ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്നാണ് ഇന്ത്യൻ സഭാനേതൃത്വം പൊതുവെ വിശേഷിപ്പിച്ചത്. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യ, ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ മനുഷ്യവിഭവശേഷികൊണ്ട് ഒന്നാം സ്ഥാനത്തുനിൽക്കുന്ന രാജ്യമാണ്. ലോക സാമ്പത്തിക ശക്തികളിൽ ഒന്നാം നിരയോടൊപ്പമെത്താൻ കുതിക്കുന്ന ഇന്ത്യ, ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പാതയിലൂടെ, ഏഷ്യയിലെ വേറിട്ട ശക്തിയായി, മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മാനവിക മൂല്യങ്ങളും ദർശനവും ആധുനിക ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ യശസ്സുയർത്തുന്ന മുഖ്യഘടകങ്ങളാണ്. നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഇന്നത്തെ പ്രമുഖ ലോകനേതാക്കളിൽ ഒരാളാണെന്നത് ഓരോ ഇന്ത്യൻ പൗരനും അഭിമാനപൂർവം നോക്കിക്കാണുന്നു.  

ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ, മാനവസഹോദര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കറയറ്റ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹത്തിൽ അസ്സീസിയിലെ വി. ഫ്രാൻസിസിനു തുല്യനുമാണ്. ‘നമ്മുടെ പൊതുഭവനമായ ഭൂമി’യെ അമ്മയെപ്പോലെ കരുതി പരിപാലിക്കേണ്ടത്, വരുംതലമുറകളോടുള്ള നമ്മുടെ കടമയാണ് എന്ന് അദ്ദേഹം കരുതുകയും ചൂഷണവിമുക്തമായ ഒരു ലോകക്രമത്തിനുവേണ്ടി എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. അമിതചൂഷണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ കണ്ണീരും കമ്പോളാധിപത്യത്തിൽ ഞെരുങ്ങുന്ന ദരിദ്രരുടെ കണ്ണീരും ഒരുപോലെ മനുഷ്യ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഭൂമിയിൽ ജീവന്റെ നിലനില്പിനും മനുഷ്യരാശിയുടെ ഭാവിക്കും പ്രകൃതിയോടും ദരിദ്രരോടുമുള്ള കരുതൽ ഒഴിച്ചുകൂടാനാവാത്ത കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയും പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനും ലോകമാധ്യമങ്ങളും വമ്പിച്ച പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. നിശ്ചയിച്ചതിൽ കൂടുതൽ സമയം നീണ്ട കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായ സംഗതികളുടെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, പരിസ്ഥിതി-മനുഷ്യാവകാശ വിഷയങ്ങളും ജനാധിപത്യ-മതേതരത്വ നിലപാടുകളുടെ പ്രസക്തിയും മതസ്വാതന്ത്ര്യം പരമപ്രധാനമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സംഭാഷണവിഷയമായി എന്നാണ് നിരീക്ഷകമതം. കൂടാതെ, ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പാപ്പായെ ക്ഷണിക്കുകയും ക്ഷണം പാപ്പാ സ്വീകരിക്കുകയും ചെയ്തു. സന്ദർശനസമയവും സ്ഥലങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വത്തിക്കാനും ന്യൂഡൽഹിയും തമ്മിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ തീരുമാനിക്കപ്പെടുമെന്നും ഇന്ത്യയിലെ കത്തോലിക്കാ സഭാ നേതൃത്വവുമായി ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടക്കുമെന്നും കരുതുന്നു.

മാധ്യമങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം, വത്തിക്കാനിലെ കൂടിക്കാഴ്ച കേവലം ഔപചാരികതകൾക്കപ്പുറം ഊഷ്മളവും ഹൃദ്യവും സൗഹൃദപരവുമായിരുന്നു. ഏതൊരു ഇന്ത്യക്കാരനും വിശിഷ്യാ, ക്രൈസ്തവർക്ക് ഏറെ അഭിമാനവും  സന്തോഷവും പ്രത്യാശയും പകരുന്ന നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയുടേത്. ന്യൂഡൽഹി-വത്തിക്കാൻ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ന്യൂനപക്ഷസമൂഹങ്ങളോടുള്ള നയ-സമീപനങ്ങളിലും മനോഭാവത്തിലും സദ്ഫലങ്ങളുണ്ടാക്കാൻ പര്യാപ്തവുമായി പ്രസ്തുത കൂടിക്കാഴ്ചയും പാപ്പായുടെ സന്ദർശനവും മാറുമെന്ന് പ്രത്യാശിക്കാം.

