*എനിക്കു മുറിപ്പാടുകള്‍ കാണണം* _*തൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം*_

ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം.

ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്. തോമ്മാശ്ലീഹായുടെ ദുക്‌റാനയില്‍ ശ്രാദ്ധവും സ്‌നേഹവിരുന്നും ഒന്നിക്കുന്നു. ദുക്‌റാന നമുക്ക് സഭാദിനവുമാണ്. സഭയുടെ ഐക്യത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട ദിവസംകൂടിയത്രേ ദുക്‌റാന. എല്ലാ നസ്രാണിവിഭാഗക്കാരും ഒന്നിച്ചുകൂടുകയും പരസ്പരം കേള്‍ക്കുകയും ചെയ്യേണ്ട ദിനമാണിത്. മാര്‍ത്തോമ്മാസ്ലീവായോടുള്ള ഭക്തിയും ആദരവും ഉറപ്പിക്കേണ്ട ദിനം. സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍.

മാര്‍ ഉവാലാഹ് – എന്റെ കര്‍ത്താവേ, എന്റെ ദൈവമേ (Dominus meus et Deus meus). ഉത്ഥിതനെ തൊടാന്‍ കഴിയണം (Risen Christ must be touchable). ഉത്ഥിതന്റെ മുഖമല്ല അവന്റെ മുറിപ്പാടുകള്‍ കാണണമെന്ന് തോമ്മാ ശാഠ്യം പിടിച്ചു. നമ്മള്‍ പ്രസംഗപീഠത്തെ പുതിയ കാഴ്ചപ്പാടുകളോടെ സമീപിക്കണം എന്ന പാഠമാണ് ഇതു നല്കുന്നത്. പന്ത്രണ്ടു ശ്ലീഹന്മാര്‍ പന്ത്രണ്ട് ആധ്യാത്മികപിതാക്കന്മാര്‍കൂടിയാണ്. കണ്ടവരും കേട്ടവരും കൂട്ടത്തില്‍ നടന്നവരും എല്ലാം പ്രധാനപ്പെട്ടവരാകുമ്പോഴും തൊട്ടവന് അല്പംകൂടി പ്രാധാന്യമുണ്ട്. തിരുവചനം പഠിക്കുമ്പോള്‍, വേദശാസ്ത്രികള്‍ പഠിപ്പിക്കുന്ന രണ്ടു ഗ്രീക്കുപദങ്ങള്‍ ഉണ്ട്: എക്‌സെഗെയോമായ് – പുറത്തുകൊണ്ടുവരിക, ഹെര്‍മെനെവുവോ – വ്യാഖ്യാനിച്ചു വിശദീകരിക്കുക. മാര്‍ത്തോമ്മായെയും ദുക്‌റാനയെയും നമ്മള്‍ സമീപിക്കേണ്ടതും ഇതുപോലെയാണ്. ദുക്‌റാനയുടെ പ്രാധാന്യം നിരന്തരമായി പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്വമാണു നമുക്കുള്ളത്. വ്യാഖ്യാനിക്കപ്പെടാതെയും വിശദീകരിക്കപ്പെടാതെയും പോകുന്നതൊന്നും മനസ്സില്‍ പതിയില്ല. നസ്രാണിസമുദായത്തിന്റെ മനസ്സാണ്/ ഹൃദയമാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്.

വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ (1254-1324) തന്റെ The Travels of Marco Polo (പേജ് 284) എന്ന കൃതിയില്‍ തമിഴ്‌നാടിന്റെ കിഴക്കേത്തീരത്ത് ക്രിസ്തുശിഷ്യനായ തോമ്മായുടെ കബറിടം കണ്ടതായും ശ്ലീഹാ മരിച്ചുവീണ സ്ഥലത്തെ മണ്ണ് രോഗശാന്തിക്ക് ഉപയോഗിക്കുന്നതായി കണ്ടുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. വാസ്‌കോ ഡി ഗാമാ (1460-1524) കേരളത്തില്‍ വന്നപ്പോള്‍ ഇവിടുത്തെ നസ്രാണികള്‍ ജൂലൈ മൂന്നിന് ദുക്‌റാനത്തിരുനാള്‍ ആഘോഷിക്കുന്നതായി കണ്ടുവെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഭൗമശാസ്ത്രജ്ഞനായ ഇസിഡോറിലെ സെവില്‍ എ.ഡി. 638 ല്‍ രചിച്ച De ortu et obitu patrum (ജനനവും മരണവും) എന്ന ഗ്രന്ഥത്തില്‍ തോമ്മാശ്ലീഹാ പാര്‍ത്തിയായിലും പേര്‍ഷ്യയിലും തുടര്‍ന്ന് ഇന്ത്യയിലും സുവിശേഷം പ്രസംഗിച്ചതായും ഇന്ത്യയിലെ കലാമിനാ(മദ്രാസ്)യില്‍ വച്ച് കുന്തത്താല്‍ കൊല്ലപ്പെട്ടതായും രേഖപ്പെടുത്തിയിരിക്കുന്നു. PL: (ലത്തീന്‍ സഭാപിതാക്കന്മാര്‍) 83, 152). 9-ാം നൂറ്റാണ്ടില്‍ അറേബിയയില്‍നിന്നുവന്ന മുസ്ലീം സഞ്ചാരികള്‍ തോമ്മായുടെ കബറിടത്തെ ബേസ്‌തോമ്മാ എന്നു വിശേഷിപ്പിച്ചു. എ.ഡി. 190 ല്‍ പന്തേനൂസ് ‘ഭാരതക്രിസ്ത്യാനികള്‍’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. പ്ലിനിയും പെരിപ്ലസും ഒന്നാം നൂറ്റാണ്ടിനുമുമ്പുതന്നെ മുസ്സിരിസിലേക്ക് (കൊടുങ്ങല്ലൂര്‍) കപ്പല്‍ സ്ഥിരമായി എത്തുമായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (Periplus Mari Eritroi എന്ന ഗ്രന്ഥത്തില്‍). ശ്രീധരമേനോന്റെയും പത്മനാഭമേനോന്റെയും കേരളചരിത്രത്തില്‍ എ.ഡി. 68 ല്‍ കേരളത്തിലെത്തിയ യഹൂദര്‍ ഇവിടെ ക്രൈസ്തവരെ കണ്ടു എന്നു പറയുന്നുണ്ട്. 1599 ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ നസ്രാണികള്‍ മൈലാപ്പൂരിലേക്കു നിശ്ചിതമാസങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയിരുന്നു.

തോമ്മാശ്ലീഹാ എ.ഡി. 52 ല്‍ മുസ്സിരിസ് തുറമുഖത്തു കപ്പലിറങ്ങി, തുടര്‍ന്ന് ഏഴര ക്രൈസ്തവസമൂഹങ്ങള്‍ സ്ഥാപിച്ചു എന്നത് ഭാരതനസ്രാണികളുടെ വിശ്വാസവും ശക്തമായ പാരമ്പര്യവുമാണ്. ഇന്ത്യാചരിത്രത്തില്‍ ഗവേഷണം നടത്തിയ ഡോ. മിന്‍ഗാന പറയുന്നു: ”തോമ്മാശ്ലീഹാ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു എന്നത് പൗരസ്ത്യസഭയുടെ നിരന്തരമായ പാരമ്പര്യമാണ്.” ക്രൈസ്തവരും അക്രൈസ്തവരും ഭാരതീയരും വിദേശീയരുമായ ഒരുപറ്റം പണ്ഡിതന്മാര്‍ ഈ സത്യം രേഖപ്പെടുത്തിയിട്ടുണ്ട്. സഭാപിതാക്കന്മാരുടെ ഒരു ഗാലക്‌സിതന്നെ ഈ മേഖലയിലുണ്ട്. ഒരിജന്‍, അപ്രേം, ഗ്രിഗറി നസിയാന്‍സണ്‍, സിറിലോണിയ, അംബ്രോസ്, ജോണ്‍ ക്രിസോസ്‌തോം, ജറോം തുടങ്ങിയവര്‍.

