മത മുദ്രകൾ

എന്റെ ആത്മീയ യാത്രയിലെ ശ്രദ്ധേയമായ ഒരു തിരിച്ചറിവ് ഉണ്ടായത് ഏതാണ്ട് 22ആം വയസിലാണ്. ആ അവേക്കനിങ് റോമാക്കാർക്കുള്ള ലേഖനത്തിന്റെ 2ആം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് നിന്നാണ് ലഭിച്ചത്.

യഥാര്‍ഥ പരിച്‌ഛേദനം (ചേലാകർമ്മം, സുന്നത്) ബാഹ്യമോ ശാരീരികമോ അല്ല എന്നു പൗലോസ് ശ്ലീഹ അവിടെ പറയുന്നുണ്ട്. യഹൂദരല്ലാത്ത ആളുകളും ക്രൈസ്തവ മാർഗം പുണരുവാൻ ധാരാളമായി താത്പര്യപ്പെട്ടപ്പോൾ സംജാതമായ ബഹുസ്വരതയെ കൈകാര്യം ചെയ്യാൻ വിശ്വാസി സമൂഹം പരാജയപ്പെട്ടപ്പോൾ ആത്മാവിൽ പ്രേരിതനായി പൗലോസ് റോമായിലെ വിശ്വാസികളെ ഉപദേശിക്കുകയാണ്.

ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌ യഥാര്‍ഥ പരിച്‌ഛേദനം. അത്‌ ആത്‌മീയമാണ്‌. അക്ഷരാര്‍ത്ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത്‌ മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്‌ (റോമാ 2 : 28-29). ബഹുസ്വരവും മതേതരവുമായ ഒരു സമൂഹത്തിൽ മതമനുഷ്യനായി ജീവിക്കേണ്ടതെങ്ങനെ എന്നുള്ള മനോഹരവും ലളിതവുമായ ആവിഷ്കാരം.

ബാഹ്യമായ മത മുദ്രകൾ ചുമന്നുകൊണ്ട് നടക്കുന്നത് സത്യത്തിൽ എളുപ്പമാണ്. തലപ്പാവ്, വസ്ത്രം, സീമന്തരേഖ, കുരിശ്, വള, വാൾ എന്നിവ പോലുള്ള വസ്തുക്കൾ അണിയൽ, വിശുദ്ധ പുസ്തകങ്ങൾ പരസ്യമായി കൊണ്ടുനടക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതൊക്കെ, ഞാൻ ഒരു മതശരീരമാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എളുപ്പത്തിൽ ചെയാവുന്ന കാര്യമാണ്. അങ്ങനെ ചെയ്യണം എന്ന് മറ്റുള്ളവർ എന്നെ പ്രേരിപ്പിക്കുകയും, അങ്ങനെ ചെയ്യണം എന്ന് എനിക്കും തോന്നുകയും ചെയ്തിരുന്ന ആ ഇരുപത്തിരണ്ട് വയസു കാലത്താണ് ഒരു ഉൾക്കാഴ്ച പോലെ മേൽപറഞ്ഞ വാക്യം ഹൃദയത്തിൽ വന്നു വീണത്. വലിയൊരു വികാസമാണ് പിന്നീടുള്ള യാത്രയിൽ അത് വരുത്തിയത്.

യാതൊരു മുദ്രകളും ബാഹ്യമായി അണിയാഞ്ഞിട്ടും, ഒരു ട്രെയിൻ യാത്രയിൽ ഒരു അപരിചിതൻ നീയൊരു ക്രിസ്ത്യാനിയല്ലേ എന്നു എന്നോട് മുഖത്തു നോക്കി ചോദിച്ച അന്നാണ്, ഹൃദയത്തിലുള്ള പരിച്ഛേദനം വെല്ലുവിളി നിറഞ്ഞതും ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയും ഉള്ളത് എന്നു ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ആ ചെറുപ്പക്കാരന്റെ കൈക്കുഞ്ഞുള്ള ഭാര്യയെ കുറച്ചുനേരം കാൽ കുത്താനിടയില്ലാത്ത ഒരു ട്രെയിനിൽ എന്റെ റിസർവ്ഡ് സീറ്റിൽ ഇരിക്കാൻ അനുവദിച്ചു എന്ന പാതകമാണ് എന്റെ ഹൃദയത്തിന്റെ പരിച്ഛേദനം പുറത്ത് കാട്ടപ്പെടാൻ കാരണമായത്. (ഇത് എനിക്ക് പൊങ്ങച്ചം പറയാം. കാരണം മറ്റുള്ളവരെ സഹായിക്കാൻ കിട്ടിയിട്ടുള്ള അവസരങ്ങളിൽ പലതും മനപ്പൂർവം ഒഴിവാക്കിയിട്ടുള്ള ഒരാളാണ് ഞാൻ !😀). എന്നാലും ആ ദിവസം ഭയം എന്നെ ഗ്രസിച്ച പോലെ പിന്നീട് ഒരിക്കലും സംഭവിച്ചിട്ടില്ല.