പാപ്പാ – മോദി കൂടിക്കാഴ്ചയും രാഷ്ട്രീയ ചർച്ചകളും

പാപ്പാ – മോദി കൂടിക്കാഴ്ചയെയും ഫ്രാൻസിസ് പാപ്പായുടെ ഇന്ത്യാസന്ദർശനത്തെയും വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നവരുണ്ടാകാം. രാഷ്ട്രീയമായി അതിനുള്ള പ്രസക്തിയാണ് മുഖ്യമായും പലരും വിലയിരുത്തുന്നത്. പ്രത്യേകിച്ച്, അടുത്ത വർഷം നടക്കാനിരിക്കുന്ന ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ. പാപ്പായുടെ ഇന്ത്യാ സന്ദർശനം ബി. ജെ. പിയോടുള്ള ക്രൈസ്തവരുടെ മനോഭാവത്തിൽ ഗണ്യമായ മാറ്റം വരുത്തുമോ, അത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമോ, പ്രായേണ ക്രൈസ്തവ വോട്ടുകൾ കൂടുതലുള്ള കേരളം മുതലായ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവരിൽ ബി.ജെ.പിക്ക് അനുകൂലമായ മാറ്റം ഉണ്ടാക്കുമോ  തുടങ്ങിയ ചർച്ചകൾ ഇതിനോടകം നടന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയരംഗത്ത് ഇത്തരം ചർച്ചകൾ നടക്കുക സ്വാഭാവികമാണുതാനും. പാപ്പായുടെ സന്ദർശനം ക്രൈസ്തവരുടെ രാഷ്ട്രീയ വീക്ഷണങ്ങളിൽ മാറ്റമുണ്ടാക്കുമോ, ഫ്രാൻസിസ് പാപ്പായുടെ പൊതുജനസമ്മതിയെ ബി. ജെ. പി വോട്ടുകളാക്കി മാറ്റുമോ തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയനിരീക്ഷകർ ചർച്ച ചെയ്യട്ടെ.

പാപ്പായെ വരവേൽക്കാൻ സഭ ഒരുങ്ങേണ്ടതെങ്ങനെ?

കത്തോലിക്കാസഭയെയും ക്രൈസ്തവ സമൂഹങ്ങളെയും സംബന്ധിച്ച്, മാർപാപ്പയുടെ സന്ദർശനം ഒരു അജപാലക സംഭവമാണ്. ക്രൈസ്തവ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തി, സഭയെ അതിന്റെ ദൗത്യത്തിൽ ശാക്തീകരിക്കുന്നതിനുള്ള അവസരമായിട്ടാണ് സഭ അതിനെ സമീപിക്കുന്നത്. ഇന്നത്തെ ലോകത്തിൽ സഭ നിർവഹിക്കേണ്ട ദൗത്യമെന്തെന്നും ക്രൈസ്തവസഭകളും സമൂഹങ്ങളും കുടുംബങ്ങളും വ്യക്തികളും അതിനായി സ്വയം നവീകരണത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പാതയിലൂടെ എങ്ങനെ മുന്നേറണമെന്നും സഭയുടെ വലിയ ഇടയനിൽനിന്നു നേരിട്ടു കേൾക്കാനും അദ്ദേഹത്തെ ഒരു നോക്ക് കാണാനുമുള്ള അവസരമായാണ് വിശ്വാസികൾ പാപ്പായുടെ സന്ദർശനത്തെ നോക്കിക്കാണുന്നത്. ഇതിനായി ഇന്ത്യയിലെ ക്രൈസ്തവ സഭാസമൂഹങ്ങൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ കേവലം കാര്യക്രമങ്ങളുടേതു മാത്രമല്ല.  ആത്മീയമായ തയ്യാറെടുപ്പിലും അജപാലനസമീപനങ്ങളിലും പ്രേഷിതാഭിമുഖ്യങ്ങളിലും അതിന്റെ പ്രസരിപ്പ് കാണാൻ കഴിയണം. ഇന്ത്യയിലെ സഭ എല്ലാ അർഥത്തിലും ഒരു ഉയിർത്തെഴുന്നേൽപ്പ് ആഗ്രഹിക്കുന്നു. ഇതിനായി സഭയും ക്രൈസ്തവസമൂഹങ്ങളും ഒരുങ്ങേണ്ടതായിട്ടുണ്ട്. പാപ്പായുടെ സന്ദർശനം ഇതിനു മാർഗദർശനവും ചൈതന്യവും ശക്തിയും പകരുമെന്നതിൽ സംശയമില്ല.

