അത്ഭുതങ്ങൾ തീർന്നിട്ടില്ല

2008 ലെ റീജൻസിക്കാലം. ദൂരെ ഉദയസൂര്യൻ്റെ നാട്ടിലാണ് ചെന്നുപെട്ടിരിക്കുന്നത്. അരുണാചലിൽ അന്ന് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടിട്ട് അധികമായിട്ടില്ല. ചാങ്ലാങ്, തിറാപ്പ് മുതലായ ഏഴു ജില്ലകൾ ചേർന്നാണ് മിയാവോ രൂപത രൂപീകരിച്ചിരിക്കുന്നത്. ആളുകൾ കൂടുതലും ഗോത്രവംശജരാണ്‌. ഇനിയും അറിവിൻ്റെ വെളിച്ചം എത്താത്ത ധാരാളം സ്ഥലങ്ങളുണ്ട്. എങ്കിലും മനോഹരമായ, പച്ചപ്പുനിറഞ്ഞ, മനസ്സിനും ഹൃദയത്തിനും ഉന്മേഷം നൽകുന്ന ഭൂപ്രദേശം. ഞാൻ ബിഷപ്പ് ഹസ്സിൽ തന്നെയായിരുന്നു റീജൻസി. അവിടത്തെ റോഡുകളെല്ലാം ഏറെക്കുറെ വിജനവും, ഭൂപ്രകൃതിയാൽ മനോഹരവുമായിരുന്നു. കാടുകളും തോടുകളും പുഴകളും കുന്നുകളും നിറഞ്ഞ ആ വഴികളിലൂടെ എത്ര ദൂരം യാത്ര ചെയ്താലും മടുക്കുകയില്ല. ബിഷപ് ഹൗസിൽ ഉണ്ടായിരുന്നത് ഒരു പ്ലാറ്റിന ബൈക്ക് ആയിരുന്നു. സാധിക്കുമ്പോഴെല്ലാം അതുമെടുത്ത് കറങ്ങുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു.

ഒരിക്കൽ ദൂരെ ബർമ്മ ബോർഡറിലുള്ള ലാജു എന്നുള്ള സ്ഥലത്തേക്ക് ഏതോ കാര്യം അറിയിക്കുവാനായി പോകേണ്ടതായി വന്നു. 200 കി.മീ. ദൂരമേ ഉള്ളൂ. പക്ഷേ അവിടെയെത്താൻ 10 മണിക്കൂറോളം എടുക്കും. വിജനമായ പാതകളും, കാടുകളും, മലയോരങ്ങളും, കുന്നുകളും പുഴകളും കടന്നുള്ള യാത്ര. ഞാൻ ബൈക്കിൽ പോകാൻ തയ്യാറായി. അവിടെയുള്ള അച്ചന്മാർക്ക് അതൊന്നും പുത്തരിയല്ലാത്തതുകൊണ്ട് അവർ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പോകുന്ന വഴികളിൽ പള്ളികളുള്ള സ്ഥലങ്ങളൊക്കെ പറഞ്ഞുതന്നു. എന്തെങ്കിലും ആവശ്യം വന്നാൽ ആരെയാണ് കാണേണ്ടതെന്നും പറഞ്ഞു.

