കൈവിളക്ക് മറക്കരുത്

രാത്രികാലങ്ങളിൽ പുറത്തേയ്ക്കിറങ്ങുന്ന മകനോട് അവൻ്റെ മാതാപിതാക്കൾ
ഇങ്ങനെ പറഞ്ഞു:
“ഒരു ടോർച്ച് കൂടി കരുതിക്കോളൂ….
വഴിയിൽ പാമ്പോ, തേളോ മറ്റോ ഉണ്ടെങ്കിൽ കാണാനെളുപ്പമാകും…”

“എന്നും യാത്ര ചെയ്യുന്ന വഴിയാണല്ലോ…. എന്നെ അതൊന്നും പഠിപ്പിക്കേണ്ട….”
ഇങ്ങനെ രോഷത്തോടെയായിരുന്നു
അവൻ്റെ മറുപടി.

താക്കീതുകളെ അവഗണിച്ച്
പോയ അവൻ പാമ്പുകടിയേറ്റ്
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന വിവരമാണ് മാതാപിതാക്കൾ പിന്നീടറിഞ്ഞത്. ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് ജീവിതത്തിലേക്ക്
അവൻ തിരിച്ചെത്തിയത്.

താക്കീതുകൾ അവഗണിക്കുന്നതുകൊണ്ടല്ലെ
നമ്മുടെയും ജീവിതത്തിൽ അപകടങ്ങൾ തേടിയെത്തുന്നത്?

സുവിശേഷത്തിലുമുണ്ട് അങ്ങനെയൊരു കഥ.
മുന്തിരിത്തോട്ടം കൃഷിക്കാരെ ഏൽപിച്ച യജമാനൻ്റെ കഥ. വിളവെടുപ്പിനായ് അയച്ച ഭൃത്യന്മാരെയും യജമാനൻ്റെ മകനെപ്പോലും കൃഷിക്കാർ കൊന്നുകളഞ്ഞു. അവസാനം സ്വന്തം ജീവൻ തന്നെയാണ് ആ കൃഷിക്കാർക്ക് നഷ്ടമായത് (Ref 20: 9 -16).

കൊറോണയുടെ അതിവ്യാപനം രൂക്ഷമായിരിക്കുന്ന ഇക്കാലയളവിൽ മേലധികാരികളുടെ നിർദ്ദേശങ്ങളോട് പരമാവധി സഹകരിച്ച് മുന്നോട്ട് പോകാൻ പ്രയത്നിക്കാം.
നമ്മുടെ യാത്രകളിൽ ജാഗ്രതയുള്ളവരാകാം.

പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ കഴിയാതെ നിത്യതയിലേക്ക് യാത്ര ചെയ്യുന്നവരുടെ വാർത്തയും ചിത്രങ്ങളും
നമ്മെ പഠിപ്പിക്കുന്നതും ഈ മുന്നറിയിപ്പുകൾ തന്നെയാണെന്ന് മറക്കാതിരിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്