പമ്പാമണൽപ്പുറത്തെ സുവിശേഷാഘോഷത്തിന് 128 വർഷം.അക്ഷരാർത്ഥത്തിൽ തന്നെ മാരാമൺകൺവെൻഷൻ ഒരു ആത്മീയ മഹാ സംഗമംതന്നെ. ഒരു പക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ സുവിശേഷ സമ്മേളനവും മാരാമൺകൺവെൻഷനാവാനാണ് സാദ്ധ്യത.

വചനവേദിയിൽ ഇടി മുഴക്കവും കണ്ണീർമഴയുംസൃഷ്ടിക്കാൻ കഴിയുന്ന പ്രഭാഷകരായിരുന്നുപഴയ കാലത്തെ സുവിശേഷ പ്രസംഗകർ.ദീനബന്ധു സി.എഫ്. ആൻഡ്രൂസും ബില്ലി ഗ്രഹാമും പോലെയുള്ളവർക്കൊപ്പം സുവിശേഷ ത്തിന്റെ ആഴവും അർത്ഥവും വിശ്വാസികളുടെആത്മീയ നേത്രങ്ങൾക്കു മുൻപിൽ ആകാശത്തോളമുയർത്തിക്കാണിച്ച ഡോ. മസിലാ മണിഅച്ചനെപ്പോലുള്ള സ്വദേശി പ്രഭാഷകരും മാരാമണ്ണിലെ സുവിശേഷവേദിയിൽ നക്ഷത്രതാരങ്ങളായിരുന്ന കാലമായിരുന്നത്.

താരപ്രഭാ ഷകരുടെ പ്രസംഗങ്ങൾക്കു നിമിഷ നേരം കൊണ്ടു പദാനുപദ തർജ്ജമ തീർത്ത സഭ യിലെ തന്നെ പണ്ഡിതരായ വൈദികരും മണൽപുറത്തെ പന്തലിൽ അത്ഭുതം സൃഷ്ടിച്ചിരുന്നു.അന്നും ഇന്നും കൺവെൻഷന്റെ ഒരു പ്രധാനാകർഷണം സംഗീത വേദിയെ അവിസ്മരണീയമാക്കുന്ന സുവിശേഷ സംഘത്തിന്റെ ക്വയർതന്നെ. സ്ത്രീ- പുരുഷ വ്യത്യാസമോ, ആത്മീയൻ — അത്മായൻ ഭേദമോ ഇല്ലാതെയാണ് പാട്ടു സംഘം പന്തലിൽ കർത്താവിനു സ്തുതിയുയർത്തുന്നത്.

മാരാമൺ പാട്ടുകളുടെ ശ്രുതി – താള-ലയങ്ങൾക്കു അനന്യമായ ഒരു ഭംഗിയുണ്ടെന്നുംശ്രോതാക്കൾ നന്നായിത്തന്നെ തിരിച്ചറിയുന്നു മുണ്ട്. മുത്താംപാക്കൽ കൊച്ചുകുഞ്ഞുപദേശിയുടെ ഭക്തിസാന്ദ്രമായ പാട്ടുകൾക്കു ഹൃദ്യമായ ഈണം പകരുന്നവരിൽ ഒരാളായി എന്റെ ഒരു യുവസുഹൃത്ത് ഡോ.തോമസ് പുത്തൂരിനെയും — അടുത്ത കാലത്താണ് തോമസ് സംഗീതത്തി ൽ തന്നെ ഡോക്ടറേറ്റ് നേടിയതും – അവിടെ കാണാനിട വന്നു.

പുത്തൂരിന്റെ പാട്ടുകൾ ഞാൻ ആദ്യം കേട്ടത്‌ പ്രൊഫ. ജോസ് പാറക്കടവിൽ സാറുമൊപ്പം കോഴഞ്ചേരിയിലെ കീഴുകര പള്ളിയിൽ റവ. ജോർജ് വെള്ളാപ്പള്ളിയച്ചന്റെ പൗരോഹിത്യ ജൂബിലി വേദിയിലാണ്. പുത്തൂരി ന്റെ സംഗീതത്തിനു ഭാവിയുണ്ടെന്നു ഞങ്ങൾ അന്നേ മനസ്സിൽ കുറിച്ചിരുന്നതുമാണ് !

