നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സമ്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് മാത്രമേ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചുതരികയുള്ളു. എന്നാൽ പലപ്പോഴും ചെറിയ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാൻ മടികാട്ടുന്നവരാണ് നമ്മിലേറെപ്പേരും. ഇവിടെയൊക്കെ നമ്മൾ മറക്കുന്ന വസ്തുത, തന്റെ സമ്പാദ്യത്തെക്കുറിച്ച് കരുതലുള്ള ഒരാളും ചെറിയ കാര്യങ്ങളിൽ കഴിവ് തെളിയിക്കാത്തവർക്ക് വലിയ കാര്യങ്ങളുടെ ചുമതല നൽകില്ല എന്നതാണ്.

ദൈവരാജ്യം ലോകമെങ്ങും വ്യാപിക്കുന്നതിനായി നമ്മെ ഓരോരുത്തരേയും ഒട്ടേറെ കാര്യങ്ങൾ ദൈവം ഭരമേൽപ്പിക്കുന്നുണ്ട്. അതിലേക്കായി പലപ്പോഴും വളരെ ചെറിയ കാര്യങ്ങളാകും ദൈവം നമ്മിൽനിന്നും ആവശ്യപ്പെടുന്നത്. അനാവശ്യമായ ആർഭാടങ്ങൾ ഉപേക്ഷിക്കുന്നതു മുതൽ ചെറിയ ജീവകാരുണ്യപ്രവർത്തികൾ വരെ ദൈവമഹത്വത്തിനായി ചെയ്യുവാൻ നമുക്കെല്ലാം കഴിയും. പക്ഷേ അതിലൊന്നും വലിയ കാര്യമില്ലെന്നും, വലിയ വലിയ പുണ്യപ്രവർത്തികൾ ചെയ്യുന്നവർക്ക് മാത്രമേ ദൈവസന്നിധിയിൽ വിലയുള്ളൂ എന്നും പലപ്പോഴും നമ്മൾ കരുതാറുണ്ട്‌. എന്നാൽ, ദൈവം വലിയ കാര്യങ്ങളുടെ മാത്രമല്ല ചെറിയ കാര്യങ്ങളുടെയും ദൈവമാണ്. ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നവരെ വലിയ കാര്യങ്ങൾ ഭരമേൽപ്പിച്ച്, അത് ചെയ്യുവാൻ ആവശ്യമായ എല്ലാ കൃപകളും പ്രദാനം ചെയ്യുന്നവനാണ് ദൈവം

ലൗകീകകാര്യങ്ങൾ വിശ്വസ്തതയോടും സത്യസന്ധമായും ചെയ്യാൻ കഴിയാത്തവരെ അവരുടെ ആത്മീയരക്ഷയ്ക്കുതകുന്ന കാര്യങ്ങൾ ദൈവവും ഭരമേല്പ്പിക്കില്ല. നമ്മുടെ അനുദിനജീവിതത്തിലെ ചെറിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിൽ നാമെത്രത്തോളം ഉത്സുകരാണ് എന്ന് നമ്മുടെ മേലധികാരികൾ മാത്രമല്ല ദൈവവും നമ്മെ വീക്ഷിക്കുന്നുണ്ട്. വലിയ കാര്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ചെറിയ കാര്യങ്ങളെന്ന ബോധ്യത്തോടെ, വിശ്വസ്തതാപൂർവം അവയെല്ലാം പൂർത്തിയാക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്