*ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ*

ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്‌ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വാർത്തയായിരുന്നു. തൻറെ ഭാര്യ ജെയ്ഡിനെ കളിയാക്കിയുള്ള നീരസമാണ് സ്മിത്ത് തന്റെ പ്രതികരണത്തിലൂടെ പ്രകടമാക്കിയത്. അലോപെഷ്യ എന്ന രോഗത്തിന്റെ ഭാഗമായി സ്മിത്തിന്റെ ഭാര്യയുടെ മുടി കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അവതാരകന്റെ പരാമർശമാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ഒരു പക്ഷെ അത്തരമൊരു രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന തന്റെ ഭാര്യ അനുഭവിച്ച ശാരീരികവും മാനസികവുമായ സങ്കടങ്ങൾ കണ്ടതുകൊണ്ട് കൂടിയാകാം അദ്ദേഹം അപ്രകാരം പ്രതികരിച്ചത്. എന്തായാലും തന്റെ അതിരു വിട്ട പ്രതികരണ ശൈലിയെക്കുറിച്ച് അദ്ദേഹം പിന്നീട് തന്റെ ആരാധകരോടും ആ പരിപാടിയുടെ ആസ്വാദകരോടും മാപ്പ് ചോദിക്കുന്നുണ്ട്. അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ച വരികൾ ഇപ്രകാരമാണ് “Violence is all of its form poisoness and destructive . I was out of line and I was wrong and my sincere apologies…”

പെട്ടെന്ന് ഒരു ആവേശത്തിൽ താൻ ചെയ്തുപോയ അതിക്രമത്തെ കുറിച്ചു അദ്ദേഹം പരസ്യമായി മാപ്പ് ചോദിക്കുന്നു. സമാനമായ ഒരു അനുഭവം ഈയിടെ മലയാളത്തിലെ ഒരു നടനും നേരിടുകയുണ്ടായി. ഒരു പത്ര സമ്മേളനത്തിനിടയിൽ തന്റെ വായിൽ നിന്നും വന്ന സ്ത്രീ വിരുദ്ധമായ ഒരു പരാമർശത്തിന് അദ്ദേഹം പിന്നീട് ക്ഷമാ യാചന നടത്തുകയുണ്ടായി.

മാപ്പ് ചോദിക്കുക എന്നുള്ളതും ക്ഷമിക്കുക എന്നുള്ളതും കുലീനമായ മനുഷ്യരുടെ ജീവിത ശൈലിയാണ്. ഒരു തെറ്റ് പറ്റിയാൽ അതു തന്നെ മുറുകെ പിടിച്ചു നിൽക്കാതെ ആ തെറ്റ് അംഗീകരിക്കാനും തെറ്റ് ഏറ്റു പറയാനുമുള്ള മാതൃകാ പെരുമാറ്റ രീതി നമ്മൾ ഉണ്ടാക്കി എടുക്കണം.

ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു എന്നതു പോലെ തന്നെ പ്രധാനപെട്ടതാണ് മറ്റൊരാൾ ചെയ്യുന്ന തെറ്റ് ക്ഷമിക്കുവാനുള്ള ആർജ്ജവം ഉണ്ടാവുക എന്നുള്ളതും . അപരനോട് പൊറുക്കുക എന്നുള്ളത് ദൈവിക സ്വഭാവത്തിന്റെ ലക്ഷണമാണ്. To error is human to forgive is divine എന്നു പറയാറില്ലേ , അതു തന്നെ കാര്യം. ബൈബിളിൽ ഉൽപ്പത്തി പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്നെ ചതിച്ചു കടിഞ്ഞൂൽപുത്ര അവകാശം സ്വന്തമാക്കിയ യാക്കോബിനെ ജേഷ്ഠനായ ഏസാവ് വീണ്ടും കണ്ടുമുട്ടുന്നു സംഭവം. തികച്ചും ഗൗരവമായി പെരുമാറാവുന്ന ആ സാഹചര്യത്തിൽ ഏസാവ് തന്റെ അനിയനോട് പൂർണ്ണമായി ക്ഷമിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. യാക്കോബ് അപ്പോൾ ഏസവിനോട് പറയുന്നത് “ദൈവത്തിന്റെ മുഖം കണ്ടാൽ എന്നപോലെയാണ് ഞാൻ അങ്ങയുടെ മുഖം ഞാൻ കാണുന്നത്” ( ഉല്പത്തി 33:10) എന്നാണ്. എന്നുവച്ചാൽ ക്ഷമിക്കുന്നവർക്കെല്ലാം ദൈവത്തിന്റെ മുഖമാണ് എന്നുള്ളതാണ് സത്യം.