അമ്മ വഴിയുള്ള മാർത്തോമ്മാ – ഓർത്തഡോ ക്സ് ബന്ധമാവണം മാരാമണ്ണുമായുള്ള എന്റെആത്മബന്ധത്തിന്റെ അടിസ്ഥാനം. 1978 ലാണ്അഭിവന്ദ്യ ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം ആദ്യ മായി മാരാമൺ കൺവെൻഷനിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞുള്ള മദ്യവർജനസമ്മേളനത്തിൽ –ഞാൻ അന്നു കേരള മദ്യനിരോധന കൗൺസിലിന്റെ ജനറൽ സെക്രട്ടറിയും അന്നത്തെ സംയു ക്തക്രൈസ്തവ മദ്യവർജന സമിതിയുടെ ജനറൽ കൺവീനറുമായിരുന്നു. ഡോ. ജോസ് പാറക്കടവിൽ സാർ കൺവീനറും — പ്രസംഗി ക്കുന്നത്. അതൊരു വലിയ അനുഭവവും അനു ഗ്രഹവും ആ പ്രായത്തിൽ — മുപ്പത്തിയഞ്ചാം വയസ്സിൽ — ഒരു ബഹുമതിയുമായി എന്നതും ഞാൻ നന്ദിയോടെ ഓർമ്മിക്കുന്നു. അലക്സാണ്ഡർ മാർത്തോമ്മാ തിരുമേനിക്കു പ്രണാമം.

അന്നു മുതൽ പിന്നീട് ഇന്നുവരെ വലിയ മുടക്ക മില്ലാതെ എല്ലാവർഷവും ഏതെങ്കിലും ഒരു ദിവസത്തെ സുവിശേഷയോഗം വന്നു കേൾക്കാറുണ്ട്. പിന്നീടും മൂന്നു തവണ – ഒരു തവണ യുവവേദിയിലും രണ്ടു തവണ സാമൂഹിക തിന്മകൾക്കെതിരായ ബുധനാഴ്ച്ച യോഗങ്ങളിലും – പ്രസംഗിക്കുവാനുമവസരമുണ്ടായി. രണ്ടു വേദികളിൽ മാർ ക്രിസോസ്തം തീരുമേനിയും ഒരു പ്രാവശ്യം ഡോ. ജോസഫ് മാർത്തോമ്മാ തിരുമേനിയുമായിരുന്നു അധ്യക്ഷരായത്. അപ്പോഴൊക്കെ വലിയ മെത്രാപ്പോലീത്താ സ്നേഹവും നർമ്മവും കൊണ്ടും ജോസഫ് മാർത്തോമ്മാ തിരുമേനി വാത്സല്യത്തോടെയും ചേർത്തുപിടിച്ചു . ഇപ്രാവശ്യവും ബുധനാഴ്ച സമ്മേളനത്തിലെ പ്രസംഗങ്ങൾ കേൾക്കണമെന്നായിരുന്നു ആദ്യമുദ്ദേശിച്ചത്. പക്ഷേ ഒരുമലബാർ യാത്രയുടെ ഫലമായി വന്ന ശബ്ദപ്രയാസം യാത്ര തടഞ്ഞു : എന്നാൽ പിന്നെഡോ. തരൂരിന്റെ യുവജനവേദി പ്രസംഗമാവട്ടെഎന്നു കരുതി. ഇപ്പോൾ കേരളത്തിൽ കാലം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ബദലും താരവും ഡോ. ശശി തരൂരാണന്നാണല്ലോ മാധ്യമങ്ങളുംഭൂരിപക്ഷ-ന്യൂനപക്ഷവ്യത്യാസമില്ലാതെ പ്രബലസമുദായങ്ങളും സഭാവ്യത്യാസമില്ലാതെ മത മേലധ്യക്ഷന്മാരും മുൻ വിധികളില്ലാത്ത നിരീക്ഷ കരുമൊക്കെ മൗനമായും വ്യംഗ്യമായും വ്യക്ത മായും സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപ്പോഴാണ് തിരുവല്ലയിൽനിന്നും എന്റെ ദീർഘ കാല യുവമിത്രം ശ്രീ ലിനോജ് ചാക്കോ — ലിനോജ് ഇപ്പോൾ ഡോ.ബിജു . പി. തോമസ് അച്ചൻ ചീഫ് എഡിറ്ററായ ഗ്ലോറിയാ ന്യൂസിന്റെ എഡിറ്ററുമാണ് , വൈ.എം.സി. ഏ.യുടെ റീജിയണൽ ചെയർമാനുമാണ് — എന്നെ വിളിച്ചു രണ്ടുദിവസമായി മാരാമണ്ണിൽ പൊടി വളരെ കൂടുതലാണെന്നും ഞായറാഴ്ത്തേക്കാക്കുമെങ്കിൽപൊടിയും തിരക്കും കുറയാൻ സാധ്യതയുണ്ടെന്നും പറഞ്ഞത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി മാരാമൺ കൺവെൻഷനു പോകുമ്പോ ഴൊക്കെ ലിനോജാണ് ആദ്യന്തം എനിക്കു കൂട്ടുംസഹായിയും. ഒപ്പം കരുതലും കാവലും . അങ്ങിനെയാണ് ഈ വർഷം ഞാൻ സമാപന ദിന സന്ദർശകനായത്. Blessing in disguise എന്നഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിന്റെ അക്ഷരാർത്ഥംഇന്നലെയാണ് കൃത്യമായി മനസ്സിലായത്. പ്രസംഗവശാൽ ഇന്ന് സഫ്രഗൻ മെത്രാപ്പോ ലീത്താമാരുടെ ദിവസമായിരുന്നു. രാവിലെഡൽഹിയിലെ ഡോ.യൂയാക്കിം മാർ കൂറിലോസ്തിരുമേനിയും ഉച്ചകഴിഞ്ഞ് തിരുവനന്തപുര ത്തെ ഡോ. ജോസഫ് മാർ ബർണാബാസ് തിരുമേനിയും. ബർണബാസ് തിരുമേനി ഇപ്പോൾ സുവിശേഷ സംഘത്തിന്റെ പ്രസിഡന്റുമാണ്. സമാപന സന്ദേശം ഡോ. തിയോഡോഷ്യസ് മെത്രാപ്പോലീത്തയും. പോരെങ്കിൽ മെത്രാപ്പോലീത്തയുടെ 74ാം ജന്മദിനവും !!

