കാക്കനാട്: മാങ്കുളം വലിയ പാറകുട്ടിയിൽ വിനോദസഞ്ചാരത്തിനിടെ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരുടെ ഭൗതീക ശരീരം സ്കൂളിലെത്തിച്ചപ്പോൾ സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അന്തിമോപചാരം അർപ്പിച്ചു പ്രാർത്ഥിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ റവ. ഫാ. വർഗീസ് പൊട്ടക്കൽ സമീപം.

ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

മാർച്ച് 03, 2023

ആദരാഞ്ജലികൾ

വിദ്യാര്‍ത്ഥികളുടെ മരണം; മാങ്കുളത്ത് ട്രക്കിങ് നിരോധിച്ചു

അടിമാലി; മാങ്കുളത്ത് ട്രക്കിങ്ങിന് നിരോധനം ഏര്‍പ്പെടുത്തി. വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് നടപടി.

എല്ലാ ട്രക്കിങ് പരിപാടികളും നിരോധിച്ചതായി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. മാങ്കുളം പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

മൂന്ന് കുട്ടികള്‍ കയത്തില്‍ മുങ്ങി മരിച്ചതടക്കം നിരവധി അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങള്‍ എത്താതിരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ് തീര്‍ത്തു. അടിമാലി ഫോറസ്റ്റ് റേഞ്ചില്‍ മച്ചിപ്ലാവ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശമാണ് ഇവിടം.

അതിനിടെ സ്കൂള്‍ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തില്‍ കൊണ്ടുവന്ന മൂന്ന് വാഹന ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആര്‍. ബിനോജ് അറിയിച്ചു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്

സ്കൂളില്‍ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മുട്ടോളം വെള്ളത്തില്‍ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുപ്പത് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്.