പ്രാദേശികപാരമ്പര്യങ്ങള്‍കൊണ്ട് അരക്കിട്ടുറപ്പിച്ച ഒരു പാരമ്പര്യമാണ് തോമ്മായുടെ ഭാരതപ്രേഷിതത്വവും രക്തസാക്ഷിത്വവും. ഏഴരപ്പള്ളികളും, തോമ്മായുടെ രക്തസാക്ഷിത്വവും കബറിടവും, നാടന്‍പാട്ടുകളിലൂടെയും കലാരൂപങ്ങളിലൂടെയും ഭാരതീയര്‍ ജാതിമത ഭേദമെന്യേ വളര്‍ത്തിയെടുത്തു. മാര്‍ഗംകളിപ്പാട്ട്, (നൃത്തകലാരൂപം), റമ്പാന്‍പാട്ട് (തോമ്മാപര്‍വം) വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്)

തുടങ്ങിയ കഥാഗാനങ്ങള്‍ ക്രിസ്ത്യന്‍ഭവനങ്ങളിലെ ആഘോഷാവസരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അറമായഭാഷ വശമുണ്ടായിരുന്ന യഹൂദരുടെ സാന്നിധ്യം തോമ്മായുടെ ഭാരതപ്രവേശനവും സുവിശേഷപ്രസംഗവും എളുപ്പമുള്ളതാക്കി. അറമായ സുറിയാനിഭാഷ ഭാരതനസ്രാണികളുടെ ദൈവാരാധനാഭാഷയാണ്.

തോമ്മായുടെ കബറിടം സന്ദര്‍ശിച്ചവരുടെ നിരവധിയായ സാക്ഷ്യങ്ങള്‍ നമുക്ക് അറിവുള്ളതാണ്. ഏറ്റവും വലിയ സാക്ഷ്യം നസ്രാണികളായ നമ്മള്‍തന്നെയും നമ്മുടെ അതിസമ്പന്നമായ ആരാധനക്രമങ്ങളും കുടുംബാചാരാനുഷ്ഠാനങ്ങളുമാണ്. മാര്‍ത്തോമ്മാമാര്‍ഗ്ഗവും, മാര്‍ത്തോമ്മാസ്ലീവായും പെസഹാഭക്ഷണവും ഈ പാരമ്പര്യത്തിന്റെ ‘ജീവിക്കുന്ന കല്ലുകളാണ്’.

ഭാരതത്തില്‍ സജീവമായ ഒരു തോമ്മാരാജ്യമുണ്ട്. തോമ്മാ ആദ്യം ‘സില്‍ക്കുവഴി’യിലൂടെയോ, ‘മണ്‍സൂണ്‍ വഴി’യിലൂടെയോ, ഉത്തരേന്ത്യയിലെ ഗുജറാത്തുതീരത്തുള്ള ബറൂച്ചി തുറമുഖത്തും, പിന്നീട് കടല്‍മാര്‍ഗം കൊടുങ്ങല്ലൂരും എത്തി. ഒരു ശ്ലീഹായുടെ പേരില്‍ അറിയപ്പെടുന്ന ഏകസഭയാണ് നമ്മുടേത്. നമ്മുടെ പ്രസംഗപീഠവും പ്രസംഗവിഷയവും സഭയുടെ സിംഹാസനവും തോമ്മായും ദുക്‌റാനയുമാണ്.