മാരാമണ്ണിലെത്തുമ്പോഴേക്കും രാവിലത്തെസമ്മേളനം ഏതാണ്ടു കഴിഞ്ഞിരുന്നു. വഴിയിലെതിരക്കും ട്രാഫിക്കും. കേൾക്കാൻ കഴിഞ്ഞില്ലെ ങ്കിലും അഭി. കൂറിലോസ് തിരുമേനിയുടെ പ്രസംഗത്തെക്കുറിച്ചു പലരും പ്രശംസ പറഞ്ഞതു ഞാനും ശ്രദ്ധിച്ചു. അപ്പോൾ3 വർഷം മുൻപ് കൊട്ടാരക്കര കൺവെൻഷ നിൽ തിരുമേനിയെക്കുറിച്ചുള്ള ഒരു പുസ് കത്തിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് പരിശുദ്ധ മാർത്തോമ്മാപൗലോസ് ദ്വിതീയൻ കാതോ ലിക്കാബാവാ പുസ്തകത്തിന്റെ ആദ്യ പ്രതി എനിക്കു നൽകിക്കൊണ്ടു പറഞ്ഞത് ഞാനോ ർത്തു. “സാറേ, ഞങ്ങൾ രണ്ടുപേരും വടക്കു കുന്നംകുളംകാരാണ്. ഞങ്ങൾക്ക് നയതന്ത്ര ങ്ങളൊന്നും അറിഞ്ഞുകൂട.മനസ്സിലുള്ളത് ഞങ്ങൾ നേരേ പറയും. മധുരവും കാണും. ചിലപ്പോൾ കയ്പ്പും കാണും. അതിന്റെ ഗുണവുമുണ്ട്. ദോഷവുമുണ്ട്. ” എന്നായിരുന്നുഅന്നു ബാവാ തിരുമേനിയുടെ വാക്കുകൾ.

റിട്രീറ്റ് സെന്ററിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ തന്നെ ഉച്ചഭക്ഷണവും തിരുമേനിയുടെ മുറിയോടു ചേർന്ന ഒരു ഗസ്റ്റ് റൂമിൽ വിശ്രമവും. തിരുമേനിയുമായുള്ള സൗഹൃദത്തിനു കാൽ നൂറ്റാണ്ടിന്റെ പഴക്ക മുണ്ട്. 1998 ൽ ഞാൻ കേരള സർവ്വകലാശാലാ പ്രോ-വൈസ് ചാൻസലറായി ചെല്ലുമ്പോ ൾ തിയോഡോഷ്യസ്‌ തിരുമേനി തിരുവനന്ത പുരത്ത് ഭദ്രാസന ബിഷപ്പാണ്. അന്നത്തെ സൗഹൃദ ത്തിനു ഇന്നും മാറ്റമില്ല. കഴിഞ്ഞ വർഷം അനുവും ഞാനും വിവാഹത്തിന്റെ 50 വർഷമെത്തിയപ്പോൾ തിരുമേനി തിരുവല്ലയിൽ നിന്നും കൈനിറയെ സമ്മാനങ്ങളുമായാണ് പാലായിൽ ഞങ്ങളെ അനുഗ്രഹിക്കാനെ ത്തിയത്. പോരാത്തതിനു മനോഹരമായ ഒരുപൊന്നാടയും !! പക്ഷേ ജന്മദിനത്തിൽ കേക്കാ ണല്ലോ കീഴ്‌വഴക്കം. തിരുമേനി ചിരിച്ചു. കേക്ക് സ്വീകരിച്ചു കൊണ്ടു ടീച്ചറിന്റെകാര്യം പ്രത്യേകം അന്വേഷിക്കുകയും ചെയ്തു.

