ഒക്‌ടോബര്‍ മിഴി തുറക്കുന്നു; ഇനി ജപമാല ദിനങ്ങള്‍

വിശ്വം വിതാനിക്കും ദൈവം; പ്രപഞ്ചഗായകനായി ഫ്രാന്‍സിസ്’സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമായ ഈശോയെ സ്‌നേഹിക്കുവാനും മറ്റുള്ളവരെക്കൊണ്ടു സ്‌നേഹിപ്പിക്കാനും’ ആഗ്രഹിച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്‌ടോബര്‍ നാലിനു സഭയില്‍ ആഘോഷിക്കുന്നു. പരിസ്ഥിതിയുടെ മധ്യസ്ഥനായാണ് വിശുദ്ധ ഫ്രാന്‍സിസ് അറിയപ്പെടുക. പ്രപഞ്ചത്തെ തന്റെ പ്രാര്‍ഥന വഴിയും ബോധ്യങ്ങളിലൂടെയും സ്‌നേഹിച്ച വിശുദ്ധന്‍ പ്രപഞ്ചത്തിലെ സകലതിനെയും സഹോദര തുല്യം സ്‌നേഹിച്ച മഹനീയ വ്യക്തിത്വം.

1181ല്‍ ഇറ്റലിയിലെ അസ്സീസിയിലെ പ്രഭുകുടുംബത്തിലാണ് ജനനം. ചെറുപ്പം മുതല്‍ ദൈവഭീതിയിലും സുകൃതങ്ങളിലും മാതാപിതാക്കള്‍ അവനെ വളര്‍ത്തി. ധനവും സ്വാതന്ത്ര്യവും കിട്ടിയപ്പോള്‍ ഫ്രാന്‍സിസ് ലോകാഡംബരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകി ജീവിച്ചു.

1202ലെ സൈനിക സേവനം പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിതിരിവായി. അതിലൂടെ ദരിദ്രരോടുള്ള അനുകമ്പ, ദരിദ്രരെ ശുശ്രൂഷിക്കല്‍, കുഷ്ഠ രോഗികളെ ആശ്വസിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഈശോയുടെ ദാസനായി മാറുകയായിരുന്നു വിശുദ്ധന്‍. പ്രപഞ്ചത്തെ അമ്മയായും സഹോദരിയായും കാണുവാന്‍ വിശുദ്ധനു സാധിച്ചു. അതിനാല്‍ ഫ്രാന്‍സിസ് അസ്സീസി ഈ കാലഘട്ടത്തിന്റെ വിശുദ്ധനാണ് എന്ന് പറയാം. അതിന്റെ ഭാഗമായാണ് 2015 ജൂണ്‍ 18നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനം ‘ലൗദാത്തോ സി’ (‘ദൈവമേ അങ്ങേക്കു സ്തുതി) രൂപപ്പെട്ടത്. 184 പേജുള്ള ചാക്രിക ലേഖനം ”നമ്മുടെ പൊതുസമൂഹത്തിന്റെ സംരക്ഷണ”ത്തെക്കുറിച്ച് വിവരിക്കുന്നു. ആറു അദ്ധ്യായങ്ങളുള്ള ചാക്രികലേഖനം പ്രധാനമായും ഫ്രാന്‍സിസ് അസ്സീസിയുടെ ആത്മീയതയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.

ഒരു സൃഷ്ടിയുടെ സുവിശേഷം തന്നെ രചിക്കുവാന്‍ ഫ്രാന്‍സിസ് അസ്സീസിക്കായി. ആ സൃഷ്ടിയുടെ സുവിശേഷം പഠിപ്പിക്കുന്ന വാക്കുകളാണ് ചാക്രിക ലേഖനത്തിലും കാണുക. എന്താണ് ഈ പ്രപഞ്ചത്തിനു സംഭവിക്കുന്നത്, ദൈവസൃഷ്ടിയുടെ മൂല്യങ്ങള്‍ എപ്രകാരമാണ്, പരിസ്ഥിതിയുടെ അപകടനില, പ്രപഞ്ച വിജ്ഞാനീയം, പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെയാവണം തുടങ്ങിയ വിഷയങ്ങള്‍ ചാക്രിക ലേഖനം വിവരിക്കുന്നുണ്ട്.വിനയം മൂലം പൗരോഹിത്യം വരെ സ്വീകരിക്കാന്‍ തയാറാകാത്ത വിശുദ്ധന്‍ പ്രപഞ്ചത്തിലെ ഓരോ മണല്‍ത്തരികളേയും അകമഴിഞ്ഞു സ്‌നേഹിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍ പറയുന്നതുപോലെ ”വിശ്വസ്തതയോടെയുള്ള മേല്‍നോട്ടമാണ് പ്രപഞ്ച സ്‌നേഹത്തിന് നിതാന്തം. ആ സ്‌നേഹവും ആത്മീയ കരുത്താണ്.”ആഗോള താപനവും, കാലാവസ്ഥാ വ്യതിയാനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെയും ചാക്രിക ലേഖനത്തിന്റെയും പ്രസക്തിയേറുന്നു.

