ദൈവ കുടുംബത്തിലെ ഒരംഗമായി മാറി, ദൈവത്തിന്റെ മകനും മകളും ആകുവാൻ നമ്മൾ ചെയ്യേണ്ടത് ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരായിത്തീരുകയാണ്. പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിവർത്തിക്കുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഈശോയ്ക്കുണ്ടായിരുന്നുള്ളൂ. നമ്മുടെ ഹിതത്തെ ഈശോയുടെ ഹിതത്തോട് അനുരൂപമാക്കി മാറ്റുമ്പോഴാണ്‌ നമ്മുടെ ജീവിതത്തിനു ലക്ഷ്യവും നമ്മുടെ പ്രവൃത്തികൾക്ക്‌ അർത്ഥവും ഉണ്ടാകുന്നത്. ദൈവത്തിന്റെ പദ്ധതികളും സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന വഴികളും പലപ്പോഴും നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതവും നമ്മുടെ തയ്യാറെടുപ്പുകൾക്ക് അതീതവും നമ്മുടെ ബുദ്ധിക്ക് അഗ്രാഹ്യവും ആണെന്നു വരാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ദൈവഹിതത്തോടു മല്ലടിക്കാതെ അവിടുത്തെ വഴികളിലൂടെ നടക്കാൻ വിശ്വാസവും പ്രത്യാശയും സ്നേഹവും നമ്മെ സഹായിക്കുന്നു.

ദൈവ വചനത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധവും, എല്ലായ്പ്പോഴും അവ പാലിച്ചുകൊണ്ട്‌ ജീവിക്കാനുള്ള ആത്മാർത്ഥമായ ശ്രമവും നമ്മുടെ ജീവിതത്തെ ദൈവഹിതത്തിനു അനുയോജ്യമാക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാക്കാര്യങ്ങളും അനുദിനജീവിതത്തിലെ നിസ്സാരങ്ങളായ സംഭവങ്ങൾ മുതൽ കാരണമില്ലാത്ത തകർച്ചകളും ഉത്തരമില്ലാത്ത പ്രശ്നങ്ങളും എല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നമ്മൾ മനസ്സിലാക്കണം. അവയ്ക്കെല്ലാം പിന്നിലെ ദൈവഹിതം എന്താണെന്ന് പൂർണ്ണമായ ഒരു ഉത്തരം എല്ലായ്പ്പോഴും നമുക്ക് ലഭിക്കണമെന്നും ഇല്ല.

ഓരോ ദിവസവും നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെയെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് ഒരു പ്രാർത്ഥനയോടെ നമ്മുടെ ദിവസം ആരംഭിക്കാൻ നമുക്ക് സാധിച്ചാൽ, ആ പ്രവൃത്തികളിലൂടെ ദൈവം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു എന്ന കാര്യത്തിൽ നമുക്ക് കൂടുതൽ വ്യക്തത ലഭിക്കും. എല്ലായ്പ്പോഴും ദൈവത്തെ വിശ്വസിക്കാനും സ്നേഹിക്കാനും പ്രത്യാശാപൂർവം അവിടുത്തെ കരുണയിൽ ആശ്രയിക്കാനും നമ്മൾ പരിശ്രമിച്ചാൽ, നമ്മുടെ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും സന്തോഷപൂർവം സ്വീകരിച്ച്, അവയിലൂടെ ദൈവഹിതം നിറവേറ്റുന്നവരായി നമ്മൾ മാറും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്