പാലാരൂപതയുടെ പുതിയ കര്‍മ്മപദ്ധതികളെ പൂര്‍ണ്ണമായും കേരളസഭയുടെ കുടുംബക്ഷേമ പ്രേഷിതത്വ വിഭാഗവും പ്രൊലൈഫ് സമിതിയും പിന്തുണയ്ക്കുന്നു|ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി

കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.
ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി

കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാസഭയില്‍ കുടുംബക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. വിവിധ രൂപതകളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കിവരുന്നു.

പാലാരൂപതയില്‍ ആവിഷ്‌കരിച്ച കുടുംബക്ഷേമപദ്ധതികളെ അനവസരത്തില്‍ അനാവശ്യമായി വിവാദമാക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മ വ്യക്തമമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പ്രസ്താവിച്ചു.

കേരളസഭയില്‍ വലിയ കുടുംബങ്ങളെ ആദരിച്ച ജീവസമൃദ്ധി പദ്ധതി 2011-ല്‍ നടപ്പാക്കിയിരുന്നു. കൂടൂതല്‍ കുട്ടികളുള്ള പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കുടുംബങ്ങളെ പൊതുവേദിയില്‍ ആദരിച്ചിരുന്നു.

ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വമാണ് സഭ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് അവരുടെ വിശ്വാസപ്രകാരം വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുഞ്ഞുങ്ങളെ സ്വീകരിച്ച് വളര്‍ത്താനുള്ള അവകാശം ഉണ്ട്. ഇത് നിഷേധിക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജീവനെയും കുടുംബങ്ങളെയും ആദരിക്കേണ്ടതും സഭാസംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്.

പാലാരൂപതയുടെ പുതിയ കര്‍മ്മപദ്ധതികളെ പൂര്‍ണ്ണമായും കേരളസഭയുടെ കുടുംബക്ഷേമ പ്രേഷിതത്വ വിഭാഗവും പ്രൊലൈഫ് സമിതിയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫാ. പോള്‍സണ്‍ സിമേതി
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്