സിനഡ് അനന്തര സർക്കുലർ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ.

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാമത്തെ സമ്മേളനം മൂന്നു ദിവസങ്ങളിലെ ധ്യാനത്തിനും പ്രാർത്ഥനകൾക്കുംശേഷം ജനുവരി 9 മുതൽ 14 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡ് പിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചതിനു ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു.

തന്റെ അഗാധമായ ദൈവികജ്ഞാനംകൊണ്ടും മാതൃകാപരമായ വിശുദ്ധജീവിതംകൊണ്ടും തിരുസഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സിനഡു സമ്മേളനം ആരംഭിച്ചത്. പ്രതിസന്ധികളുടെ കാലത്തു സഭാനൗകയെ ധീരമായി നയിച്ച ബെനഡിക്ട് പാപ്പായോടു സഭയ്ക്കു വലിയ കടപ്പാടുണ്ട്. നമ്മുടെ സഭയുടെ വളർച്ചയ്ക്കു സഹായകമായ നിർണായകമായ ഒട്ടേറെ തീരുമാനങ്ങൾ എടുത്ത ബെനഡിക്ട് പാപ്പായുടെ ഹൃദയത്തിൽ സീറോമലബാർസഭയ്ക്കു സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ബെനഡിക്ട് പാപ്പായുടെ മൃതസംസ്ക്കാര ശുശ്രൂഷയിൽ നമ്മുടെ സഭയിൽനിന്നുള്ള ഏതാനും പിതാക്കന്മാരോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. ബെനഡിക്ട് മാർപാപ്പായുടെ ആത്മാവിനെ ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

ജഗദൽപൂർ രൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ സൈമൺ സ്റ്റോക്ക് പാലാത്തറ സി.എം.ഐ. പിതാവിന്റെ മരണത്തിൽ സിനഡ് അനുശോചനം രേഖപ്പെടുത്തി. സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കു പിതാവു നൽകിയ ഊർജവും ദിശാബോധവും കാലാതിവർത്തിയാണെന്നു സിനഡു വിലയിരുത്തി.

ഏകീകൃത കുർബാനയും എറണാകുളം-അങ്കമാലി അതിരൂപതയും

ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലനപ്രശ്നങ്ങളെ സിനഡു വസ്തുനിഷ്ഠമായി വിലയിരുത്തി. 1999 നവംബർ മാസത്തിലെ സിനഡ് ഒരുമനസ്സോടെ തീരുമാനിച്ചതും തുടർന്നുള്ള വിവിധ സിനഡു സമ്മേളനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടതും 2021 ആഗസ്റ്റ് മാസത്തിൽ സിനഡിന്റെ തീരുമാനപ്രകാരം 2021 നവംബർ 28 മംഗളവാർത്ത ഒന്നാം ഞായർമുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടതുമാണ് സീറോമലബാർസഭയുടെ ഏകീകൃത കുർബാനക്രമം. ഈ ക്രമം നടപ്പിലാക്കാൻ, തികച്ചും അസാധരണമായ നടപടിയെന്ന നിലയിൽ പിതൃസഹജമായ സ്നേഹ ത്തോടെ 2021 ജൂലൈ മൂന്നിനും 2022 മാർച്ച് 25നും ഫ്രാൻസിസ് മാർപാപ്പ രണ്ടു കത്തുകളിലൂടെ നേരിട്ടു ആവർത്തിച്ചു ആവശ്യപ്പെട്ടതാണ്.

തിരുസ്സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സീറോമലബാർസഭയുടെ മക്കൾ മുഴുവനും അനുസരിക്കാൻ കടപ്പെട്ടവരാണ്. ആരാധനാക്രമവിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടതു സഭയുടെ സിനഡും ശ്ലൈഹിക സിംഹാസനവുമാണ്. ഇപ്രകാരം നൽകപ്പെട്ട നിയമത്തിനു വിരുദ്ധമായി തീരുമാനമെടുക്കാൻ മറ്റാർക്കും അവകാശമില്ല. ശ്ലൈഹിക സിംഹാസനം അംഗീകരിച്ച സഭാസിനഡിന്റെ തീരുമാനത്തെ മനഃപൂർവം അവഗണിച്ചു വിശുദ്ധ കുർബാനയർപ്പിക്കുന്നതു നിയമവിരുദ്ധമാണെന്ന് (illicit) എല്ലാവരും തിരിച്ചറിയണം. മേൽപറഞ്ഞ തീരുമാനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ചർച്ചകൾക്കുമാത്രമേ സഭാപരമായി സാധുതയുള്ളൂ.

എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായതിനാൽ സിനഡിനു നേരിട്ട് അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനാവില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള പിതാക്കന്മാർ ഉൾപ്പെടുന്ന ആറംഗ സമിതി ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി സമിതി പല തവണ ചർച്ചകൾ നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും വിശദമായ ചർച്ചകൾ നടന്നു. കൂടാതെ അതിരൂപതാംഗങ്ങളായ വിവിധ അല്മായപ്രമുഖരുമായും സമിതി ആശയവിനിമയം നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നു സിനഡിൽ സന്നിഹിതരായിരുന്ന എല്ലാ പിതാക്കന്മാരും ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഹൃദയപൂർവം പങ്കുചേർന്നിരുന്നു. സിനഡു പിതാക്കന്മാരെല്ലാവരും ഉപവാസവും പ്രാർത്ഥനയുംവഴി ഈ അനുരഞ്ജന പ്രക്രിയയിൽ പങ്കാളികളായി.

സഭയുടെ ഐക്യത്തെ വർധിപ്പിക്കുന്നരീതിയിൽ ഏകീകൃത ബലിയർപ്പണം നടപ്പാക്കണമെന്ന തീരുമാനത്തിൽ അടിയുറച്ചുനിന്നുകൊണ്ട് അതു നടപ്പിലാക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയം നൽകുകയെന്ന ലക്ഷ്യത്തോടെയാണു ചർച്ചകൾ പുരോഗമിച്ചത്. കത്തീഡ്രൽ ബസിലിക്കയിൽ ഞായറാഴ്ചകളിലെങ്കിലും ഏകീകൃത രൂപത്തിലുള്ള കുർബാനയർപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിന്റെ പ്രക്രിയ ആരംഭിക്കാമെന്നായിരുന്നു സിനഡുപിതാക്കന്മാരുടെ പ്രതീക്ഷ. അങ്ങനെ യോജിപ്പിൽ എത്തുകയാണെങ്കിൽ സിനഡിന്റെ അവസാനദിവസം പിതാക്കന്മാരെല്ലാം ഒന്നുചേർന്നു മേജർ ആർച്ചുബിഷപ്പിന്റെ കാർമികത്വത്തിൽ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചു ഐക്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താമെന്ന ചില വിഭാഗങ്ങളുടെ നിർദ്ദേശവും ഞങ്ങൾക്കു സ്വീകാര്യമായിരുന്നു. എന്നാൽ ഇനിയും വ്യക്തമാകാത്ത കാരണങ്ങളാൽ ഏകീകൃത കുർബാനക്രമത്തെ അംഗീകരിക്കാത്ത ചിലർ മേൽവിവരിച്ച തത്വങ്ങളിൽ ഉറച്ചുനിൽക്കാൻ വിസമ്മതിച്ചതിനാൽ സിനഡിന്റെ സമാപനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്. ഐക്യത്തിനുവേണ്ടിയുള്ള സഭയുടെ മനസ്സു തിരിച്ചറിഞ്ഞ് എല്ലാവരും ഏകമനസ്സോടെ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്ന ദിവസം അകലെയല്ലെന്ന പ്രത്യാശ ഈ ചർച്ചകളുടെ വെളിച്ചത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്നു. അതിനാൽ ചർച്ചകൾ തുടരുവാൻ ഏതാനും അല്മായപ്രമുഖരോടും ഞങ്ങൾ സഹായം തേടിയിട്ടുണ്ട്. പിതാക്കന്മാരുടെ സമിതി തുടർന്നും ചർച്ചകൾക്കു നേതൃത്വം കൊടുക്കുന്നതാണ്.
മുറിവുകളുണക്കി ഹൃദയൈക്യത്തിലേക്കു നീങ്ങാൻ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനങ്ങളും പൊതുനന്മയും ബലികഴിച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനു സിനഡിനു സാധിക്കില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാൻ ഒരു മനസ്സോടെ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാത്തരം പ്രതിഷേധപ്രകടനങ്ങളിൽനിന്നും സമരമുറകളിൽനിന്നും പിന്മാറണമെന്ന് എല്ലാ വൈദികരോടും സന്യസ്തരോടും അല്മായവിശ്വാസികളോടും സിനഡ് ഏകമനസ്സോടെ ആഹ്വാനം ചെയ്യുന്നു. മാർപാപ്പയുടെ ഉദ്ബോധനം ലംഘിക്കുന്നതും മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരായി പ്രവർത്തിക്കുന്നതും പരിശുദ്ധ പിതാവിനെ നിരാകരിക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് എല്ലാവരും ഗ്രഹിക്കണം. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയുള്ള സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ വിശ്വാസപൂർവം മുമ്പോട്ടുവന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്മായസഹോദരങ്ങളുടെയും നിലപാടു മാതൃകാപരമാണ്.

ഏകീകൃതരീതിയിലുള്ള കുർബാനയർപ്പണത്തിനുള്ള പരിശീലനമാണ് 2000-ാം ആണ്ടുമുതൽ കേരളത്തിലെ വൈദികവിദ്യാർത്ഥികൾക്കു മേജർ സെമിനാരികളിൽ നൽകിവരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ സഭയുടെ മതബോധനക്ലാസുകളിൽ പഠിപ്പിച്ചിരുന്നതും ഏകീകൃത കുർബാനയർപ്പണരീതിയെ പരിചയപ്പെടുത്തുന്ന പാഠങ്ങളാണ്. അതിനാൽ ഏകീകൃത കുർബാനയർപ്പണരീതി തികച്ചും അപരിചിതമെന്നു പറയാൻ ആർക്കും സാധിക്കില്ല. നമ്മുടെ സഭയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള വിശുദ്ധ കുർബാനയർപ്പണരീതികളാണ് 1999 വരെ നിലനിന്നിരുന്നത്: പൂർണമായി അൾത്താരാഭിമുഖവും പൂർണമായി ജനാഭിമുഖവും. പ്രസ്തുത രീതികളെ സഭയുടെ ഐക്യത്തെ മുൻനിറുത്തി ഏകോപിപ്പിച്ചാണു നിലവിലുള്ള ഏകീകൃത കുർബാനയർപ്പണരീതി സിനഡ് അംഗീകരിച്ചത്. അതിനാൽ, ഏതെങ്കിലും പക്ഷത്തിന്റെ വിജയമോ പരാജയമോ ആയി ഏകീകൃത കുർബാനയർപ്പണരീതിയെ ആരും ദുർവ്യാഖ്യാനം ചെയ്യരുത്.

2022 നവംബർ 27ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിക്കാനെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞതും എറണാകുളം-അങ്കമാലി അതിരൂപതാകേന്ദ്രത്തിൽ നടന്ന പ്രതിഷേധപ്രകടനങ്ങളും അതിക്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ച ദൗത്യനിർവഹണത്തിനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവു നടത്തിയതെന്നു സിനഡു വിലയിരുത്തി. 2022 ഡിസംബർ 23,24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്നതു സമാനതകളില്ലാത്ത വിശ്വാസവിരുദ്ധ പ്രവർത്തനങ്ങളാണ്. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ ഹൃദയം തകർക്കുന്ന വേദനയോടെയാണു സഭയിലെ ഓരോ വിശ്വാസിയും നോക്കികണ്ടത്. വിശുദ്ധ കുർബാനയെ പ്രതിഷേധ സമരമാർഗമായി ഉപയോഗിച്ച വൈദികരും അതിനെ പ്രതിരോധിക്കാൻ ബലിപീഠം കയ്യേറിയ വ്യക്തികളും സഭാഗാത്രത്തിൽ ഏൽപ്പിച്ച മുറിവ് ഏറെ ആഴമുള്ളതാണ്. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു നേരിട്ടുള്ള ദൈവനിന്ദയാണ്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ടു റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിക്കുകയും അവിടെനിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതം മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. പരിശുദ്ധ കുർബാനയെ അവഹേളിച്ച പ്രവർത്തിക്കു പരിഹാരമായി മെത്രാന്മാരും വൈദികരും സന്യസ്തരും സാധിക്കുന്ന വിശ്വാസികളും വിശുദ്ധ കുർബാനയ്ക്കുമുന്നിൽ ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുന്നു.

പൗരോഹിത്യം സഭയിലൂടെ ദൈവം നൽകുന്ന ദാനമാണ്. പരിശുദ്ധ പിതാവിനോടും മേജർ ആർച്ചുബിഷപ്പിനോടും രൂപതാദ്ധ്യക്ഷനോടും ചേർന്നുനിൽക്കുമ്പോഴാണു പൗരോഹിത്യം കൃപാദായകമാകുന്നത്. മാർപാപ്പായെയും സഭാതലവനെയും രൂപതാദ്ധ്യക്ഷനെയും നിഷേധിക്കുമ്പോൾ പൗരോഹിത്യം ഉറകെട്ടുപോയ ഉപ്പുപോലെ ഫലരഹിതമാകും എന്നതിനാലാണ് പൗരോഹിത്യ സ്വീകരണവേളയിൽ സഭാധികാരികളോടുള്ള അനുസരണവും വിധേയത്വവും പുരോഹിതാർത്ഥികൾ ഏറ്റുപറയുന്നത്. സഭയോടുള്ള കൂട്ടായ്മ മറക്കുമ്പോൾ പൗരോഹിത്യം ദൈവജനത്തിന് കൃപ നൽകാൻ കഴിവിലാത്തതാകുമെന്ന സത്യം എല്ലാ വൈദികരും തിരിച്ചറിയണം.

അനുരഞ്ജിതരായിത്തീരാൻവേണ്ടി നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന അനൈക്യത്തിന്റെ വേദിയാക്കി സ്വയം അപഹാസ്യരാകാതിരിക്കാൻ എല്ലാ വൈദികരും സമർപ്പിതരും അല്മായസഹോദരങ്ങളും ശ്രദ്ധിക്കണം. സഭാസ്നേഹികളും പാരമ്പര്യവാദികളും എന്ന പേരിൽ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓൺലൈൻ കൂട്ടായ്മകൾ സ്വയം നിയന്ത്രിക്കേണ്ടത് സഭയുടെ ഐക്യത്തിന് അനിവാര്യമാണ്.

പുതിയ യാമപ്രാർത്ഥനകൾ

നമ്മുടെ സഭയുടെ യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമായ നേട്ടമാണ്. സഭയുടെ തനതു പാരമ്പര്യങ്ങളോടും മൂലകൃതികളോടും വിശ്വസ്തത പുലർത്തുന്ന രീതിയിലാണ് പുതിയ ക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ആധ്യാത്മികതയിൽ യാമപ്രാർത്ഥനകൾക്കു വലിയ പ്രാധാന്യമുണ്ട്. വൈദികരും സന്യസ്തരും സാധിക്കുന്ന അല്മായരും യാമപ്രാർത്ഥനകൾ അനുദിന ആധ്യാത്മികതയുടെ ഭാഗമാക്കണം. 2023 ഫെബ്രുവരി 19 നോമ്പുകാലം ഒന്നാം ഞായർ മുതലാണ് നവീകരിച്ച ക്രമം ഔദ്യോഗികമായി നിലവിൽ വരുന്നത്.

ബഫർസോൺ

ബഫർ സോൺ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2023 ജനുവരി 11ലെ പരാമർശം കർഷകർക്ക് ആശാവഹമാണെന്നു സീറോമലബാർ സിനഡു വിലയിരുത്തി. മുഴുവൻ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫർസോൺ പരിധിയിൽനിന്നു ഒഴിവാക്കാനുള്ള സത്വരനടപടികൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കണ്ണൂർ ജില്ലയിലെ ആറളം മുതൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർവരെ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കുചുറ്റും ജീവിക്കുന്ന ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്നു സിനഡു നിരീക്ഷിച്ചു. നിലവിലുള്ള സങ്കേതങ്ങൾക്കുപുറമേ അട്ടപ്പാടിയിൽ പുതുതായി വനംവകുപ്പ് ശുപാർശചെയ്തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതൽ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കർഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്നു സിനഡു വിലയിരുത്തി.

കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കി വനാതിർത്തിക്കുള്ളിൽ ബഫർസോൺ നിലനിർത്തണമെന്നു സിനഡു സർക്കാരിനോട് ആവശ്യപ്പെടുന്നു. പുതുതായി നിർദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാർശ അടിയന്തരമായി പിൻവലിക്കണം. കേരളത്തിലെ ഭൂരിപക്ഷം വന്യജീവിസങ്കേതങ്ങളുടെയും കോർസോണിന്റെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തിൽ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവിസങ്കേതങ്ങളുടെ അതിർത്തിനിർണയത്തിലെ ഈ തെറ്റു തിരുത്താൻ സമയം അനുവദിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടണം. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവിസങ്കേതങ്ങളുടെ ബഫർസോൺ ആയി പ്രഖ്യാപിക്കാൻ സാധിക്കുകയില്ല എന്നും രേഖകളുടെ പിൻബലത്തോടെ കോടതി മുൻപാകെ സമർത്ഥിക്കാൻ സർക്കാരിനു കഴിയണം. നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അതിർത്തി അടിയന്തരമായി പുനർനിർണയിച്ച റിപ്പോർട്ട് കേന്ദ്ര വന്യജീവിബോർഡിന്റെ ശുപാർശയോടും സെൻട്രൽ എംപവെർഡ് കമ്മിറ്റി (CEC)യുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്നു കോടതിയിൽ ആവശ്യപ്പെടണം. സാങ്കേതിക പിഴവുകൾകൊണ്ടു വനാതിർത്തിക്കുള്ളിൽ പെട്ടുപോയ നിരവധി ജനവാസമേഖലകളും കൃഷിയിടങ്ങളും സംരക്ഷിക്കാൻ പ്രസ്തുത പ്രദേശങ്ങളിലെ വനാതിർത്തികൾ പുനർനിർണയിക്കേണ്ടത് ആവശ്യമാണ്. കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാൽ, കർഷകരെക്കൂടി വിശ്വാസത്തിൽ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്തുവാൻ സർക്കാരിനു കഴിയണം.

സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണം

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ (EWS) ആനുകൂല്യങ്ങൾ സഭാംഗങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുന്നു. സംവരണ മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള കേന്ദ്ര ഗവൺമെന്റ് ഉത്തരവിനനുസൃതമായി കേരളത്തിലും നിയമഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. എങ്കിൽമാത്രമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഭാംഗങ്ങൾക്ക് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ തമ്മിൽ നിലവിലുള്ളവൈരുധ്യം പരിഹരിക്കാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നു സിനഡ് ആവശ്യപ്പെട്ടു.

മെൽബൺ രൂപതയ്ക്ക് പുതിയ ഇടയൻ

സീറോമലബാർസഭയ്ക്കു ഓസ്ട്രേലിയായിലെ മെൽബൺ കേന്ദ്രമായുള്ള രൂപതയ്ക്ക് പുതിയ ഇടയനായി സി.എം.ഐ. സന്യാസസഭാംഗമായ ഫാ. ജോൺ പനന്തോട്ടത്തിലിനെ മാർപാപ്പ നിയമിച്ചു. നിയുക്ത മെത്രാനും മെൽബൺ രൂപതയ്ക്കും എല്ലാ ഭാവുകങ്ങളും അഭിനന്ദങ്ങളും പ്രാർത്ഥനാപൂർവ്വം നേരുന്നു. ആരംഭംമുതൽ നാളിതുവരെ മെൽബൺ രൂപതയെ വളർച്ചയുടെ പാതയിൽ കൃപയോടെ നയിച്ച അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവിനോടു സീറോമലബാർസഭ ഏറെ കടപ്പെട്ടിരിക്കുന്നു. സഭയുടെ ആദ്യത്തെ കൂരിയാ ബിഷപ്പ് എന്നനിലയിലും മെൽബൺ രൂപതാദ്ധ്യക്ഷൻ എന്നനിലയിലുമുള്ള പിതാവിന്റെ ശ്ലൈഹികശുശ്രൂഷ സഭയ്ക്കുമുഴുവൻ അനുഗ്രഹമായിരുന്നു.

പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി നമ്മെ മുന്നോട്ടുനയിക്കുന്ന നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്കു നന്ദിപറയാം. ദൈവത്തിന്റെ അനുഗ്രഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. പിതാവായ ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹവും നമ്മുടെ കർത്താവീശോമിശിഹായുടെ നിരന്തരസാന്നിധ്യവും പരിശുദ്ധാത്മാവിന്റെ കൃപയാർന്ന പരിപാലനയും നമ്മെ അനുഗ്രഹിക്കട്ടെ.
കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽനിന്നു 2023-ാം ആണ്ട് ജനുവരി മാസം 14-ാം തീയതി നല്കപ്പെട്ടത്.

കർദിനാൾ ജോർജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്

0029-Circular-of-the-Major-Archbishop-after-XXXI-Synod-Session-I-Jan-9-14