ജീവിതത്തിൽ ഒരു സിനിമയെങ്കിലും കാണാത്തവരായി നമ്മിൽ ആരുംതന്നെ ഉണ്ടാവില്ല.

ഒരുപക്ഷേ ഇതുവരെ നമ്മൾ സംബന്ധിച്ച വി. കുർബാനകളെക്കാളും സിനിമകൾ നാം കണ്ടിട്ടുണ്ടാകും!!! നിങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കുവാൻ താൽപ്പര്യമുണ്ടോ..? വിശുദ്ധരാകുവാൻ ആഗ്രഹമുണ്ടോ..? എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ, “ഉവ്വ്..” എന്നായിരിക്കും നമ്മുടെ ഉറച്ച മറുപടി.

ആ ആഗ്രഹത്തിന്റെ മറ്റൊരു പ്രതിഫലനമാണ് നാം വിശുദ്ധരുടെ ജീവചരിത്രം വായിക്കുവാൻ ശ്രമിക്കുന്നതും, വായിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും. ഇത്തരം കാര്യങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുമ്പോൾ നമുക്കും അതുപോലെ ആകുവാൻ പ്രേരണ വരുന്നു. അത് മനുഷ്യമനസ്സിന്റെ ഒരു സ്വഭാവമാണ്. അതുകൊണ്ടുതന്നെ ഒരു സിനിമ കാണുമ്പോൾ നമുക്ക് ഏതുതരം ചിന്തകളായിരിക്കും വരിക..?

ചുരുക്കം ചില ഉദാഹരണങ്ങൾ: (എല്ലാ സിനിമകളെയും ഒരുപോലെ കാണുന്നില്ല. വളരെ നല്ല സിനിമകൾ ഉണ്ടെങ്കിലും, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കച്ചവടതാൽപ്പര്യവും മറ്റു ഗൂഢലക്ഷ്യങ്ങളും വർദ്ധിച്ചപ്പോൾ, നല്ല സിനിമകൾ ഇപ്പോൾ 5% പോലുമില്ല.)

1. എതിർക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവരെ തല്ലണം അല്ലെങ്കിൽ കൊല്ലണം… എങ്കിലേ ഞാൻ ഇഷ്‍ടപ്പെടുന്ന നായകനെപ്പോലെ ആണത്തമുള്ളവനായി ഞാൻ മാറുകയുള്ളൂ…!! വില്ലന്മാരെ തല്ലിയൊതുക്കയോ കൊല്ലുകയോ ചെയ്യുന്ന സിനിമയിലെ ക്ലൈമാക്സ് കാണുമ്പോൾ എന്തൊരു സംതൃപ്തിയോടെയാണ് നാം തിരിച്ചു വീട്ടിൽ പോകുന്നത്..?

സിനിമയിലെ നായകൻ ചെയ്യുന്നതുപോലെ നിത്യജീവിതത്തിലും മുഷ്ടിചുരുട്ടിയോ ആയുധമെടുത്തോ പ്രതികരിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ..?

സിനിമയിലെ stylish ആയ വില്ലന്മാരെപോലെയും അധോലോക നേതാക്കന്മാരായ നായകന്മാരെയും അനുകരിച്ച് എത്രയോ യുവതലമുറകൾ വഴിതെറ്റിപ്പോയിക്കൊണ്ടിരിക്കുന്നു.

നമ്മൾ ഇങ്ങനെയൊരു അന്തരീക്ഷത്തിൽ ദിനങ്ങൾ തള്ളിനീക്കുമ്പോൾ, അനീതി പ്രവർത്തിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നമുക്ക് തോന്നില്ല എന്നതാണ് സത്യം. അതേസമയം ഒരു ധ്യാനം കൂടിയതിനുശേഷമോ, ഈശോയുടെ സ്നേഹത്തെകുറിച്ചോ, കരുണയെക്കുറിച്ചോ, വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചോ കേട്ട ഉടനെയോ ഇങ്ങനെയൊരു കാര്യം ശ്രദ്ധയിപ്പെട്ടാൽ, പ്രതികാരചിന്തകൾക്കുപകരം ആകുലതയും അതോടൊപ്പംതന്നെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമായിരിക്കും നമുക്ക് തോന്നുക. സിനിമയിലെ നായകനെപ്പോലെ പ്രതികാരം ചെയ്യുവാനുള്ള ചിന്തവഴി ഒരാത്മാവിനെപ്പോലും നേടുവാൻ നമുക്ക് സാധിക്കുകയില്ല എന്നുമാത്രമല്ല, ഇങ്ങനെയുള്ള പാപചിന്തവഴി ആത്മീയ തളർച്ച നമുക്ക് സംഭവിക്കുകയും ചെയ്യുന്നു.

