ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ഭാരതക്രൈസ്തവ ചരിത്രത്തില്‍ പതിഞ്ഞിരിക്കുന്ന തോമാസ്ലീഹായുടെ കാലടികളെ മായ്ച്ചുകളയാനും അതിലൂടെ ക്രൈസ്തവസഭയുടെ ചരിത്രത്തെയും പൗരാണിക അസ്തിത്വത്തെയും നിഷേധിക്കാനും സംഘടിതമായി പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവസഭയുടെ ചരിത്രപരത കണ്ട് അപകര്‍ഷതാബോധം തോന്നുന്ന പലരും തോമാസാന്നിധ്യത്തെ നിഷേധിക്കാന്‍ ഇന്നും പലനിലയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍ ഭാരതത്തിലെ തോമാനസറാണികൾ പ്രസ്തുത നീക്കങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് തോമായുടെ ജ്വലിക്കുന്ന വിശ്വാസത്തേയും ഭാരതസുവിശേഷീകരണത്തിന് തുടക്കമിട്ട ശ്രേഷ്ഠ അപ്പൊസ്തൊലന്‍റെ ജീവിത സാക്ഷ്യത്തേയും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.

തോമാസ്ലീഹായുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രം കൈയൊപ്പുചാര്‍ത്തിയ തിരുശ്ശേഷിപ്പാണ് ഭാരതത്തില്‍ ഇന്ന് കാണപ്പെടുന്ന സെന്‍റ് തോമസ് ക്രൈസ്തവ സമൂഹം. ലോകത്തില്‍ ക്രിസ്തുശിഷ്യന്മാരുടെ പേരിലുള്ള ഒരേയൊരു ക്രൈസ്തവസമൂഹമാണ് ഭാരതത്തിലുള്ള തോമാക്രിസ്ത്യാനികള്‍. തങ്ങള്‍ തോമാസ്ളീഹായുടെ മക്കളാണെന്ന് പൗരാണികകാലം മുതലേ അഭിമാനത്തോടെ പ്രഘോഷിക്കുന്ന ഈ ക്രൈസ്തവ സമൂഹം തന്നെയാണ തോമാസ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവായും നിലകൊള്ളുന്നത്.

ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍നിന്നും ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി തോമസിനെയാണ് പരിശുദ്ധാത്മാവ് ഭാരതത്തിലേക്ക് നിയോഗിച്ചത്. ഇന്ത്യയില്‍ വെറും രണ്ട് പതിറ്റാണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശുശ്രൂഷാകാലമെങ്കിലും ഇതിനോടകം ഏഴോളം സഭാസമൂഹങ്ങളെ (ഏഴരപ്പള്ളികള്‍) വിവിധയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കുന്നു.

കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത കഥകളുമായി മതം സൃഷ്ടിക്കുന്നതിന് ഇറങ്ങിത്തിരിച്ച മതപ്രചാരകരായിരുന്നില്ല ക്രിസ്തുവിൻ്റെ അപ്പൊസ്തൊലന്മാര്‍. അവര്‍ “ക്രിസ്തുവിന്‍റെ മഹത്വം നേരിട്ടു കണ്ട സാക്ഷികളായിരുന്നു” (2 പത്രോസ് 1:16). സുവിശേഷത്തെ ജീവിച്ചുകാണിക്കുക എന്നതായിരുന്നു അപ്പോസ്തൊലന്മാരുടെ സുവിശേഷ പ്രവര്‍ത്തന രീതി. “ഞങ്ങളുടെ മാതൃകയനുസരിച്ച് ജീവിക്കുന്നവരെ കണ്ടുപഠിക്കുക” (ഫിലി 3:17) എന്നതായിരുന്നു അപ്പൊസ്തൊലിക കാലഘട്ടത്തിലെ ‘ബൈബിള്‍ ക്ലാസുകൾ’. ക്രിസ്തുവില്‍ ദര്‍ശിച്ച ജീവിത മാതൃകകളെ മുന്‍നിര്‍ത്തി വിശ്വാസജീവിത വഴിയില്‍ സഞ്ചരിക്കുവാന്‍ ജനങ്ങളെ ഒരുക്കുവാനായിട്ടാണ് അപ്പൊസ്തൊലന്മാര്‍ ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ചത്. “ദിനംതോറും നിന്‍റെ കുരിശെടുത്ത് എന്നേ പിന്‍ഗമിക്കുക” എന്ന ഈശോമശിഹായുടെ കല്‍പ്പനയെ പിന്‍പറ്റേണ്ടത് എപ്രകാരമാണെന്ന് അപ്പൊസ്തൊലന്മാര്‍ ജീവിച്ചു കാണിക്കുകയായിരുന്നു. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നേ അനുകരിക്കുവിന്‍” (1 കൊരി 11:1) എന്ന പ്രമാണം അപ്പൊസ്തൊലിക പാരമ്പര്യവിശ്വാസത്തിന്‍റെ ഭാഗമാണ്. ക്രിസ്തുവിലൂടെയുള്ള തന്‍റെ വിശ്വാസജീവിതയാത്ര എപ്രകാരമാണെന്ന് പൗലോസ് തന്‍റെ പിന്‍ഗാമിയായ തിമോത്തിയെ പഠിപ്പിച്ചിരുന്നു. ഈ യാത്ര എപ്രകാരമുള്ളതായിരിക്കുമെന്ന് കൊരിന്ത് സഭയെ പഠിപ്പിക്കാന്‍ തിമോത്തിയെ അയയ്ക്കുമെന്നും “ക്രിസ്തുവിലുള്ള തന്‍റെ യാത്ര” എപ്രകാരമായിരിക്കുമെന്ന് അവന്‍ നിങ്ങളെ പഠിപ്പിക്കുമെന്നും 1 കോറിന്തോസ് 4:17ല്‍ പൗലോസ് എഴുതി. തെസ്സലോനിക്യന്‍ സഭയ്ക്ക് എഴുതിയ ആദ്യ ലേഖനത്തില്‍ “നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനേയും അനുകരിക്കുന്നവരായി” (1 തെസ1:6) എന്നും പൗലോസ് ഓര്‍മ്മിക്കുന്നു.