അരുണാചലിൽ നിന്ന് ആസ്സാമിലേക്ക് കടന്നു പിന്നെയും അരുണാചലിൽ തിരികെ പ്രവേശിച്ചുവേണം യാത്ര ചെയ്യാൻ. പല സ്ഥലങ്ങളിലും പട്ടാളക്കാരാണ് ചെക്ക് പോസ്റ്റുകളിൽ ഉള്ളത്. ഏത് ചെക്ക് പോസ്റ്റിൽ ചെന്നിട്ട് ഡോൺ ബോസ്കോ എന്ന് പറഞ്ഞാലും വേറെ ഒന്നും പറയാതെ തുറന്നുതരും. സലേഷ്യൻ വൈദികരുടെ ചോര നീരാക്കിയുള്ള അദ്ധ്വാനത്തിൻ്റെ ഒരു ഫലം. അതുപോലെ ബിഷപ്പ് ഹൗസ്, മിയാവോ എന്ന് പറഞ്ഞാലും പോലീസ് കൂടുതൽ ശല്യങ്ങൾക്ക് വരില്ല. സഭയുടെ സ്‌കൂളുകളും സാമൂഹ്യപ്രവർത്തനങ്ങളും അത്രക്ക് പ്രാധാന്യമുള്ള സംസ്ഥാനങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. നിർഭാഗ്യവശാൽ ഈ സംസ്ഥാനങ്ങളിലെല്ലാം ഉൾഫ, NACN (National Socialist Council of Nagaland) പോലുള്ള വിഘടനവാദികളും ഉണ്ട്. പട്ടാളവും CRPF പോലുള്ള പോലീസ് സേനകളും അതുകൊണ്ടുതന്നെ എല്ലാ മുക്കിലും മൂലയിലും കാണാം. അസം റൈഫിൾസ്, CRPF പോലീസുകാരുടെ, ക്യാമ്പുകൾ തന്നെ ബിഷപ് ഹൗസിനു അടുത്തായുണ്ട്. ഇടയ്ക്കിടയ്ക്ക് തീവ്രവാദികളുമായി സംഘർഷങ്ങളും വെടിവയ്പുകളും ഉണ്ടാകുന്നത് സാധാരണമാണ്. സഭയുടെ സാമൂഹ്യപ്രവർത്തനങ്ങളിൽ മതിപ്പുള്ളതുകൊണ്ട് അവർ സാധാരണ അച്ചന്മാരെയും സിസ്റ്റേഴ്‌സിനെയും ഉപദ്രവിക്കാറില്ല.

ഞാൻ അതിരാവിലെ എൻ്റെ യാത്ര ആരംഭിച്ചു. കാടും മലയും കുന്നും കടന്നു ഞാൻ പ്ലാറ്റിനയിൽ മുന്നേറുകയാണ്. അറിയാവുന്നതും അറിയാത്തതുമായ പാട്ടുകളൊക്കെ ഉറക്കെ പാടിയാണ് ഞാൻ പോകുന്നത്. ദേവമാലി കാടുകളിൽ ‘അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി’ ആദ്യമായി പാടിയത് ഞാൻ ആയിരിക്കും. ഖോൻസ മലയടിവാരത്തിൽ ആദ്യമായി “എന്തതിശമേ ദൈവത്തിന് സ്നേഹം” പാടിയതും ഞാൻ തന്നെയായിരിക്കും. അതുകഴിഞ്ഞ് മലയാളം മെലഡികളിലേക്കും ഞാൻ കടന്നിരുന്നു. ഇന്നത്തെപ്പോലെ മൊബൈൽ, ഗൂഗിൾ മാപ് ഒന്നുമില്ല. ഭാഷപോലും വശമില്ല. പത്താം ക്ലാസ്സിൽ അമ്മിണി ടീച്ചർ പഠിപ്പിച്ച ഹിന്ദി മാത്രമാണ് സമ്പാദ്യം. പിന്നെ ചെറിയൊരു ധൈര്യവും.

മലയും കുന്നും കാടും പുഴയും കടക്കുമ്പോൾ പേടിയൊന്നും തോന്നിയില്ല എന്നോർത്തു എനിക്കിപ്പോൾ പേടിതോന്നുന്നുണ്ട്. ഏകദേശം 6 മണിക്കൂർ യാത്ര ചെയ്ത് ഖോൻസ എന്ന സെൻ്ററിൽ എത്തി. അവിടുത്തെ പള്ളിയിൽ കയറി ഭക്ഷണം കഴിച്ചു. അല്പം വിശ്രമിച്ചു പിന്നെയും യാത്ര തുടരുകയാണ്. ഇനിയുള്ള വഴി ഏറെ ദുർഘടം പിടിച്ചതും അപകടം നിറഞ്ഞതുമാണ്. വളരെ സൂക്ഷിച്ചു വേണം പോകാൻ. റോഡിൽ സൈൻ ബോർഡുകൾ പോലുമില്ല. എങ്കിലും ഞാൻ മുൻപോട്ട് തന്നെ പോയി.

