*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം*

യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി വാതിലടയ്ക്കുന്ന ശാസ്ത്രജ്ഞരും വ്രതമെടുത്തു മലയ്ക്കുപോകുന്ന അയ്യപ്പന്മാരും ക്ലേശങ്ങളേറ്റെടുത്ത് ഹജ്ജിനു പോകുന്ന ഹാജിമാരും ‘ഇടുങ്ങിയ വാതിലി’ന്റെ സുവിശേഷം മനസ്സറിയാതെ അംഗീകരിച്ചവര്‍തന്നെ! ഒരു പിറവിക്കായി മാസങ്ങള്‍ നീളുന്ന ത്യാഗങ്ങളനുഷ്ഠിക്കുന്ന അമ്മയുടെ സുവിശേഷവും ഇടുങ്ങിയ വാതിലിന്റേതുതന്നെ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ‘ഇടുങ്ങിയ വാതിലി’ന്റെ സുവിശേഷമാണ് സനാതനസത്യമായി നിലകൊള്ളുന്നത്. കനപ്പെട്ടതിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതാണെന്ന് ഏവര്‍ക്കും അറിയാം.ക്രൈസ്തവജീവിതത്തിന്റെ സവിശേഷമായ ഇടുങ്ങിയ വാതിലുകളാണ് വിവിധതരം നോമ്പനുഷ്ഠാനങ്ങള്‍.

ആത്മീയജീവിതത്തില്‍ നഷ്ടപ്പെടുകയോ ശുഷ്‌കിച്ചുപോവുകയോ ചെയ്തതെല്ലാം തിരിച്ചുപിടിക്കാനോ പരിപോഷിപ്പിക്കാനോ ഉള്ള ഇച്ഛാശക്തിയുടെ വിജയകാലമാണവ. ക്രിസ്മസ്സിനോടനുബന്ധിച്ചുള്ള ഇരുപത്തിയഞ്ചു നോമ്പും വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള വലിയ നോമ്പും ഏവര്‍ക്കും പരിചിതങ്ങളാണ്. പരിശുദ്ധമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ടു നോമ്പ്, യോനാപ്രവാചകന്റെ സ്മരണയിലുള്ള മൂന്നു നോമ്പ് തുടങ്ങി വ്യത്യസ്ത വ്യക്തിഗതസഭകള്‍ക്ക് സവിശേഷമായ നോമ്പുദിനങ്ങളുമുണ്ട്.

*നോമ്പിന്റെ നാല്പതുദിനങ്ങള്‍*

‘ക്വാദ്രജേസിമ’ എന്ന ലത്തീന്‍ പദമാണ് (ഇറ്റാലിയനില്‍, ‘ക്വരേസിമ’) നാല്പതുനോമ്പ് അഥവാ വലിയനോമ്പ് അഥവാ ഈസ്റ്റര്‍നോമ്പ് എന്ന് നമ്മള്‍ പരിഭാഷപ്പെടുത്തുന്നത്.

കോവിഡുകാലത്ത് ഏവര്‍ക്കും സുപരിചിതമായിത്തീര്‍ന്ന ‘ക്വറന്റൈന്‍’ എന്ന ആംഗലേയപ്രയോഗത്തിന്റെ നിഷ്പത്തി ആത്യന്തികമായി ഈ പദത്തില്‍നിന്നാണ്. നാല്പത് എന്നര്‍ത്ഥം. ആറു ഞായറാഴ്ചകള്‍ ഒഴിവാക്കിയാല്‍ കൃത്യം നാല്പതു ദിനങ്ങളാണ് വിഭൂതിബുധനാഴ്ച ആരംഭിക്കുന്ന വലിയനോമ്പിനുള്ളത്. നാല്പതുദിനങ്ങളിലെ നോമ്പാചരണം വിശുദ്ധഗ്രന്ഥത്തിലെ ചില നാല്പതുകളെ അനുസ്മരിപ്പിക്കുന്നുണ്ട്.

