സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് ആവശ്യമായ കൃപയും സമാശ്വാസവും ദൈവത്തില്‍നിന്നും തന്റെ മധ്യസ്ഥശക്തിയാല്‍ നേടിത്തരുന്നവളാണ് പരിശുദ്ധ കന്യാമറിയം.

ബാല്യം മുതല്‍ മാതാവിനോടുള്ള ഭക്തി ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തില്‍ സജീവമായപ്പോഴും തലമുറകളിലൂടെ കൈമാറി വന്ന മരിയഭക്തി നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ദൃഢമാവുകയാണ് ചെയ്തത്.

എത്ര തിരക്കു നിറഞ്ഞ സമയമാണെങ്കിലും ജപമാല ചൊല്ലാതെ ഉറങ്ങാറില്ല. അത് ജീവിതത്തില്‍ അഭംഗുരം കാത്തുസൂക്ഷിക്കുന്ന അടിസ്ഥാന ജീവിതശൈലിയുടെ ഭാഗമാണ്. പലപ്പോഴും പൊതുജീവിതത്തിന്റെ ഭാഗമായി യാത്രകളിലായിരിക്കും.

ഈ സമയത്ത് വാഹനത്തില്‍ ഇരുന്നുതന്നെ ഡ്രൈവറോടും മറ്റ് സഹയാത്രികരോടും ചേര്‍ന്ന് ജപമാല ചൊല്ലും. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ജപമാല ചൊല്ലാന്‍ പറ്റാതെ വന്നാല്‍ പകരം അടുത്ത ദിവസം രണ്ട് ജപമാല ചൊല്ലി ആ കുറവ് നികത്തുക എന്നത് നിര്‍ബന്ധബുദ്ധിയോടെ ചെയ്തുവരുന്ന കാര്യമാണ്.

മാതാവിന്റെ മധ്യസ്ഥശക്തിയെക്കുറിച്ച് പൊതുവേദികളിലും പങ്കുവയ്ക്കാറുണ്ട്. ജീവിതയാത്രയില്‍ വ്യക്തിപരമായ സങ്കീര്‍ണ ജീവിതപ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ജപമാല പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രതിപാദിക്കും. അനേകര്‍ ഇതുവഴി സമാശ്വാസം കണ്ടെത്തുന്നതായി അറിയാം.

അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും പരിശുദ്ധ അമ്മ കൈപിടിച്ച് നടത്തിയ അനുഭവങ്ങള്‍ എനിക്ക് ധാരാളമുണ്ടായിട്ടുണ്ട്.ഒരിക്കല്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ബ്രേക്ക് പോയതായി ഡ്രൈവര്‍ പറഞ്ഞു. അതിവേഗം മുന്നോട്ട് പോയ വാഹനം ഒരു വളവില്‍ എത്തിയപ്പോള്‍ കൊക്കയിലേക്ക് നിപതിച്ചു. താഴേക്ക് ഉരുണ്ടുപോയ വണ്ടി കുറെ ദൂരം മുന്നോട്ട് പോയശേഷം പൈന്‍ മരത്തിലിടിച്ച് നിന്നു. വാഹനം ചാരി നില്‍ക്കുന്ന അവസ്ഥ. അത്ഭുതരമായി വാഹനത്തില്‍ നിന്നും ഞാന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. അതിനുശേഷം ഡ്രൈവറെയും പുറത്തിറക്കി. വാഹനത്തിന് ചെറിയ തകരാര്‍ സംഭവിച്ചെങ്കിലും ഞങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് അവിടെനിന്ന് നടന്നുകയറി പങ്കെടുക്കേണ്ട പ്രോഗ്രാമിന് പോവുകയും ചെയ്തു.

ബ്രേക്ക് നഷ്ടപ്പെട്ട നിമിഷംതന്നെ ഞാന്‍ ഉണ്ണിയെ കരങ്ങളിലേന്തിയ മാതാവിനോടാണ് പ്രാര്‍ത്ഥിച്ചത്. തിരുവനന്തപുരത്തേക്കുള്ള ഓരോ യാത്രയിലും ചേര്‍പ്പുങ്കല്‍ പള്ളിയില്‍ പോയി ഉണ്ണീശോയോട് പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.

വാഹനം അപകടത്തില്‍ പ്പെടുമ്പോഴും ധൈര്യം ചോര്‍ന്നുപോകാതെ സഹായിച്ചത് അമ്മയുടെ സഹായത്താലാണെന്ന് വിശ്വസിക്കുന്നു.പൊതുജീവിതത്തില്‍ പലപ്പോഴും മാനുഷികമായി പരിഹാരം കാണാന്‍ സാധിക്കാത്ത ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. മനുഷ്യന്റെ പരിമിതികള്‍ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ.

ജപമാല പ്രാര്‍ത്ഥനയിലൂടെ അത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നു.എന്റെ ജീവിതത്തെ നയിക്കുന്നത് പരിശുദ്ധ കന്യാമാതാവാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അത് തുറന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

നിരന്തരമായ യാത്രകള്‍, പൊതുപരിപാടികള്‍, പ്രസംഗങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങളിലും ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഇവയെല്ലാം കൃത്യതയോടും സമയോചിതമായും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. ചെറിയ അപാകതപോലും പലര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് എല്ലാം ക്രമമായും മനോഹരമായും ചെയ്യുവാന്‍ ഞാന്‍ ആശ്രയിക്കുന്നത് പരിശുദ്ധ അമ്മയെതന്നെയാണ്. വര്‍ഷങ്ങളായി ജപമാല ധരിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് സംരക്ഷണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.