പ്രപഞ്ചത്തെ സ്‌നേഹിക്കുവാന്‍ താന്‍ കാണുന്ന പക്ഷി മൃഗാദികളോടുപോലും സുവിശേഷ പ്രഘോഷണം നടത്തുവാന്‍ മനുഷ്യനടക്കം പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഒന്നാണെന്നുള്ള ബോധ്യം ഉണ്ടാകാന്‍ വിശുദ്ധന്റെ ജീവിത ആത്മീയത നമ്മെ പഠിപ്പിക്കുന്നു. ഈശോയുടെ ജനനം ചിത്രീകരിച്ചു പുല്‍ക്കൂട് നിര്‍മാണം ആരംഭിച്ചതും ഫ്രാന്‍സിസ് അസ്സീസിയാണ്. മരണ വിനാഴികയില്‍ പോലും പ്രപഞ്ചത്തോട് താദാത്മ്യം പ്രാപിക്കുവാന്‍ തറയില്‍ കിടന്നാണ് അദ്ദേഹം 1226 ഒക്‌ടോബര്‍ മൂന്നിന് മരിച്ചത്. അദ്ദേഹം രചിച്ച സമാധാന പ്രാര്‍ഥന വളരെ പ്രശസ്തമാണ്. സ്‌നേഹത്തിന്റെ, അനുകമ്പയുടെ ആത്മീയത അതില്‍ കാണാം.

ജപമാല മണികള്‍ പാടുന്നു; അമ്മയ്ക്കായിരം പ്രാര്‍ഥനാപൂക്കള്‍കന്യകാമാതാവിനു പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസമായി. കോടിക്കണക്കിനു വിശ്വാസികള്‍ അമ്മയെ ഓര്‍ത്തു പ്രാര്‍ഥിക്കുന്ന പുണ്യപ്പെട്ട ദിനരാത്രങ്ങള്‍.സഭയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ അടക്കം 31 തിരുനാളുകളാണ് വ്യത്യസ്ത മാസങ്ങളിലായി ആഘോഷിക്കുന്നത്. ലെയോ 13-ാമന്‍ മാര്‍പാപ്പയാണ് ഒക്‌ടോബര്‍ ജപമാല മാസമായി പ്രഖ്യാപിച്ചത്. കത്തോലിക്ക വിശ്വാസപ്രകാരം പരിശുദ്ധ അമ്മ തന്നെയാണ് ജപമാല പ്രാര്‍ഥന സ്ഥാപിച്ചത്.

13-ാം നൂറ്റാണ്ടില്‍ വിശുദ്ധ ഡൊമിനിക്കിനു പ്രത്യക്ഷപ്പെട്ടാണ് അമ്മ ജപമാല നല്‍കിയത്. 13-ാം നൂറ്റാണ്ടിനു മുമ്പുവരെ ചൊല്ലിയിരുന്ന സങ്കീര്‍ത്തനങ്ങള്‍ മാറ്റി കന്യകാമറിയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിശുദ്ധ ഡൊമിനിക്കിലൂടെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനകള്‍ ലഭിച്ചത്.

വിശുദ്ധ ഗ്രന്ഥത്തില്‍ ജപമാലയെക്കുറിച്ചു പറയുന്നില്ലെങ്കിലും ജപമാല വിശുദ്ധ ഗ്രന്ഥ കേന്ദ്രീകൃതവും ക്രൈസ്തവരുടെ പൊതുവിശ്വാസ സംഹിതയില്‍ നിന്നും ഉരുതിരിഞ്ഞതുമാണ്.ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പേരായിരുന്നു മാര്‍ തോമ നസ്രാണികള്‍. മരിയ ഭക്തിയുടെ അതുല്യ മുഹൂര്‍ത്തങ്ങളും അന്യാദൃശ്യ രീതികളും ഈ ക്രൈസ്തവ സമൂഹത്തില്‍ ആരംഭം മുതല്‍ ഉണ്ടായിരുന്നു. കന്യകമറിയത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്ന പുരാത ദൈവാലയങ്ങള്‍ നിരവധിയുണ്ട്.

