വി . ജോൺ മരിയ വിയാനി:

=പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം.

”പ്രവർത്തിക്കുന്ന” അച്ചന്മാരെ ഇഷ്ടപ്പെടുന്ന സമൂഹത്തെ പ്രീതിപ്പെടുത്താനായി നടത്തുന്ന പരാക്രമങ്ങൾക്കിടയിൽ സ്വന്തം സത്തയെ നഷ്ടപ്പെടുത്തിയും വിളിച്ചവനോടുള്ള വിശ്വസ്തത മറന്നും ഓടുന്ന നവയുഗ വൈദികരെ നോക്കി ആർസിലെ “കഴിവ് കെട്ടവൻ” പുഞ്ചിരിക്കുന്നു.

കുമ്പസാരക്കൂടും ബലിയർപ്പണവേദിയും തന്റെ പ്രവർത്തനമേഖലയായി സ്വീകരിച്ച ആ പാവം വിയാനി അച്ചനെ വെറുതേ ഒന്ന് മനന വിഷയമാക്കുക.

സന്തോഷിപ്പിക്കേണ്ടത് ചെവി തിന്നുന്ന ഉപഗ്രഹങ്ങളെയല്ല , മറിച്ചു ജീവിതത്തിന്റെ കേന്ദ്രബിന്ദുവായ നാഥനെ ആണെന്നുള്ള തിരിച്ചറിവാകട്ടെ ഈ തിരുന്നാൾ ദിനം ഞാനുൾപ്പെടുന്ന വൈദിക സമൂഹത്തിന് നൽകപ്പെടുന്ന സമ്മാനം.

വൈദികൻ പൊതുമുതലാണെന്ന സത്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും സ്വകാര്യവത്കരിക്കാനുള്ള താല്പര്യത്തോടെ അടുത്തുകൂടുന്ന സ്ഥാപിത താല്പര്യക്കാരെ ആരോഗ്യകരമായ അകലത്തിൽ നിറുത്തുവാനുള്ള വിവേകം ഉണ്ടയിരിക്കുകയും ചെയ്യട്ടെ ഓരോ വൈദികനും.

നിർഗുണതയും നിഷ്ക്രിയത്വവും അലങ്കാരമായി സ്വീകരിച്ചിരിക്കുന്ന അഭിനവ പുരോഹിതന് ഒരു സ്വയം വിമർശനാത്മക അവലോകനത്തിന് കാരണമായി മാറട്ടെ തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ.ചുറ്റും നടക്കുന്നവയൊന്നും തന്നെ ബാധിക്കുന്നവയല്ല എന്ന് ചിന്തിച്ചു മൂഢ സ്വർഗത്തിൽ കഴിയുന്നവരെ ആർസിലെ സമൂഹത്തിന്റെ തലതിരിഞ്ഞ സംസ്കാരത്തിലേക്ക് ക്ഷണിക്കുന്നു വിയാനി പുണ്യവാളൻ ; എങ്ങനെ അവരുടെ ജീവിത ശൈലികളെ വിയാനി അച്ചൻ മാറ്റിയെടുത്തു എന്ന് തിരിച്ചറിയാൻ …

തല തിരിഞ്ഞു കാണുന്നവയിൽ സ്വാഭാവികത ദർശിക്കുന്ന വവ്വാലിന്റെ ഭാവുകതയിൽ നിന്നും ” നേരുകൾ അറിയാനും പുല്കാനുമുള്ള ” കൃപയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയാവട്ടെ ഇന്നേദിവസം ബലിവേദിയിലേക്കു പോകുമ്പോൾ ഹൃത്തിൽ നിറയേണ്ടത്.

എന്റെ സംതൃപ്തിയ്ക്കും സ്വസ്ഥതയ്ക്കുമായി ഞാൻ വ്യയം ചെയ്യുന്ന ഊർജ്ജത്തെയും വിയർപ്പിനേയുംകാൾ , എന്റെ സഹോദര വൈദികന് വേണ്ടി ഉതിർക്കുന്ന നെടുവീർപ്പിനും സമൂഹത്തിനു വേണ്ടി ഒഴുക്കുന്ന കണ്ണീരിനും കൂടുതൽ വിലയുണ്ടെന്ന് തിരിച്ചറിയുന്ന നാളിൽ , ആ തിരിച്ചറിവിനോട് പ്രതികരിക്കാൻ തയ്യാറാകുന്ന നാളിൽ, തള്ളി പറയുന്ന അജഗണം തിരിച്ചു വരും അവരുടെ ഇടയന്റെ സവിധത്തിലേക്കെന്നു ” ആർക്കും വേണ്ടാത്ത ” ആർസിലേക്ക് തള്ളപ്പെട്ട വികാരിയച്ചന്റെ ജീവിതഗാഥ ഒരു ഉണർത്തുപാട്ടായി നമ്മുടെ ചെവികളിൽ ഉയരട്ടെ പ്രിയ സഹോദര വൈദികരേ.

കർത്താവ് തോറ്റാലും സമൂഹത്തിന് ഉതപ്പിന്‌ കാരണമായാലും തന്റെ ചിന്തയാണ് ശരി, ഞാനാണ് ശരി എന്ന മനോഭാവം മാറ്റണമെന്ന് ” കഴിവില്ലാത്ത” ആ പാവം വികാരിയച്ചൻ ഓർമിപ്പിക്കുന്നു.

പട്ടം ഏറ്റ നാളിൽ അധികാരിയോടുള്ള വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞത്‌ അവനവനിസത്തിന്റെ സത്രത്തിലേക്കു സ്വയം ചുരുങ്ങാനല്ലായിരുന്നു എന്ന് ഓർക്കുകയും തന്റെ ഇഷ്ടങ്ങൾ വിളിച്ചവന്റെ ഇഷ്ടമായി തിരുത്തി എഴുതുവാനുള്ള ധാർമിക ച്യുതിയിലേക്കു സ്വയം താണോ എന്ന് ചിന്തിക്കാനും വൈദികരുടെ മധ്യസ്ഥന്റെ തിരുന്നാൾ ഞാനുൾപ്പെടുന്ന വൈദികസമൂഹത്തിന് കാരണമാകട്ടെ.

അവഹേളിക്കപെടുമ്പോഴും ഒറ്റപ്പെടുമ്പോഴും കൂടുതൽ തീക്ഷ്ണതയോടെ അവനോടു ചേർന്ന് നിൽക്കാൻ വി. വിയാനി അച്ചൻ നമുക്ക് ശക്തിയും പ്രചോദനവും തരട്ടെ.എല്ലാവർക്കും പ്രത്യേകിച്ച് വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു .

സ്നേഹത്തോടെ ,

പ്രാർത്ഥനയോടെ ✍️Ben Fr

നിങ്ങൾ വിട്ടുപോയത്