*മാറിനടക്കാന്‍ മനസ്സും ധൈര്യവും കാണിച്ച ശ്ലീഹാ*

തോമ്മായുടെ ദുക്‌റാന രക്തസാക്ഷിത്വത്തിന്റെ അസാധാരണമായ ഒരു ആത്മീയവഴിയിലേക്കു നമ്മെ എത്തിക്കുന്നുണ്ട്. എല്ലാ അവസരങ്ങളിലും തനിമയുള്ള നിലപാടുകളും അതിലൂടെ വേറിട്ട ഒരു വ്യക്തിത്വവും മിശിഹാനുഭവവും സ്വന്തമാക്കി. ഒരു കൂട്ടര്‍ ഈശോയെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു കേട്ടപ്പോള്‍ തോമ്മായ്ക്കു മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ, നമുക്കും അവനോടുകൂടെ പോയി മരിക്കാം (യോഹ:16:16) എന്ന്. തോമ്മായ്ക്കു സ്വന്തമായ ചിന്തകള്‍ ഏറെയുണ്ടായിരുന്നു. പുതിയ നിലപാടുകളുടെ ഒരു വിത്തു പാകുന്നവനായിരുന്നു, ഒരു സ്റ്റാര്‍ട്ടര്‍ ആയിരുന്നു തോമ്മാ. കാര്യപ്രാപ്തിയും ത്യാജ്യഗ്രാഹ്യശേഷിയും കൈമുതലായുണ്ടായിരുന്നു. സ്വതന്ത്രചിന്തകളുടെ തലത്തില്‍ ആവശ്യമായ മൂലധനം ഉണ്ടായിരുന്നു. നമ്മുടെ മാനുഷികതയോട് ഏറ്റവും അടുത്തവന്‍. വഴി ഞങ്ങള്‍ക്ക് അറിയില്ല എന്നു പറയുന്നതിലും അവനോടുകൂടെ പോയി മരിക്കാം എന്നു പറയുന്നതിലും ഒരു ലാളിത്യവും ഒപ്പം, മറ്റാര്‍ക്കും പറയാന്‍ പറ്റാത്ത വിധത്തിലുള്ള അവധാനതയും ചേര്‍ത്തുവയ്ക്കുന്നു.