2. വർഷങ്ങൾക്കുമുമ്പ് ഒരു തമിഴ് സൂപ്പർസ്റ്റാറിന്റെ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ, അതിലെ പാട്ടിലെ രംഗം കണ്ടുകൊണ്ട്, തൊട്ടടുത്തിരുന്ന ആൾ സ്വന്തം ശരീരത്തിൽ പാപം ചെയ്യുന്നത് (സ്വയംഭോഗം) ചെറിയ വെളിച്ചത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു. ആ കാലഘട്ടത്തിലെ സിനിമകളേക്കാൾ എത്രയോ അധികമാണ് ഇപ്പോഴത്തെ സിനിമകളിലെ ലൈംഗികഅതിപ്രസരം എന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.

ഒരാളുടെപോലും വിശുദ്ധജീവിതത്തിനും ആത്മീയ വളർച്ചയ്ക്കും ഈ സിനിമകൾ കാരണമാകുന്നില്ല, എന്നുമാത്രമല്ല, ആത്മനാശത്തിനു കാരണമായേക്കാവുന്ന കാര്യങ്ങൾ നാമറിയാതെതന്നെ നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

3. സിനിമ കണ്ടുകഴിഞ്ഞു കുർബാനയ്ക്കുപോയാൽ ശരിയാവില്ല എന്ന് അടുത്ത് താമസിച്ചിരുന്ന ഒരു കൗമാരക്കാരൻ പറഞ്ഞത് ഓർമ്മയിൽ ഉണ്ട്. കുർബാനയിലുടനീളം സിനിമയിലെ കാര്യങ്ങളാകും കടന്നുവരിക എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്. സത്യമല്ലേ..?

ഒരു സിനിമയിലെ നമുക്കിഷ്ടപ്പെട്ട സീൻ ചിലപ്പോൾ മരണംവരെ നാം മറക്കില്ല..!!! അത്രയ്ക്കാണ് സിനിമയ്ക്ക് നമ്മിലുള്ള സ്വാധീനം. അതുകൊണ്ടുതന്നെ സിനിമയിൽ നമുക്ക് സുഖകരമായി തോന്നുന്ന പാപപ്രവൃത്തികളും ദൃശ്യങ്ങളും നമ്മിൽ മായാതെ നിൽക്കുകയും സ്വാധീനം ചെലുത്തുകയും തന്മൂലം, സാഹചര്യം കിട്ടുമ്പോൾ അതുപോലെ ചെയ്യുവാൻ തോന്നുകയും ചെയ്യുന്നു.

4. കൊച്ചുകുട്ടികൾക്കുപോലും പ്രണയിക്കുവാനുള്ള പ്രേരണ കൊടുക്കുന്ന സ്കൂൾ പ്രണയകഥകളും തോന്ന്യവാസങ്ങളും സംഭാഷണങ്ങളുമടങ്ങുന്ന സിനിമകൾ ഒന്നിനുപിറകെ ഒന്നായി ഇറങ്ങുകയും, കുട്ടികൾ അതിലേയ്ക്ക് ആകർഷണീയരായി, അതെല്ലാം അനുകരിച്ച് തെറ്റിലേയ്ക്ക് വീണു നശിച്ചുപോവുകയും ചെയ്യുമ്പോൾ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്..? ദൈവത്തെയോ അതോ മനുഷ്യന്റെ ഇത്തരത്തിലുള്ള ദൃശ്യ മാധ്യമ സൃഷ്ടികളെയോ?

