ക്രിസ്തുവിനെ പോലെ ഒരു മനുഷ്യൻ…!

“സ്വയം നഗ്നമാക്കാൻ തയാറുള്ളൊരു മനസ്സും ആ നഗ്നതയെ സ്നേഹം കൊണ്ടു പുതപ്പിക്കാൻ തയ്യാറുള്ള ഒരു സമൂഹമന:സാക്ഷിയുമുണ്ടെങ്കിൽ ഏതൊരു ഇരുൾക്കയത്തിലും ജീവിതം സുരക്ഷിതമാണ് “

എട്ടു വർഷങ്ങൾക് മുമ്പ് ഒരു ഈസ്റ്റർ ദിനത്തിൽ തീർത്തും അവിചാരിതമായി ടി.വി.ചാനൽ മാറ്റുന്നതിനിടയിൽ ശാലോം എന്ന ചാനലിൽ ശാന്തവും ആർദ്രവുമായ ശബ്ദത്തിൽ ഒരു പള്ളീലച്ചൻ മലയാളത്തിലെ പ്രിയപ്പെട്ട കവിയായ സച്ചിദാനന്ദന്റെ കവിതയിലെ എനിക്കേറെ പരിചിതമായ വരികൾ ഉദാഹരിച്ച് സംസാരിക്കുന്നത് കേൾക്കാനിടയായി.ശാലോം ചാനലിലെ ഗുരുചരണം എന്ന ബോബിയച്ചന്റെ ഈയൊരു പ്രതിവാര പ്രഭാഷണം കേട്ട മാത്രയിലാണ് ” ലവ് അറ്റ് ഫസ്റ്റ് സൈറ്റ് “എന്ന് പറയുന്ന വിധം ഞാൻ ബോബിയച്ചനിൽ ഇഷ്ടം കൂടുന്നത്.

ടെലി‐ഇവാഞ്ചലിസ്റ്റുകളായി ആത്മീയച്ചന്തകളിൽ കാലയാപനം നടത്തുന്ന വിവിധ മത പുരോഹിതന്മാരുടെ പതിവു ആത്മീയ കറുപ്പ് തീറ്റലിൽ നിന്നും പരിപൂർണമായും വേറിട്ട അനുഭവമായിരുന്നു അക്ഷരാർത്ഥത്തിൽ ബോബിയച്ചന്റെ പ്രഭാഷണം.ചില മനുഷ്യർ നടന്നുപോകുമ്പോൾ ഭൂമിയിലെ ഒരു പുൽക്കൊടി പോലുമറിയില്ലയിങ്ങനെയൊരാൾ തന്റെ മുകളിൽ കൂടി നടക്കുന്നുവെന്ന്, കുളിച്ചുകയറുമ്പോൾ പുഴയറിയില്ല തന്നിൽ ഒരാൾ ഇവ്വിധം ഈറനായി ഉണ്ടായിരുന്നുവെന്ന് നാം ആലങ്കാരികമായി പറയുന്നതിനുമപ്പുറം സാന്നിദ്ധ്യം കൊണ്ടത്രമേൽ സൗമ്യമായി ,ശാന്തമായി കരുണയായി പടരുന്ന ഒരു മനുഷ്യൻ….

പക്ഷികൾ തടാകത്തിന്റെ മീതേ പറന്നു തടാകത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു പോലെ,യാതൊരു സമ്മർദ്ദവുമില്ലാതെ. എന്നാൽ പറയുന്നതും എഴുതുന്നതുമായ ഓരോ വാക്കും ഹൃദയത്തിന്റെ ആഴത്തിലോട്ടു കടന്നുചെല്ലും,പർവ്വതം സമതലത്തോടു സംസാരിക്കുന്നതുപോലെ…..

പ്രഭാഷണം പോലെ ബോബിയച്ചൻ്റെ സാന്നിദ്ധ്യവുമൊരനുഭവമാണ്!

