പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ കേരളത്തിൽ പുത്തരിപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. പുത്തൻ അരി സംലഭ്യമാകുന്ന വിളവെടുപ്പുകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതിനാലാണ് മാതാവിൻ്റെ ജനനത്തിരുനാളിന് ഈ പേര് കൈവന്നിട്ടുള്ളത്.

ക്രൈസ്തവർക്ക് വിളവെടുപ്പുത്സമായി ആചരിക്കാവുന്ന ദിനം കൂടിയാണിത്. നിലവിൽ ഓണമാണ് വിളവെടുപ്പുത്സവമായി കേരളീയർ പൊതുവേ ആചരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം, പേരിൽ വിളവെടുപ്പുണ്ടെങ്കിലും, പ്രയോഗത്തിൽ അത്തരമൊരു ആചരണശൈലി ഈ പെരുന്നാളിന് കൈവന്നിട്ടില്ലാത്തത്. ജർമനിയിലെ ഇടവകപ്പള്ളികളിൽ വിളവെടുപ്പുത്സവമായി മാതാവിൻ്റെ സ്വർഗാരോപണത്തിരുനാൾ (ഓഗസ്റ്റ് 15) സാഘോഷം കൊണ്ടാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഓണക്കളംപോലെ അവിടെ വിവിധതരം ഫലങ്ങളും ധാന്യങ്ങളും കൊണ്ട് അതിസുന്ദരമായ കളങ്ങൾ പള്ളികളിൽ ഉണ്ടാക്കാറുണ്ട്.

*മണ്ണിൻ്റെ വിളയായ മറിയം*

പുത്തരിപ്പെരുന്നാൾ’ എന്ന പേരിൽ ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയുടെ അതിസുന്ദരമായ ചില സൂചനകൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന് എനിക്കു തോന്നുന്നു. ”കണ്ണീരോടെ വിതയ്ക്കുന്നവൻ ആനന്ദഘോഷത്തോടെ കൊയ്യുന്നു” (സങ്കീ 126,5) എന്ന സങ്കീർത്തകവചനം ഓർമയിലെത്തുന്നു. ദൈവമാണ് വിതയ്ക്കാരൻ. ആദത്തിൻ്റെയും ഹവ്വായുടെയും കണ്ണീർമഴയത്താണ് അവിടന്ന് രക്ഷാവാഗ്ദാനം വിതച്ചത്: “നിനക്കും സ്ത്രീക്കും തമ്മിലും നിൻ്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും” (ഉത്പ 3,15). സ്ത്രീയെക്കുറിച്ചുള്ള ആ വാഗ്ദാനവിത്ത് മുളയെടുത്തത് അബ്രാഹത്തിൻ്റെ തിരഞ്ഞെടുപ്പിലൂടെയും വളർന്നു പന്തലിച്ചത് ഇസ്രായേലിലൂടെയുമാണ്. ഒടുവിൽ ആ സ്ത്രീയുടെ ജനനം സംഭവിച്ചു. വാഗ്ദാനവിതയുടെ വിളവെടുപ്പ് നടന്നത് മറിയത്തിൻ്റെ പിറവിയിലൂടെയാണ്.

മണ്ണിൻ്റെ വിളവായ മറിയത്തിലേക്കാണ് വിണ്ണിൻ്റെ വിളവായ വചനം മാംസമായത്. അങ്ങനെ മറിയത്തിൻ്റെ മകനായ യേശുക്രിസ്തു എന്ന പൂർണദൈവവും പൂർണമനുഷ്യനും പിതാവ് സ്വപ്നം കണ്ട രക്ഷയുടെ വിളവെടുപ്പു സാക്ഷാത്കരിച്ചു. പറുദീസയിൽ വിതച്ച വിത്ത് പലസ്തീനയിൽ വിള നല്കി – മണ്ണിൻ്റെ വിളവായ മറിയമായും വിണ്ണിൻ്റെ വിളവായ ക്രിസ്തുവായും. അതുകൊണ്ട് പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാൾ പുത്തരിപ്പെരുന്നാളായി ആചരിക്കുന്നതിൽ വലിയ സാംഗത്യമുണ്ട്!

ഫാ .ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്