അവകാശപ്പെരുമഴക്കാലം !

ഭാര്യയുമൊത്ത് താമസിക്കുന്ന ഭർത്താവിന് ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ കുട്ടി ജനിക്കുന്നു; ഭർത്താവിൻറെ കൂടെയുള്ള ഭാര്യ, മറ്റൊരാളുടെ ഭാര്യയായിരുന്നു..കഥയുടെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ സീരിയൽ കഥകളെ വെല്ലുന്ന ഒർജിനൽ സംഭവങ്ങൾ.ശരിതെറ്റുകൾ വിവേചിച്ചറിയാൻ, ധാർമികതയുടെ അളവുകോലിന് ഇവിടെ പ്രസക്തിയില്ല വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും മാത്രമാണ് ചർച്ചയാകുന്നത്.

പരപുരുഷ – പരസ്ത്രീ ബന്ധം

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 497 എന്ന ഒരു വകുപ്പ് ഉണ്ടായിരുന്നു. 158 വർഷം പഴക്കം ഉണ്ടായിരുന്ന വകുപ്പ് 2018 ൽ സുപ്രീംകോടതി [Writ Petition (Criminal) 194.2017, Judgment dated 27.09.2018] റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് നിലവിലില്ല. മറ്റൊരാളുടെ ഭാര്യയുമായി ഭർത്താവിൻറെ സമ്മതമില്ലാതെ ലൈംഗികബന്ധം നടത്തിയാൽ സ്ത്രീയുടെ ഭർത്താവിന് ജാരനതിരെ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസ് നൽകാം എന്നതായിരുന്നു ഈ വകുപ്പ്. എന്നാൽ ഈ നിയമത്തിൽ സ്ത്രീയെ ഭർത്താവിൻറെ സ്വകാര്യ വസ്തുവായി കണക്കാക്കുന്നു എന്ന കാരണം കൊണ്ടും സ്ത്രീയുടെ മാന്യതയ്ക്ക് എതിരാണ് ഈ നിയമം എന്നതുകൊണ്ടും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ഭർത്താവിന് മാത്രമേ ഭാര്യയുടെ പരപുരുഷ ബന്ധം സംബന്ധിച്ച കേസ് നൽകാനാകൂ എന്ന ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 198(2) ഉം ഇതോടൊപ്പം റദ്ദാക്കി. അതേസമയം വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നായി ഇത് തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാജ്യം അടിച്ചേൽപ്പിക്കുന്ന ധാർമികതയല്ല, അവകാശങ്ങൾക്കധിഷ്ഠിതമായ സാമൂഹിക- വ്യക്തിബന്ധങ്ങളാണത്രേ ഉണ്ടാവേണ്ടത്.

അപഥസഞ്ചാരങ്ങൾ കൂടുമോ ?

497 എന്ന (adultery) വകുപ്പ് ഉണ്ടായിരുന്നത് കൊണ്ട് വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുന്ന ഇടപാടുകൾ ഉണ്ടാകാതിരുന്നിട്ടില്ല. 2018 മുതൽ പേരിനു പോലുമുള്ള ക്രിമിനൽ നടപടികളും ഉണ്ടാവില്ല. റദ്ദാക്കപ്പെട്ട നിയമത്തിനു പകരം സ്ത്രീയുടെ കൂടി മാന്യത നിലനിർത്തിക്കൊണ്ടുള്ള, പുതിയ നിയമ നിർമ്ണം ഇനിയും ഉണ്ടായിട്ടില്ല; കാരണം വ്യക്തി സ്വാതന്ത്ര്യം എന്ന പുതിയകാല തത്വം തന്നെ. ദാമ്പത്യ ബന്ധം നിലനിൽക്കെ ഏതെങ്കിലും ഒരു പങ്കാളി അവിശ്വസ്തതയോടെ പ്രവർത്തിച്ചാൽ, സ്ത്രീപുരുഷഭേദമന്യേ ഇരുവർക്കുമെതിരെയും അതിന് കാരണക്കാരാവുന്നവർക്കെതിരെയും നടപടികൾ ഉണ്ടാകുന്ന പുതിയ നിയമം വേണം എന്ന് പറയുന്നവരുമുണ്ട്.

വിശ്വാസവഞ്ചന തന്നെയല്ലേ ചതി എന്നു പറയുന്നതും ?

ഒരാൾ മറ്റൊരാളോട്എന്തെങ്കിലും കാര്യങ്ങൾ ചെയ്യാമെന്ന്/ ചെയ്യില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്തിൻറെ അടിസ്ഥാനത്തിൽ ഇരുകൂട്ടരും പ്രവർത്തിക്കുകയും പിന്നീട് ഒരാൾ അതിനു വിപരീതമായി പ്രവർത്തിക്കുകയും ചെയ്താൽ അതിനെ ചതി എന്നും വഞ്ചന എന്നും പറയും.

മതാചാരപ്രകാരമുള്ള വിവാഹങ്ങളിൽ വിവിധ മതങ്ങളിൽ വ്യത്യസ്തരീതിയിലാണ് ബന്ധം ഏറ്റുപറയുന്നത്. കൃസ്ത്യൻ വിവാഹങ്ങളിൽ, പള്ളിയിൽ നടക്കുന്ന ഔപചാരിക ചടങ്ങുകളുടെ ഭാഗമായി തന്നെ പരസ്യമായി ഏറ്റു പറയുന്ന കാര്യമാണ് ദാമ്പത്യജീവിതത്തിലെ വിശ്വസ്തത. അത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ച്തിൻറെ അടിസ്ഥാനത്തിലാണ് വിവാഹിതരായത് എന്നുവരെ, ദാമ്പത്യജീവിതത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ മറു കക്ഷിക്ക് വേണമെങ്കിൽ പറയാം. വിവാഹ സമയം വഞ്ചിക്കണമെന്ന് ഉദ്ദേശം ഇല്ലായിരുന്നു എന്ന മറുവാദങ്ങളുമുയരാം. ഏതായാലും ദാമ്പത്യജീവിതത്തിലെ അവിശ്വാസ പ്രവർത്തനങ്ങൾ, വ്യക്തി സ്വതന്ത്ര്യങ്ങൾക്ക് പുറത്താണ് എന്ന് കരുതുന്നവർ കുടുംബ കോടതി കേസുകൾക്കപ്പുറത്ത് ഇത്തരം വിശ്വാസവഞ്ചനകളെ നിയമപരമായി നേരിടാൻ പുതിയ അന്യായങ്ങളും ഹർജികളും പരീക്ഷിച്ചേക്കാം.

ADV . Sherry J Thomas

നിങ്ങൾ വിട്ടുപോയത്