*റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് അടിയന്തരാവശ്യമുണ്ടാകും!*

പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി.

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അച്ചന് രക്തസമ്മർദ്ദമുണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICUൽ ആയിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ അച്ചന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ICUലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ പരിചരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രണ്ടാമത് കനത്ത ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.

ചന്തിരൂർ ഇടവകക്കാരനും മാതാപിതാക്കളുടെ മൂന്നു മക്കളിൽ മൂത്തവനും ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിന് ഒരു കോളേജിൽ അസോഷ്യേറ്റ് പ്രൊഫസറായി ജോലി നോക്കവേയാണ് വൈദികനാകാൻ ഉൾവിളി ലഭിച്ചത്. അക്കാര്യം ചർച്ചചെയ്യാൻ പിഒസിയിൽ എൻ്റെ പക്കൽ അദ്ദേഹം വന്നത് ഇന്നും തെളിമയോടെ ഓർക്കുന്നു.

തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞതിനുശേഷം ജോലി രാജിവച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിക്കുകയായിരുന്നു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാധ്വാനവും ദൈവാശ്രയവും റെജിനച്ചൻ്റെ മുഖമുദ്രയായിരുന്നു.

എൻ്റെ ഇടവകപ്പള്ളിയായ വൈപ്പിൻ പ്രത്യാശാ മാതാ പള്ളിയിലാണ് കൊച്ചച്ചനായി അദ്ദേഹം സേവനം ചെയ്തത്.

റെജിനച്ചൻ്റെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിൻ്റെയും അദ്ദേഹത്തിൻ്റെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് രണ്ടു വർഷങ്ങൾക്കു മുമ്പ് റെജിനച്ചനെ ചാൻസലറായി നിയമിച്ച് മെത്രാസന മന്ദിരത്തിലേക്ക് സ്വീകരിച്ചത്. അദ്ദേഹത്തിൻ്റെ ശുശ്രൂഷ രൂപതയ്ക്ക് വലിയ മുതല്ക്കൂട്ടായിരുന്നു.

അച്ചന്റെ ആത്മശാന്തിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.ആദരാഞ്ജലികൾ…

Joshyachan Mayyattil

കൊച്ചി രൂപതാ ചാൻസലർ വെരി. റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി.

ഫോർട്ടുകൊച്ചി. കൊച്ചി രൂപത ചാൻസലർ വെരി. റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ (41) നിര്യാതനായി. 2021 ഏപ്രിൽ മുതൽ രൂപതാ ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എൻജിയിറിംഗ് കേളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.

അദ്ദേഹത്തിന് ശനിയാഴ്ച്ച സ്വവസതിയിൽ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികത്സ തുടരുന്നതിനിടെ ഹൃദയഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു. വരുന്ന ചൊവ്വാഴ്ച 08/11/2022, രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.
പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ St. മേരീസ്‌ ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാകുകയും ചെയ്യും.
സഹോദരങ്ങൾ, ജെറിൻ (യു.കെ.), റിനു (യു. എസ്. എ).

ഫാ. ജോണി സേവ്യർ പുതുക്കാട്ടു്
പി. ആർ. ഒ. കൊച്ചി രൂപത .

സംസ്കാര ശുശ്രൂഷ 8ന് (ചൊവ്വാഴ്ച ) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെന്റ് മേരിസ് പള്ളിയിലും അടക്കം ചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിലും നടക്കുമെന്ന് ബിഷപ്പ് ഹൗസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

Heartfelt condolences and prayers 

നിങ്ങൾ വിട്ടുപോയത്