നോഹയുടെ കാലത്തെ ജലപ്രളയവും (ഉത്പ 7,12) ഇസ്രായേല്‍ജനത്തിന്റെ നാല്പതു വര്‍ഷത്തെ മരുഭൂമിവാസവും (സംഖ്യ 13,25; നിയ 8,2-5) മോശയുടെ ഒളിച്ചോട്ടവും (അപ്പ 7,30) നാല്പതു ദിനരാത്രങ്ങളിലെ അസാന്നിധ്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും (പുറ 24,18; നിയ 9,18.25) ദൈവജനത്തിന്റെ കാനാന്‍ദേശത്തെ ജീവിതവും (ന്യായാ 13,1; 1സാമു 17,16) പ്രവാചകന്മാരുടെ അനുഭവങ്ങളും പ്രബോധനങ്ങളും (1രാജാ 19,8; എസെ 4,6; 29,11-13; യോനാ 3,4) യേശുവിന്റെ മരുഭൂമിവാസവും അതിനിടയിലെ പ്രലോഭനങ്ങളും ഉത്ഥാനാനന്തരസാന്നിധ്യവുമെല്ലാം (മത്താ 4,2; അപ്പ 1,3) അതില്‍പ്പെടുന്നു.നാല്പതുകള്‍ മുഖ്യമായും മരുഭൂമിക്കാലമാണ്; ഊഷരമെന്നു പൊതുവേ തോന്നാവുന്ന കാലം. സത്യത്തില്‍, അങ്ങേയറ്റം ശാദ്വലമായ കാലമാണത്; ”വസ്ത്രങ്ങള്‍ പഴകിപ്പോവുകയോ കാലുകള്‍ വിങ്ങുകയോ” ചെയ്യാത്ത കാലം (നിയ 8,4); ”ഉടമ്പടിയുടെ രണ്ടു കല്പലകകള്‍” ലഭിക്കാനെടുത്ത കാലം (നിയ 9,11); ജനത്തിന്റെ പാപപരിഹാരത്തിനായി മോശ കര്‍ത്താവിന്റെമുമ്പില്‍ പ്രണമിച്ചുകിടന്ന കാലം (നിയ 9,18); ”യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയിലേക്കു” മടങ്ങിപ്പോകാന്‍ എടുത്ത കാലം (ലൂക്കാ 4,14).

*അതിവിശിഷ്ടമായ ആചാരത്രയങ്ങള്‍*

ജീവിതത്തിന്റെ ക്ഷണികതയിലേക്കുള്ള ഒരു ഓര്‍മക്കുറിപ്പാണ് നോമ്പുകാലം. ”മനുഷ്യാ, നീ പൊടിയാകുന്നു. പൊടിയിലേക്കുതന്നെ പിന്തിരിയും” എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് വിശ്വാസിയുടെ ശിരസ്സില്‍ പുരോഹിതന്‍ ചാരംപൂശുമ്പോള്‍ തന്റെ ക്ഷണികമായ ഈ ജീവിതകാലത്ത് നിത്യതയ്ക്കായുള്ള ഒരുക്കങ്ങള്‍ തീവ്രമായി നടത്താനുള്ള ക്ഷണമാണ് ഓരോ വിശ്വാസിയും ഏറ്റുവാങ്ങുന്നത്. ക്ഷണികതയെക്കുറിച്ചുള്ള അറിവ് ഒരുവന് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്നതോടൊപ്പം ചില നിലപാടുകളും സമ്മാനിക്കും.