ബിഷപ് ഹൗസ്, സെമിനാരി, ആശ്രമം, കോൺവൻറ് എന്നിവിടങ്ങളിലെ വാഹനങ്ങൾക്ക് ബ്രേക്ക് സാധാരണ കുറവായിരിക്കും. കാരണം ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്ന വാഹനത്തിൻ്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ഞാൻ ഓടിക്കുന്ന പ്ലാറ്റിനയ്ക്കും ഈ കുഴപ്പമുണ്ട്. ഇന്നത്തെപ്പോലെ പവർ, ഡിസ്ക് ബ്രെക്കുകളൊന്നും അന്നില്ല. വഴിയിൽ കുറെ ദൂരം ചെളിയാണ്. പലപ്പോഴും ഇറങ്ങിതള്ളി ഒക്കെ വേണം പോകാൻ. ഇങ്ങനെ ഞാൻ ലക്ഷ്യസ്ഥാനത്തിനും ഏകദേശം 50 കിലോമീറ്റർ അടുത്തെത്തി. ചെറിയൊരു മഴ പെയ്യുന്നുണ്ട്. അതുകൊണ്ട് ഞാൻ പുറത്തിടുന്ന ബാഗ് മഴക്കോട്ടിൻ്റെ ഉള്ളിലാണ് ധരിച്ചിരിക്കുന്നത്. പുറത്ത് അത് മുഴച്ചുനിൽക്കുന്നുണ്ട്. പെട്ടെന്ന് ഒരു വളവുകഴിഞ്ഞ് ചെല്ലുമ്പോൾ കാണുന്നത് ആർമി ചെക്ക് പോസ്റ്റ് ആണ്. വളവായിരുന്നതുകൊണ്ട് നേരത്തെ കണ്ടില്ല. അല്പം സ്പീഡും ഉണ്ടായിരുന്നു. ഒരു പട്ടാളക്കാരൻ പെട്ടെന്ന് കൈ കാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു, അയാൾ അല്പം നേരത്തെ കാണിച്ചിരുന്നെങ്കിൽ നല്ലതായേനെ എന്നെനിക്ക് തോന്നി. ഇനി വിചാരിച്ചിടത്ത് നിൽക്കില്ല. സീനാകും. മഴ പെയ്യുന്നതുകൊണ്ട്, ബ്രെക്ക് പിടിച്ചെങ്കിലും വിചാരിച്ചിടത്ത് നിന്നില്ല. ഞാൻ ആർമി ചെക്ക് പോസ്റ്റിനു മുൻപിൽ നിൽക്കാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും ബൈക്ക് നിന്നപ്പോഴേക്കും പിന്നെയും 100 മീറ്ററിലധികം കഴിഞ്ഞിരുന്നു. അപ്പോഴേക്കും അയാൾ സ്റ്റോപ്പ് സ്റ്റോപ്പ് എന്ന് പലഭാഷയിലും വിളിച്ചു പറയുന്നുണ്ട്. ഞാൻ ഒരു കണക്കിന് വണ്ടി നിർത്തി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു പത്തോളം പട്ടാളക്കാർ എവിടെനിന്നൊക്കെയോ ഓടിവന്ന്, തോക്കുംചൂണ്ടി അമ്പത് മീറ്ററോളം അകലെയായി നിൽക്കുന്നു. അതിലാരെങ്കിലും ഒരാൾ കാഞ്ചി വലിച്ചാൽ ഞാൻ തീർന്നു. എനിക്ക് ആ മഴയത്തും നല്ല വിയർപ്പ് അനുഭവപ്പെട്ടു. അവരുടെ ലീഡർ എന്ന് തോന്നിക്കുന്ന ഒരാൾ ഹിന്ദിയിൽ അവരോട് എന്തോ പറഞ്ഞു. ഉടൻ തന്നെ അവരെല്ലാവരും മുട്ടൽ നിന്ന്, എൻ്റെ നേരെ തോക്കു ചൂണ്ടി ഉന്നം പിടിക്കുകയാണ്. രണ്ടു ബുള്ളറ്റ് കയറാൻ ഉള്ള ബോഡി പോലും ഇല്ലാത്ത എൻ്റെ മേൽ 10 തോക്കിൽ നിന്ന് ബുള്ളറ്റ് വീണാൽ അരിപ്പയാകുമല്ലോ എന്ന് ഞാൻ ഓർത്തു. ഞാൻ വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഈ ലീഡറുടെ അടുത്ത് ചെന്ന് കാര്യ പറയാം എന്ന് വച്ചു. ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അവരെന്നോട് ആക്രോശിച്ചു. “അനങ്ങരുത്. ഹാൻഡ്‌സ് അപ്പ്”. അതുവരെ കള്ളനും പോലീസും കളിക്കുമ്പോൾ മാത്രമേ ഞാൻ ഹാൻഡ്‌സ് അപ്പ് കേട്ടിട്ടുള്ളൂ.

