സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഭയം കൂടാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറുന്നു. നമ്മുടെ സ്ത്രീകൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാതെയാകുന്നത് എന്ത് കൊണ്ട് ?

സാക്ഷരതയിൽ ഒന്നാമതാണെങ്കിലും മലയാളിയുടെ ധാർമ്മീക നിലവാരം അത്രകണ്ട് മെച്ചമല്ലെന്നു ഓരോ സംഭവങ്ങൾ തെളിയിക്കുന്നു. ഇതിൽ ലജ്ജിക്കേണ്ടത് കേരളത്തിലെ പുരുഷ സമൂഹം ആണ്. “അതിനു പെണ്ണുങ്ങൾക്ക് രാത്രിയിൽ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നാൽ പോരേ” എന്നാകും ഇതു കേൾക്കുമ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള ഒരു മലയാളി പുരുഷന്റെ ആദ്യ പ്രതികരണം. ഈ പ്രതികരണത്തിലൂടെ തന്നെ അവന്റെ രോഗം തിരിച്ചറിയാം. ആൺമക്കളെ വളർത്തി എടുക്കുന്നതിൽ നമ്മുക്ക് പറ്റിയ വീഴ്ചയാണ് സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന ഒട്ടുമിക്ക എല്ലാ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും കാരണം. അവസാന ഇരയായ വിസ്മയ എന്ന സഹോദരിയോട്‌ വേദനയോടെ മാപ്പു ചോദിക്കുന്നു!

വീടിനുള്ളിലെ അപ്പന്റെ കാലഹരണപ്പെട്ട പുരുഷമേധാവിത്വത്തിൽ, ഒട്ടും ബഹുമാനിക്കപ്പെടാതെ അടിച്ചു ഒതുക്കപ്പെട്ടു ജീവിക്കുന്ന ഒരു അമ്മയുടെ മകൻ, വളർന്നു വിവാഹം കഴിക്കുമ്പോൾ ഭാര്യയോടും അതുപോലെ തന്നെ പ്രവർത്തിക്കുന്നു. ഈ അമ്മയെ കണ്ടു വളരുന്ന മകൾ ഒരു അടിമത്വ സ്വഭാവത്തോടെ “തല്ലു കൊള്ളാൻ തയ്യാറായി” ഭർതൃഗൃഹത്തിലേക്കു കാലു എടുത്തു വയ്ക്കുകയാണ് പതിവ് . ഇങ്ങനെ പുരുഷമേധാവിത്വത്തിന്റെ വിഷം തലമുറകൾക്കു കുത്തിവച്ചു തികച്ചും അപരിഷ്‌കൃതമായ ഒരു സമൂഹമായി മലയാളി അധഃപതിക്കുന്നതിന്റെയും ഇതുമൂലം ഉണ്ടാവുന്ന കുറ്റകൃത്യങ്ങളുടെയും വാർത്തകൾ ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നു. കുടുംബങ്ങൾക്ക് ഉള്ളിൽ നിന്ന് വമിക്കുന്ന ഈ വിഷക്കാറ്റു സമൂഹത്തിലെ സമസ്ത മേഖലകളിലും പ്രതിഫലിക്കുന്നു. ഈ പുരുഷമേധാവിത്വം ഇന്ന് ഒരു അലങ്കാരമല്ല; മലയാളി പുരുഷ്യന്റെ ധാർമ്മീക നിലവാരത്തിന് മുകളിൽ ഉയരുന്ന ചോദ്യചിഹ്നം ആണ് .

സ്ത്രീകൾ എല്ലാക്കാലവും പുരുഷന്റെ അടിമയായി ജീവിക്കണം എന്നത് ഒരു പ്രകൃതി നിയമമോ ദൈവീക ക്രമീകരണമോ ഏതെങ്കിലും മത പഠനങ്ങളുടെ അന്തസത്തയോ അല്ല. എന്നാലും, നമ്മുടെ സമൂഹത്തിൽ പുരുഷ മേധാവിത്വം വളരുന്നതിൽ മതത്തിനു വലിയ പങ്കു ഉണ്ട്. “എന്ത് സംഭവിച്ചാവും സ്ത്രീകൾ നിശബ്ദരായി സഹിക്കണം” എന്നൊക്കെയുള്ള നീതിരഹിതവും മനുഷ്യത്വ വിരുദ്ധവുമായ പ്രബോധനം കൊടുക്കുന്ന മതപണ്ഡിതരും ഇന്ന് ധാരാളം ഉണ്ട് . ഒരു സ്ത്രീ ജനിക്കുന്നത് മുതൽ മരിക്കുന്നതു വരെ പുരുഷന് തുല്യമായ അന്തസ്സു അവൾക്കു സമൂഹത്തിൽ ലഭിക്കുന്നില്ല എന്നത് മറച്ചു പിടിക്കാൻ കഴിയാത്ത സത്യം ആണ്. ഇതിനു ആദ്യം ചെയ്യേണ്ടത് കുടുംബങ്ങളിലും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും ആൺകുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുക എന്നതാണ്. പെൺകുട്ടികളെ അവരുടെ സ്വന്തം വ്യക്തിത്വം മനസിലാക്കിക്കൊടുത്തു വേണം വളർത്താൻ .

