മാർ കേപ്പാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്മേജർ ആർച്ച് ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ,സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്ക്

മാനവരാശിയുടെ രക്ഷയ്ക്കായി താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നു നീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂർത്തീകരിക്കാൻ കനിറഞ്ഞ പാനപാത്രത്തിൽനിന്നു പാ നംചെയ്യാൻ സന്നദ്ധനാകുന്ന കർത്താവിനെ കൂടുതൽ ആധികാരികതയോടും ഉത്തരവാ ദിത്വത്തോടും കൂടി അനുഗമിക്കാൻ ഈസ്റ്റർ ഒരുക്കത്തിന്റെ ഈ വിശുദ്ധ കാലം നമ്മെ ക്ഷണിക്കുകയാണ്.

മാനവരാശിക്ക് ഉടമ്പടിയുടെ പൂർണതയിലേക്ക് പ്രവേശിക്കാനും മുന്നേറാനും വേണ്ടി നേട്ടത്തിന്റെ വിജയത്തിന്റെ മിശിഹാമഹത്വത്തിന്റെ മാനുഷിക അവകാശവാദങ്ങളിൽ നി ന്നു ക്രിസ്തു പിൻവാങ്ങുന്നു. വിനയവും എളിമയും നിറഞ്ഞ സ്നേഹത്താൽ അവിടന്ന് വി ജയം വരിക്കുന്നു. കുരിശിൽ സർവം ഉരിഞ്ഞെടുക്കപ്പെട്ടുവെങ്കിലും, പിതാവുമായുള്ള അവി ടത്തെ ബന്ധമെന്ന, ഏറ്റവും സുപ്രധാനമായ ഒന്ന്, ആർക്കും കവർന്നെടുക്കാനാകില്ല. പി താവിന്റെ ആ പ്രതികരണമാണു പാപത്തിന്മേൽ, മരണത്തിന്മേലുള്ള ഈശോയുടെ വി ജയമുണ്ടാകുന്ന ഈസ്റ്റർ പുലരി. വൈവിധ്യമാർന്ന ആരാധനക്രമ പാരമ്പര്യങ്ങൾ ആലപി ക്കുന്ന “ഹല്ലേലുയ്യ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ട മാനവരാശി പരിശുദ്ധ ത്തിന് ഉയർത്തുന്ന കൂട്ടായ്മയുടെയും സ്തുതിയുടെയും കീർത്തനമാണ്; അത് ആർ ക്കെങ്കിലും എന്തിനെങ്കിലും എതിരെയുള്ളതല്ല.

ഒരു സഭയെന്ന നിലയിൽ നാമെല്ലാവരും – മെത്രാന്മാർ, വൈദികർ, ഡീക്കൻമാർ, അൽമാ യ വിശ്വാസികൾ – ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാൻ പലപ്പോഴും പ്രലോ ഭിതരാകുന്നു. നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു. സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാൻ, അവിടത്തെ ഇഷ്ടപ്പെടാൻ, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരി ക്കാൻ നമുക്കാകണം. നമുക്കു വിഘടിച്ചു ജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാ നാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.

നിങ്ങളുടെ സഭയുടെ ആരാധനക്രമം നിർണയിക്കാൻ പരമോന്നതാധികാരമുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മെത്രാൻ സിനഡ്, കുറച്ചുവർഷങ്ങൾ മുമ്പു നിർദേശിച്ച രീതിയിൽ ഏതാനും ആരാധനക്രമഗ്രന്ഥങ്ങൾ അംഗീകരിക്കുക മാ ത്രമല്ല, ആഘോഷങ്ങളുടെ രീതി നിർണയിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ സഭയുടെ വൈവിധ്യമുള്ള പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടു. ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ അവരവരുടെ ആരാധനാരീതികളിൽ നിന്ന് ഒരു ചുവടു പിന്നോ ട്ടു വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനും വേണ്ടി ഇതിലുൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗം ചെയ്യാനും നിർദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മു തൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നി ങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം നിങ്ങൾ ശ്രദ്ധാപൂർവമാ യ വിചിന്തനത്തോടെയാണെങ്കിലും, സീറോമലബാർ സഭയിലെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട്, പ്രത്യേക ആരാധനക്രമരീതി തുടരാൻ തീരുമാനിച്ചു. എന്നിരുന്നാലും, ക്രൈസ്തവവിശ്വാ സികൾ എന്ന നിലയിൽ, നമ്മുടെ പെരുമാറ്റം, എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു. വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ ഒരു ചു വടു പിന്നോട്ടുവയ്ക്കുന്നു എന്നിങ്ങനെ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇതു കർത്താവിലേക്കു നോക്കി, അവിടത്തെ ഉത്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവി ടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്.