നമുക്കും പോയി മരിക്കാം. ശ്ലീഹാ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ പോകുന്നവന്‍, അയയ്ക്കപ്പെട്ടവന്‍ എന്നാണ് (apostellos). മിശിഹാ നഷ്ടപ്പെടുന്നത് തോമ്മായ്ക്കു സഹിക്കാനാകുന്നില്ല. അവനില്ലാതെ, അവനെക്കൂടാതെ ജീവിക്കുന്നതിനെക്കാള്‍ മെച്ചം അവനോടുകൂടെ പോയി മരിക്കുന്നതാണ് എന്ന വലിയ ആത്മീയസത്യം നമ്മെ പഠിപ്പിക്കുകയാണ് (to die with him, rather than to live without him). തോമ്മാ ഈശോയെക്കൂടാതെ ജീവിക്കാന്‍ ആഗ്രഹിച്ചേയില്ല. ഈശോയുടെ വഴിയല്ലാതെ മറ്റൊരു വഴിയും തോമ്മായ്ക്ക് അറിയില്ല. തോമ്മാ ആത്മനാ രക്തസാക്ഷിത്വം വരിച്ചുകഴിഞ്ഞു. രക്തസാക്ഷിത്വത്തിന്റെ അസാധാരണമായ ആത്മീയവഴിയാണ് തോമ്മാ നമുക്കായി കാട്ടിത്തരുന്നത്. ഈ ഒരു തിരുവചനം വാല്യങ്ങള്‍ നമ്മോടു സംസാരിക്കുന്നുണ്ട്. ഈശോയെ മറ്റാരെയുംകാള്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണ് തോമ്മാ കൂടെ മരിക്കാന്‍ തയ്യാറാകുന്നത്. നമുക്കും എന്നു പറഞ്ഞു മറ്റു ശിഷ്യന്മാരെയും പ്രേരിപ്പിക്കുകയാണ്. പന്ത്രണ്ടു ശ്ലീഹന്മാരുടെയും ആത്യന്തികമായ ദൗത്യം ഈശോയ്ക്കുവേണ്ടി മരിക്കുകയാണ് എന്നു പഠിപ്പിക്കുന്നു. തോമ്മായുടെ ഈ ചൈതന്യം ജീവിക്കുന്നതാണ് രക്തസാക്ഷിത്വം. തോമ്മാ എന്ന പേരുതന്നെ ഇരട്ടപിറന്നവന്‍ എന്നാണല്ലോ. തോമ്മായ്ക്ക് മറ്റൊരു സഹോദരനോ സഹോദരിയോകൂടി ഉണ്ട് എന്ന അര്‍ത്ഥത്തിലായിരിക്കുകയില്ല ഈ പരാമര്‍ശം. ഈശോയോടുള്ള സാധര്‍മ്യംകൊണ്ട് മറ്റു ശിഷ്യന്മാര്‍ തോമ്മായ്ക്കു കൊടുത്ത പേരായിരുന്നിരിക്കണം ഇരട്ടപിറന്നവന്‍ എന്നത്. അവര്‍ക്കു തോമ്മായുടെ മുഖത്തു നോക്കുമ്പോള്‍ ഗുരുവിന്റെ മുഖത്തു നോക്കുന്നതുപോലെതന്നെ തോന്നിയിരുന്നിരിക്കും. യോഹന്നാന്റെ സുവിശേഷത്തിലെ വത്സലശിഷ്യന്‍ തോമ്മായാണെന്നു പറയുന്ന പണ്ഡിതന്മാരുണ്ട്. ഇവിടെ മറ്റു ശ്ലീഹന്മാരെ പഠിപ്പിക്കുന്ന തോമ്മായെയാണ് നാം കാണുന്നത്. തോമ്മാ ഒരു പ്രവാചകനെപ്പോലെ സംസാരിക്കുകയാണ്. അനശ്വരതയുടെ മൊഴികളാണ് തോമ്മായില്‍നിന്നു നിര്‍ഗളിച്ചത്: ”കര്‍ത്താവേ, അങ്ങ് എവിടേക്കുപോകുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പിന്നെ എങ്ങനെ വഴി അറിയും?” (യോഹ. 14:5). പ്രവാചകധീരതയോടുകൂടിയ ഇടപെടലാണിത്. അതിന് ഈശോ നല്കുന്ന മറുപടി സ്വര്‍ഗം തുറക്കാന്‍ ശക്തിയുള്ളതാണ്: വഴിയും സത്യവും ജീവനും ഞാനാകുന്നു. നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്നു പറയുന്നിടത്ത് മഹത്തായ കൂട്ടുത്തരവാദിത്വത്തിന്റെ പാഠം പ്രബോധിപ്പിക്കുകയാണ്. വളരെ വിദൂരമായ ഇന്ത്യയില്‍ എത്തി രക്തസാക്ഷിത്വം വരിക്കുന്നതിനു മുമ്പുതന്നെ ആത്മനാ രക്തസാക്ഷിയായി. മിശിഹായുടെ ശിഷ്യരില്‍ മൂന്നുപേരുടെ കബറുകളോടു ചേര്‍ന്നുമാത്രമേ വലിയ മോസുലേയം അല്ലെങ്കില്‍ ബസിലിക്കാകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. റോമില്‍ പത്രോസിന്റേത്, സാന്റിയാഗോയില്‍ മാര്‍ യാക്കോബിന്റേത്, ഭാരതത്തില്‍ മൈലാപ്പൂരില്‍ തോമ്മായുടേത് – സാന്തോം കത്തീഡ്രല്‍.