സഭ കൂട്ടായ്മയിൽ നവീകരിക്കപ്പെടണം

ദൈവികകൂട്ടായ്മയിൽനിന്നാണല്ലോ മനുഷ്യരക്ഷാദൗത്യം ഉത്ഭവിക്കുന്നത്. ദൈവികകൂട്ടായ്മയുടെ കൂദാശകളായ സഭാസമൂഹങ്ങളും കുടുംബങ്ങളും കൂട്ടായ്മയിൽ നവീകരിക്കപ്പെടണം. സഭയിൽ നിലനിൽക്കുന്ന ദൈവികകൂട്ടായ്മയുടെ അരൂപിയാണ് സഭയെ അതിന്റെ ദൗത്യത്തിൽ മുന്നോട്ടു നയിക്കുന്നത്. കൂട്ടായ്മ തകർന്നാൽ, ദൗത്യ രംഗത്തു പരാജയമായിരിക്കും ഫലം. ദൗത്യത്തിൽ പരാജയപ്പെട്ട ഒരു ജനതയായി സമൂഹം സഭയെ വിലയിരുത്തും. ദൈവതിരുമുൻപിലും നമ്മൾ കണക്കു കൊടുക്കേണ്ടതായി വരും. സഭയ്ക്കുള്ളിലും സഭാ സമൂഹങ്ങൾ തമ്മിലും സ്നേഹാരൂപിയിലുള്ള ഐക്യം സുദൃഢമാകണം. ഇതര മത സമുദായങ്ങളുമായും എല്ലാ വ്യക്തികളുമായും ആത്മബന്ധവും മതനിരപേക്ഷമായ സ്നേഹബന്ധങ്ങളും  ശക്തിപ്പെടണം. ഇതിനായുള്ള ആത്മാർഥമായ ശ്രമങ്ങൾ എല്ലാ വിശ്വാസികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണം.

ദൗത്യരംഗങ്ങളിൽ പുത്തനുണർവുണ്ടാകണം

സഭയുടെ ദൗത്യരംഗങ്ങളിൽ നിലവിലുള്ള ആന്തരികവും ബാഹ്യവുമായ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആഴത്തിൽ വിലയിരുത്തപ്പെടണം. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാനുള്ള വിളിയിൽ ഉറകെട്ടുപോകാതെയും വെളിച്ചം ഇരുണ്ടുപോകാതെയുമിരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തേണ്ടതുണ്ട്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ, ക്രൈസ്തവസമൂഹം നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഇക്കാര്യം ആർക്കും നിഷേധിക്കാവുന്നതല്ല. രാജ്യത്തിൻ്റെ ഭരണകർത്താക്കളും ചരിത്രകാരന്മാരുമെല്ലാം സവിശേഷസന്ദർഭങ്ങളിൽ ഇക്കാര്യം അനുസ്മരിക്കുകയും അംഗീകരിക്കുകയും അഭിനന്ദനങ്ങൾ ചൊരിയുകയും ചെയ്തുപോന്നിട്ടുമുണ്ട്. പാപ്പായുടെ സന്ദർശനം ഇത്തരം സ്മരണകൾ ഉണർത്തും എന്നതിൽ സംശയമില്ല.