ഒരു സ്ത്രീയെ ആദരിക്കാനും, ബഹുമാനിക്കാനും അംഗീകരിക്കാനും മനസിലാക്കാനും സംരക്ഷിക്കാനും എല്ലാറ്റിലും ഉപരി അവളെ സ്നേഹിക്കാനും നമ്മുടെ ആൺമക്കളെ ഗൗരവപൂർവ്വം പഠിപ്പിക്കണം. അവനെ പോലെ തന്നെ ഒരു മനുഷ്യ വ്യക്തിയാണ് “സ്ത്രീ” എന്നും അവനു ഉപയോഗിക്കാൻ ഉള്ള “സാധനം” അല്ല അവൾ എന്നും ഓരോ മകനും അറിഞ്ഞിരിക്കണം. ഈ അറിവും ബോധ്യവും ആവണം ഒരു മകന് വിവാഹം കഴിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരുവൻ സമൂഹത്തിന്റെ ചിന്താധാരകളെ സ്വാധീനിക്കുന്ന പുരോഹിതൻ ആകുന്നതിനും അദ്ധ്യാപകൻ ആകുന്നതിനും ഉള്ള അടിസ്ഥാന മാനദണ്ഡവും ഇതാവണം. ഇത് ഇല്ലാതെ, നമ്മുടെ ആൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുത്തതുകൊണ്ടോ അവരെ കുറെ പ്രാർത്ഥനകൾ പഠിപ്പിച്ചത് കൊണ്ടോ മാത്രം കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

വിവാഹ കമ്പോളത്തിൽ പെൺമക്കൾക്ക് വിലപറയുന്നവർക്കു എതിരെ ക്രിമിനൽ നിയമനടപടി ശക്തമാക്കണം. ഇത് ലജ്ജാവഹം ആണെന്ന് ചിന്തിക്കുന്ന യുവാക്കന്മാരുടെ ഒരു തലമുറ നമ്മുക്ക് ഉണ്ടാവണം. ഇനി ഏതെങ്കിലും കാരണവശാൽ മാതാപിതാക്കൾ തങ്ങളുടെ മകൾക്കു പണമായോ സ്വർണ്ണമായോ എന്തെങ്കിലും വിവാഹവേളയിൽ കൊടുത്താൽ, അത് അവളുടെ മാത്രം പേരിൽ നിക്ഷേപിക്കണം. മരണം വരെ ഏതു ജീവിത സാഹചര്യത്തിലൂടെ കടന്നു പോയാലും അവൾക്കു ജീവിക്കാൻ ഉള്ള മൂലധനമായിട്ടാണ് മാതാപിതാക്കൾ ആ സ്വത്തു തന്റെ മകൾക്കു നൽകുന്നത് . അല്ലാതെ ഭർത്താവിനും അവന്റെ കുടുംബാംഗങ്ങൾക്കും എടുത്തു ഇഷ്ടം പോലെ ചിലവഴിക്കാൻ ഉള്ളതല്ല. ഇത്തരം കാര്യങ്ങളിൽ സ്ത്രീകൾക്ക് നിയമ പരിരക്ഷ കൊടുക്കണം. പുരുഷന്മാരെ ബോധവൽക്കരിക്കുകയും വേണം.

ഒരു യുവതിയെ സ്വന്തം അദ്ധ്വാനം കൊണ്ട് സംരക്ഷിക്കാൻ ശേഷിയുണ്ടാകുമ്പോൾ മാത്രം യുവാവ് വിവാഹിതനായാൽ മതിയാവും. ഭാര്യ കൊണ്ടുവരുന്ന സ്വത്തിൽ കണ്ണുവയ്ക്കുന്നവനെയും അതിന്റെ കണക്കു പറയുന്നവനെയും കുറ്റക്കാരനായി കണക്കാക്കപ്പെടുന്ന ധാർമ്മീക ബോധം നമ്മിൽ വളരണം. സ്വന്തം വീട്ടിലേക്കു ഭാര്യയായി കയറി വരുന്ന പെൺകുട്ടിക്ക് തുല്യ അന്തസ് കൊടുത്തു, അവളുടെ വ്യക്തിത്വത്തെ മാനിച്ചു , അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തി, ജോലി ചെയ്തു സ്വന്തം കാലിൽ നില്ക്കാൻ അവളെ പ്രാപ്തയാക്കി, അവൾ അർഹിക്കുന്ന സംരക്ഷണവും ആഗ്രഹിക്കുന്ന കരുതലും ഉറപ്പു വരുത്തി, നമ്മുടെ കുടുംബങ്ങൾക്ക് ഉള്ളിൽ സ്ത്രീ സമത്വം എന്ന് സാധ്യമാകുന്നുവോ അന്ന് മാത്രമേ ധാർമ്മീക നിലവാരം ഉള്ള ഒരു തലമുറ നമ്മുടെ ഇടയിൽ രൂപപെടുകയുള്ളു. മറ്റൊരു വിസ്മയ ഇനി നമ്മുടെ കുടുംബങ്ങളിൽ ഉണ്ടായാൽ അത് മലയാളി പുരുഷ്യന്റെ ധാർമ്മീക നിലവാരത്തെ അളക്കുന്ന മറ്റൊരു ചൂണ്ടു പലക കൂടിയാകും എന്നതിൽ സംശയം വേണ്ട !!

ജോർജ് പനന്തോട്ടം

നിങ്ങൾ വിട്ടുപോയത്