*തോമ്മായുടെ സംശയം വലുതായതുകൊണ്ടല്ല, ദുഃഖം വലുതായിരുന്നതുകൊണ്ടാണ്*

ഉത്ഥിതനെ കാണാനും തൊടാനും വാശിപിടിച്ചത് സംശയം ഏറിയതുകൊണ്ടല്ല. ഗുരുവില്ലാതെ ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നുപറഞ്ഞ തോമ്മായുടെ മനസ്സാണ് ഇവിടെയും നമ്മള്‍ കാണേണ്ടത്. ഈശോയോട് ഇഷ്ടം കൂടിയിരുന്ന തോമ്മായ്ക്ക് ഈശോയുടെ അസാന്നിധ്യം സഹിക്കാനായില്ല. തോമ്മായുടെ ദുഃഖം മറ്റ് ഏതു ശിഷ്യന്റേതിനെയുംകാള്‍ വലുതായിരുന്നു. കാരണം, മറ്റാര്‍ക്കും പറ്റാത്ത രീതിയില്‍ തോമ്മാ ഈശോയെ അനുഗമിച്ചിരുന്നു. മറ്റുള്ളവര്‍ പേടിച്ചു വാതിലടച്ചിരുന്നപ്പോള്‍ തോമ്മാ വാതില്‍ തുറന്നു പുറത്തുപോയി കര്‍ത്താവിന് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുകയായിരുന്നു. പാശ്ചാത്യര്‍ക്ക് തോമ്മാ ‘സംശയിക്കുന്നവന്‍’ ആകുമ്പോള്‍ നമുക്കു തോമ്മാ ആഴമായ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉടമയാണ്. ”അവന്റെ കൈകളില്‍ ആണിയുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” (യോഹ 20:25). ഇതിനുമുമ്പു കണ്ട രണ്ടു തിരുവചനങ്ങളിലും ‘നമുക്ക്’ എന്നു പറഞ്ഞിരുന്ന തോമ്മാ ഇവിടെ യുക്തിഭദ്രമായ ദാര്‍ശനികതയോടെ ‘ഞാന്‍, എന്റെ’ എന്നാണു പറയുന്നത്. ഇതും വേറിട്ട, തനിമയുള്ള തോമ്മായിലേക്കുള്ള സൂചനയാണ്. തോമ്മാസംസ്‌കാരം ഒരു അനുഭവസംസ്‌കാരമാണ്. തോമ്മാമാര്‍ഗം ഈ അനുഭവമാണ്.

*ഈശോയുടെയും തോമ്മായുടെയും പാര്‍ശ്വത്തിലെ മുറിവ്*

തോമ്മാ ഈശോയിലുള്ള വിശ്വാസത്തിന്റെ പേരിലാണു രക്തസാക്ഷിയായത്. കുന്തത്താല്‍ മുറിവേറ്റ ഈശോയുടെ പാര്‍ശ്വത്തില്‍നിന്നാണ് രക്തവും ജലവും ഒഴുകിയത്. വിശുദ്ധ രഹസ്യങ്ങളിലേക്കാണ് അത് നമ്മെ എത്തിക്കുന്നത്. അവന്റെ പാര്‍ശ്വത്തിലെ മുറിപ്പാടുകള്‍ കണ്ടു സ്പര്‍ശിക്കുന്നതിനുവേണ്ടിയാണ് തോമ്മാ വാശിപിടിച്ചത്. മുറിവുകളില്‍നിന്നാണ് ആഴമായ ബോധ്യങ്ങള്‍ വരുന്നത്. കൊറോണ, ലോകം മുഴുവനിലും മുറിവുകള്‍ സമ്മാനിച്ചു. പരിണതഫലം ദൈവത്തിങ്കലേക്കു നോക്കാനും തിരിയാനുമുള്ള ആഭിമുഖ്യമാകാം. തോമ്മായ്ക്കു കിട്ടിയതും ശൂലത്താല്‍ ഒരു കുത്താണ്. ഈശോയുടെ പാര്‍ശ്വത്തിലെ spearmark – മുറിപ്പാടുകള്‍ കാണാതെ സമ്മതിക്കില്ല എന്നു നിലപാട് എടുത്ത തോമ്മായ്ക്ക്, സാമ്യത്തില്‍ ഈശോയെപ്പോലെ ഇരുന്ന തോമ്മയ്ക്ക്, ഈശോയില്ലാതെ ജീവിച്ചിരിക്കില്ല എന്നു പഠിപ്പിച്ച തോമ്മായ്ക്ക്, ഇതില്‍പ്പരം എന്തു സാമ്യമാണ് ഈശോയുമായി ഈ ലോകത്തില്‍ കിട്ടേണ്ടത്! ഈശോയില്‍ ലയിക്കാന്‍ ആഗ്രഹിച്ച തോമ്മാ അവിടുത്തെ മുറിപ്പാടുകള്‍ക്കുവേണ്ടി കേണപേക്ഷിച്ചു. ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന തിരുവചനത്തില്‍ എല്ലാമുണ്ട്. പഴയ നിയമവും പുതിയ നിയമവും ഇവിടെ ഒരുമിച്ചുചേരുന്നു. രണ്ടിനും തോമ്മാ നല്‍കുന്ന വ്യാഖ്യാനവിശകലനമാണിത്. വളരെ ആഴമായ മൗതികദൈവശാസ്ത്രമാണ് ഇവിടെ നാം കാണുന്നത്. യോഹന്നാനില്‍ മാത്രം കാണുന്ന പാരമ്പര്യത്തിന്റെ കലവറയാണ് ഈ തോമ്മാച്ചിത്രം. ഒന്നും നഷ്ടപ്പെടാതെ എല്ലാം സൂക്ഷിക്കണമെന്ന തിരുവെഴുത്ത് ഇവിടെ ഒരിക്കല്‍ക്കൂടി പൂര്‍ത്തിയാകുന്നു. മറ്റു സുവിശേഷകന്മാര്‍ക്കു കിട്ടാത്ത തോമ്മാപാരമ്പര്യം യോഹന്നാനു ലഭിച്ചു.

