വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടായ ചരിത്രം ചൂണ്ടിക്കാണിക്കാനുണ്ടോ?

എന്തുകൊണ്ടാണ് വിഴിഞ്ഞത്തു സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നത്? അദാനി പോർട്ട് തങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും വിഘാതമാണ് എന്നു മത്സ്യത്തൊഴിലാളികൾ പറയുമ്പോൾ, പോർട്ടല്ല വിഷയം, മത്സ്യതൊഴിലാളികളുടെ നിലനിൽപ്പും അവർക്കു ജീവിക്കാനും പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിൽ ചെയ്യാനും, അവരുടെ ജീവിത സാഹചര്യങ്ങൾ ആട്ടിമറിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താനും, ജീവിക്കാനുള്ള ഭരണഘടനാപരമായ അവരുടെ അവകാശവുമാണ് എന്നു തിരിച്ചറിയികയും, അവ നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താനും ബാധ്യതയുള്ള സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നത് എന്തുകൊണ്ടാണ്? നഷ്ടപ്പെടുന്ന കിടപ്പാടവും തൊഴിലിടവും തൊഴിൽചെയ്തു ജീവിക്കാനുള്ള അവരുടെ സാഹചര്യങ്ങളും സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നത് എന്തുകൊണ്ടാണ്?

മത്സ്യത്തൊഴിലാളികളെ വികസന വിരുദ്ധരായി വില്ലൻ വേഷം കെട്ടിച്ച് അവർ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ആവശ്യങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിട്ടാൽ, അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?

അതോ പരിഹാരമില്ലാത്ത പ്രശ്നമായി മത്സ്യത്തൊഴിലാളി സമൂഹം ഉന്നയിക്കുന്ന അതിജീവന വിഷയങ്ങൾ കേരള സമൂഹത്തിന്റെ മനസ്സാക്ഷിയെ നീറ്റിക്കൊണ്ടിരിക്കുമോ?

സർക്കാർ കണ്ണു തുറക്കണം.

കേരള സമൂഹം തങ്ങളുടെ മനുഷ്യത്വം മരിച്ചിട്ടില്ല എന്നു തെളിയിക്കണം. നിസ്സംഗത ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിഷേധംകൊണ്ടുമാത്രം മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തെ നേരിടാനും കഴിയില്ല. അത് അനീതിയാണ്. അവർ ഉന്നയിക്കുന്ന അതിജീവന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം.

അവർ വികസന വിരുദ്ധരല്ല, കേരളത്തിന്റെ അതിജീവനത്തിനായി സ്വയം മറന്നു പ്രവർത്തിച്ചതിന്റെ തിളങ്ങുന്ന ചരിത്രമുള്ളവരാണ്.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്