കർത്താവ് തന്റെ മക്കളായ നാം ഒരോരുത്തരെയും, വിശുദ്ധിയിൽ നടക്കുവാനും, ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമാക്കാനും, സ്വർഗ്ഗീയ നിത്യതയിലേയ്ക്ക് വഴി നടത്തുവാനും, ആഗ്രഹിക്കുന്നു. ആയതിനാൽ കർത്താവ് പരിശുദ്ധാൽമാവിന്റെ സഹായത്താൽ നമ്മുടെ ഒപ്പം നടക്കുന്നു. പരിശുദ്ധാൽമാവിനാൽ കർത്താവ് നമ്മെ വഴികാട്ടുകയും, നൻമ പരിശീലിപ്പിക്കുകയും ചെയ്യുന്നു. 1 യോഹന്നാന്‍ 2 : 27 ൽ പറയുന്നു, ക്രിസ്‌തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്‌, വ്യാജമല്ല

യേശു തന്‍റെ ശിഷ്യരെ പരിശീലിപ്പിച്ച ഒരു ശൈലിയുണ്ട്. യേശു അകലെനിന്നു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയല്ല ചെയ്തത്. താന്‍ പ്രത്യേകമായി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവരെ വിളിച്ചു കൂടെ കൊണ്ടുനടന്നു തന്‍റെ ജീവിതാനുഭവങ്ങളോടു ബന്ധപ്പെടുത്തി പരിശീലിപ്പിച്ചു. ഈശോയോടുകൂടിയുള്ള ഒരു യാത്രയിൽ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുകയും പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്. അത്ഭുതങ്ങള്‍, ആളുകളോട് ഇടപഴകുന്ന രീതികള്‍, മനോഭാവങ്ങള്‍, ചിന്തകള്‍, അതിന്‍റെ സ്വാധീനങ്ങള്‍ എല്ലാം തന്‍റെ കൂടെ കൊണ്ടുനടന്നു യേശു പറഞ്ഞു കൊടുത്തു. ഇന്ന് പരിശുദ്ധാൽമാവിന്റെ സഹായത്താൽ നമ്മെ യേശു പരിശീലിപ്പിക്കുന്നു

ഭൂമിയിലെ പിതാക്കൻമാർ പോലും സ്വന്തം മക്കൾ നേരായ വഴിയിൽ നടക്കുവാനും, അപകടത്തിൽപ്പെടാതിരിക്കുവാനും, നല്ലൊരു ഭാവി ലഭിക്കുവാനും, നൻമ പരിശീലിപ്പിക്കുന്നു. അപ്പോൾ സ്വർഗ്ഗീയ പിതാവ് ദൈവ മക്കളായ നമ്മളുടെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരിക്കും. യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്. യേശു നമ്മളുടെ ഉള്ളിൽ വസിക്കുമ്പോൾ നാം നൻമയുടെയും, വിശുദ്ധിയുടെയും പങ്കുകാർ ആകണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്