ആലുവ: കത്തോലിക്കാ സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരസ്പരം ആദരിച്ചും ബഹുമാനിച്ചുമാണ് ശുശ്രൂഷാജീവിതം നയിക്കേണ്ടതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കൊച്ചി ബിഷപ്പും കെആർഎൽസിബിസി പ്രസിഡന്റുമായ ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെമിനാരിയുടെ പൂർവ വിദ്യാർഥിയും സിനഡൽ ക മ്മീഷൻ ചെയർമാനുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.

സി ബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കർദ്ദിനാൾ മാർ ആലഞ്ചേരിയും മാർ ജോസഫ് കരിയിലും പൊന്നാടയണിയിച്ച് ആദരിച്ചു. നവതിയോടനുബന്ധിച്ചുള്ള പുസ്തകപരമ്പര പ്രകാശനം ഇടുക്കി ബിഷപ്പും സെമി നാരി സിനഡൽ കമ്മീഷൻ അംഗവുമായ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ആദ്യ പുസ്തകം കർദ്ദിനാൾ ഏറ്റുവാങ്ങി. നവതി സമാപനത്തോടനുബന്ധിച്ച് ഈ മാസം 20 വരെ നടത്തുന്ന കലാ പ്രദർശനം സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ പാലമുട്ടിൽ ഉദ്ഘാടനം ചെയ്തു.

മാർ ആൻഡ്രൂസ് താഴത്ത്, ബെന്നി ബെഹനാൻ എംപി, കാർമൽഗിരി സെമിനാരി റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം, കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. തോമസ് മരോട്ടിക്കാപറമ്പിൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടക്കൽ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് താനമാവുങ്കൽ, നവതിയാഘോഷ ജനറൽ കൺവീനർ റവ. ഡോ. ജോൺ പോൾ പറപ്പള്ളിയത്ത്, ഡോ. ജോസ് പോൾ എന്നിവർ പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നൽകി. നവതിയോടനുബന്ധിച്ചുള്ള വൈദിക അനുയാത്രാ ശുശ്രൂഷയ്ക്ക് സെമിനാരി കമ്മീഷൻ അംഗം മാർ ടോണി നീലങ്കാവിൽ ആരംഭം കുറിച്ചു.