കഴിഞ്ഞ കാലങ്ങളിലെ നന്മകളെ അനുസ്മരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതോടൊപ്പം, വർത്തമാന കാലത്തും ഈ ദൗത്യം പൂർവാധികം ഭംഗിയായി നിർവ്വഹിക്കുന്നതിനുള്ള അന്തരീക്ഷം നിലനിൽക്കുന്നു എന്നുറപ്പു വരുത്തേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം സഭയുടെ ആത്മീയവും  മനുഷ്യസേവനപരവുമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധമാകാതിരിക്കുന്നതിനുള്ള കരുതൽ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കാനും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ഭരണകർത്താക്കൾ ജാഗ്രതയുള്ളവരാകണം. വിവിധ മതങ്ങളുടെയും ജനവിഭാഗങ്ങളുടെയും സാന്നിധ്യംകൊണ്ട് വൈവിധ്യമാർന്ന ഭാരതസംസ്കൃതിയെ ഏതെങ്കിലും ഒരു ഏകശിലാരൂപമായി വിഭാവന ചെയ്യുന്നതിൽ അപാകതകളുണ്ട്.

മതസൗഹാർദ്ദവും സാഹോദര്യവും പുലരണം

Pope Francis blesses a woman during his weekly audience in Paul VI hall at the Vatican Aug. 9 . (CNS photo/L’Osservatore Romano) See POPE-AUDIENCE-FORGIVENESS Aug. 9, 2017.

രണ്ടായിരം വർഷമായി ഹൈന്ദവ സമൂഹങ്ങളുമായി സഹോദര്യത്തോടും സൗഹാർദ്ദത്തോടും കഴിഞ്ഞിട്ടുള്ള സവിശേഷപാരമ്പര്യം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുണ്ട്. ജാതി സമ്പ്രദായം നിലനിന്നിരുന്ന നാളുകളിൽപോലും ഈ ബന്ധത്തിന് കാര്യമായ പോറലേറ്റിരുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്. വിശ്വാസത്തിൽ വ്യത്യസ്തതകൾ പുലർത്തിയിരുന്നപ്പോഴും പരസ്പരസൗഹൃദത്തോടെ ഒരേ സംസ്കൃതിയുടെ ഭാഗമായി കഴിയാൻ കഴിഞ്ഞിരുന്നു എന്നത് ചെറിയകാര്യമല്ല. എന്നു മാത്രമല്ല, പല പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് അനുവദിച്ചുനൽകുന്നതിൽ അന്നത്തെ ഹിന്ദുരാജാക്കന്മാരും ഭരണാധികാരികളും ഉദാരസമീപനം പുലർത്തിയിരുന്നു എന്നതും പ്രത്യേകം സ്മരണീയമാണ്.

കേരളത്തിലെ ഇസ്ലാംമത വിശ്വാസികളുമായും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദമാണ് ക്രൈസ്തവസമൂഹത്തിനുള്ളത്. മതപരമായ വിശ്വാസവൈപരീത്യങ്ങൾ സാമൂഹ്യജീവിതത്തിലെ സഹവർത്തിത്വത്തിനു തടസ്സമാകാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതിൽ ഇരുസമുദായവും ശ്രദ്ധവച്ചുപോന്ന ചരിത്രമാണ് ഇന്ത്യയിൽ പൊതുവേയുമുള്ളത്‌. ഒന്നാമത്തെയും രണ്ടാമത്തെയും ന്യൂനപക്ഷ വിഭാഗങ്ങൾ എന്ന നിലയിൽ, സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മേഖലകൾ കൂടുതലായി കണ്ടെത്താനും രാഷ്ട്രനിർമ്മാണപ്രക്രിയയിൽ തുടർന്നും സഹകരിച്ചു പ്രവർത്തിക്കാനും, ‘എല്ലാവരും  സഹോദരർ’ എന്ന ഫ്രാൻസീസ് പാപ്പായുടെ ദർശനം സഹായകമാവും എന്നതിൽ സംശയമില്ല. പാപ്പായുടെ സന്ദർശനം ഇത്തരം ആലോചനകൾക്കും പരിശ്രമങ്ങൾക്കും ആക്കംകൂട്ടും എന്നു പ്രതീക്ഷിക്കാം.

