എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു.

ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സ്വന്തം പിതാവ്.
മലങ്കര സഭയിലെ ഒരു മെത്രാൻ, അതും ഗുഡ്ഗവ് രൂപതയുടെ, ഡൽഹി നഗരത്തിലെ ഒരു മെത്രാൻ കാലം ചെയ്യുമ്പോൾ കൊച്ചിയിലെ ഒരു സാധാരണ വിശ്വാസിക്കു എന്താണ് ഇത്ര വിഷമം എന്ന് തോന്നിയേക്കാം.


സറോ മലബാർ സഭയുടെ അംഗവും, സഭയുടെ അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡന്റ്‌ തുടങ്ങിയ വേദികളിൽ പ്രവർത്തിക്കുന്ന എനിക്ക് ഈ പിതാവുമായി എന്താണ് ബന്ധം?


ഫാ. സക്കറിയസ് പറനിലം അച്ചൻ പാലാരിവട്ടം പാസ്ട്രൽ കൗൺസിൽ ഡയറക്ടർ ആയിരിക്കുമ്പോൾ പി ഓ സി യുടെ സബ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് സമിതിയിൽ പ്രവർത്തിച്ചപ്പോൾ ആലുവായിൽ നിന്നും വരുന്ന ഫാ. ചാക്കോ ഏറത്തിനെ ഓർക്കുന്നു.

ആ കാലഘട്ടത്തിൽ വിവിധ സമിതികളിൽ ഒരുമിച്ചു പ്രവർത്തിച്ച നിരവധി വൈദികർ, ഇപ്പോൾ വിവിധ രൂപതകളിൽ (സഭകളിൽ )മെത്രാന്മാരാണ്.

കാവിളോഹയിൽ വരുന്ന ബഥനി സന്യാസ സഭയിലെ ചാക്കോ ഏറത്തച്ഛന്റെ കഴുത്തിൽ കുരിശ് കണ്ട് ചിലർ, മെത്രാൻ എന്ന് കരുതി കൈമുത്തി ആദരിക്കാൻ വന്നതും, അപ്പോൾ വൈകാതെ മെത്രാനാകുമെന്ന് പറഞ്ഞത് മറക്കുന്നില്ല.


ഒരു പ്രൊവിൻസിന്റെ സുപ്പീരിയർ ആയിരുന്ന ചാക്കോ അച്ചനുമായുള്ള സൗഹൃദം വേഗത്തിൽ വളർന്നു. എന്റെ മകൻ അമലിന്റെ 8-മത് ജന്മദിനത്തിൽ കൊച്ചിനഗരത്തിലെ തെരുവിൽ അഗതികൾക്ക് ആഹാരം നൽകി, ആരംഭിച്ച, ഒരു കാരുണ്യപദ്ധ്യതിയാണ് ലവ് ആൻഡ് കെയർ. പിന്നീട് അനേകം വ്യക്തികളും കുടുംബങ്ങളും പ്രസ്ഥാനങ്ങളും ദിവസവും ഭക്ഷണം നൽകുന്ന പ്രോഗ്രാമിൽ പങ്കാളികളായി മാറി. അങ്ങനെ ചില ദിവസങ്ങളിൽ ഭക്ഷണം നൽകുന്ന വ്യക്തികളിൽ ഒരാളായി ചാക്കോ അച്ചനും മാറി. അക്കാലത്തെ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ വഴിയാണ് അച്ചൻ ലവ് ആൻഡ് കെയറിനെക്കുറിച്ച് അറിഞ്ഞത്. അയൽക്കാരായ അവർ ഭക്ഷണം തരുന്നത് അറിഞ്ഞ അദ്ദേഹം, ചില ദിവസങ്ങളിൽ ഭക്ഷണം നൽകുവാൻ വേണ്ട പിന്തുണ അദ്ദേഹം നൽകി.


പിന്നീട് അദ്ദേഹം മെത്രാനായപ്പോൾ ഞാൻ അനുമോദനങ്ങൾ അറിയിക്കാൻ വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്, ഇപ്പോൾ മനസ്സിൽ തെളിഞ്ഞുവരുന്നു. “കൊച്ചിയിലെ അഗതികളുടെ ആഹാരവിതരണം “-ഡൽഹിയിലും ആരംഭിക്കണം എന്നാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്.


