ഇരിങ്ങാലക്കുട : സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നല്‍കിയ ഇടയശ്രേഷ്ഠനായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിസ്വാര്‍ഥമായി ചെലവഴിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.


സഭയുടെ പ്രബോധനങ്ങള്‍ മുറുകെപ്പിടിക്കുമ്പോഴും ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശ്വാസജീവിതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹം ധീരമായി നേതൃത്വം നല്‍കി. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപകന്‍, ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സഭൈക്യ ചര്‍ച്ചകളിലെ പൊന്തിഫിക്കല്‍ കമ്മിഷന്‍ അംഗം തുടങ്ങിയ വിവിധ തലങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.

സഭയുടെ അന്താരാഷ്ട്ര തലങ്ങളിലെ വിവിധ സമിതികളില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം സീറോ മലബാര്‍ സഭയുടെ തനിമയും സ്വത്വവും ഉയര്‍ത്തിക്കാട്ടുവാനും സംരക്ഷിക്കുവാനും എക്കാലത്തും ശ്രമിച്ചു. വിദ്യാഭ്യാസ രംഗത്ത് സഭ വെല്ലുവിളികള്‍ നേരിട്ടപ്പോഴൊക്കെ അതിനെതിരെ ശക്തമായ നിലപാടെടുത്ത് അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.

ആനുകാലിക വിഷയങ്ങള്‍ പഠിക്കാനും വിശ്വാസി സമൂഹത്തിന് വ്യാഖ്യാനിച്ചു നല്‍കാനും തിരക്കേറിയ അജപാലന ശുശ്രൂഷയ്ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തി.
പ്രഗത്ഭനായ പ്രഭാഷകനും ചിന്തകനും എഴുത്തുകാരനുമായിരുന്നു മാര്‍ ജോസഫ് പൗവ്വത്തില്‍. കേരളത്തിലെ പൊതുസമൂഹവും അതോടൊപ്പം ക്രൈസ്തവ സമൂഹവും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ സാമൂഹിക, സാംസ്‌ക്കാരിക പ്രശ്‌നങ്ങളില്‍ അഗാധമായ ഉള്‍ക്കാഴ്ചയോടെ അദ്ദേഹം അക്ഷീണം ഇടപെട്ടു.

കേവലം ഒരു സഭാധ്യക്ഷന്റെ ശബ്ദം മാത്രമായിട്ടല്ല പൊതുസമൂഹം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വീകരിച്ചത്. അതിഭൗതികതയ്‌ക്കെതിരെ, വഴി തെറ്റുന്ന ധാര്‍മിക സംസ്‌കാരത്തിനെതിരെ അദ്ദേഹം നിരന്തരം ഗര്‍ജിച്ചു. ആധുനിക കേരളത്തിന്റെ മനഃസ്സാക്ഷി രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ പക്വവും ആഴമേറിയതുമായ ദര്‍ശനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടും.

മാര്‍ പോളി കണ്ണൂക്കാടന്‍

നിങ്ങൾ വിട്ടുപോയത്