ഞാൻ വേഗം കൈ പൊക്കി, കാര്യം സീരിയസ് ആയി വരികയാണെന്ന് എനിക്ക് മനസ്സിലായി. ബൈക്കിൽ നിന്നും അല്പം മാറി നിൽക്കാനായി പറഞ്ഞു. ഞാൻ മാറി നിന്നു. സാവധാനം ഷൂ അഴിക്കാൻ പറഞ്ഞു. ഞാൻ അഴിച്ചു. ജാക്കറ്റ് അഴിക്കാൻ പറഞ്ഞു. അതും അഴിച്ചു. മഴക്കോട്ടിൻ്റെ പാൻറ്സ് ഊരാൻ പറഞ്ഞു. അതും ഊരി. ബാഗ് സാവധാനം ഊരി നിലത്തുവയ്ക്കാൻ പറഞ്ഞു. അതും ഞാൻ അനുസരണയോടെ ചെയ്തു. ഇനി പതുക്കെ ബാഗ് തുറക്കാൻ പറഞ്ഞു. ഞാൻ കൂളായി തുറക്കാൻ ചെന്നപ്പോൾ ലീഡർ പട്ടാളക്കാരോട് പിന്നെയും എന്തോ പറഞ്ഞു. അവർ എല്ലാവരും ആ തോക്ക് എൻ്റെ നെഞ്ചിലേക്ക് ഉന്നം പിടിച്ചു നിൽക്കുകയാണ്. “ഈ അരുണാചലിൽ വന്നിട്ട് പട്ടാളക്കാരുടെ വടികൊണ്ട് ചാവാനാണല്ലോ എൻ്റെ വിധി, കൊരട്ടിമുത്തി!” എന്ന് ഞാൻ മനസ്സിൽ വിലപിച്ചു.

ഞാൻ സാവധാനം ബാഗ് തുറന്നു. അതിലുള്ളത് മുഴുവൻ അവരെന്നോട് എടുത്ത് കാണിക്കാൻ പറഞ്ഞു. ഞാൻ എടുത്ത് കാണിച്ചു. പിന്നെയാണ് ഏറ്റവും ക്രൂരത നടന്നത്. അവരെന്നോട് ഷർട്ട് ഊരാൻ പറഞ്ഞു. നടുറോഡിൽ എൻ്റെ മാനമല്ല, ജീവനാണ് വലുത് എന്നെനിക്കറിയാമായിരുന്നു. ആ നാട്ടിൽ ഇത്രയും വേഗത്തിൽ ഒരാളും ഷർട്ട് ഊരിയിട്ടുണ്ടാവില്ല. ശേഷം ഞാൻ വേഗം പാൻറ്സ് ഊരാനായി തുടങ്ങി. അവർ ചോദിക്കുന്നതിനു മുൻപ് ഊരിയാൽ എളുപ്പമായല്ലോ എന്ന് കരുതി. അപ്പോഴേക്കും ലീഡർ പട്ടാളക്കാരൻ ബഹളം വച്ചു. “പാൻറ് ഊരണ്ടാ” എന്ന് പറഞ്ഞു. ഞാൻ പൊടിക്ക് രക്ഷപ്പെട്ടു. അല്ലെങ്കിൽ അരുണാചലിലെ കാടുകളിൽ എൻ്റെ മാനം അമ്മാനമാടിയേനെ!