സിനിമയിലെ നായികാ നായകന്മാരെ വച്ചും അതിലെ കഥാപാത്രത്തിന്റെ സ്വഭാവം വച്ചും സ്വന്തം ജീവിതപങ്കാളിയെ താരതമ്യം ചെയ്തു നിരാശപ്പെടുന്നവരുമുണ്ടെന്നുള്ളത് എത്രയോ ദുഖകരം. സിനിമയിലെ മായാലോകമാണ് ജീവിതമെന്ന് വിശ്വസിച്ചുപോകുമാറ്, ജീവിതത്തെക്കാളും ഒറിജിനാലിറ്റിയുമായി സിനിമ നമ്മുടെ മനസ്സിനെ കീഴടക്കുന്നു. ഒരു നായികയുടെ ഫോട്ടോ ചേർത്ത്, “ഇവളെയൊക്കെ കാണുമ്പോഴാ വീട്ടിലുള്ളതിനെ കിണറ്റിലിടുവാൻ തോന്നുന്നത്” എന്ന മറ്റൊരു സിനിമയിലെ ഡയലോഗ് ഉപയോഗിച്ച് ഒരാൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ, ഒരു വ്യക്തിയിൽ സിനിമ ഏതൊക്കെ രീതിയിൽ മസ്തിഷ്ക്കപ്രക്ഷാളനം നടത്തുന്നു എന്ന് ആലോചിച്ചു നോക്കുക.

5. ലിവിങ് ടുഗെതർ (വ്യഭ്യചാരം) മദ്യാസക്തി, പ്രണയാസക്തി, കാമാസക്തി, ലഹരി ഉപയോഗം, പ്രതികാരം, ആക്‌ഷൻ (കായികമായി നേരിടൽ) ചതി, കള്ളത്തരം, കൊലപാതകം, തെളിവ് നശിപ്പിക്കൽ, ധനാസക്തി തുടങ്ങിയ നിരവധി പൈശാചികാരൂപികൾ (ലെഗ്ഗിയോൻ- ഞങ്ങൾ അനേകം പേരുണ്ട്) നിങ്ങളറിയാതെ നിങ്ങളിലേയ്ക്ക് ദിവസേന കടന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എങ്ങനെയാണ് നമുക്ക് ആത്മീയ വളർച്ച സംഭവിക്കുക..? ഇപ്പോൾ നിൽക്കുന്ന സ്റ്റെപ്പിൽനിന്നും അടുത്ത സ്റ്റെപ്പിലേയ്ക്ക് കയറണ്ടേ..?

നോമ്പുകാലത്തുമാത്രം നാം ചില ഇഷ്ടവസ്തുക്കൾ ഉപേക്ഷിച്ച് പ്രാർത്ഥിക്കുന്നു. ആത്മീയ ജീവിതത്തിനും വിശുദ്ധ ജീവിതത്തിനും വളരെ ഉപകാരപ്രദമായ ഒരു ആജീവനാന്ത നോമ്പ് പറയട്ടെ..?

ആത്മീയ വളർച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക. 25 ദിവസമോ 50 ദിവസമോ ഏതാനും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ആത്മീയ ഫലം ഇതുമൂലം നിങ്ങൾക്ക് സ്വർഗ്ഗം നൽകും. സിനിമ, സീരിയൽ തുടങ്ങിയവ ഒരുദാഹരണം മാത്രം. നിങ്ങളുടെ ജീവിതത്തിലെ ആത്മീയ വളർച്ചയിലെ തടസ്സങ്ങൾ നിങ്ങൾതന്നെ കണ്ടുപിടിക്കുക. അത് ചിലപ്പോൾ മദ്യപാനമാകാം, ചില കൂട്ടുകെട്ടുകളാകാം, ചില തെറ്റായ ബന്ധങ്ങളാകാം, മറ്റു ചില ആസക്തികളാകാം.

