ഞാനിന്നലെ(Feb 1,2023) സന്ധ്യയിൽ കലവൂരിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മാനവ സൗഹാർദത്തിൻറെ പൊൻ ദീപം തെളിച്ചു.എൻറെ കൂടെ ദീപം തെളിച്ചവരിൽ എസ്.എൻ.ഡി.പി താലൂക്ക് സെക്രട്ടറി ശ്രീ.കെ.എം പ്രേമാനന്ദൻ ഉണ്ടായിരുന്നു .

കലവൂർ ജുമാ മസ്ജിദിലെ റഫീഖ് മൗലവിയും.ഈ സൗഹാർദ്ദത്തിന്റെ വെളിച്ചത്തിൽ മാത്രമേ നമ്മുടെ നാടിന് ഇനി മുന്നോട്ടു പോകാൻ പറ്റൂ എന്ന തിരിച്ചറിവാണ് ഇരുട്ടിട്ട് മൂടി സൃഷ്ടിക്കാൻ പോകുന്ന ആ നീണ്ട രാത്രികൾക്കെതിരെ സന്ധ്യാ ദീപം തെളിയിച്ച് വെളിച്ചം പരത്തുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എനിക്ക് വിളി ലഭിച്ചത്.

ഇനി ബൈബിൾ കത്തിച്ച് വെറുപ്പിന്റെ ഇരുട്ട് പരത്തുന്നവർ നാളെ നമ്മുടെ ഭൂമികയ്ക്കു മുകളിൽ ഇരുട്ടിട്ട് മൂടാൻ പോകുന്ന ആ നീണ്ട രാത്രികൾ അപാരവും ആപത്ക്കരവും ആയിരിക്കുമെന്ന തിരിച്ചറിവും ഇതിൻറെ പിന്നിലുണ്ട്.

ബൈബിൾ കത്തിച്ച വ്യക്തി ഈ ജീവിതത്തിൽ എന്നെങ്കിലും ഒരു നിമിഷം മനുഷ്യനായി മാറിയാൽ, അയാൾ ദൈവത്തെ- ജീവനുള്ള ദൈവത്തെ തെരയേണ്ടിവരും. കാരണം ഈശോ പറഞ്ഞു :വെളിച്ചത്തെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല(യോഹ 1:5). ഭഗവത് ഗീതയിലും ഇതേ പ്രകാശത്തിന്റെ വചസ്സുകൾ ഉണ്ട് . “നീയാണ് വെളിച്ചം. എല്ലാ വെളിച്ചത്തെയും പ്രകാശിപ്പിക്കുന്ന വെളിച്ചം. നിന്നിൽ അന്ധകാരമില്ല കാരണം നീ ജ്ഞാനമാണ്. ” (ഭഗവദ്ഗീത 3.17).ജ്ഞാനം ആകുന്ന വെളിച്ചം അജ്ഞതയുടെ അന്ധകാരത്തെ കീഴടക്കും എന്നു വിവക്ഷ.ഇതാണ് മാനവികതയുടെ പ്രത്യാശ .സൗഹാർദ്ദ ദീപം കൊളുത്താൻ നമുക്ക് മനസ്സ് ഉദ്ദീപിപ്പിക്കാം. അതൊരു സുവിശേഷവേലയാണ് സാക്ഷ്യവും.

മുസ്തഫയ്ക്ക് ക്രിസ്തുവിനെ അറിയില്ല, പക്ഷേ ക്രിസ്തുവിനുവേണ്ടി അഭിഷേകം വാങ്ങിച്ചവർ പ്രധാന മദ്ബഹയിൽ കേറി ‘മത്സരകുർബാന’ ചൊല്ലി ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും അവഹേളിച്ചതിനേക്കാൾ വലുതല്ല മുസ്തഫയുടെ ബൈബിൾ കത്തിക്കൽ എന്നുകൂടി തിരുസഭ നൊമ്പരത്തോടുകൂടി തിരിച്ചറിയേണ്ടതാണ്.

ഈ നൊമ്പരപ്പാട് ഏന്തി എന്തു പറയണം എന്ന് എനിക്കറിയില്ല. എങ്കിലും എൻ.എൻ.കക്കാടിന്റെ കവിത കടമെടുത്ത് ഞാൻ പറയട്ടെ … “നമ്മുടെ വഴി ഇവിടെ തീരുകയാണ്. നമുക്ക് ഇനി തിരിച്ചു നടക്കാം.” നടന്നല്ലേ മതിയാവൂ..

വി.പി അച്ചൻ, കൃപാസനം

നിങ്ങൾ വിട്ടുപോയത്