മതം സ്വകാര്യത ആണ് എന്നും (വിശ്വാസികളുടെ സമൂഹത്തിൽ അർദ്ധ-സ്വകാര്യത), മതമുദ്രകളും സ്വകാര്യമായി ഇരിക്കണം എന്നും കരുതുന്ന ഒരാളാണ് ഞാൻ. അതേ സമയം ഭരണഘടന ഉറപ്പു തരുന്ന മത (പ്രകടന) സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ്. പ്രകടമായ പരസ്യ മതമുദ്രകളും, ചിട്ടകളും, പ്രയോഗങ്ങളും വ്യക്തിപരമായി എനിക്ക് അനിഷ്ടമാണ് എന്നിരിക്കിലും, ഇതര വ്യക്തികൾ അവയൊക്കെ ചെയ്യുന്നത് കാണുമ്പോൾ അലോസരം ഉണ്ടാകാറില്ല. മതേതരമായ പൊതു ഇടങ്ങളിൽ സാധ്യമാകുന്നിടത്തോളം നമ്മുടെ മത മുദ്രകളുമായി പോകരുത് എന്നും, മതേതര ലക്ഷ്യങ്ങളെ മാനുഷിക മൂല്യങ്ങളിൽ ഊന്നി നിന്ന് കൊണ്ട് മുൻഗണനയോടെ കൈവരിക്കാൻ ശ്രമിക്കണം എന്നുമാണ് എന്റെ അഭിപ്രായം. അത് നമ്മുടെ മതനിഷ്ഠകളെ കൂടുതൽ വിമലീകരിക്കുകയും, ഒപ്പം മതേതര ഇടങ്ങളെയും സംരംഭങ്ങളെയും വിശുദ്ധീകരിക്കുകയും ചെയ്യും എന്ന് ഞാൻ കരുതുന്നു.

അതേ സമയം, ചില മതാചാരങ്ങൾ വ്യക്തികളെയും സമൂഹങ്ങളെയും പുറകോട്ട് നയിക്കും എന്നു നമുക്ക് ഉറപ്പുള്ളപ്പോൾ, അതിനെ നേരിടാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം ശരിയായ വിദ്യാഭ്യാസവും അവബോധനവും നൽകുക എന്നതാണ്.

വിമർശനാത്മക പാഠ്യപദ്ധതി നടപ്പിലായാൽ വ്യക്തികൾ സ്വയം കുറവുകൾ തിരിച്ചറിയുകയും മതമുദ്രകളെ ഉപേക്ഷിക്കുകയും ചെയ്തോളും. അതിനുള്ള ക്ഷമ നവോത്ഥാന നായകരും, സ്വതന്ത്ര ചിന്തകരും, രാഷ്ട്രീയ സാംസ്കാരിക നായകരും പ്രദർശിപ്പിക്കണം. അല്ലാതെ (അ)രാഷ്ട്രീയമായി മത മുദ്രാവാക്യങ്ങൾ വിളിച്ചു ദുരാചാരങ്ങളെ നേരിടാൻ ശ്രമിച്ചാൽ ദുരാചാരങ്ങൾ കൂടുതൽ ഫോമലൈസ് ചെയ്തു ഇടമുറപ്പിക്കും എന്നത് പോകട്ടെ, സമൂഹത്തിന്റെ ബഹുസ്വര, സമാധാന പാട ഉടഞ്ഞു പോകും എന്നതാണ് നമ്മെ കാത്തിരിക്കുന്ന വിപര്യയം എന്നതോർക്കുക.

Jose Vallikatt

നിങ്ങൾ വിട്ടുപോയത്