ലീഡർ പട്ടാളക്കാരൻ എൻ്റെ അടുത്തേക്ക് വരുന്നു. പാവം ബാക്കി പത്ത് പട്ടാളക്കാരും അപ്പോഴും എൻ്റെ നെഞ്ചിലേക്ക് ഉന്നം പിടിച്ചുകൊണ്ടിരിക്കുകയാണ്. ലീഡർ വന്നവശം എന്നോട് ഐഡന്റിറ്റി കാർഡ് ആവശ്യപ്പെട്ടു. ഞാൻ വേഗം കൊടുത്തു. Sijo Kannampuzha, Bishop’s House, Miao – അഡ്രസ് കണ്ടപ്പോൾ അയാളെൻ്റെ മുഖത്തേക്ക് നോക്കി. കള്ളലക്ഷണം കണ്ടിട്ടാകണം, ‘നീ മലയാളിയാണോ” എന്ന് മലയാളത്തിൽ തന്നെ ചോദിച്ചു. എനിക്ക് സന്തോഷമായി. ചന്ദ്രനിൽ ചെന്ന ആംസ്ട്രോങ് തട്ടുകട കണ്ട സന്തോഷത്തോടെ ഞാൻ പറഞ്ഞു” ചേട്ടാ, ഇവരോട് തോക്ക് ഒന്ന് താഴെയിടാൻ പറയുമോ? അറിയാതെ ആരെങ്കിലും വെടി പൊട്ടിച്ചാൽ ഞാൻ തീർന്നു. കുറെ നേരമായി അവരതും പൊക്കിപ്പിടിച്ച് നിൽക്കുന്നു, ആരെങ്കിലും ബോറടിച്ച് കാഞ്ചി വലിച്ചാൽ എൻ്റെ പല പ്രതീക്ഷകളും പൊട്ടിത്തകർന്നുപോകും”. അദ്ദേഹം വേഗം എന്തോ പറഞ്ഞു. അവർ തോക്കു മാറ്റിപ്പിടിച്ചു. ഇപ്പോൾ വെടിവയ്ക്കാം എന്ന് കരുതിയിരുന്ന പട്ടാളക്കാരെല്ലാം ചമ്മിപ്പോയി.

കൂടുതൽ വിവരങ്ങളെല്ലാം ചോദിച്ചു കഴിഞ്ഞപ്പോൾ ഷർട്ട് ഇടാൻ അനുവാദം നൽകി. ഞാൻ ഷർട്ട് ഇട്ടു. ആ ലീഡർ പട്ടാളക്കാരൻ എന്നെ ഓഫിസറുടെ അടുത്തേക്ക് കൊണ്ടുപോയി. പിടിച്ചതിനേക്കാൾ വലുതാണല്ലോ ദൈവമേ അളയിൽ എന്ന് ഞാൻ ചിന്തിച്ചു. ഇവരാണെങ്കിൽ തോക്കിൽ തീർന്നേനെ. ഓഫീസർ ആകുമ്പോൾ പീരങ്കി ആയിരിക്കും ഉപയോഗിക്കുക. മിനിമം ബോംബ് എങ്കിലും എറിയും എന്നെനിക്ക് തോന്നി. വേണ്ടാത്ത നേരത്ത് കറങ്ങാൻ വരാൻ തോന്നിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഏതായാലും ഞാൻ രണ്ടും കൽപ്പിച്ച് ഓഫീസറുടെ മുൻപിലെത്തി. ലീഡർ പട്ടാളക്കാരൻ എന്തൊക്കെയോ ഓഫിസറോട് പറയുന്നുണ്ട്. ഓഫിസർ ജയസൂര്യയുടെ പോലെ നല്ല ചുള്ളൻ ആയിരുന്നു. അദ്ദേഹം കസേര ചൂണ്ടിക്കാണിച്ചിട്ട് ഇരിയ്ക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു “ഈ വഴിയിലൂടെ ഇത്രയും വേഗത്തിൽ വരാൻ പാടുണ്ടോ? അതും അവർ നിർത്താൻ പറഞ്ഞിട്ട് എന്താണ് നിർത്താതിരുന്നത്? നിങ്ങൾക്കുവേണ്ടി ആരൊക്കെയോ കാര്യമായി പ്രാർത്ഥിക്കുന്നുണ്ട്. ഒരു അഞ്ചു മീറ്റർ കൂടി മുൻപോട്ട് പോയെങ്കിൽ അവർ വെടിവച്ചേനെ”