യുക്തിയും ഭക്തിയും ഒരുമിച്ചുചേരുന്നത് തോമ്മായുടെ മാര്‍ ഉവാലാഹിലാണ്. ഭൂതവും ഭാവിയും കൂടിക്കലരുന്നത് ഇവിടെയാണ്. വിശാലലോകത്തെ സുവിശേഷവത്കരിക്കാനും ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാനും തോമ്മായെ ഒരുക്കിയത് ഈ മുറിപ്പാടുദര്‍ശനമാണ്. ദൈവഭക്തിയില്‍, മിശിഹാനുഭവത്തില്‍ തോമ്മാ കത്തിജ്ജ്വലിക്കുന്നതാണ് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്നത്. തോമ്മാ ഉത്ഥിതനെ സ്പര്‍ശിച്ചോ എന്നതിനെക്കാള്‍ ഉത്ഥിതന്‍ തോമ്മായെ സ്പര്‍ശിച്ചു എന്നതാണു സത്യം. ഈ ജ്വാലയാല്‍ അദ്ദേഹം കിഴക്കന്‍രാജ്യങ്ങളില്‍ മിശിഹായുടെ പ്രഭ വിതറി. ഉത്ഥിതനുമായുള്ള കണ്ടുമുട്ടലില്‍ തോമ്മാ ഒരു മിസ്റ്റിക്കായി മാറി. നിറഞ്ഞുകവിയുന്ന കല്‍ഭരണിയായി തോമ്മാ മാറിക്കഴിഞ്ഞു. ദൈവികമായ ഒരു മാനുഷികതയില്‍ തോമ്മാ നിറഞ്ഞു. ശക്തിയുള്ളവന്‍ എന്നതിനെക്കാള്‍ സ്വാധീനമുള്ളവനായി. മറ്റു ശിഷ്യന്മാര്‍ വിശ്വാസികളായി മാറിയപ്പോള്‍ തോമ്മാ ദൃഢവിശ്വാസിയായി. ഈശോയുടെ തനിരൂപമായി മാറിയ ഒരു തോമ്മായെയാണ് നാം കാണുന്നത്. ഈശോ ഭാരതത്തിലിട്ട അഗ്നിയായിരുന്നു തോമ്മാ. ഇന്ന് അത് ലോകം മുഴുവനിലും കത്തിപ്പടര്‍ന്നു. മിശിഹാനുഭവത്തില്‍ പൂര്‍ണമായും നിറയപ്പെട്ട ഒരു ആത്മീയബാറ്ററിയായി മാറി, ഹൈ വോള്‍ട്ടേജില്‍ എത്തി. ദുക്‌റാന നമുക്ക് മേല്‍ത്തരം നാര്‍ദീന്‍ തൈലംനിറഞ്ഞ വെണ്‍കല്‍ഭരണി തുറക്കുന്നതുപോലെയാണ്. അതിന്റെ സുഗന്ധം സീറോ മലബാര്‍ സഭയില്‍ ആകമാനം പരന്നിട്ടുണ്ട്. തോമ്മാ ഉത്ഥിതനില്‍നിന്ന് അനന്യമായ പാഠം പഠിച്ചു. നമ്മളും പഠിക്കണം. ഈശോയില്‍നിന്നു തോമ്മാ സ്വന്തമാക്കിയ മിശിഹാനുഭവത്തിന്റെ അടയാളവും സാക്ഷ്യപത്രവുമാണ് നസ്രാണികള്‍ – ഒരു തോമ്മാരാജ്യംതന്നെ. യുക്തിയും ഭക്തിയും ബുദ്ധിയും കൂട്ടിയിണക്കി ക്കൊണ്ടു നടക്കുന്നവരാണ് നസ്രാണികള്‍. ക്രൈസ്തവദാര്‍ശനികതയുടെയും ക്രൈസ്തവ ആത്മീയതയുടെയും ഐക്കണാണ് തോമ്മാശ്ലീഹാ. ഏറ്റവും നല്ല മിഷനറിയായിരുന്നു തോമ്മാ. ഈശോയുടെയും തോമ്മായുടെയും മുറിപ്പാടുകളില്‍നിന്നു നിരന്തരം പാഠം പഠിക്കുന്നവരാകണം നമ്മള്‍.