അതിനാൽ, സിനഡ് നിശ്ചയിച്ച പ്രകാരം, കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാൻ പിതൃനിർവിശേഷമായി ഉദ്ബോധിപ്പിച്ചുകൊണ്ടു ഞാൻ നിങ്ങൾക്കെഴുതുന്നു. മറ്റിടങ്ങളിൽ ചെയ്തതുപോലെ ഉചിതമായ ബോധനം നൽകാനായി, അതുവഴി മാറ്റങ്ങൾ അംഗീകരിക്കാനായി എല്ലാവരും തയ്യാറാകുന്നതിന്, ചില ഇടവകകൾക്കു കൂടുതൽ സമയം വേണ്ടിവരാൻ സാധ്യതയുണ്ട്. സിനഡിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാത്തി ടത്തോളം ഇത് മനസിലാക്കാവുന്നതാണ്. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ ഇളവു നൽകാനാകൂ.

വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു; എന്നാൽ കർത്താവിന്റെ സ്വരം ശ്രവി ക്കാനും മാർപാപ്പയുടെ ഉപദേശത്തിലും അഭ്യർഥനയിലും വിശ്വാസമർപ്പിക്കാനും തയ്യാറു ള്ള പുരോഹിതരുടെയും അൽമായ വിശ്വാസികളുടെയും മാതൃക ഞാൻ നിങ്ങളിൽ കാ ണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സീറോമലബാർ സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വ്യതിരിക്ത സ്വഭാവസവിശേഷതയാണ്. ഒട്ടേറെ ചരിത്രപരമായ തെറ്റിദ്ധാ രണകൾ മറികടക്കാനും നമ്മുടെ കാലത്ത് ദൈവവിളിയും പ്രേഷിതോത്സാഹവും പു ഷ്ടിപ്പെടുത്താനും നിങ്ങളുടെ വിശ്വസ്തത ഇടയാക്കിയിട്ടുണ്ട്. നിങ്ങൾ ചെയ്യുന്ന ത്യാഗം കർത്താവു മറക്കുകയില്ല. ഒടുവിൽ അവിടത്തെ അനുഗ്രഹങ്ങളുടെ സമൃദ്ധിയിലേക്കു നി ങ്ങളുടെ ഹൃദയങ്ങൾ തുറക്കപ്പെടും. അങ്ങനെ സങ്കീർത്തനവചനങ്ങൾ നിങ്ങളിൽ അന്വർത്ഥമാകും: “വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവർ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും” (126:6). നിങ്ങൾ ആയിരിക്കുന്ന അതിലോല സാഹചര്യത്തിൽ വിഭജനത്തിന്റെ എല്ലാ വിവാദങ്ങൾക്കും പ്രതിസാക്ഷ്യങ്ങൾ മുപരി നാം കർത്താവിൽ വിതച്ചാൽ അവിടത്തോടൊത്തു കൊയ്യാം; നാം കാറ്റു വി തച്ചാൽ കൊടുങ്കാറ്റ് കൊയ്യും.

നിങ്ങളുടെ വിശ്വസ്തതയിലും അനുസരണത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പൗരോഹി ത്യ അഭിഷേകത്തിലൂടെ കൈവന്ന പ്രത്യേക ബാധ്യത ഓർമിപ്പിച്ചുകൊണ്ട്, നിങ്ങൾക്കെല്ലാ വർക്കുംമേൽ കർത്താവിന്റെ അനുഗ്രഹം ഞാൻ പ്രാർഥിക്കുന്നു. ദയവായി എനിക്കുവേണ്ടി പ്രാർഥിക്കാനും അഭ്യർഥിക്കുന്നു.

റോമിലെ സെന്റ് ജോൺ ലാറ്ററൻ, 2022 മാർച്ച് 25 കർത്താവിന്റെ മംഗളവാർത്താതിരുനാൾ

ഫ്രാൻസിസ് മാർപാപ്പ

https://www.osservatoreromano.va/it/news/2022-04/quo-075/liturgia-comune-entro-pasqua.html

നിങ്ങൾ വിട്ടുപോയത്