വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത കമ്മീഷൻ

കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ.

ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്.

മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക – സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിർത്താനും സമുദായ നേതൃത്വങ്ങൾ തയ്യാറാകണം.

കേരളത്തിൽ തീവ്രവാദ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വർഗ്ഗീയ ചിന്തകളും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ കൂടുതൽ ആഴത്തിൽ പിടിമുറുക്കുന്ന കാഴ്ചകളെ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികൾ സ്വീകരിക്കുകയും വേണം.

കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണം.

ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ

നിങ്ങൾ വിട്ടുപോയത്