ഈ കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലം
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും ആണ് മലബാർ ഹൈറേഞ്ച് കുടിയേറ്റങ്ങൾ ക്ക് പ്രേരകമായ മുഖ്യ കാരണങ്ങൾ.

കുറഞ്ഞ വിലയ്ക്ക് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ലഭിക്കുമെന്നതും കുടിയേറ്റത്തെ ആകർഷിച്ച മറ്റൊരു കാരണമാണ്. ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കുടിയേറ്റത്തെ അന്നത്തെ സർക്കാർ ഭക്ഷ്യക്ഷാമം നേരിടുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ ഇന്ന് നിലവിലുള്ള പല ജില്ലകളും കേരള സംസ്ഥാന ത്തിന്റെ ഭാഗമായി നിലനിൽക്കുന്നതിനും കുടിയേറ്റം സഹായിച്ചിട്ടുണ്ട് .

1930 കളിൽ ആരംഭിച്ച മലബാർ കുടിയേറ്റം ഇന്ന് അഞ്ചാം തലമുറയിൽ എത്തി നിൽക്കുന്നു. കൃഷി ചെയ്യാൻ മണ്ണ് തേടിയുള്ള അന്നത്തെ മലബാർ യാത്ര ബൈബിളിലെ പുറപ്പാട് സംഭവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പടവെട്ടി തന്നെയായിരുന്നു പൂർവികർ ഇവിടെ നിലയുറപ്പിച്ചത്. നാട്ടിൽനിന്ന് സ്വന്തമായിരുന്നു എല്ലാം വിറ്റ് കിട്ടിയ തുക കൊടുത്ത് ഇല്ലിക്കാടുകൾ വാങ്ങുകയായിരുന്നു അവർ. മുളങ്കാടുകൾ തെളിച്ച് കപ്പയും നെല്ലും തെരുവപുല്ലും കൃഷിചെയ്തു.

ഇല്ലി കൂട്ടങ്ങൾക്ക് മുകളിൽ തീർത്ത ഏറുമാടങ്ങളിലെ അവരുടെ താമസം ഒക്കെ ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. ഇത്തരം കാടുകൾക്കകത്തും പുറത്തും കുഞ്ഞു മക്കളും ആയിട്ടുള്ള ഇവരുടെ അന്നത്തെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഓല കൊണ്ടും പുല്ലു കൊണ്ടും മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടുകൾ. പിന്നീട് ഭിത്തി മൺകട്ട യിലേക്കും വെട്ടുകല്ലിലേക്കും ഒക്കെ മാറ്റം വരുത്തി. തുടർന്ന് ഓടിട്ടതും പിന്നീട് മുൻഭാഗം മാത്രം വർത്തതും ആയ ഭാവനങ്ങൾ ഉയർന്നു. അതിനു മുൻപ് തന്നെ നാൽപ്പതും അൻപതും വീട്ടുകാർ ഒന്നിച്ച് വന്നിടുത്തു പള്ളിയും പള്ളിക്കൂടവും ഒക്കെ വൈദികരുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ടു.

ഭവനങ്ങളുടെ എണ്ണം നൂറും ഇരുന്നൂറും അഞ്ഞൂറും ആയിരവും ആയി ഉയരാൻ ഏതാനും ദശകങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. നെല്ലും തെങ്ങും കമുകും കുരുമുളകും റബ്ബറും സമൃദ്ധമായ വിളവ് നൽകിയപ്പോൾ ഇതുതന്നെയാണ് കനാൻ ദേശം എന്ന് പലരും തെറ്റിദ്ധരിച്ചു.

ജനം പെരുകി കുടിയേറ്റക്കാർ വർദ്ധിച്ചു. മലബാറുകാർ കൃഷി ചെയ്യേണ്ടത് എങ്ങനെയെന്ന് അവരിൽ നിന്ന് പഠിച്ചു. സ്കൂളുകളും ആശുപത്രികളും റോഡുകളും പൊതുഗതാഗതവും കുടിയേറ്റ ജനതകളുടെ ഇടവകകൾ സംഭാവന ചെയ്ത സ്ഥലങ്ങളിൽ പോസ്റ്റ് ഓഫീസുകളും സർക്കാർ സ്ഥാപനങ്ങളും വരെ രൂപം കൊണ്ടതോടെ തദ്ദേശീയരുടെ ജീവിതത്തിന് ഒരു പുത്തൻ സംസ്കാരം തന്നെ കൈവന്നു.

