ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം

നാസിഭരണകൂടത്തിന്റെ ഓഷ്വിറ്റ്സ്‌ തടങ്കൽപ്പാളയത്തിൽ വിശുദ്ധ മാക്സ്‌മില്ല്യൻ കോൾബെ തടവിൽ കഴിഞ്ഞിരുന്ന സെല്ലിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന ഫ്രാൻസീസ്‌ പാപ്പ.
ഫ്രാൻസിസെക്‌ എന്ന മറ്റൊരു തടവുകാരനു പകരമായി വിശുദ്ധ കോൾബെ രക്തസാക്ഷിത്വം വരിച്ചതിന്റെ വാർഷികദിനമാണിന്ന്
.!🌹

ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം

ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau ) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽ പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നു 50 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. 1940 ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽ പാളയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-45) ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1945 ജനുവരിയിൽ, സോവിയറ്റ് സൈന്യം ഓഷ്‌വിറ്റ്സിനെ വിമോചിപ്പിക്കുമ്പോൾ ആയിരക്കണക്കിന് തടവുകാരുടെ മൃതദേഹങ്ങൾ അവിടെ കൂമ്പാരം തീർത്തിരുന്നു.

ഓഷ്‌വിറ്റ്സിൻ്റെ ഉത്ഭവം

1933 മുതൽ 1945 വരെ ജർമ്മൻ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) “അന്തിമ പരിഹാരം” (Final Solution ) എന്ന പേരിൽ ഒരു നയം നടപ്പാക്കി. ജർമ്മനിയിലെയും നാസികൾ പിടിച്ചടക്കിയ മറ്റു രാജ്യങ്ങളിലെയും ജൂതന്മാരെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നില്ല അതിൻ്റെ ഉദ്ദേശ്യം. മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്കും ക്രരൂമായ അക്രമങ്ങൾക്കും യഹൂദരെ വിധേയരാക്കുന്നതുമായിരുന്നു ആ നയം.ഓരോ ജൂതനെയും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ജർമ്മനിക്കു ഐശ്വര്യം വീണ്ടെടുക്കാൻ കഴിയു എന്നു ഹിറ്റ്‌ലർ വിചാരിച്ചു. അതോടൊപ്പം കലാകാരന്മാർ, അധ്യാപകർ, കമ്മ്യൂണിസ്റ്റുകാര, സ്വവർഗാനുരാഗികൾ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർ എന്നിവർക്കൊന്നും ഹിറ്റ്ലറിൻ്റെ നവ ജർമ്മനിയിൽ സ്ഥാനമില്ലായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കാൻ ഹിറ്റ്‌ലർ മരണ ക്യാമ്പുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു. 1933 ജർമ്മനിയിലെ മ്യൂണിക്കിലെ ദാഹാവിലാണ് നാസി തടങ്കൽ പാളയം ആദ്യം തുറന്നത്. പിന്നീട് ജർമ്മനിയിൽ പല സ്ഥലങ്ങളിലും യുറോപ്പിലെ നിരവധി ജർമ്മൻ അധിനിവേശ നഗരങ്ങളിലും തടങ്കൽപ്പാളയങ്ങൾ നിർമിച്ചു. യഹൂദർ, രാഷ്ട്രീയ തടവുകാർ, നാസി ഭരണകൂടത്തിന്റെ ശത്രുക്കൾ എന്നിവരുടെ നാശമായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം. ജൂതന്മാരെയും തനിക്കു അഭികാമ്യമല്ലാത്തവരെയും ഹിറ്റ്ലറിൻ്റെ പട്ടാളം കൊന്നൊടുക്കിയതിനെ ഹോളോകോസ്റ്റ് (Holocaust) എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