കഴിഞ്ഞ വര്‍ഷം കൂത്താട്ടുകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിസമയം യാത്ര ചെയ്യുമ്പോള്‍ വലിയ അപകടത്തില്‍നിന്നും രക്ഷപ്പെട്ട അനുഭവം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പിന്നില്‍നിന്ന് വന്ന മറ്റൊരു ബസ് ഇടിച്ചു. ഈ സമയം ഉറക്കത്തിലായിരുന്ന ഞാന്‍ തെറിച്ച് റോഡില്‍ വീഴുന്ന സാഹചര്യമുണ്ടായി. എമര്‍ജന്‍സി ഡോറിലൂടെ തെറിച്ച് റോഡിലെ ഓടയില്‍ വീണെങ്കിലും കാര്യമായ പരിക്കൊന്നും പറ്റിയില്ല. കുറച്ച് യാത്രക്കാര്‍ക്ക് ചെറിയ പരിക്ക് പറ്റി. അവരെ ആശുപത്രിയിലാക്കിയശേഷം എനിക്ക് യാത്ര തുടരാന്‍ സാധിച്ചു. ഇത് മാതാവിന്റെ വലിയ സംരക്ഷണമായി ബോധ്യപ്പെടുകയുണ്ടായി.

ഈ സമയത്ത് പരിക്ക് പറ്റിയിരുന്നെങ്കില്‍ വര്‍ഷങ്ങളായുള്ള മലയാറ്റൂര്‍ കാല്‍നട യാത്ര മുടങ്ങിപ്പോകുമായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയംമുതല്‍ എല്ലാ വര്‍ഷവും ജന്മദേശമായ പാലായിലെ ചക്കാംപുഴയില്‍നിന്നും മലയാറ്റൂരിന് നടന്നുപോയിരുന്നു. 35 വര്‍ഷം തുടര്‍ച്ചയായി ഈ തീര്‍ത്ഥയാത്ര നടത്തുന്നു. എം.എല്‍.എ ആയതിനുശേഷം 19 തവണ എല്ലാ തിരക്കും മാറ്റിവച്ച് മലയാറ്റൂര്‍ക്ക് നടന്നുപോകാന്‍ സാധിച്ചു. എന്തെങ്കിലും തരത്തിലുള്ള രോഗമോ മറ്റ് തടസങ്ങളോ ഉണ്ടാകാതെ തീര്‍ത്ഥാടനം നടത്താന്‍ സഹായിക്കുന്നത് തീര്‍ച്ചയായും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും പ്രത്യേക സഹായമാണ്.

2007 ഏപ്രില്‍ 30ന് ഇടുക്കിയില്‍നിന്നും രാത്രി തിരുവനന്തപുരത്തേക്ക് ഹെയര്‍പിന്‍ വളവുകളിലൂടെ മുന്നോട്ടു പോകുമ്പോള്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചൊരു സംഭവമുണ്ടായി. പോസ്റ്റ് നടുവെ ഒടിഞ്ഞ് റോഡില്‍ പതിച്ചു. കാര്‍ തകര്‍ന്നുതരിപ്പണമായി. തകര്‍ന്ന് കിടക്കുന്ന ആ കാര്‍ പിറ്റേന്ന് കണ്ട പലരും ചോദിച്ചത് അതില്‍ യാത്ര ചെയ്തവര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നാണ്. അത്ഭുതമെന്ന് പറയട്ടെ, വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയില്ല. ഇലക്ട്രിക് ലൈന്‍ പൊട്ടാത്തതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാതെഞങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിസന്ധിയിലും പ്രത്യാശ പകരുന്നത് മാതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് അത്തരത്തില്‍ ഒന്നായിരുന്നു. നാലാം തവണയാണ് ഇടുക്കിയില്‍ മത്സരിക്കുന്നതെങ്കിലും ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥി വളരെ ശക്തനായ വ്യക്തിയായിരുന്നു. രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഏറെ മാറ്റം വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞു. എങ്കിലും മാതാവിന്റെ വാത്സല്യത്തിന് സ്വയം സമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായി.

എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നിലനിര്‍ത്താനും സാധിച്ചു. ഇതെല്ലാം പരിശുദ്ധ അമ്മയോട് ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിച്ചതിന്റെ അനന്തരഫലമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അത് എല്ലാവരുടെയും മുമ്പില്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.യുവജന സംഘടന നേതൃത്വം വഹിച്ചിരുന്ന കാലയളവില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ 1180 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് പദയാത്ര നടത്തിയിട്ടുണ്ട്. ഈ അവസരത്തിലും യാതൊരു ശാരീരിക പ്രയാസങ്ങളും ഉണ്ടാകാതെ സഹായിച്ചത് പരിശുദ്ധ അമ്മതന്നെയാണ്.

അതുകൊണ്ട് പൂര്‍ണമായും ഞാനൊരു ജപമാലഭക്തനാണ്. ഇത് വായിക്കുന്ന ഏവരോടും പറയാനുള്ളത് ജപമാലഭക്തി ഏവരുടെയും ജീവിതത്തിന്റെ ഭാഗമാക്കണം എന്നാണ്.

: ഇടുക്കി എംഎൽഎയും, നിയുക്ത മന്ത്രിയുമായ റോഷി അഗസ്റ്റിൻ സൺഡേ ശാലോമിന് 2019ൽ നൽകിയ അഭിമുഖം-

സച്ചിൻ ജോസ് എട്ടിയിൽ

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം