റബ്ബി,അങ്ങ് ദൈവത്തിൽ നിന്നും വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു.ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.. (യോഹന്നാൻ :3/2),

  • സർവ്വശക്തനായ ദൈവമേ..
  • എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ഞങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന എന്റെ ദൈവത്തിന് ഈ പ്രഭാതത്തിൽ ഞങ്ങൾ ഒരായിരം നന്ദിയും സ്തുതിയും പുകഴ്ച്ചയും അർപ്പിക്കുന്നു.ഈശോയേ..പ്രാർത്ഥനയിലും വിശ്വാസത്തിലുമൊക്കെ ഉറച്ചു നിന്നു കൊണ്ട് ഞങ്ങൾ ദൈവത്തോടു കൂടെയാണ് എന്ന ഒരു മനോഭാവത്തോടെയാണ് മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ ജീവിക്കാൻ ശ്രമിക്കുന്നത്.പക്ഷേ എന്റെ അയൽക്കാരനോ,സഹോദരങ്ങൾക്കോ ഞാൻ വഴിയായി ഒരു സഹായമോ ആശ്വാസമോ കൊടുക്കേണ്ടതായി വരുമ്പോൾ പലപ്പോഴും ദൈവസ്നേഹ പ്രവർത്തികളൊന്നും ഞങ്ങളിൽ നിന്നും ഉണ്ടാവാറില്ല.എന്റെ പ്രിയപ്പെട്ടവർ എന്നോട് ഒരു തെറ്റു ചെയ്തു പോയാൽ ക്ഷമിക്കുന്ന ദൈവീകഭാവത്തെ സ്വന്തമാക്കാതെ ഞാനവരോട് മനസ്സിലെങ്കിലും ശത്രുതയും,വൈരാഗ്യവും പകയുമൊക്കെ വച്ചു പുലർത്തുകയും,അവരുടെ ഏറ്റവും മോശമായ ഒരു ജീവിതാവസ്ഥയിൽ അത്‌ മനസ്സിൽ വച്ചു കൊണ്ട് ആനന്ദിക്കുകയുമാണ് ഞാൻ ചെയ്യാറുള്ളത്.എന്റെ സ്നേഹിതന് ഒരു നല്ല സമാരിയാക്കാരന്റെ ആശ്വാസം വേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒരു വയ്യാവേലി എടുത്തു തലയിൽ വയ്ക്കാൻ വയ്യ എന്ന ചിന്തയോടെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഒഴിഞ്ഞു പോകാറാണ് പതിവ്..ഇങ്ങനെ ആവശ്യസാഹചര്യങ്ങളിൽ നിന്നും ഞാൻ അകന്നു പോകുമ്പോൾ ക്രിസ്തുവിന്റെ പരസ്നേഹപാഠങ്ങൾ എന്നിൽ നിഷ്ഫലമായി തീരുകയാണ് ചെയ്യുന്നത് എന്ന സത്യം ഞാൻ മറന്നു പോകുന്നു.
  • നല്ല ഈശോയേ..ദൈവം കൂടെ വസിക്കുന്ന ഒരുവനിൽ വിളങ്ങി നിൽക്കേണ്ട ദൈവീകഭാവങ്ങളൊന്നും ഞാൻ സ്വന്തമാക്കിയിട്ടില്ലെങ്കിൽ എന്നിലൊരിക്കലും അവിടുത്തെ അടയാളങ്ങൾ ദൃശ്യമാവില്ല എന്ന സത്യത്തെ തിരിച്ചറിയാൻ ഇനിയെങ്കിലും എന്നെ സഹായിക്കണേ..അപ്പോൾ അന്യദുഃഖങ്ങളിൽ ആനന്ദമായും,അപരന്റെ തെറ്റുകൾ പൊറുക്കുന്ന ക്ഷമയെന്ന പുണ്യമായും,സങ്കടങ്ങളിൽ ആശ്വാസമായും,തിടുക്കങ്ങളിൽ സമാധാനമായുമൊക്കെ ഞാനും കരുണമയനായ ദൈവത്തിന്റെ കരുതൽ ഭാവങ്ങളെ നേടിയെടുക്കുകയും,ഞാൻ ദൈവത്തോടു കൂടെയാണ് എന്നതിലുപരിയായി ദൈവം എന്റെ കൂടെയുണ്ട് എന്ന ഉറച്ച ആത്മവിശ്വാസം ഞാനും സ്വന്തമാക്കുകയും,എനിക്കു ചുറ്റുമുള്ളവരിൽ അത് അനുഭവവേദ്യമായി തീരുകയും ചെയ്യും..
  • വിശുദ്ധ മദർ തെരേസ്സ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ

നിങ്ങൾ വിട്ടുപോയത്