സംഗീതവും കഥകളും ഏതൊരു സമൂഹത്തിന്റെയും ജീവസ്രോതസ്സുകളാണ്, വൃക്കകളാണ്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യാത്ത സമൂഹത്തിനു ജീവനില്ല. ക്രൈസ്തവര്‍ക്ക് ഏറെ ചരിത്രവും കഥകളും പറയാനുണ്ട്. സുറിയാനിപാരമ്പര്യം മുഴുവനും തോമ്മായെക്കുറിച്ചുള്ള ചരിത്രവും പാട്ടുകളും കലകളും കഥകളുമാണ്. ഈ തോമ്മാചരിത്രം നാം നിരന്തരം കേള്‍പ്പിച്ചുകൊണ്ടിരിക്കണം. ദുക്‌റാന നമുക്കു നമ്മുടെ ശ്ലീഹായുടെ രക്തസാക്ഷിത്വവും, സഭയുടെ ലിറ്റര്‍ജിയും, ചരിത്രവും, ആരാധനഭാഷയും കൂടുതല്‍ പഠിച്ചെടുക്കാനുള്ള അവസരമായിരിക്കണം. നമ്മുടെ സഭയുടെ വിശ്വാസപ്രഖ്യാപനദിവസംകൂടിയാണിത്. ‘ആപത്തില്‍ ആലാഹ കൂടെയുണ്ട്. താപത്തില്‍ തോമ്മായും കൂടെയുണ്ട്’ എന്ന ചൊല്ലു മറക്കാതിരിക്കാം.

എസ്. ഗുപ്തന്‍നായരുടെ ആത്മകഥയുടെ പേരാണ് മനസാസ്മരാമി. മനസ്സുകൊണ്ട് സ്മരിക്കുന്നത് എന്നര്‍ത്ഥം. ദുക്‌റാന നമ്മുടെ മനസാസ്മരാമിയാണ്. സഭയുടെ മനസ്സില്‍ നിക്ഷേപങ്ങളും ഓര്‍മകളുമായിട്ടു കിടക്കുന്നതെല്ലാം നാം ഓര്‍ത്തെടുക്കുകയാണ്. എന്നും ഓര്‍മകളുള്ള സഭയാണ് നമ്മുടേത്. മുറിവേറ്റ ഈശോയിലും തോമ്മായിലും അഭിമാനംകൊള്ളാം. നമ്മുടെ പിതാവായ തോമ്മായുടെ മാര്‍ഗത്തില്‍ നടക്കാം. തോമ്മാമാര്‍ഗംമാത്രമാണ് നമുക്ക് ഒരിക്കലും തെറ്റാത്ത വഴി.

കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️

നിങ്ങൾ വിട്ടുപോയത്