മാസങ്ങൾ കഴിഞ്ഞപ്പോഴും അദ്ദേഹം വിളിച്ചപ്പോഴെല്ലാം തെരുവിലെ ശുശ്രുഷയുടെ കാര്യം പറയുമായിരുന്നു. ഒരിക്കൽ വനിതയിൽ ലവ് ആൻഡ് കെയറിനെക്കുറിച്ച് ഫീച്ചർ വന്നപ്പോൾ അത് വായിച്ച് പിതാവ് വിളിച്ചു. സാബുവേ, എനിക്ക് വലിയ സന്തോഷം തോന്നി, എന്നാൽ ഡൽഹിയിൽ ഇത് ആരംഭിക്കാൻ വൈകുന്നതിൽ വലിയ വിഷമവും ഉണ്ട്. പലരോടും ഞാൻ പറഞ്ഞു. എന്നാൽ അവരെല്ലാം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യും? എങ്ങനെ കാര്യങ്ങൾ ചെയ്യും… പിതാവിന്റെ ആകുലതയും ആശങ്കയും വിശദികരിച്ചു.


പ്രിയപ്പെട്ടവരെ, മെത്രാൻ ആയതിനുശേഷവും സ്നേഹശുശ്രുഷകൾ നന്നായി ചെയ്യുന്ന വ്യക്തികൾ ഉണ്ട്. ഇതിൽ എടുത്തുപറയാവുന്ന ഏറ്റവും പ്രധാന വ്യക്തി ബർണബാസ് പിതാവ്.

സറോ മലബാർ സഭയുടെ നേതൃത്വത്തിൽ ഡൽഹിയിൽ,2009 -ൽ നടന്ന ഒരു പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചു. മുന്ന് ദിവസത്തെ കോൺഫ്രൻസിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സെമിനാർ. ഇപ്പോഴത്തെ ഇരിഞ്ഞാലക്കുട രൂപതയുടെ അധ്യക്ഷൻ മാർ പൊളി കണ്ണുകാടൻ പിതാവ്, മൗണ്ട് സെന്റ് തോമസിൽ ലിറ്റർജീ, ക്ലർജി കമ്മീഷന്റെ സെക്രട്ടറിയായും ലിറ്റർജിക്കൽ റിസേർച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയും സേവനം ചെയ്യുന്ന കാലഘട്ടം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് കൊച്ചിയിൽ നിന്നും ഞങ്ങൾ ഡൽഹിയിൽ എത്തിയത്.

ആ സമ്മേളനത്തിന്റെ ഉത്ഘടനത്തിന് ബർണബാസ് പിതാവും വന്നിരുന്നു. പിതാവിന്റെ അരമനയിൽ അന്ന് ആദ്യമായി പോയതും മനസ്സ്തുറന്ന് സംസാരിച്ചതും ഓർക്കുന്നു.


ഉടനെ ഡൽഹിയിൽ ഭക്ഷണവിതരണം ആരംഭിക്കണം. എന്നോട് അക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനിച്ചു, വേണ്ടത് ചെയ്യണമെന്നും സ്നേഹത്തോടെ കല്പ്പന പുറപ്പെടുവിച്ചു. കുഞ്ഞിന് മുലപ്പാല് നൽകുവാൻ വ്യഗ്രതപ്പെടുന്ന ഒരു അമ്മയുടെ മനസ്സാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്.


സെമിനാർ സമ്മേളന നഗരിയിൽ എത്തിയശേഷം, ഞാൻ കണ്ണുകാടൻ പിതാവുമായി സംസാരിച്ചു. കൊച്ചിയിലെ ലവ് ആൻഡ് കെയർ കാര്യങ്ങൾ പിതാവിന് അറിയാവുന്നതുകൊണ്ട്, ഡൽഹി നഗരത്തിൽ ബർണബാസ് പിതാവിന്റെ ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടു.
സെമിനാർ സ്ഥലത്തുനിന്നും പുറത്തുപോകാൻ അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചു. ഒരു പ്രത്യേക ഡൗത്യത്തിനായി പോയപ്പോൾ, അതിൽ നിന്നും വിട്ടുനിൽക്കാൻ അനുവാദം ആവശ്യമാണല്ലോ.