ഇടവകകൾ പെരുകിയതോടെ തലശ്ശേരി, മാനന്തവാടി,താമരശ്ശേരി, പാലക്കാട് രൂപതകളും രൂപംകൊണ്ടു. 1980കളിൽ കൂടുതൽ മണ്ണു തേടി കർണാടക യിലേക്കുള്ള കുടിയേറ്റം ആരംഭിച്ചു. ബെൽത്തങ്ങാടി ഭദ്രാവതി രൂപകൾ അതിന്റെ അനന്തരഫലമാണ്. തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയ്ക്ക് മികച്ച വില ലഭിച്ച 1970- 80 കാലയളവുകളിൽ കുടിയേറ്റ മേഖലകൾക്ക് പൊതുവേ സാമ്പത്തികഭദ്രത കൈവന്നു.

1990-കളിൽ റബറിന് മികച്ച വില ലഭിച്ചതോടെ റബർ കർഷകർക്കും സാമ്പത്തികഭദ്രത ലഭ്യമായി. ഇതിനിടയിൽ കുരുമുളകിന് ഉണ്ടായ ദ്രുതവാട്ടവും, കമുകിന് കൈ വന്ന മഞ്ഞളിപ്പ് രോഗവും തെങ്ങിന്റെ മണ്ഡരി രോഗവും കൂമ്പുചീയലും ഉൽപ്പന്നങ്ങളുടെ വിലയിടിവും അനേകം കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്കും കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളി വിട്ടു.

2000-ന് മുമ്പുണ്ടായ റബറിന്റെ വിലയിടിവ് പൊതുവേ കുടിയേറ്റക്കാരെ തകർത്തു എന്ന് വേണം പറയാൻ. 1980 മുതൽ ആരംഭിച്ച വിദേശ നേഴ്സിങ് ജോലികളാണ് ചില കുടുംബങ്ങളെയെങ്കിലും സാമ്പത്തിക തകർച്ചയിൽ നിന്ന് പിടിച്ചുനിർത്തിയത്.

ഇന്നത്തെ വെല്ലുവിളികൾ

കാർഷികവൃത്തി :-

സർക്കാർ ജോലി, വിദേശ ജോലി, വാണിജ്യം എന്നീ മേഖലകളിൽ വ്യാപരിക്കുന്ന ഒരു വളരെ ചെറിയ സമൂഹത്തിനു മാത്രമേ ഇന്ന് കുറെയെങ്കിലും സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിലത്തകർച്ച, കാട്ടുമൃഗങ്ങളുടെ ശല്യം, രോഗങ്ങൾ, കടക്കെണി എന്നിവമൂലം കൃഷി ഇന്ന് അനാദായകരമായമാണ്. റബറിന്റെ വിലയിടിവു മൂലം ടാപ്പിംഗ് നടത്താതെ കിടക്കുന്ന തോട്ടങ്ങളും കൃഷി ചെയ്ത റബ്ബർ തന്നെ ചെറുപ്രായത്തിൽ മുറിച്ചുമാറ്റിയ സ്ഥലങ്ങളും മലബാറിൽ ധാരാളം ഉണ്ട്.

കൃഷി ചെലവുകൾ താങ്ങാനാവാത്തതായി. കൃഷിഭൂമിയിൽ സ്വന്തം പണിയെടുക്കുന്നവർക്ക് മാത്രമേ എന്തെങ്കിലും വരുമാനം ഉള്ളൂ. കൃഷി ഉപജീവനം ആക്കിയ മഹാഭൂരിപക്ഷവും ജീവിക്കാൻ വേണ്ടി സ്വകാര്യ ജോലികൾ ചെയ്യുന്നവരാണ്.

അമേരിക്ക, കാനഡ യുകെ, ഓസ്ട്രേലിയ ഗൾഫ് നാടുകൾ എന്നീ രാജ്യങ്ങളിൽ ജോലിക്ക് പോയവർ ( അധികവും നഴ്സിങ്ങിന്) അയയ്ക്കുന്ന പണമാണ് അല്പം എങ്കിലും സാമ്പത്തിക രംഗത്ത് പച്ചപ്പിന് കാരണമാകുന്നത്. എന്തെങ്കിലും പണി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഏറെപ്പേരും.

