കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭ അധ്യക്ഷന്റെ നിയമന പ്രതിക തലശ്ശേരി അതിരൂപത ചാൻസിലർ ഡോ. തോമസ് തെങ്ങുംപള്ളിൽ വായിച്ചു. നിയമ പ്രതിക മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്ക് കൈമാറി.

സിറോ- മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി. വിപരീത സാഹചര്യങ്ങളുടെയും സമ്മര്‍ദ്ധങ്ങളുടെയും നടുവിലാണ് ഇടയന്റെ നടപാതയെന്നും മാർ ജോസഫ് പാംപ്ലാനിയ്ക്കു ആശംസകള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾസ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേലിയായിരുന്നു മുഖ്യാതിഥി. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കരിയിൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്ഥാനാരോഹണം കണക്കിലെടുത്ത് നിരാലംബരും അശരണരുമായ 10,000 പേർക്ക് അവർ ആയിരിക്കുന്ന കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണം നൽകി.

 സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളിൽനിന്നുള്ള ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും മത സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുത്തു .

ഷെക്കെയ്ന ചാനലിലൂടെയും തലശ്ശേരി അതിരൂപതയുടെ ടെല്‍ മീ യൂട്യൂബ് ചാനലിലൂടെയും ആയിരങ്ങളാണ് തിരുകര്‍മ്മങ്ങള്‍ തത്സമയം കണ്ടത്.

തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുന്ന അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന്
പ്രാർത്ഥനാശംസകൾ
തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും വിരമിക്കുന്ന അഭിവന്ദ്യ മാർ ഞരളക്കാട്ട് പിതാവിന്
സ്നേഹാദരവ്

നിങ്ങൾ വിട്ടുപോയത്