മറിയത്തിന്റെ വിവിധ തിരുനാളുകള്‍ പ്രാചീനകാലം മുതല്‍ ഭാരത ക്രൈസ്തവര്‍ ആഘോഷിച്ചിരുന്നു. ഈ തിരുനാളുകളോടനുബന്ധിച്ച് ചില ഭക്താനുഷ്ഠാനങ്ങളും ഉണ്ട്. എട്ടു നോമ്പ്, പതിനഞ്ച് നോമ്പ് തുടങ്ങിയവ.പരിശുദ്ധ അമ്മയുടെ ചെറുപ്പകാലം ദൈവത്തോടൊപ്പമായിരുന്നു. ദൈവപുത്രിയായാണ് അവള്‍ വളര്‍ന്നത്.

പിതാവായ ജൊവാക്കിമിന്റെ പ്രാര്‍ഥന ഇപ്രകാരമായിരുന്നു : ‘കുഞ്ഞ് തിരിഞ്ഞു നോക്കാത്ത വിധത്തില്‍ കര്‍ത്താവിന്റെ ആലയം അവളുടെ ഹൃദയം വശീകരിക്കുംവിധം വിളക്കുകള്‍ കത്തി നില്‍ക്കട്ടെ’. പ്രാര്‍ഥനയില്‍ മുഴുകി തന്റെ ജീവിത നിയോഗം തിരിച്ചറിയാന്‍ മറിയത്തിനു സാധിച്ചു.മറിയത്തെ സമര്‍പ്പിച്ചു മാതാപിതാക്കള്‍ ദൈവാലയ പടിവാതിക്കല്‍ എത്തിയപ്പോഴും കുഞ്ഞു മറിയം തിരിഞ്ഞു നോക്കിയില്ല. കാരണം, ദൈവാലയം അവള്‍ക്ക് അത്രമാത്രം ഇഷ്ടമായി.മാതൃകാപരമായ ജീവിതം നയിക്കുവാന്‍ മറിയത്തിനു സാധിച്ചു. ദൈവാലയത്തിന്റെ ഏകാന്തത അവള്‍ക്ക് ഇഷ്ടപ്പെട്ടു.

പ്രാര്‍ഥനകള്‍, ന്യായപ്രമാണങ്ങള്‍ അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയില്‍ മറിയം മികച്ചു നിന്നു. ദൈവത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുവാന്‍ തയ്യാറായി. മറിയത്തിന്റെ സത്പ്രവൃത്തികളില്‍ മറ്റു പെണ്‍കുട്ടികള്‍ക്കു അസൂയയുണ്ടായി. പിശാചിന്റെ പ്രലോഭനങ്ങളെ യൗവനകാലത്ത് അതിജീവിക്കാന്‍ മറിയത്തിനായി. അങ്ങനെ മറിയത്തിന്റെ യൗവന കാലഘട്ടം അനുഗ്രഹ കാലഘട്ടമായി.

സ്വയം അനുഗ്രഹമാകാനും മറ്റുള്ളവരെ ദൈവത്തിലേക്കടുപ്പിക്കാനും മറിയത്തിനായി.മറിയം പരസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു. അതിനാലാണ് മറിയം തന്റെ ശാരീരിക അവശതകളെ മറന്നു ചാര്‍ച്ചക്കാരിയായ എലിസബത്തിനെ ശുശ്രൂഷിച്ചത്. ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും സൂചിപ്പിക്കുന്ന സങ്കീര്‍ത്തനങ്ങളായിരുന്നു അവളുടെ പ്രാര്‍ഥന. ഒക്‌ടോബര്‍ മാസം പരിശുദ്ധ അമ്മയെ ധ്യാനിക്കാം.

ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ പൂര്‍ണമാക്കുന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണ്.കത്തോലിക്ക തിരുസഭയുടെ ഏറ്റവും അടിസ്ഥാനപരവും പ്രധാനവുമായ വിശ്വാസ സത്യങ്ങളില്‍ ഒന്നാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും ചരിത്രത്തിലുള്ള സാന്നിധ്യവും.