ദൈവമേ, ഞാൻ രക്ഷപ്പെട്ടത് ചില്ലറ സംഭവമല്ല എന്നെനിക്ക് മനസ്സിലായി. ആലപ്പുഴക്കാരനായ ഒരു ഓഫിസർ ആയിരുന്നു അദ്ദേഹം. NACN എന്ന തീവ്രവാദഗ്രൂപ്പിലെ ആരൊക്കെയോ ആ സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞിട്ട് അവരെ പിടിക്കാനായി വന്നിരിക്കുന്ന മദ്രാസ് റെജിമെന്റിൻ്റെ സ്പെഷ്യൽ ഫോഴ്സ് ആയിരുന്നു അവർ. 7 പേരെയാണ് അവർക്ക് പിടിക്കാൻ ഉണ്ടായിരുന്നത്. ആറുപേരെ അവർ പിടിച്ചു കഴിഞ്ഞു. ഒരാളെപ്പോലും ജീവനോടെ പിടിച്ചില്ല. എല്ലാവരെയും പിടിച്ചവശം തന്നെ തട്ടിക്കളഞ്ഞു. അവരെ ഇപ്പോൾ തട്ടിയില്ലെങ്കിൽ അവർ ഇവരെ തട്ടും എന്നതാണ് അവിടത്തെ സ്ഥിതി എന്നും ഓഫിസർ പറഞ്ഞു. അവർ അവരുടെ അവസാനത്തെ ഇരയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇന്ന് ബൈക്കിൽ ചുമലിൽ ബാഗുമായി പോകാൻ സാധ്യതയുണ്ടെന്ന് അവർക്ക് സീക്രട്ട് മെസ്സേജ് കിട്ടിയിട്ടുണ്ട്. അവസാനത്തെ ആളെയും പിടിച്ച് അവിടെനിന്നു രക്ഷപ്പെടാൻ നിൽക്കുന്ന പട്ടാളക്കാരുടെ ഇടയിലേക്കാണ് പുറത്തു ബാഗും വച്ചുകെട്ടി, പറഞ്ഞിടത്ത് നിറുത്താതെ ഞാൻ വന്നത്. അവർ വെടിവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഓഫിസർ എനിക്ക് ചായയും പലഹാരവും തന്നു. വിശേഷങ്ങൾ ഒക്കെ പറഞ്ഞു യാത്രയാക്കി. പോകുമ്പോൾ എന്നോട് പറഞ്ഞു “അത്ഭുതം എന്ന് പറയുന്നത് വല്ലതും സംഭവിക്കുന്നത് മാത്രമല്ല, ചിലത് സംഭവിക്കാതിരിക്കുന്നതും അത്ഭുതമാണ്. അവരാരും ഷൂട്ട് ചെയ്തില്ല എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു”.

ഞാൻ ഒന്നും മിണ്ടിയില്ല, വേഗം ഹെൽമെറ്റ് എടുത്തുവച്ചു. വൈകാതെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. പാടാനുള്ള ശബ്ദം കുറച്ചു കഴിഞ്ഞാണ് തൊണ്ടയിൽ വന്നത്. വന്നപ്പോൾ ഞാൻ പിന്നെയും പാടി “മലയാറ്റൂർ മലയും കയറി, ജനകോടികൾ എത്തുന്നു. അവിടുത്തെ തിരുവടി കാണാൻ പൊന്നും കുരിശുമുത്തപ്പോ”

