കേരളത്തിലെ ദളിത് വിഭാഗങ്ങൾ, കർഷകർ തീരദേശവാസികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് സമ്മേളനം ചേരുന്നത് എന്നാണ് കെസിബിസിവക്താവിന്റെ വാർത്താക്കുറിപ്പിലുള്ളത്.

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ അഭിമുഖീകരിക്കാൻ സഭയ്ക്കും സമൂഹത്തിനും കഴിയണം” എന്നും പറഞ്ഞിരിക്കുന്നു. കോവിഡിന്റെ വരവിനു ശേഷം, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ, സമൂഹത്തിന്റെ എല്ലാ മേഖലകളും തുറക്കാനുള്ള സടപടികൾ സർക്കാർ സ്വീകരിക്കുകയാണ്. ഇക്കാര്യത്തിൽ, മുന്നൊരുക്കങ്ങൾ ഏറെ ആവശ്യമാണ്.

കൂടാതെ, “നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപനം നമ്മുടെ യുവജനങ്ങളുടെയും കുട്ടികളുടെയും സമൂഹത്തിന്റെതന്നെയും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകർക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാൻ കഴിയണം.” ഒരു പക്ഷേ, സമ്മേളനത്തിന്റെ മുഖ്യലക്ഷ്യംതന്നെ, ഈ വിഷയത്തിൽ, കേരള കത്തോലിക്കാസഭയുടെ വ്യക്തമായ നയവും നിലപാടും സമൂഹത്തെ അറിയിക്കുക എന്നതായിരിക്കണം

പിതാക്കന്മാരുടെ സമ്മേളനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക പ്രസക്തിയും പ്രാധാന്യവുമുണ്ട്. മയക്കുമരുന്ന് പോലുള്ള സാമൂഹ്യതിന്മകളുടെ കാര്യത്തിൽ സഭയ്ക്ക് പൊതുവായ ഒരു നിലപാട് മാത്രമേ ഉണ്ടാകാൻ സാധിക്കുകയുള്ളൂ.

സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തും വിധമുള്ള ചർച്ചകൾ ഇക്കാര്യത്തിൽ എല്ലാവിഭാഗം ജനങ്ങളുമായി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അറിയിപ്പിൽ, എടുത്തുപറഞ്ഞിരിക്കുന്നു.സമൂഹത്തിന്റെ പൊതുനന്മയും സൗഹൃദാന്തരീക്ഷവും സഭയിലെ വിശ്വാസികളുടെ സുസ്ഥിതിയും കൂട്ടായ്മയും ഉറപ്പുവരുത്തുംവിധം, കേരളത്തിലെ കത്തോലിക്കാസഭയുടെ നിലപാട് കെസിബിസി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു സഹായകമായേക്കാവുന്ന തരത്തിൽ നടക്കുന്ന ചർച്ചകളെ വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. എല്ലാവിഭാഗം ജനങ്ങളുടെയും ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നത് ഇക്കാര്യത്തിൽ, “പൊതുനന്മ” എന്ന ലക്ഷ്യത്തെ ബലപ്പെടുത്തുകയേ ഉള്ളൂ. സത്യം പറയാനും അത് സ്നേഹത്തോടെ പറയാനും സഭയ്ക്ക് ബാധ്യതയുണ്ടല്ലോ. ഇക്കാര്യത്തിലുണ്ടായിട്ടുള്ള ചില തെറ്റിദ്ധാരണകൾ മാറുന്നതിനു കെസിബിസി പ്രത്യേക സമ്മേളനം സഹായകമാവും.

രാഷ്ട്രീയ പാർട്ടികളുടെ താല്പര്യങ്ങളും നിലപാടുമല്ല, സാമൂഹ്യപ്രബോധനങ്ങളിൽ സഭയെ നയിക്കുന്നത്. ആത്യന്തിക നന്മയായ ദൈവത്തിന്റെ ആത്മാവ് സത്യത്തിലേക്ക് സഭയെ നയിക്കുന്നു എന്നത് ഇന്നോളമുള്ള സഭയുടെ അനുഭവവും വിശ്വാസവുമാണ്. ഇക്കാര്യത്തിലും അത് അങ്ങനെതന്നെയാകും എന്ന് പ്രത്യാശിക്കാം. താൽക്കാലികവും വൈകാരികവുമായ സമ്മർദങ്ങൾക്ക് സഭ വിധേയപ്പെടും എന്ന് കരുതാൻ വയ്യാ..

.

പിൻകുറിപ്പ്: കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നിട്ടുള്ളവരെ സംബന്ധിച്ചു സർക്കാരിന്റെ പക്കലുള്ള കണക്കുകൾ ജനസംഖ്യാനുപാതികമായി ന്യായീകരിക്കാവുന്നതാണ് എന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം, ഐഎസിൽ ചേരാനുള്ള മലയാളികളുടെ അവകാശം സംരക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണോ എന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്!

ഫാ. വർഗീസ് വള്ളിക്കാട്ട്

Former Deputy Secretary-General & Spokesperson at Kerala Catholic Bishops’ Council (KCBC)