സാമൂഹ്യ മേഖല :-


സാമൂഹിക രംഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പണ്ടത്തെക്കാൾ പ്രതീക്ഷയറ്റതാണ്. സമൂഹത്തിൽ ചലനം ഉണ്ടാക്കാൻ പറ്റുന്ന പ്രവർത്തനങ്ങളോ നേതാക്കളോ ഇന്നില്ല.

സോഷ്യൽ മീഡിയ അടക്കിവാഴുന്ന പുതിയ കാലഘട്ടത്തിൽ നവമായ കാൽവെപ്പുകളോ പുതിയസംരംഭങ്ങളോ ക്രൈസ്തവരുടെ ഭാഗത്തുനിന്ന് കാണുന്നില്ല. സമുദായ ഐക്യബോധത്തിന്റെ അഭാവം നിമിത്തം , നീതിക്ക് വേണ്ടി ഒരു സമ്മർദ്ദ ഗ്രൂപ്പായി നിലകൊള്ളാൻ ഈ സമുദായത്തിന് കഴിയുന്നില്ല.

സാമൂഹിക രംഗത്തെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ക്രൈസ്തവ പെൺകുട്ടികളെ കുൽസിത മാർഗങ്ങളിലൂടെ പ്രണയം എന്ന ലേബലിൽ മതത്തിൽ നിന്നും അകറ്റി മാറ്റുന്നത് . ഇത്തരത്തിൽ മതം ഉപേക്ഷിച്ച് മറ്റു വിഭാഗങ്ങളിലേക്ക് ചേക്കേറുന്ന പെൺകുട്ടികൾ സമുദായത്തിന്റെ ശക്തി ചോർത്തിക്കളയുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് ആൺകുട്ടികൾ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നു. യുവാക്കളുടെ ജോലി ഇല്ലായ്മയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും ഇതിന് ആക്കം കൂട്ടുന്നു. ഇത് സമുദായത്തെ ഒരു സാമൂഹിക ഒറ്റപ്പെടലിലേക്ക് നയിക്കുന്നു.

സാമ്പത്തികരംഗം :-


വരുമാനം കുറഞ്ഞ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ നിരവധിയാണ്. വരുമാനകുറവുകൊണ്ട് ലോണുകൾ അനേകർക്ക് ബാധ്യതയായി മാറി. പെൺകുട്ടികളുടെ വിവാഹം നടത്താനോ, നല്ലൊരു വീട് വയ്ക്കനോ ബുദ്ധിമുട്ടുന്നവർ ധാരാളമാണ്. ഭൂമിക്ക് വില ഇല്ലാത്തതുകൊണ്ട് അത് വിറ്റ് കാര്യം നടത്താനും സാധിക്കുന്നില്ല. കസ്തൂരിരംഗൻ വിഷയങ്ങളും ബഫർസോൺ വിഷയങ്ങളും ഫോറസ്റ്റ് വകുപ്പിന്റെ അതിക്രമങ്ങളും ഇതിന് ആക്കം കൂട്ടി ഇരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ പെട്ട് സമുദായത്തിലെ ബഹുഭൂരിപക്ഷവും നട്ടംതിരിയുകയാണ്.

രാഷ്ട്രീയരംഗം :-


കുടിയേറ്റ മേഖലകളിൽനിന്ന് ശക്തരായ നേതാക്കൾ ഉയർന്നു വരുന്നില്ല. രാഷ്ട്രീയരംഗത്തും കർഷക പ്രസ്ഥാനങ്ങളിലും ഈ അഭാവം വലിയ പ്രതിസന്ധിയിലേക്ക് സമൂദായത്തെ നയിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പ്രോത്സാഹനം ലഭിക്കാത്തതു കൊണ്ടും, വരുമാനം ഒന്നും ലഭിക്കാത്തതുകൊണ്ടും, അഴിമതി നടത്തുന്നതിൽ മനസ്സാക്ഷിക്കുത്ത് ഉള്ളതുകൊണ്ടുമാവാം ഈ പിന്നാക്കം പോകൽ. അംഗ ബലം കുറയുന്ന വരെ അംഗീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്തതും ഇതിനൊരു കാരണമാവാം.