ഓഷ്‌വിറ്റ്സ് ഏറ്റവും വലിയ മരണ ക്യാമ്പ്

1940 മെ വസന്തകാലത്താണ് നാസി മരണക്യാമ്പുകളിൽ ഏറ്റവും വലുതും കുപ്രസിദ്ധവുമായ ഓഷ്‌വിറ്റ്സിൻ്റെ പ്രവർത്തനം തുടങ്ങിയത്. അതിന്റെ ആദ്യത്തെ കമാൻഡർ റുഡോൾഫ് ഹോസ് (1900- 1947) ആയിരുന്നു. ക്യാമ്പിന്റെ നിർമ്മാണ വേളയിൽ, സമീപത്തുള്ള ഫാക്ടറികൾ ഏറ്റെടുക്കുകയും പ്രദേശവാസികളെ നിർബന്ധപൂർവ്വം വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു, 1939 ൽ ജർമ്മനി പോളണ്ടു പിടിച്ചടക്കിയ ശേഷം അറസ്റ്റിലായ പോളിഷ് പൗരന്മാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയമായിട്ടാണ് യഥാർത്ഥത്തിൽ ഓഷ്‌വിറ്റ്സ് ആരംഭിക്കുന്നത്. തടവുകാരിൽ നാസി വിരുദ്ധ പ്രവർത്തകർ, രാഷ്ട്രീയക്കാർ, സാംസ്കാരിക, ശാസ്ത്ര സമൂഹങ്ങളിൽ നിന്നുള്ള പ്രതിഭകൾ എന്നിവരും ഉൾപ്പെട്ടിരുന്നു. ഹിറ്റ്‌ലറുടെ അന്തിമ പരിഹാരം ഔദ്യോഗിക നാസി നയമായി മാറിയപ്പോൾ, ഓഷ്‌വിറ്റ്സ് അവർ ഒരു മരണ ക്യാമ്പാക്കി. ഭൂമി ശാസ്ത്രപരമായ ഓഷ്‌വിറ്റ്സിൻ്റെ പ്രാധാന്യവും അതിനോരു ഘടകമായി. യൂറോപ്യൻ ഭൂഖണ്ഡത്തിലെ എല്ലാ ജർമ്മൻ അധിനിവേശ രാജ്യങ്ങളുടെയും കേന്ദ്രത്തിനടുത്തായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. റെയിൽവേ ലൈനുകളുടെ സാമിപ്യം ഉണ്ടായിരുന്നതിനാൽ തടങ്കൽ പാളയത്തിലേക്കു തടവുകാരെ എത്തിക്കാൻ എളുപ്പമായിരുന്നു. ഈ മരണ ക്യാമ്പിലെത്തിയ എല്ലാവരെയും ഉടൻ തന്നെ കൊല ചെയ്തിരുന്നില്ല. യുദ്ധമുന്നണയിൽ നിൽക്കുന്ന ജർമ്മനിക്കു വേണ്ടി യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും മെഡിക്കൽ പരീക്ഷണങ്ങൾക്കുമായി യോഗ്യരായവരെ നാസി പട്ടാളം അടിമകളായി ഉപയോഗിച്ചു.

ജീവിതവും മരണവും

1942 പകുതിയോടെ ഓഷ്‌വിറ്റ്സിലെ ഭൂരിഭാഗം അന്തേവാസികളും ജൂതന്മാരായിരുന്നു. ക്യാമ്പിലെത്തിയ തടവുകാരെ നാസി ഡോക്ടർമാർ പരിശോധിച്ചിരുന്നു. ജോലിക്കു യോഗ്യരല്ലെന്ന് കരുതുന്ന തടവുകാരെ – കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ബലഹീനർ – എന്നിവരെ ഒരു പ്രത്യേകതരം ഔഷധ കുളിക്കായി ബാത്ത് ഹൗസിലേക്കായി മാറ്റി നിർത്തിയിരുന്നു. മരണത്തിൻ്റെ ഗന്ധം നിറത്ത ഗ്യാസ് ചേമ്പറുകളായിരുന്നു ഇത്തരം ബാത്ത് ഹൗസുകൾ എന്ന് തടവുകാർക്കു അറിയത്തില്ലായിരുന്നു. തടവുകാർ അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ സൈക്ലോൺ-ബി എന്ന വിഷവാതകം തുറന്നു വിട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവർ മരണത്തിനു കീഴടങ്ങുമായിരുന്നു. ജോലിയ്ക്ക് യോഗ്യരല്ലെന്ന് മാറ്റി നിർത്തിയ വ്യക്തികൾ ഒരിക്കലും ഓഷ്‌വിറ്റ്സിലെ തടവുകാരുടെ ഔദ്യോഗിക രജിസ്റ്ററിൽ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ആയതിനാൽ ഓഷ്‌വിറ്റ്സിൽ നഷ്ടപ്പെട്ട ജീവിതങ്ങളുടെ എണ്ണം കണക്കാക്കുക അസാധ്യമാണ്. തുടക്കത്തിൽ ഗ്യാസ് ചേമ്പറുകളിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ പലരും , അമിത ജോലിഭാരവും രോഗവും പോഷകാഹാരക്കുറവും ക്രൂരമായ മർദ്ദനവും നിമിത്തം അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങിയിരുന്നു.