കവിതയും സെൻ കഥയും സിനിമയും സാഹിത്യവും ഫിലോസഫിയും ക്രിസ്തുവും വേദവാക്യവും ഒന്നായി തീരുന്ന ബോബിയച്ചന്റെ സംസാരഭാഷയും സാന്നിദ്ധ്യവും കേൾവിക്കാരിൽ മനസ് നിറയെ സ്വാസ്ഥ്യവും പ്രതീക്ഷയും നൽകുമെന്ന് തീർച്ച.

ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും പ്ലേറ്റോയും കാൾ മാർക്സും കാൾ സാഗനും ജലാലുദീൻ റൂമിയും കസാൻദ്സാക്കീസും , ഡോസ്റ്റ്റ്റോവിസ്കിയും , അസ്സീസ്സിയിലെ ഫ്രാൻസിസും ,ജിദ്ദുവും ഓഷോയും നീഷേയും നാരായണ ഗുരുവും നിത്യചൈതന്യയതിയുമെല്ലാം മതവും മതേതരവുമായ ഫാദറിന്റെ ദാർശനിക വഴിയിലെ വെളിച്ചവും തെളിച്ചവുമായി തീരുന്ന വിധം സ്ഫുടം ചെയ്ത വാക്കുകളുടെ വികാര പ്രപഞ്ചം.

മനുഷ്യാവസ്ഥയുടെ ഖേദ‐നിസ്സഹയതകളെ ചേർത് പിടിച്ചും , ആത്മീയനാട്യങ്ങളേയും സ്ത്രീവിരുദ്ധമായ പൗരോഹിത്യ കാഴ്ചപ്പാടും സഭയുടെ ആഢംബര ആത്മീയ കച്ചവടത്തേയും തന്റെ സ്വതസിദ്ധമായ ശാന്തവും അഹിംസ നിറഞ്ഞതുമായ ചിന്തയിലൂടെയും സംസാരത്തിലൂടെയും നിർദയമായും നിർഭയമായും തുറന്നു കാണിക്കുന്ന ബോബിയച്ചൻ ക്രിസ്തുവിന്റെ വിമോചന – മാനവിക മൂല്യത്തെയും ത്യാഗ സന്നദ്ധതയേയും തീക്ഷ്ണമായി നഗ്നമാക്കുന്നു.

സ്ത്രീയുടെ അടിമ സമാനമായ ജീവിതത്തെ സൂചിപ്പിക്കുമ്പാൾ Koyamparambath Satchidanandan സച്ചിദാനന്ദന്റെ കവിതയും , Paul Zacharia സക്കറിയയുടെ കഥയും, അജിത് കൗറിന്റെ ആത്മകഥയും ഫാദറിന്റെ ചിന്തക്ക് ചിന്തേരിടുന്നു.

സാധുക്കളുടെ വേദനകളെ കുറിച്ച് പറയുമ്പോൾ കാൾ മാർക്സും,സഭയുടെയും പളളിയുടെയും ആഢംബരഭ്രമത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ ആമേൻ എന്ന സിനിമയെ വരെ സൂചകമായി ചേർക്കുന്ന ബോബിയച്ചൻ നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല ! ജിദ്ദുവിനെയും ഓഷോയെയും വായിക്കുമ്പോലെ ഫാദറിന്റെ പ്രഭാഷണവും എഴുത്തും സൗമ്യവും ദീപ്തതുമായ ഒരനുഭമായി നിറയുന്നതിങ്ങനെയാണ്.നമ്മുടെ കാലത്തെ ആത്മീയ വ്യസനങ്ങളിലൂടെയുളള ഫാദറിന്റെ ബൗദ്ധിക സഞ്ചാരം നമ്മുടെ അകത്തേക്കുളള വാതിൽ തുറക്കാനുളള ഒരു മഴവിൽ ക്ഷണം കൂടിയാണ്!