നോമ്പുകാലത്തിലെ പ്രകടമായ ആചാരങ്ങളായ ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം എന്നിവ ആത്യന്തികമായി ഈ തിരിച്ചറിവും നിലപാടുകളുമാണ് വിശ്വാസിക്കു സമ്മാനിക്കുന്നത്. ഈ ആചാരത്രയത്തിന് പഴയനിയമകാലത്തോളം പഴക്കമുണ്ട് (തോബിത്ത് 12,8). മലയിലെ പ്രസംഗത്തില്‍ ഈശോ ഇവയോരോന്നിന്റെയും സൂക്ഷ്മാംശങ്ങളും പ്രാധാന്യവും വിശദമാക്കിയിട്ടുമുണ്ട് (മത്താ 6,1-18). ദൈവം നമ്മില്‍നിന്നു പ്രതീക്ഷിക്കുന്ന മാനസാന്തരത്തിന്റെ മൂന്നു തലങ്ങളായാണ് നാം ഇവയെ മനസ്സിലാക്കേണ്ടത് എന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ”ആന്തരികമായ പ്രായശ്ചിത്തം വൈവിധ്യമാര്‍ന്ന അനേകം മാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കാവുന്നതാണ്. വി. ഗ്രന്ഥവും സഭാപിതാക്കന്മാരും മുഖ്യമായും മൂന്നു രൂപങ്ങളിലാണ് ഊന്നല്‍ നല്കിയിട്ടുള്ളത് – ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം. ഇവ സൂചിപ്പിക്കുന്നത് തന്നിലേക്കുതന്നെയും ദൈവത്തിലേക്കും അപരരിലേക്കുമുള്ള മാനസാന്തരത്തെയാണ്” (നമ്പര്‍ 1434).

*യുദ്ധക്കൊതികളും കെടുതികളും നിർവീര്യമാകട്ടെ!*

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്. ഈ വിഭൂതി ബുധനിൽ നാം ചെയ്യുന്ന ഉപവാസവും പ്രാർത്ഥനയും ധർമ്മദാനവുമെല്ലാം യുദ്ധത്തിൻ്റെ അന്ത്യത്തിനായും ജനത്തിൻ്റെ സമാധാനത്തിനായും സമർപ്പിക്കാനാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാനമായ പിഒസിയിൽ ഇന്ന് ഉച്ചയ്ക്ക് പ്രന്ത്രണ്ടു മുതൽ ഒരു മണി വരെ ഈ ഉദ്ദേശ്യത്തിനായി തിരുമണിക്കൂർ ആചരിക്കപ്പെടുന്നു. കുടുംബങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകൾ സംഘടിപ്പിക്കുന്നതു നന്നായിരിക്കും.

*പരസ്യങ്ങൾ വേണ്ടാത്ത ഒരു മനസ്സ് സ്വന്തമാക്കുക*

പരസ്യങ്ങള്‍ കൊതിക്കുന്ന മനുഷ്യനുമുന്നില്‍ ”രഹസ്യങ്ങള്‍ അറിയുന്ന പിതാവിനെ” അവതരിപ്പിക്കുന്നു വി. മത്തായിയുടെ സുവിശേഷം ആറാം അധ്യായം. നോമ്പുകാലത്ത് ഈ സുവിശേഷഭാഗം പ്രത്യേകം വായിക്കപ്പെടാറുണ്ട്. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം എന്നീ മൂന്നു കാര്യങ്ങളെയും ഈശോ രഹസ്യാത്മകതയുമായി അഭേദ്യമാംവിധം കൂട്ടിക്കെട്ടിയിരിക്കുന്നു. പരമരഹസ്യമായി ദാനധര്‍മ്മം ചെയ്യുന്നവന് ‘രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കുമത്രേ (6,4). മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി പിതാവിനോട് പ്രാര്‍ത്ഥിക്കുന്നവനും ”രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കും (6,6). മറ്റാരും അറിയാതെ ഉപവസിക്കുന്നവന്, ”രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കും (6,18). ശൈലീമാറ്റത്തിനായി മനുഷ്യനുമുന്നില്‍ ദൈവം ഉയര്‍ത്തുന്ന ക്ഷണമാണ് ഈ സുവിശേഷഭാഗം. നോമ്പുകാലത്തില്‍ ഈ ക്ഷണത്തിന് സവിശേഷമായകരുത്തുണ്ട്.

*ഉപസംഹാരം*

‘ഇടുങ്ങിയ വാതിലി’ന്റെ സുവിശേഷത്തിന് സ്ഥല-കാലപരിമിതികളില്ല. മരുഭൂമിയില്‍ ഇസ്രായേല്‍ജനത്തിനുണ്ടായ പ്രലോഭനങ്ങള്‍ മനസ്സിലുണ്ടല്ലോ. മരുഭൂമിയിലെ നാല്പതുദിവസങ്ങള്‍ക്കിടയില്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളും നമുക്ക് അജ്ഞാതമല്ല. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്തു സമ്പാദിക്കാനുള്ളവയാണ് നോമ്പുദിനങ്ങള്‍.

ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം എന്നീ നോമ്പുകാല ആചാരത്രയങ്ങളിലൂടെയെല്ലാം വിശ്വാസി ലക്ഷ്യംവയ്ക്കുന്നത് യേശുക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളുടെ തീവ്രമായ ധ്യാനമനനങ്ങളിലൂടെ ദൈവൈക്യവും മാനസാന്തരവും പ്രാപിക്കുക എന്നതാണ്. വിചാര-വികാര-സംസാര-നിലപാടു-പ്രവൃത്തികളെയെല്ലാം ആത്മാവിന്റെ വരുതിക്കു നിറുത്താനുള്ള മനസ്സിന്റെ ആഗ്രഹമാണ് വിഭൂതി ബുധനാഴ്ച ആരംഭിച്ച് വിശുദ്ധവാരത്തിലെത്തുന്ന നോമ്പുകാലാചരണത്തിലൂടെ വെളിവാകുന്നത്.

ദൈവകൃപയോടു സഹകരിക്കാനും സ്വന്തം ഇച്ഛാശക്തിയെ ബലപ്പെടുത്താനും ദൈവൈക്യത്തിലും സഭാത്മകതയിലും സാമൂഹികപ്രതിബദ്ധതയിലും ആഴപ്പെടാനും തിന്മകളില്‍നിന്ന് അകലംപാലിക്കാനും അവയ്‌ക്കെതിരേ പോരാടാനുമുള്ള അതിവിശിഷ്ടമായ കാലഘട്ടമാണ് അത്ഉത്ഥാനപ്രഭ ജീവിതത്തില്‍ ഏറ്റുവാങ്ങാനായി ഓരോ വിശ്വാസിയും തന്റെ ജീവിതത്തിന്റെ ഇരുളുകളെ തിരിച്ചറിയുന്ന കാലമാണിത്. മദ്യപാനിക്ക് മോചനംനേടാന്‍ ഏറ്റവും അനുയോജ്യമായ കാലം; ഏഷണിക്കാരിക്ക് വാക്കുകളുടെ ഉപവാസം പാലിക്കാന്‍ പറ്റിയ കാലം; അലസതയുള്ള വിദ്യാര്‍ത്ഥിക്ക് ഉണര്‍വു സ്വന്തമാക്കാന്‍ കഴിയുന്ന കാലം. മിതത്വം ഇല്ലാത്ത വ്യത്യസ്ത ജീവിതമേഖലകളില്‍ അതു പാലിക്കാനും ശീലിക്കാനും ഇതുപോലെ അനുകൂലമായ ഒരു കാലമില്ല. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്ന സ്വഭാവം നോമ്പുകാലത്തല്ലാതെ മറ്റെപ്പോഴാണ് നമ്മില്‍ ശരിപ്പെട്ടുകിട്ടുക?

സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും വെള്ളംചേര്‍ക്കുന്ന ദുസ്തഴക്കങ്ങളില്‍നിന്ന് ഉത്ഥിതന്റെ സത്താപ്രഭയിലേക്ക് വളരാന്‍ നമുക്കും താത്പര്യമില്ലേ? ഇതിനെല്ലാം അനുയോജ്യമായ കാലമാണ് നോമ്പുകാലം. ജീവിതം പുഷ്പിക്കുന്ന കാലമാണത് – ശാദ്വലതയുടെ സുന്ദരകാലം.

അതെ, *”പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്”.*

ഫാ .ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്