ഇതിനോടൊക്കെ ദൈവം വിരക്തി നൽകട്ടെ; അപ്പോൾ ഉപേക്ഷിക്കാം എന്ന് നിങ്ങൾ വിചാരിച്ചാൽ അവിടെ നിങ്ങൾക്ക് തെറ്റുപറ്റും. ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ, ബ്രദർ സജിത്തുമായി പങ്കിട്ട ഒരു വേദിയിൽ വൈദികരുടെ ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞ കാര്യം ഇവിടെയും വളരെ പ്രസക്തമാണ്. അച്ചൻ പറഞ്ഞതിന്റെ സാരാംശം ഇപ്രകാരമാണ്. സ്ത്രീകളോട് വളരെ താൽപ്പര്യം ഉള്ളതുകൊണ്ടാണ് ബ്രഹ്മചര്യം സ്വീകരിച്ച് പുരോഹിതനായത്. സ്ത്രീകളോട് താല്പര്യമുണ്ടെങ്കിൽ വിവാഹമല്ലേ കഴിക്കേണ്ടത് എന്ന് നമുക്ക് അത് കേൾക്കുമ്പോൾ തോന്നാം. പക്ഷേ, ഏറ്റവും ഇഷ്ടമുള്ളതും താല്പര്യമുള്ളതുമായ കാര്യം കർത്താവിനുവേണ്ടി നാം ഉപേക്ഷിക്കുമ്പോഴാണ് സ്വർഗ്ഗം അതിനെ കൂടുതൽ വിലമതിക്കുന്നതെന്നാണ് അച്ചൻ അന്ന് അഭിമാനപൂർവ്വം പറഞ്ഞത്. എത്രയോ സത്യം ..അല്ലേ..?

വില കൊടുക്കുവാൻ നിങ്ങൾ തയ്യാറാണോ..? എങ്കിൽ വിലയുള്ളത് സ്വർഗ്ഗം നിങ്ങൾക്കു നൽകും. ലോകമനുഷ്യൻ വിലയുള്ളതായി കാണുന്നത് ദൈവത്തിന് വിലയുള്ളതല്ല. അതിനാൽ ദൈവം വിലയുള്ളതായി കാണുന്ന വിശുദ്ധി, ആത്മീയവളർച്ച, ദൈവവുമായുള്ള ഗാഢ ബന്ധം തുടങ്ങിയവ ദൈവം നിങ്ങളുമായി പങ്കുവയ്ക്കണമെങ്കിൽ, ചില ഇഷ്ടങ്ങൾ നാം ഉപേക്ഷിക്കേണ്ടി വരും. ആദ്യം ഇത്തരം കാര്യങ്ങൾ ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുക. എന്നിട്ട് ഉപേക്ഷിക്കുവാനുള്ള കൃപ കർത്താവിനോട് ചോദിക്കുക. കർത്താവ് പറഞ്ഞിട്ടില്ലേ, ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കുമെന്ന്..? (മത്തായി 7:7) ചോദിക്കേണ്ടത് ഇത്തരം കാര്യങ്ങളാണ്. അല്ലാതെ ഭൗതികാവശ്യങ്ങളല്ല. (നമുക്ക് വേണ്ട ഭൗതികാവശ്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടുകൊള്ളും. മത്തായി 6 :33)

സിനിമ കാണുന്നത് പാപമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉത്തരം പറയേണ്ടിവന്നേക്കാം. എന്നാൽ പാപത്തിന് കാരണമാകുന്ന പലതും സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്മുടെ ഉള്ളിൽ പ്രവേശിച്ച് വിത്തുപാകി ഫലം പുറപ്പെടുവിക്കുന്നു.

*”എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാൽ ഒന്നും, എന്നെ അടിമപ്പെടുത്തുവാൻ ഞാൻ സമ്മതിക്കുകയില്ല.” (1 കോറിന്തോസ് 6 :12)*നിങ്ങൾ സമ്മതിക്കുമോ..?

ദൈവനാമം മഹത്വപ്പെടട്ടെ.. ആമ്മേൻ

✍️ റെനിറ്റ് അലക്സ്

Ave Maria Vachanabhishekam