എഴുതപ്പെട്ട സുവിശേഷഗ്രന്ഥങ്ങളോ പ്രാര്‍ത്ഥനാ പുസ്തകങ്ങളോ ഒന്നുമില്ലാതെ, ക്രിസ്തുവിനെ ജീവിച്ചു കാണിക്കുന്നതിനായിരുന്നു തോമാസ്ലീഹായും ഭാരതത്തില്‍ എത്തിച്ചേർന്നത്. ക്രിസ്തുവിന്‍റെ സ്ഥാനാപതിയായ തന്നില്‍ നിറഞ്ഞുനിന്ന ക്രിസ്ത്വാനുഭവവും ജീവിതസാക്ഷ്യവും മാത്രമായിരുന്നു അദ്ദേഹത്തിന് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. “ഞാന്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നതുപോലെ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍” എന്ന് പൗലോസ് എഴുതിയെങ്കില്‍, പൗലോസില്‍ നിറഞ്ഞുനിന്ന ഈ അപ്പൊസ്തൊലിക ബോധ്യത്തിന്‍റെ ഭാരതസാക്ഷ്യമായിരുന്നു തോമാസ്ലീഹായുടെ ജീവിതം. ദിവ്യരക്ഷകനോടൊത്തു ചെലവഴിച്ച മൂന്നരവര്‍ഷങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിനു നില്‍കിയ വിശ്വാസബോധ്യങ്ങളെ അടിസ്ഥാനമാക്കി തന്‍റെ ജീവിതംതന്നെയായിരുന്നു തോമാസ്ലീഹാ ഭാരതത്തിന് നല്‍കിയ സുവിശേഷം. തോമായുടെ ജീവിതത്തെയും വിശ്വാസത്തേയും പിന്‍പറ്റുന്നത് ക്രിസ്തുവിനെ പിന്‍പറ്റുന്നതിനു തുല്യമാണെന്ന ഉറച്ച ബോധ്യമാണ് തോമാസ്ലീഹായില്‍നിന്ന് ഭാരതക്രൈസ്തവര്‍ക്ക് ലഭിച്ച മഹത്തായ പൈതൃകം.

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു വിശ്വസിച്ചതോടെ “സംശയിക്കുന്ന തോമാ” സംശയരഹിതനായ തോമായായി. “മാര്‍ വാലാഹ്” (എന്‍റെ കര്‍ത്താവ് എന്‍റെ ദൈവം) എന്ന് തോമായിൽ നിന്നും ഉയർന്ന പ്രതികരണം പുതിയനിയമത്തിലെ അതിമഹത്തായ വിശ്വാസ പ്രഖ്യാപനമായിരുന്നു. ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ ജീവിച്ചു എന്ന മര്‍മ്മപ്രധാനവും ദുര്‍ഗ്രാഹ്യവുമായ ക്രിസ്തുവിജ്ഞാനീയ നിഗൂതകളിലേക്കു കടന്നുചെല്ലാന്‍ സഭയ്ക്ക് വഴിതുറന്ന താക്കോലായിരുന്നു തോമാസ്ലീഹായുടെ “മാര്‍ വാലാഹ്” പ്രഖ്യാപനം. ഇതിലൂടെ, ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവത്വവും മനുഷ്യത്വവും എപ്രകാരം ആ വ്യക്തിത്വത്തിൽ ചേര്‍ന്നുനില്‍ക്കുന്നുവെന്നും പരസ്പരം കൂടിച്ചേരാതെ എപ്രകാരം വ്യതിരക്തമായി നിലകൊള്ളുന്നുവെന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ഇതിലൂടെ സഭയ്ക്ക് സാധിച്ചു. വാസ്തവത്തില്‍ തോമായുടെ സംശയം സഭയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.