പിതാവിനോട് ഞാൻ വരാമെന്ന് പറഞ്ഞു. ബർണബാസ് പിതാവ്, നഗരത്തിലെ ഒരു വികാരിയായ സാം അച്ചനെ വിളിച്ചു ഒരു കാര്യം പറഞ്ഞു. ഏതെങ്കിലും വീടുകളിൽ നിന്ന് കുറച്ച് ഭക്ഷണ പൊതികൾ സംഘടിപ്പിക്കണം. അത് കൊടുക്കുവാൻ ഒരാൾ സഹായിക്കാൻ വരും. അച്ചനും കൂടെപോകണം എന്നായിരുന്നു നിർദേശങ്ങൾ. അടുത്ത ദിവസം രാവിലെ സാം അച്ചൻ എന്റെ താമസസ്ഥലത്ത് വന്നു. ഞങ്ങൾ പിതാവിന്റെ ഹൌസിലും പിന്നെ അച്ചന്റെ ഇടവക പള്ളിയിലും പോയി. രണ്ട് ദിവസം ഞങ്ങൾ ഭക്ഷണവുമായി ഡൽഹി തെരുവിൽ പോയി. അച്ചൻ ടുവീലർ ഓടിച്ചു, ഞാൻ വഴിയരുകിൽ കണ്ട അഗതികൾക്ക് നൽകി. വലിയ സംതൃപ്തിയോടെയാണ് സമ്മേളനം കഴിഞ്ഞ് ഞാൻ മടങ്ങി കൊച്ചിയിൽ എത്തിയത്.

പിന്നിട് ഡൽഹിയിൽ ഫുഡ് ഫോർ ഹന്ഗ്രി ( അഗതികൾക്കുള്ള സ്നേഹവിരുന്ന് ) എന്ന പേരിലും തുടർന്ന് രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗത്തിൻെറ സഹകരണത്തിലും വളർന്നുവന്നത് കാണുവാനും കഴിഞ്ഞു . വേണമെങ്കിൽ എല്ലാ രൂപതകളിലും അഗതികൾക്ക് ആഹാരവും വസ്ത്രവും മറ്റാവശ്യങ്ങളും എത്തിക്കുന്ന ശുശ്രുഷകൾ ആരംഭിക്കാമെന്നും നന്നായി തുടരാമെന്നും ബർണബാസ്‌ പിതാവ് തെളിയിച്ചു . ജാതിമത വ്യത്യാസങ്ങളില്ലാതെ അനേകരെ സഹകാരികളായി കണ്ടെത്തുവാൻ സാധിച്ചു .


പിന്നെ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പിതാവ് വിളിച്ചു. ഞാൻ പി ഓ സി യിലുണ്ട്.വരാമോ

…കെസിബിസി നടക്കുന്ന സമയം. ചില പിതാക്കന്മാരെ കാണുവാൻ വന്നതാണ്.ഉടനെ പോയി ഞാൻ കണ്ടു.


പിതാവിന്റെ വാക്കുകൾ..

സാബു എന്നെ സഹായിക്കണം. തെരുവിലെ ശുശ്രുഷകൾ കൂടുതൽ സജിവമാക്കണം. ഒരു നല്ല പ്രവർത്തകനെ തരണം.


ഭാഗ്യം.. ആ ദിവസങ്ങളിൽ ലവ് ആൻഡ് കെയറിൽ ഏറെക്കാലം സേവനം ചെയ്ത കൊല്ലം ജില്ലയിലെ കൊളത്തൂപ്പുഴയ്ക്കടുത്തുള്ള തിങ്കൾക്കരികം സ്വദേശിയായ ശ്രീ അനിൽ കെ ജോയി കൊച്ചിയിൽ ഉണ്ടായിരുന്നു . അദ്ദേഹം ഇടക്കാ ലത്തു വിദേശത്ത്പോയി ജോലിചെയ്ത് മടങ്ങിത്തിരിക്കുന്ന കാലമായിരുന്നു. അവധിക്ക് വന്നപ്പോൾ എന്നെ കാണുവാൻ വന്നതായിരുന്നു .