“In truth,there was only one christian and he died on the cross” എന്നെഴുതിയ ഫ്രെഡറിക് നീഷേയുടെ നൂറ്റാണ്ട് പിന്നിട്ട നിഷേധത്തിന്റെ തീർപ്പുകളോട് വിയോജിക്കാൻ നമ്മുക്ക് ബോബിയച്ചനെ ഒരുവേളയെങ്കിലും കേൾക്കുകയും വായിക്കുകയും നേരിൽ കാണുകയും ചെയ്താൽ മതിയാകും. കാരണം, അപരനോടുള്ള കരുണയും അനുതാപവും കരുതലും നിർവ്വാജ്യമായ സ്നേഹവും സഹനവും ത്യാഗവുമാണ് ഒരാളെ ക്രിസ്തുവിനോളം ഉയർത്തുന്നതെങ്കിൽ ഫാദർ ബോബി ജോസ് കട്ടിക്കാട് എന്ന ബോബിയച്ചനെ ‘ആ ക്രിസ്തു നീ തന്നെ’ എന്ന് നാം ഹൃദയത്തിൽ തൊട്ടു അടയാളപ്പെടുത്താതെ വയ്യ.

ബോബിയച്ചൻ ഏറ്റവും പേടിക്കുന്നത് ലാഭത്തെയാണ്, ഏറ്റവും ഇഷ്ടപ്പെടുന്നത് ഒന്നിന്റെയും ഉടമസ്ഥനും അധികാരിയുമായി സ്വയം മാറാതിരിക്കാനുമാണ്.ലാഭം കിട്ടുന്ന എന്തും ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മളെ ചെറുതാക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭൗതികാസക്തിയുടെ അകമഴിഞ്ഞ സുഖലോലുപതയും,അധാർമിക സമ്പാദ്യവും,വഴിവിട്ടു നേടിയ എലീറ്റസ് സൗകര്യങ്ങളുമായി ജീവിക്കുന്ന വിവിധ മതങ്ങളിലെ ” ആത്മീയപുരുഷ”ന്മാരായ പലരിൽ നിന്നും പലതിൽ നിന്നും അജഗജാന്തരം മാറി അടയാളപ്പെടുത്തേണ്ട വേറിട്ടൊരു സ്പിരിച്വൽ വാഴ്വിവിന്റെ മഹാ സൗന്ദര്യവും സാന്നിദ്ധ്യവുമാണ് ബോബിയച്ചനെന്ന് തീർതുപറയാം.

അലയുന്നവന്റെയും പിടയുന്നവന്റേയും ആത്മീയ വ്യസനങ്ങളെയും ആന്തരിക ക്ഷതങ്ങളെ മാത്രമല്ല അപരന്റെ വിശപ്പിനെ പോലും സ്വന്തം വേദനയും മുറിവും വിശപ്പുമായും ചേർത്ത് പിടിച്ചും അനുതാപപൂർവ്വം കേട്ടിരുന്നും തൊട്ടിരുന്നും പരിഹരിക്കാൻ ശ്രമിച്ചും നമ്മുക്കിടയിൽ ജീവിക്കുന്ന മിസ്റ്റിക്കെന്നോ മിശിഹായെന്നോ സ്നേഹ മുദ്ര ചാർതാൻ നൂറ്റൊന്ന് പകിട്ട് ചേർച്ചയുള്ള ഒരപൂർവ്വവ്യക്തിത്വം…….

.കുരിശേറുന്ന മർത്യന്റെ കത്തിപ്പടരുന്ന രക്തമായും,പുത്രൻ മടിയിൽ മരിക്കുന്ന ഒരമ്മ തൻ ഇറ്റിറ്റു വീഴുന്ന കണ്ണുനീരായും ആത്മബലിപ്പെടുന്ന, അപരന്റെ സങ്കടങ്ങൾക്കും , പ്രയാസങൾക്കും കേൾവിയുടേയും കരുതലിന്റെയും പ്രതീക്ഷയുടേയും സമാധാന സാന്നിദ്ധ്യമാകുന്ന ഈ മനുഷ്യനെ ക്രിസ്തുവെന്നല്ലാതെ മറ്റെന്ത് പറഞ്ഞ് ഞാനഭിസംബോധന ചെയ്യേണ്ടൂ…!