ചില ഓഷ്‌വിറ്റ്സ് തടവുകാർ മനുഷ്യത്വരഹിതമായ മെഡിക്കൽ പരീക്ഷണത്തിന് വിധേയമാക്കി. 1943 മുതൽ ഓഷ്വിറ്റ്സിൽ ജോലി ചെയ്യാൻ തുടങ്ങിയ ജർമ്മൻ ഡോക്ടറായ ജോസഫ് മെംഗലെ (1911-79) ആയിരുന്നു ക്രൂരമായ ഈ ഗവേഷണത്തിന്റെ മുഖ്യ സൂത്രധാരൻ. “മരണത്തിന്റെ മാലാഖ” എന്നാണ് ചരിത്രത്തിൽ അദ്ദേഹം അറിയപ്പെട്ടിരുുന്നത്. ചില പരീക്ഷണങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇരട്ട സഹോദരങ്ങളൾ ഒരേ സമയം ഒരേ രീതിയിൽ മരിക്കുമോ എന്ന് പരിശോധിക്കാൻ ജോസഫ് ഇരട്ടക്കുട്ടികളുടെ ഹൃദയത്തിൽ ക്ലോറോഫോം കുത്തിവയ്ക്കുമായിരുന്നു.

1945 ലെ വിമോചനം

1944 അവസാനത്തോടെ നാസി ജർമ്മനിക്കു പരാജയം ഉറപ്പായി. സഖ്യസേന തങ്ങളെ വളയുന്നു എന്നു മനസ്സിലാക്കിയ നാസി പോലീസ് ഓഷ്വിറ്റ്സിലെ ഭീകരതയുടെ തെളിവുകൾ നശിപ്പിക്കാൻ തുടങ്ങി. കെട്ടിടങ്ങൾ തകർക്കുകയും രേഖകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 1945 ജനുവരിയിൽ സോവിയറ്റ് സൈന്യം ക്രാക്കോവിൽ പ്രവേശിച്ചപ്പോൾ നാസി ജർമ്മനി ഓഷ്വിറ്റ്സിനെ ഉപേക്ഷിക്കാൻ നിർബദ്ധിതരായി. ആ മാസത്തിൻ്റെ അവസാനമാണ് ചരിത്ര പ്രസിദ്ധമായ, ഓഷ്വിറ്റ്സ് മരണ മാർച്ചുകൾ അരങ്ങേറിയത്. 60,000 തടവുകാർ, നാസി പട്ടാളത്തോടൊപ്പം ഓഷ്വിറ്റ്സ് ക്യാമ്പിൽ നിന്ന് 30 മൈൽ അകലെയുള്ള പോളിഷ് പട്ടണങ്ങളായ ഗ്ലിവിസിലേക്കോ വോഡ്സിസ്ലാവിലേക്കോ പോകാൻ നിർബന്ധിതരായി. ഈ മാർച്ചിൽ നിരവധി തടവുകാർ മരിച്ചു; ജീവനോടെ എത്തിച്ചേർന്നവരെ ജർമ്മനിയിലെ തടങ്കൽപ്പാളയങ്ങളിലേക്ക് ട്രെയിനുകളിൽ കയറ്റി അയച്ചു. 1945 ജനുവരി 27 ന് സോവിയറ്റ് സൈന്യം ഓഷ്വിറ്റ്സിൽ പ്രവേശിക്കുമ്പോൾ, ഏകദേശം 7,600 രോഗികളായ തടവുകാരെ കണ്ടെത്തി. ലഭ്യമായ ചില കണക്കുകൾ പ്രകാരം, 1.1 ദശലക്ഷം മുതൽ 1.5 ദശലക്ഷം ആളുകൾക്കു ഓഷ്വിവിറ്റ്സിൽ ജീവൻ നഷ്ടമായി അവരിൽ ഭൂരിഭാഗം പേരും യഹൂദന്മാരായിരുന്നു. ഈ ക്യാമ്പിൽ 70,000 മുതൽ 80,000 വരെ പോളണ്ടുകാർ മരിച്ചതായി കണക്കാക്കപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെയും വംശഹത്യയുടെയും ഭീകരത നിറഞ്ഞു നിൽക്കുന്ന ഓഷ്വിറ്റ്സിനു ഒരു കാര്യമേ മാനവരാശിയോടു പറയാനുള്ളു ഇനി ഒരിക്കലും അരുത് Never Again .

ഫാ.ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്