സമാപനസമ്മേളനം രണ്ടരമണിക്കേയുള്ളു.

ഇതിനിടെ അഭിവന്ദ്യ ഡോ. പീലിക്സിനോസ് തിരുമേനിയെയും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ സാറിനെയും ഡോ. ഏബ്രഹാം മാർ പൗലോസ് തിരുമേനിയെയും ജസ്റ്റീസ് ബഞ്ചമിൻ കോശി, മുൻമന്ത്രിമാരും എം.എൽ.എ. മാരുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മാത്യു . ടി. തോമസ് തുടങ്ങിയവരേയും റിട്രീറ്റു സെന്ററിൽ കണ്ടുമുട്ടി. എല്ലാവരോടും സൗഹൃദം പുതുക്കി പന്തലിലേക്ക് പോകാൻ വേണ്ടി പാലത്തിൽ എത്തുമ്പോൾ അതാ ലിനോജു കുടയുമായി കാത്തു നിൽക്കുന്നു.

മണൽപ്പുറത്ത് നല്ല ചൂടും വെയിലും. എന്തൊരുകരുതലാണ് ലിനോജിന്. ഞങ്ങൾ ഒപ്പം നടന്നു.പന്തലിലും കുറച്ച് പൊടിയൊക്കെയുണ്ടാകാ മെന്നു ലിതോജിന്റെ മുന്നറിയിപ്പും !

പന്തലിൽ ചെന്നപ്പോൾ തൊട്ടടുത്ത സീറ്റിൽ റാന്നി മുൻ എം.എൽ.എ. രാജു ഏബ്രഹാം. കുറച്ചു കാലം കൂടി കാണുന്നതാണ്. ഞാൻകോട്ടയത്ത് സർവ്വകലാശാലയിലായിരി ക്കുമ്പോൾ മുതൽ അടുപ്പമുണ്ടായിരുന്നു. വീണ്ടും കണ്ടത്‌ സന്തോഷമായി. കുന്നംകുളംകാരേക്കുറിച്ച് ബാവാ തിരുമേനി പറഞ്ഞത് റാന്നിക്കും ബാധകമാകുമോ എന്നു സംശയം വരുന്നത് രാജുവിനെക്കാണുമ്പോ ഴാണ്. ബാവാ പറഞ്ഞ നേർപ്രകൃതി തന്നെ. സൗഹൃദങ്ങളിൽ തന്ത്രങ്ങളുമില്ല. ഞങ്ങളുടെ ചർച്ച തരൂരിനെക്കുറിച്ചായി. പാർലമെന്റിലേക്ക്പോകാൻ ഡോ. തരൂരിന് കേരളത്തിൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം കോട്ടയമാണെന്ന എന്റെ വാദം ഞാൻ രാജുവിനോടും രഹസ്യമായി ആവർത്തിച്ചു. ഇത്രയും പൊളിറ്റിക്കലിസെക്യൂലറായ – മതേതര മനസ്സുള്ള — മറ്റൊരു മണ്ഡലവുമില്ലെന്നും എല്ലാ സഭകളും പ്രബല സമുദായവും പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഇപ്പോൾ തന്നെ തരൂരിനു കൈ കൊടുത്ത മട്ടാണെന്ന എന്റെ രാഷ്ട്രീയ നിരീക്ഷണവും രാജു തള്ളിയില്ല. മിക്കപാർട്ടികളിലേയും “അണികൾ “അടുത്തതവണ മത്സരിക്കുന്ന സ്ഥാനാർത്ഥികളെനോക്കി ” മന:സാക്ഷി “വോട്ടുചെയ്താൽ എല്ലാ മുന്നണികൾക്കും വോട്ടു നഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പ് പറയുന്നത് രാജുവിലും “ഒരു ഭാവി സ്ഥാനാർത്ഥി സാദ്ധ്യത ” (പത്തനംതിട്ടയിൽ ) കാണുന്നതു കൊണ്ടാണെന്നു ഞാൻ പറഞ്ഞതോടെ നേർ ബുദ്ധിയായ എന്റെ യുവ ഇടതുപക്ഷ സുഹൃത്ത് കാര്യം മനസ്സിലായ മട്ടിൽ എന്റെ കയ്യിൽ പിടിച്ചു പൊട്ടിച്ചിരിച്ചു. അപ്പോഴേക്കും വേദിയിൽ ക്വയർ ആദ്യ പാട്ടു തുടങ്ങിയിരുന്നു.!

അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്തിരുമേനിയുടെ അധ്യക്ഷ പ്രസംഗം വേദപുസ്ത കത്തിന്റെ ആത്മാവിൽ തൊടുന്നതായിരുന്നു.ശ്രോതാക്കളുടെ മനസ്സിലും തിരുമേനി ആത്മീയപ്രകമ്പനങ്ങളുണ്ടാക്കി. വേദപുസ്തകം വായിക്കുവാൻ മാത്രമുള്ളതല്ലെന്നും ജീവിക്കുവാനുള്ളതാണെന്നും ഒരു യഥാർത്ഥ ആത്മീയന്റെഉൾക്കാഴ്ച്ചയോടെ പദാനുപദം പ്രമാണങ്ങൾ പറഞ്ഞു തിരുമേനി സ്ഥാപിക്കുകയും ചെയ്തു.കന്യകാമറിയത്തിന്റെ പ്രാർത്ഥനാ ഗീതം ഇടയ് ക്കിടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പറഞ്ഞും പാടിയും തിരുമേനി തന്റെ പ്രഭാഷണത്തെ അവിസ്മരണീയമാക്കി.

സമയ പരിമിതി കൂടി കണക്കിലെടുത്തു കൊണ്ടാവണമെന്നു തോന്നുന്നു അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി വാക്കുകൾ ചുരുക്കി. മാരാമൺ കൺവെൻഷൻ ഇവിടെ തീരുകയല്ലെന്നും മറിച്ചു അതിവിടെ മറ്റൊരർത്ഥത്തിൽ ആരംഭിക്കുന്നതേയുള്ളുവെന്നും ഇവിടെ കേട്ടതും അറിഞ്ഞതും നമ്മുടെ ജീവിതത്തിലും സ്വഭാവത്തിലും പെരുമാറ്റ ത്തിലും നിലപാടുകളിലും വിശുദ്ധ സുവിശേഷ ത്തിന്റെ വെളിച്ചത്തിൽ മാറ്റമുണ്ടാക്കുമ്പോൾ മാത്രമാണ് നാം ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം മാരാമണ്ണിലെ സുവിശേ ഷയോഗത്തിനു അർത്ഥമുണ്ടാകുന്നതെന്നുംമെത്രാപ്പോലീത്താ സർവ്വരെയും ശാന്തമെങ്കിലുംദൃഢമായ സ്വരത്തിൽ ഓർമ്മിപ്പിക്കുകയുംചെയ്തു. മെത്രാപ്പോലീത്തായുടെ സമാപനാശീർവാദത്തോടെ മാരാമൺ – 2023 ന് 5 മണിയോടെ തിരശ്ശീല വീണു. അഡ്വ. ശശി ഫിലിപ്പും (നവഭാരതവേദിക്കാലത്ത് വേദിയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു ശശി) അഡ്വ.വർഗീസ് മാമ്മനും ( അദ്ദേഹത്തിന്റെ പിതാവ് റവ. പി.ഡി. മാമ്മനച്ചൻ പ്രശസ്ത നായിരുന്ന പുഞ്ചമണ്ണിൽ ദാനിയേൽ ഉപദേശിയുടെ മകനും ഞങ്ങളുടെ മദ്യവർജന പ്രവർത്തന കാലത്ത് പ്രസ്ഥാനത്തിന്റെ ഉപാദ്ധ്യക്ഷൻമാരിലൊരാളുമായിരുന്നു. ഗാന്ധി ഭക്തനും ദേശീയവാദിയുമായിരുന്നു അച്ചൻ )എന്റെ ഇടംവലം നിന്നു തന്നെ എന്നെ പന്തലിലെ തിരക്കിനിടയിൽ നിന്നും പുറത്തെത്തിച്ചു. പുറത്ത് ലിനോജ് പതിവ് ചിരിയോടെ കാത്തുനിന്നിരുന്നു. കാറിനടുത്തു വരെ ലിനോജ് വീണ്ടും എനിക്കൊപ്പം കാവലും കരുതലുമായി നടന്നു. ആത്മ സൗഹൃദത്തിന്റെആൾരൂപം!

നന്ദിയാരോടു ചൊല്ലേണ്ടു ഞാൻ ………….

.ഡോ. സിറിയക് തോമസ് .

നിങ്ങൾ വിട്ടുപോയത്