പിതാവേ ഒരാളുണ്ട്, വലിയ ഡിഗ്രിയൊന്നും ഇല്ല. മലങ്കര സഭയുടെ അംഗമാണ്. വിശ്വാസി, ഒപ്പം വലിയ തീക്ഷണത യുമുള്ള യുവാവ്.” പറഞ്ഞു തീരും മുമ്പ് പിതാവ് പറഞ്ഞു. “വിളിക്കുക, അദ്ദേഹം വരുമെങ്കിൽ കൊണ്ടുപോകാം.”.
പിന്നെ അനിൽ പി ഓ സി യിൽ എത്തുകയും, വൈകാതെ ഡൽഹിയിൽ എത്തി, പിതാവിന്റെ അരമനയിൽ താമസിച്ചു, ശുശ്രുഷകൾ ആരംഭിച്ചു.

ചുരുക്കട്ടെ, പിന്നീട് ഡൽഹിയിൽ തെരുവിൽ ഭക്ഷണം വിതരണത്തോടൊപ്പം , ഒരു ആശ്രമം ആരംഭിക്കുകയും, നിരവധി പരിപാടികൾ നടപ്പാക്കിയതും അറിഞ്ഞു.


അനിലിന്റെ വിവാഹം, അനിലിന്റെ പിതാവിന്റെ വേർപാട്, മോന്റെ മാമോദിസ തുടങ്ങിയ ചടങ്ങുകൾക്ക് പോയപ്പോഴെല്ലാം അനിലിന്റെ സേവനത്തേക്കുറിച്ച് അഭിമാനത്തോടെ പിതാവ് പറയുമായിരുന്നു. എന്റ്റെ ഭാര്യയും മക്കളും ലവ് ആൻഡ് കെയർ പ്രവർത്തകരും ഡെൽഹിയിൽപോയി പിതാവിനെ കണ്ടതും അനുഗ്രഹങ്ങൾ സീകരിച്ചതും നന്ദിയോടെ സ്‌മരിക്കുന്നു .


ഇടയ്ക്കിടയ്ക്ക് വിളിക്കും, വിശേഷങ്ങൾ പറയും. കൊറോണ തീവ്രമായപ്പോഴും ഡൽഹിയിൽ നിന്നും അദ്ദേഹം വിളിച്ചു, വേദനിക്കുന്ന, വിഷമിക്കുന്ന, നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്ന അഗതികൾക്ക് ആഹാരം എത്തിക്കുന്ന കാര്യം പറഞ്ഞു.


സാധുക്കളായ അവർക്കില്ലാത്ത സുരക്ഷിതതം നമുക്ക് എന്തിന്, രോഗം വന്ന് മരിക്കുമെന്നോർത്തു നമുക്ക് എങ്ങനെ മാറിനിൽക്കാൻ കഴിയും? തെരുവിൽ തമ്പുരാനെ തിരയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ…


പിന്നീട് അനിലും ജീനയും പറഞ്ഞ് അറിഞ്ഞു. പിതാവ് ചികിത്സയിൽ ആണെന്ന്. വൈകാതെ സൗഖ്യമായി ഡൽഹിയിലെ വിശേഷം പറയുവാൻ വീണ്ടും “സാബുവേ, ഇത് ബർണബാസ് പിതാവാണ്… എന്ന് പറഞ്ഞ് വിളിക്കുമെന്ന്.


ഇനി അദ്ദേഹം വിളിക്കില്ല. പാതയോരത്തു പൊതിച്ചോറും തുണികളുമായി ഈ ഇടയൻ പോകുകയില്ല. കൊറോണ വന്ന് മരിക്കാനാണെങ്കിൽ അതിനും തയ്യാറാണ്.. എന്ന അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രൊ ലൈഫ് ജീവിതത്തിൽ പ്രാവർത്തികമാക്കിയ പുണ്യപിതാവ് ,യഥാർത്ഥ പ്രേക്ഷിത മെത്രാൻ ,ലവ് ആൻഡ് കെയറിൻെറ ഉത്തമ സഹകാരി …നന്ദി പ്രിയപ്പെട്ട പിതാവേ .


പിതാവേ പ്രണാമം.

വേർപാട് വേദനകൾ നിറഞ്ഞത്, എങ്കിലും പറയാതെ വയ്യ?

പിതാവോരു വിശുദ്ധനായിരുന്നു.

നന്ദി, എല്ലാ നന്മകൾക്കും 🙏🌹

സാബു ജോസ്,എറണാകുളം

sabujosecochin@gmail.com , 9446329343

നിങ്ങൾ വിട്ടുപോയത്