ജീവിതം ഒരുവനായി കരുതി വയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണ് കൂട്ട്, അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്ക് മീതെയുള്ള ആരേക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നതെന്ന ബോബിയച്ചന്റെ സ്നേഹപാഠം മനുഷ്യൻ ഹാ എത്ര മഹത്തായ പദമെന്ന ഔന്നത്യത്തിലേക്കുള്ള വാതിലുകൾ മലർക്കെ തുറന്നിടുന്നുണ്ട്.നിഷ്പാദുക സന്യാസിയായി എന്നും എപ്പോഴും കൂടുതൽ ദരിദ്രനായി ലൈൻ ബസ്സിൽ കയറിയും മറ്റുള്ളവരുടെ അത്രമേൽ ഇഷ്ടത്തോടെയുള്ള കുഞ്ഞുകുഞ്ഞ് ഔദാര്യങ്ങൾ സ്വീകരിച്ചും യാത്ര ചെയ്തും കുറച്ച് വർതമാനം പറഞ്ഞും കൂടുതൽ സമയം മറ്റുള്ളവരെ കേട്ടിരുന്നും ജീവിതയാത്ര തുടരുന്ന ബോബിയച്ചൻ അർഹതകൾ എങ്ങനെ ഉപേക്ഷിക്കണമെന്ന്, ഹിംസയും വെറുപ്പും അധികാരഭാരവുമൊന്നുമില്ലാതെ മറ്റുളളവരെ സ്നേഹിച്ചും സഹായിച്ചും കേട്ടും കരുതിയും ജീവിക്കുന്നതിന്റെ ആത്മീയവലുപ്പവും ആന്തരിക സൗന്ദര്യവും നമ്മെ സ്വന്തം ജീവിതം കൊണ്ടെന്ന പോൽ സൗമ്യമായി, ശാന്തമായി ഓർമപ്പെടുത്തുന്നു, സാക്ഷ്യപ്പെടുത്തുന്നു.

മുടന്തുന്ന ഒരു പൈക്കിടാവിനെ തോളിലേറ്റുന്നത്,ഒരു വൃദ്ധയെ പരിചരിക്കുന്നത്,കുഞ്ഞിനെ താരാട്ടുന്നത്,അസ്തമയസൂര്യന്റെ സാന്ധ്യശോണിമ ആസ്വദിക്കുന്നത്,ഒരു പൂവിടരുന്നത് കൺപാർക്കുന്നത്, ഒരന്ധന് കൈത്താങ്ങ് നൽകുന്നത് ,കവിത വായിക്കുന്നത്, രണ്ടു പേർ തമ്മിൽ പ്രേമിക്കുന്നത് എല്ലാമെല്ലാം സൂക്ഷ്മാർത്ഥത്തിൽ പ്രാർത്ഥനയാണെന്ന മട്ടിലുള്ള അടിമുടി മനുഷ്യത്വമാർന്ന സൂക്ഷ്മ തല ആത്മീയതയാണ് ബോബിയച്ചന്റെ ദർശന മുദ്ര.കരുണയ്ക്ക് വേണ്ടിയുള്ള കരച്ചിലുകളായിരുന്നു ഭൂമിയിലുണ്ടായ മുഴുവൻ പ്രാർത്ഥനയുമെന്ന് ബോബിയച്ചൻ തന്നെ നിരീക്ഷിക്കുന്നുണ്ട്.റിസൈൻഡ് എന്നൊരു സവിശേഷ ഗുണവും വിശുദ്ധിയും സ്വന്തം പ്രാണനോളം ആന്തരിവത്ക്കരിച്ച ബോബിയച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

❤️

സ്നേഹത്തോടെ ,

മഹമൂദ് മൂടാടി

നിങ്ങൾ വിട്ടുപോയത്