ജനസംഖ്യ പ്രശ്നം :-

1970കളിൽ ഗവൺമെന്റ് ആവിഷ്കരിച്ച കുടുംബാസൂത്രണ മാർഗ്ഗങ്ങൾ അക്ഷരംപ്രതി പാലിച്ചത് കൊണ്ടാവാം ക്രൈസ്തവ ജനസംഖ്യ ക്രമാനുഗതമായി വളരാതെ പോയത്.

കുടിയേറ്റക്കാരുടെ നാലാം തലമുറയിൽപ്പെട്ട ഗണ്യമായ വിഭാഗം പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് ചേക്കേറിയതിനാൽ ഒരു ആശ്രിത സമൂഹമായി ക്രൈസ്തവർ മാറിക്കൊണ്ടിരിക്കുന്നു. സമുദായത്തെ നിലനിർത്താനുള്ള ജനനനിരക്ക് പോലും ഇന്നില്ല. ഈ രീതിയിൽ മുൻപോട്ടു പോയാൽ ഒരു 50 വർഷത്തിനുശേഷം അന്യം നിന്നു പോയ ഈ സമൂഹത്തെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിവരും.

ആധുനിക രീതിയിലുള്ള കൃഷിയും അതിനോടനുബന്ധിച്ചുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വ്യവസായ സംരംഭങ്ങളും വിപണനകേന്ദ്രങ്ങളും സാധ്യതകളും ഒന്നിച്ചു ചേരാതെ കർഷകർക്ക് ഇവിടെ ഇനി നിലനിൽപ്പില്ല.

ഈ മേഖലയിൽ കൂടുതൽ വിദഗ്ധ ഉപദേശവും പ്രായോഗിക പരിശീലനവും ഉണ്ടാവണം. ചുരുക്കത്തിൽ കുടിയേറ്റ ജനത ഒരു സന്നിഗ്ദ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

വംശ ഭീഷണി, സാമ്പത്തിക തകർച്ച, ഐക്യ ബോധത്തിന്റെ അഭാവം, രാഷ്ട്രീയ മേഖലയിലും സർക്കാർ ജോലികളിൽ നിന്നുമുള്ള പടിയിറക്കം, നീതിക്ക് വേണ്ടി ഒരു സമ്മർദ്ദ ഗ്രൂപ്പ് ആയി നിലകൊള്ളാൻ കഴിയാത്തതിന്റെ തിരിച്ചടികൾ ഇവ എല്ലാം നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുമ്പ് ഇടവക യോട് ചേർന്ന് നാം പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ കൂട്ടായ്മയ്ക്ക് ഇടിവ് സംഭവിച്ചിരിക്കുന്നു.

മാധ്യമരംഗം അടക്കി വാഴുന്ന ഈ കാലഘട്ടത്തിൽ ആ രംഗത്ത് നാം ഇനിയും കൂടുതൽ ശക്തിപ്പെടടേണ്ടത് ഉണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിൽ അടക്കം മറ്റുള്ളവർക്ക് അക്ഷരം പകർന്നു കൊടുത്തവർ ക്രൈസ്തവരായിരുന്നു.

ഇന്ന് മറ്റുള്ളവർ പടച്ചുവിടുന്നത് ഏറ്റുവാങ്ങാൻ ആണ് നമ്മുടെ ഗതി. നിത്യ പ്രകാശമായ യേശു നമ്മോടൊപ്പം ഉണ്ടായിട്ടും മിന്നാമിനുങ്ങിന്റെ വെട്ടം തേടി പോകുന്നവരാവാതെ ആ നിത്യ സൂര്യനെ കൈവിടാതെ കൊണ്ടുനടക്കുന്നവർ ആയി മാറാം. അങ്ങിനെ ഒരു പുത്തൻ യുഗത്തിന് നാന്ദി കുറിക്കുവാനും പൂർവികരോടും വരും തലമുറയോടുമുള്ള കടമ നിർവഹിക്കുവാൻ നമുക്ക് തീരുമാനമെടുക്കാം.


ഡോ .ചാക്കോ കാളാപറമ്പിൽ

നിങ്ങൾ വിട്ടുപോയത്