പൗരസ്ത്യസഭകളുടെ ദൈവശാസ്ത്രം തോമാകേന്ദ്രീകൃതമായി മാര്‍ വാലാഹ് വിശ്വാസപ്രഖ്യാപനത്തെയാണ് ചൂഴ്ന്നുനില്‍ക്കുന്നത്. ലോഗോസ് ആന്ത്രോപ്പോസ് ( Logos Anthropos or Word Human അന്ത്യോഖ്യന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും, ലോഗോസ് സാക്സ (Logs Sarx or Word Flesh അലക്സാണ്ട്രിയന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും വ്യത്യസ്ത നിലകളിൽ യേശുക്രിസ്തു എന്ന വ്യക്തിയെ തലനാരിഴകീറി പരിശോധിച്ചപ്പോഴും വാസ്തവമായി തോമാസ്ലീഹായുടെ ”മാര്‍ വാലാഹ്” പ്രഖ്യാപനത്തിൻ്റെ ആഴങ്ങളേയാണ് പണ്ഡിതലോകം പഠനവിധേയമാക്കിയത്.

പൗരസ്ത്യസുറിയാനി സഭയിലെ മഹാനായ ബാബായി രചിച്ച ഗീതങ്ങളിലൊന്നിൽ ഇപ്രകാരം കുറിച്ചു “കര്‍ത്താവേ നിന്‍റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും സംശയംകൂടാതെ ഞങ്ങള്‍ ആരാധിക്കുന്നു” (സാഗ്ദീനന്മാര്‍ ലാലാഹൂസാക്, വല്നാശൂസാക് ദ്ലാപൂലാഗാ) സീറോ മലബാര്‍ സഭയില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ആലപിക്കുന്ന ഈ ഗാനം തോമാസ്ലീഹായുടെ വിശ്വാസപ്രഖ്യാനപത്തിന്‍റെ ഏറ്റുപറച്ചിലുകൾ തന്നെയാണ്.

തോമാസ്ലീഹായുടെ ചരിത്രപരതയില്‍ സംശയിക്കുന്നവര്‍ മത്തായിയുടെ സുവിശേഷം 15:13 മനസ്സിലാക്കുന്നത് നല്ലതാണ്. “എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളെക്കെയും പിഴുതെറിയപ്പെടും” തോമാസ്ലീഹായില്‍ നിന്ന് വിശ്വാസദീപശിഖയേന്തി ഇന്ത്യയില്‍ തുടക്കംകുറിച്ച ‘തോമസ് മൂവ്മെന്‍റ്’ ഭാരതത്തിൽ വിവിധ കാലങ്ങളിൽ ഉദയം ചെയ്ത നിരവധി സാമ്രാജ്യങ്ങളെയും സാമ്രാട്ടുകളെയും യുദ്ധങ്ങളെയും വൈദേശികാധിപത്യങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയിരിക്കുന്നത്. സ്വര്‍ഗ്ഗീയ പിതാവ് നട്ട സഭാതരു ആര്‍ക്കും പിഴുതെറിയാന്‍ കഴിയാത്ത വിധം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള വംശവൃക്ഷമായി വളര്‍ന്നിരിക്കുന്നു. ബഹുശാഖിയായ ഈ സഭാതരു ഭാരതത്തിന്‍റെ പ്രകാശമാണ്. ജനതകളുടെ പ്രത്യാശയാണ്.

ബാംഗളൂര്‍ സെന്‍റ് തോമസ് ഫൊറോനാ ചര്‍ച്ച് ധര്‍മാരാം ഫൊറോനാ ചര്‍ച്ച് സുറിയാനി ഭാഷയിൽ ചിട്ടപ്പെടുത്തിയ ദുക്റാനാ ഗീതത്തിലെ പ്രാര്‍ത്ഥന ഏറ്റുചൊല്ലി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ:”സുവിശേഷവിളക്ക് ഞങ്ങളുടെ ഇരുളടഞ്ഞ മിഴികളില്‍ കൊളുത്തി ഞങ്ങളെ ജീവിപ്പിച്ചവനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാസ്ലീഹായോടൊപ്പം നിന്നെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു.

നിന്‍റെ വെളിപ്പാടിനെ അവനൊപ്പം സംശയമില്ലാതെ ഞങ്ങള്‍ പ്രഘോഷിക്കുന്നു, ഇടവിടാതെ ഞങ്ങള്‍ ഉരുവിടുന്നു;മാര്‍ വാലാഹ് മാര്‍ വാലാഹ്”

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്