Jokes apart – നമ്മുടെ ജീവിതത്തിൽ സംഭവിച്ച മഹാകാര്യങ്ങളല്ല അത്ഭുതങ്ങൾ, നമ്മുടെ ജീവിതത്തിൽ കർത്താവിൻ്റെ കൃപയാൽ സംഭവിക്കാതെ പോയതും അത്ഭുതങ്ങളാണ്. ഇന്ന് പ്രകാശത്തിൻ്റെ രണ്ടാമത്തെ രഹസ്യത്തിൽ കർത്താവ് കാനായിലെ വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം നമ്മൾ ധ്യാനിക്കുന്നു. വെള്ളം സൃഷ്ടിച്ചവന് അതിൽ നിന്ന് വീഞ്ഞ് ഉണ്ടാക്കാൻ ഒരു വിഷമവുമില്ല. അര വാക്കുകൊണ്ട് കടലിനെയും, ഒരു വാക്കുകൊണ്ട് മരണത്തെയും, വെറും സാമീപ്യം കൊണ്ട് സാത്താനെയും തോൽപ്പിച്ചവന് വെള്ളം വീഞ്ഞാക്കാൻ നിമിഷാർദ്ധങ്ങൾ മതി.

എന്താണ് അത്ഭുതങ്ങൾ? മാനുഷീകമായ ചിന്തയിൽ, സംഭവിക്കുമെന്ന് പ്രതീക്ഷിക്കാത്ത എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോൾ നാമതിനെ വിളിക്കുന്നത് അത്ഭുതമെന്നാണ്. അങ്ങനെയെങ്കിൽ മാനുഷീകമായ ചിന്തയിൽ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നവ സംഭവിക്കാതിരിക്കുമ്പോൾ അതും അത്ഭുതം തന്നെയല്ലേ?

എല്ലാവരും നാണക്കേടാകും എന്ന് കരുതിയ ഒരു ആഘോഷം കർത്താവ് വിജയമാക്കി മാറ്റി. അതാണ് കാനായിലെ അത്ഭുതം. ലാസറിനെ ഉയർപ്പിക്കാൻ കർത്താവിനു എളുപ്പമാണ്. കാരണം അവിടുന്ന് ജീവൻ്റെ നാഥനാണ്. എല്ലാവരും അവസാനിച്ചു എന്ന് തുടങ്ങിയിടത്ത് അവൻ പിന്നെയുംആരംഭം കുറിക്കുകയാണ്. അതാണ് ലാസറിനു സംഭവിച്ച അത്ഭുതം. വിധവയുടെ ഏക മകൻ്റെ മരണത്തിൽ എല്ലാം അവസാനിച്ചെന്ന് വിധിയെഴുതിയ ജനത്തെ കർത്താവ് പിന്നെയും തിരുത്തുന്നു, മകനെ പുനരുജ്ജീവിപ്പിച്ചുകൊണ്ട്. അവിടെ ജീവൻ കിട്ടിയത് ആ സാധുവായ വിധവയ്‌ക്കാണ്‌.

എൻ്റെ ജീവിതത്തിൽ തോൽവികൾ ഞാൻ വിജയമാക്കുമ്പോൾ, അവസാനിച്ചു എന്ന് കരുതിന്നിടത്തുനിന്ന് ഞാൻ ആരംഭിക്കുമ്പോൾ, സാധിക്കില്ല എന്ന് കരുത്തുന്നിടത്തുനിന്നു ഞാൻ സാധ്യമാണ് എന്ന് വിശ്വസിക്കുമ്പോൾ, നന്നാവില്ല എന്ന് കരുതുന്നവരിൽ പിന്നെയും പ്രത്യാശ വയ്ക്കുമ്പോൾ, ഉപേക്ഷിച്ചവയെ പിന്നെയും സമീപിക്കുമ്പോൾ, തള്ളിപ്പറഞ്ഞവരെ ചേർത്തുപിടിക്കുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്നവനാകുകയാണ്, യേശുവിനെപ്പോലെ.

🖋Fr Sijo Kannampuzha OM

ചിത്രങ്ങൾ ആശയം വ്യക്തമാക്കുവാൻ മാത്രം നൽകിയത് .-എഡിറ്റർ

നിങ്ങൾ വിട്ടുപോയത്