർപ്പണത്തിന് 6 മണിക്ക് കർദിനാൾ ജോവാന്നി ബത്തിസ്ത്തയാണ് നേതൃത്വം നൽകുക.

ദുഃഖവെള്ളിയാഴ്ചയിലെ പീഢാനുഭവ തിരുകർമങ്ങൾ വൈകിട്ട് 6 മണിക്ക് ബസിലിക്കയുടെ അകത്ത് വച്ച് ഉണ്ടാകും, തുടർന്ന് വൈകിട്ട് 9 മണിക്ക് വത്തിക്കാനിലെ ചത്വരത്തിൽ വച്ച് കുരിശിൻ്റെ വഴി പ്രാർത്ഥനയും നടക്കും. ഇത്തവണത്തെ കുരിശിൻ്റെ വഴി പ്രാർത്ഥന ഇറ്റലിയിലെ ഉംബ്രിയ ഭാഗത്തെ ഫോളിഞ്ഞോയിലുള്ള സ്കൗട്ട് ഗ്രൂപ്പും, റോമിലെ ഒരു ഇടവകയും ആണ് നേതൃത്വം നൽകുന്നത്.

കുരിശിൻ്റെ വഴിയിൽ ഉപയോഗിക്കാനുള്ള ചിത്രങ്ങൾ തയ്യാറാക്കുന്നത് 3 നും, 19 വയസിനും ഇടയിലുള്ള കുട്ടികളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫോളിഞ്ഞോയിലെ സ്കൗടിൽ 21 മുതിർന്നവരും, 145 കുട്ടികളുമാണ് ഉള്ളത്, റോമിലെ അർദേത്തീനോ ഭാഗത്തുള്ള ഇടവകയിലെ വൈദികനായ ലൂയിജി ഏറിക്കോയും അവിടുത്തെ ആദ്യകുർബാനസ്വീകരണം കഴിഞ്ഞ കുട്ടികളുമാണ് തയ്യാറാക്കുക.

ഈസ്റ്റർ വിജിൽ തിരുകർമ്മങ്ങൾ ശനിയാഴ്ച്ച വൈകിട്ട് 7, 30 ആയിരിക്കും. ഉയർപ്പ് ഞായറിൽ രാവിലെ 10 മണിക്ക് ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ വി. ബലിയർപ്പണവും, അതെ തുടർന്ന് 12 മണിക്ക് വത്തികാൻ ചത്വരത്തിൽ വച്ച് പാപ്പയുടെ സ്ലൈഹിക ആശീർവാദമായ ഉർബി എത്ത് ഓർബിയും ഉണ്ടാകും.

ഏപ്രിൽ 12 ന് തിങ്കളാഴ്ച 12 മണിക്ക് വത്തിക്കാൻ ചത്വരത്തിൽ പാപ്പയുടെ നേതൃത്വത്തിൽ പ്രത്യേക സ്വർലോകരാജ്ഞി പ്രാർത്ഥന ഉണ്ടാകും. എല്ലാ തിരുകർമ്മങ്ങളും വത്തിക്കാൻ മീഡിയയിലൂടെ തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്