കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും കോടതിവിധിക്കെതിരേ അനാവശ്യ അപ്പീലുമായി പോകാതെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിധി നടപ്പില്‍ വരുത്തുവാന്‍ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ, ലത്തീന്‍ സഭ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭ തുടങ്ങിയ മുപ്പതോളം സഭകളുടെയും സഭാ ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ഐക്യവേദി ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.

വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി നേട്ടം കൊയ്യാനുള്ള തല്‍പ്പരകക്ഷികളുടെ പരിശ്രമത്തെ ഒറ്റക്കെട്ടായി ശക്തമായി നിലകൊണ്ട് പരാജയപ്പെടുത്തുമെന്ന് സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഈ അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടു കൂടിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ജനസംഖ്യാനിരക്കില്‍ െ്രെകസ്തവ സമുദായം വളരെയധികം പിന്നാക്കം പോയിരിക്കുന്നത് എന്ന് സമിതി നിരീക്ഷിച്ചു. വിധി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള എല്ലാ ക്രിസ്തീയ വിഭാഗങ്ങളോടും ഒപ്പം ലത്തീന്‍, പരിവര്‍ത്തിത െ്രെകസ്തവര്‍ അടക്കമുള്ള വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭൂപരിധി അടക്കമുള്ള വരുമാന സ്രോതസുകള്‍ കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് സമിതി ഓര്‍മിപ്പിച്ചു.

യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍, കേരള ലാറ്റിന്‍ ക്രിസ്ത്യന്‍ സമിതി സെക്രട്ടറി അഡ്വ. ഷെറി തോമസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ പ്രതിനിധി ബാലസുബ്രഹ്മണ്യന്‍, ഹൈക്കോടതി വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ സിറിയക്ക് ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്