പൊതുസമൂഹവും പാപ്പായെ കാത്തിരിക്കുന്നു

ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനങ്ങളെയും ഉദ്ബോധനങ്ങളെയും ഇടപെടലുകളെയും സാകൂതം വീക്ഷിക്കുകയും ആദരത്തോടെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഇന്ത്യയിൽ പ്രത്യേകിച്ച്, കേരളത്തിലുള്ളത്. ഒരുപക്ഷെ, ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് കേരളത്തിലെ ഇടതുപക്ഷ ചിന്തകരും എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരുമാണ്. മാനവികതയിൽ ഊന്നിയുള്ള പാപ്പായുടെ എഴുത്തുകളും പ്രകൃതിയോടുള്ള കരുതലുമെല്ലാം ക്രൈസ്തവസമൂഹത്തിലെന്നപോലെ, പൊതുസമൂഹത്തിലും വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു എന്നത് സന്തോഷപ്രദമാണ്. ഫ്രാൻസിസ് പാപ്പായുടെ  ഇന്ത്യാസന്ദർശനത്തിൽ കേരളവും ഉൾപ്പെടുമെന്നും പാപ്പായെ നേരിൽ കാണാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന മലയാളികൾ വളരെയേറെ പേരുണ്ട്. കേരളത്തിലെ ക്രൈസ്തവസഭകളും വിശ്വാസികളും അവരോടൊപ്പം പാപ്പായുടെ വരവിനായി കാത്തിരിക്കുന്നു!

പാപ്പായ്ക്കു പ്രിയപ്പെട്ട അഭയാർഥികൾ, കുടിയേറ്റക്കാർ

പ്രശ്നസങ്കീർണ്ണമായ ഇന്നത്തെ ലോകത്തിൽ ഫ്രാൻസിസ് പാപ്പാ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദമാണ്. ക്രിസ്തുവിൽ വെളിപ്പെട്ട ദൈവം ഏല്ലാവർക്കും പിതാവായിരിക്കുന്നതുപോലെ, ക്രിസ്തുവിലൂടെ ലോകത്തിനു വെളിപ്പെട്ട മനുഷ്യൻ ദരിദ്രനും നിന്ദിതനും പീഡിതനും തലചായ്ക്കാൻ ഇടമില്ലാത്തവനും അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നവനും അന്യായമായി കൊലചെയ്യപ്പെട്ടവനുമായിരുന്നു! പലായനവും അഭയാർത്ഥിയായുള്ള ജീവിതവും യേശുവിന് അന്യമായിരുന്നില്ല. മനുഷ്യന്റെ സഹനങ്ങളിൽ മനുഷ്യത്വത്തിന്റെ മഹത്വം മറഞ്ഞിരിക്കുന്നു! അത് കണ്ടെത്തുന്നിടത്താണ് സമാധാനവും പ്രത്യാശയുമുള്ളത്! ഫ്രാൻസിസ് പാപ്പാ, അഭയാർഥികൾക്കും  കുടിയേറ്റക്കാർക്കുംവേണ്ടി സംസാരിച്ചുകൊണ്ടും അവരെ ചേർത്തുപിടിച്ചുകൊണ്ടും സമാധാനത്തിനുള്ള മാർഗം തെളിക്കുന്നു! ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ് ലോകത്തിൽ ഇന്ന് ഏറ്റവുമധികം കുടിയേറ്റക്കാരും അഭയാർഥികളുമുള്ളത്. അവരുടെ സഹനങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും പരിഹാരമുണ്ടാകണം. ഇക്കാര്യത്തിൽ പാപ്പായോടൊപ്പം നേതൃത്വപരമായ പങ്കു വഹിക്കാൻ ഇന്ത്യയ്ക്കു കഴിയും.

ഉപസംഹാരം

പാപ്പായുടെ സന്ദർശനം വേഗം യാഥാർഥ്യമാകട്ടെയെന്നും അത് രാജ്യത്തിനും ഇന്ത്യൻസഭയ്ക്കും പുതിയ കാഴ്ചപ്പാടുകളും ഉണർവും ഉത്സാഹവും പ്രദാനം ചെയ്യട്ടെയെന്നും ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബഹുസ്വരതയുടെ സംഗീതം ലോകത്തിന് ഇന്ത്യയിൽനിന്നു പഠിക്കാൻ കഴിയും എന്ന് പാപ്പാ ലോകത്തോട് പറയാൻ ഇടയാകട്ടെ!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്