അപരൻ ചെയ്ത തെറ്റുകൾ ദയാപൂർവം ക്ഷമിച്ച നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. തന്നെ വെടിവെച്ച അലി അഗ്ന എന്ന ചെറുപ്പക്കാരനെ ജയിലിൽ ചെന്ന് കണ്ടു അവനോട് ക്ഷമിച്ച് സൗഹൃദം സ്ഥാപിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പയും തന്റെ സഹോദരിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയയെ കൊലപ്പെടുത്തിയ സമുന്ദർ സിംഗിനെ കയ്യിൽ രാഖി കെട്ടി കൊടുത്തുകൊണ്ടു അയാളെ സഹോദരനായ സ്വീകരിച്ച സി. റാണി മരിയയുടെ സഹോദരി സി. സെൽമി പോളും തന്റെ ഭർത്താവിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയേയും ചുട്ടുകൊന്ന കൊലയാളിൾക്കു മാപ്പ് കൊടുത്ത ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസ് ഒക്കെ കാണിച്ചു തന്ന മാതൃകകൾ ഈ കാര്യത്തിൽ നമുക്ക് മുന്നിലുണ്ട്.

ഒരാൾ ചെയ്ത തെറ്റിന് അയാൾക്കു നൽകാവുന്ന ശിക്ഷ അയാളോട് ക്ഷമിച്ചിട്ടില്ല എന്ന് പ്രകടമാക്കുകയാണ്. നമ്മുടെ വാക്കുകളിലൂടെ പെരുമാറ്റരീതികളിലൂടെ ഒരാളോടുള്ള നീരസം പ്രകടിപ്പിക്കുന്നത് ഒരാളെ വല്ലാതെ തളർത്തി കളയും.

ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പരം നൽകാവുന്ന സ്നേഹത്തിന്റെ പ്രകടമായ തെളിവാണ് ക്ഷമിക്കുക എന്നുള്ളത്. കുസൃതി കാണിക്കുന്ന മകനോട് ക്ഷമിക്കുന്ന അമ്മ . വൈകീട്ട് രണ്ടെണ്ണം അടിച്ചു കയറിവരുന്ന ഭർത്താവിനോട് ക്ഷമിക്കുന്ന ഭാര്യ. കയ്യിൽ നിന്നും അറിയാതെ ഒരു ഗ്ലാസ്സ് വീണു പൊട്ടിയതിനു തല്ലാതെ നിൽക്കുന്ന അപ്പൻ. തെറ്റായ ബന്ധത്തിൽ നിന്നും തിരിച്ചുവരുന്ന മകളെ ക്ഷമാപൂർവം സ്വീകരിക്കുന്ന മാതാപിതാക്കൾ. അങ്ങനെയുള്ളവർ എല്ലാം ദൈവത്തിന്റെ മുഖമുള്ളവർ ആയി മാറുകയാണ്. സത്യത്തിൽ നമുക്കിന്നാവശ്യം ദൈവത്തിന്റെ മുഖം ഉള്ള ചിലരെയാണ്…

Fr Nougin Vithayathil

നിങ്ങൾ വിട്ടുപോയത്